
ഇങ്ങനെ ചെയ്യാൻ അവരെന്താ ക്രിമിനലുകളാണോ? ഫുട്ബോള്‍ ലോകം ഒന്നടങ്കം ചോദിക്കുകയാണ്. ആരൊടെന്നല്ലെ, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനോടും ജിയാനി ഇൻഫന്റിനൊ നയിക്കുന്ന ഫിഫയോടും...
അമേരിക്ക പ്രധാന ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കാൻ സെനഗലിന്റെ ദേശീയ ടീം സാൻ ആന്റോണിയയില്‍ വന്നിറങ്ങി. അമേരിക്കൻ മണ്ണില്‍ കാലുകുത്തിയ ആദ്യ നിമിഷം അവരെ തേടിയെത്തിയത് സുരക്ഷാ ഉദ്യാഗസ്ഥരായിരുന്നു, അതും റണ്‍വേയില്‍ വച്ചു തന്നെ. ഒരു കസേര വലിച്ചിട്ടുകൊടുത്ത് അതിലിരുത്തി മുടി മുതല്‍ നഖം വരെ പരിശോധിച്ചു, ധരിച്ചിരുന്ന ഷൂപോലും വിശദമായി അളന്നു...
ഉസ്‌ബെക്കിസ്ഥാൻ താരങ്ങളെ അമേരിക്ക വരവേറ്റത് ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്താൻ ഉപയോഗിക്കുന്ന ഡോഗ് സ്ക്വാഡിനേയും പുറമെ മെറ്റല്‍ ഡിറ്റക്‌റ്ററുകളും ഉപയോഗിച്ചായിരുന്നു...നിറത്തിന്റേയും പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റേയും പേരില്‍ സംശയത്തിന്റെ നിഴലില്‍ ഇന്നും നില്‍ക്കേണ്ടി വരുന്നു... വിശ്വവേദിയില്‍ പന്തുതട്ടാനെത്തിയവരാണെന്ന് ഓർക്കണം...ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്തെ താരങ്ങള്‍ക്ക് ഈ സ്ഥിതിയുണ്ടായിട്ടുണ്ടോ എന്ന് ചോദിക്കാതെ വയ്യ...
ആദ്യം ആരാധകർ, ശേഷം മാധ്യമപ്രവർത്തകര്‍, ടീമിന്റെ ഔദ്യോഗിക ഭാഗമായവര്‍, താരങ്ങള്‍, ഒടുവില്‍ റഫറി വരെ എത്തിയിരിക്കുന്നു വിവേചനം നേരിട്ടവരുടെ പട്ടിക...ലോകസമാധനത്തിനുവേണ്ടിയും വര്‍ണവിവേചനങ്ങള്‍ക്കും വംശീയതയ്ക്കുമെല്ലാം എതിരെയും നിരന്തരം ശബ്ദിക്കുന്ന ഇൻഫന്റിനോയും ഫിഫയും ട്രംപ് ഭരണകൂടത്തിന്റെ നടപടികളോടുള്ള പ്രതികരണം മൗനത്തില്‍ തുടങ്ങി മൗനത്തില്‍ തന്നെ അവസാനിപ്പിക്കുകയാണ്...
2017ല്‍, ട്രംപ് ആദ്യമായി അമേരിക്കയുടെ ഭരണചക്രം നിയന്ത്രിച്ച കാലത്ത്, ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിനെതിരെ അന്ന് ഇൻഫന്റിനൊ സ്വീകരിച്ച നിലപാട് എന്തായിരുന്നെന്ന് ഓര്‍മിപ്പിക്കാം. ഫിഫയുടെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാൻ യോഗ്യത നേടുന്ന ടീമുകള്‍, അവരുടെ സ്റ്റാഫ്, ആരാധകര്‍ എന്നിവര്‍ക്ക് ആതിഥേയരാജ്യം പ്രവേശനം അനുവദിച്ചെ മതിയാകു. അല്ലാത്തപക്ഷം, ലോകകപ്പിനുള്ള ആതിഥേയത്വ അവകാശം നല്‍കുകയില്ല, ഇതായിരുന്നു ഫിഫ തലവന്റെ വാക്കുകള്‍. ട്രംപിനുള്ള ഒരു താക്കീതുകൂടിയായിരുന്നു ഇത്.
2026ലേക്ക് എത്തിയപ്പോള്‍, ട്രംപ് ഭരണകൂടം കുടിയേറ്റ നയങ്ങള്‍ കടുപ്പിച്ച് ലോകകപ്പിന്റെ തന്നെ ശോഭകെടുത്തുമ്പോള്‍ ഫിഫക്ക് അയാള്‍ വിശുദ്ധനും സമാധാനത്തിന്റെ പ്രതീകവുകയാണ്. അമേരിക്ക കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഹെയ്തി, ഇറാൻ, സെനഗള്‍, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിലെ ആരാധകരടക്കമുള്ളവര്‍ ഭാഗീകമായും പൂര്‍ണമായും യാത്രാവിലക്ക് നേരിടുന്നുണ്ട് എന്നാണ് വിവരങ്ങള്‍.
ലോകകപ്പ് നിയന്ത്രിക്കാൻ അവസരം ലഭിച്ച ആദ്യ സൊമാലിയൻ സ്വദേശിയായിരുന്നു ഒമര്‍ അബ്ദുള്‍ ഖാദിര്‍ ആര്‍ട്ടാൻ, ചരിത്രത്തിലേക്ക് പോരാടിയെത്തിയ ആ മനുഷ്യനെ അമേരിക്കൻ മണ്ണില്‍പ്പോലും കാലുകുത്താൻ അനുവദിക്കാതെ തിരിച്ചയിച്ചു. ആതിഥേയ രാജ്യത്തിന്റെ കുടിയേറ്റ നിലപാടുകളില്‍ ഇടപെടില്ലെന്നും തങ്ങളുടെ രാജ്യത്തേക്ക് ആര് പ്രവേശിക്കണമെന്നത് തീരുമാനിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം അവര്‍ക്ക് തന്നെയായിരിക്കുമെന്നും ഫിഫ നിലപാടെടുത്തു.
മനുഷ്യരാശി കണ്ട ഏറ്റവും വലിയ കായികമാമാങ്കമെന്ന് ഇൻഫന്റീനൊ പ്രഖ്യാപിക്കുമ്പോള്‍ മറുവശത്ത് നടക്കുന്നതെല്ലാം മനുഷ്യത്വരഹിതമായ കാര്യങ്ങള്‍ മാത്രവും. 2017ല്‍ ഇൻഫന്റീനൊ നല്‍കിയ മുന്നറിയിപ്പും താക്കീതുമെല്ലാം കേവലം തമാശകളായി മാറി. ഇറാൻ ടീമിന്റെ 15 ഒഫീഷ്യലുകള്‍ക്ക് വിസ അനുവദിച്ചിട്ടില്ല, ടീം അംഗങ്ങള്‍ക്ക് മെക്സിക്കോയിലേക്ക് പരിശീലനം മാറ്റേണ്ടി വന്നു. മത്സരങ്ങള്‍ക്ക് തൊട്ട് മുൻപത്തെ ദിവസം മാത്രമാണ് ഇറാന് അമേരിക്കയിലേക്ക് എത്താൻ നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഇറാഖ് താരം അയ്മൻ ഹൊസൈൻ, പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തിന് ലോകകപ്പ് യോഗ്യതനേടിക്കൊടുത്ത താരം. ഷിക്കാഗോയിലെ വിമാനത്താവളത്തില്‍ ഏഴ് മണിക്കൂറാണ് ഡീറ്റെയിൻ ചെയ്യപ്പെട്ടത്. ഇറാഖ് ടീം ഫോട്ടോഗ്രാഫറായ തലാല്‍ സലയ്ക്ക് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത് 10 മണിക്കൂര്‍, ശേഷം അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കൻ ടീമിന്റെ ജോഹന്നാസ്ബര്‍ഗില്‍ നിന്നുള്ള യാത്രപോലും വൈകിയിരുന്നു, കാരണം വിസ പ്രശ്നങ്ങളാണ്. താരങ്ങള്‍പ്പോലും ഇത്തരം പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ആരാധകരുടെ കാര്യ പറയേണ്ടതില്ലല്ലോ.
ആരാധകര്‍ക്ക് ഒരുതരത്തിലും താങ്ങാനാകുന്ന ലോകകപ്പല്ല ഇതെന്നാണ് അമേരിക്കയിലെത്തിയവര്‍ പറയുന്നതുപോലും. ടിക്കറ്റിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുക, താമസസൗകര്യങ്ങളെല്ലാം പ്രീമിയം കാറ്റഗറികളില്‍. വിസ ലഭിക്കാനായി താണ്ടേണ്ട കടമ്പകള്‍ അതിലും ഏറെ.
വിസക്കായി ഒരാള്‍ നല്‍കേണ്ട തുക 185 യുഎസ് ഡോളറാണ്, ഇന്ത്യൻ രൂപയില്‍ ഏകദേശം 18,000 വരും ഇത്. പുറമെ, നേരിട്ടുള്ള ഇൻറര്‍വ്യൂവും ടൂര്‍ണമെന്റിന് ശേഷം മടങ്ങുമെന്ന ഉറപ്പും നല്‍കേണ്ടതുണ്ട്. കഴിഞ്ഞ മേയിലാണ് മറ്റൊരു വ്യവസ്ഥ കൂടി അമേരിക്ക മുന്നോട്ട് വെച്ചത്, ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളായ അള്‍ജീരിയ, കേപ് വെര്‍ദെ, ഐവറി കോസ്റ്റ്, സെനഗള്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരുടെ കൈവശം ഡെപ്പോസിറ്റായി 15,000 യുഎസ് ഡോളറുണ്ടാകണമെന്ന്, 15 ലക്ഷത്തോളം രൂപ. അണ്‍ഫയറായുള്ള കാര്യങ്ങളെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്നവ.
ഇതിനെല്ലാം പുറമെ മറ്റൊന്നുകൂടിയുണ്ട്. അമേരിക്കൻ ലോകകപ്പ് കാലാവസ്ഥവിനാശങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. 2030 ആകുമ്പോഴേക്കും കാർബൺ ബഹിർഗമനം 50 ശതമാനം കുറയ്ക്കുമെന്നും 2040 ആകുമ്പോഴേക്കും നെറ്റ്-സീറോയിലെത്തുമെന്നും ഫിഫ പ്രതിജ്ഞയെടുത്തിരുന്നു. പക്ഷേ, വിപുലമായ ടൂര്‍ണമെന്റ് അത്തരം ലക്ഷ്യങ്ങള്‍ക്കെല്ലാം തിരിച്ചടിയായേക്കും.
മൂന്ന് രാജ്യങ്ങളില്‍ വെച്ചുനടക്കുന്ന ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റിന് വ്യോമയാത്രയെ അധികമായി ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഒൻപത് ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇക്വലന്റ് ജനറേറ്റ് ചെയ്യപ്പെടുമെന്നാണ് കണക്ക്. കഴിഞ്ഞ നാല് ലോകകപ്പുകളുടെ ശരാശരിയുടെ ഇരട്ടിയോളം വരുമിതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പാരിസ്ഥിതി പ്രശ്നങ്ങള്‍, തൊഴിലാളിവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികള്‍...അങ്ങനെ ലോകകപ്പിന്റെ ഗ്ലാമറിനപ്പുറം ചിലതുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ്...