ബാഴ്സയെ നോവിച്ച് പെരേസ്; സില്‍വക്ക് പിന്നാലെ കുക്കുറേയയും, വീണ്ടെടുപ്പിന് റയല്‍

Published : Jun 16, 2026, 01:40 PM IST
Florentino Perez

Synopsis

കിരീടമില്ലാത്ത രണ്ട് സീസണുകളുടെ മുറിവ് ഉണക്കാനായി അയാള്‍ ഒരു നിരയെ ഒരുക്കുകയാണവിടെ. ഫ്ലോറന്റീനൊ പെരേസ്, അയാള്‍ റയല്‍ മാഡ്രിഡിനായി ചരിത്രം ആവര്‍ത്തിക്കുന്നു

യൂറോപ്പ് കീഴടക്കിയ ലൂയിസ് ഡെല ഫ്യൂന്റയുടെ കുട്ടികള്‍. അവിടെ മിശിഹ ‌ജ്ഞാനസ്നാനം ചെയ്തുയര്‍ത്തിയ ലമീൻ യമാല്‍. കൗമാരതാരത്തിന്റെ ബൂട്ടുകള്‍ ഗ്രേറ്റ്നസിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് അമേരിക്കൻ മൈതാനങ്ങളില്‍, ഒപ്പം 25 പേര്‍. ആ സംഘത്തിലേക്ക് നോക്കാൻ റയല്‍ മാഡ്രിഡിന്റെ ആരാധകര്‍ ഒരുനിമിഷമെങ്കിലും മടിക്കും. കാരണം, ചരിത്രത്തിലാദ്യമായി ഒരു ലോസ് ബ്ലാങ്കോസ് സാന്നിധ്യമില്ലാതെയാണ് ഇക്കുറി സ്പെയിൻ വിശ്വവേദിയില്‍ ഇറങ്ങുന്നത്.

അറ്റ്ലാന്റയിലെ മൈതാനം ടിക്കി ടാക്കയ്ക്കായി തയാറാകുകയാണ്, അതേസമയം അങ്ങ് സ്പെയിനില്‍ മറ്റൊരു പടയൊരുക്കം നടക്കുന്നുണ്ട്. കിരീടമില്ലാത്ത രണ്ട് സീസണുകളുടെ മുറിവ് ഉണക്കാനായി അയാള്‍ ഒരു നിരയെ ഒരുക്കുകയാണവിടെ. മോശം സീസണുകള്‍ റയലിന് സംഭവിക്കുന്നത് ആദ്യമായൊന്നുമല്ല. പക്ഷേ ആ ക്ഷീണവും നിരാശയുമെല്ലാം ചാമ്പ്യൻസ് ലീഗ് രാവുകളില്‍ തീര്‍ക്കുന്നതായിരുന്നു ശീലം, അതും അല്‍പ്പം ദൂര്‍ത്തായിത്തുടങ്ങിയിരിക്കുന്നു.

യെസ്, ഫ്ലോറന്റീനൊ പെരേസ്, അയാള്‍ റയല്‍ മാഡ്രിഡിനായി ചരിത്രം ആവര്‍ത്തിക്കുന്നു. പെരേസിന്റെ വരവ് ഓര്‍മയില്ലെ, ബാഴ്‌സലോണയുടെ തട്ടില്‍ നിന്ന് പോര്‍ച്ചുഗല്‍ ഇതിഹാസം ലൂയിസ് ഫിഗോയെ സാന്റിയാഗൊ ബെര്‍ണബ്യൂവിലെത്തിച്ച നാള്‍. അത്രത്തോളമില്ലെങ്കിലും, അതുപോലൊന്ന് ആവര്‍ത്തിക്കുകയാണ്.

സമീപകാലത്ത് ബാഴ്സലോണ ആരാധകര്‍ ഒരാളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ലാ മാസിയ പ്രൊഡക്റ്റ് കൂടിയായ, 2020 വരെ ബാഴ്സയുടെ ഭാഗമായിരുന്ന, സ്പാനിഷ് ലെഫ്റ്റ് ബാക്ക്, മാര്‍ക്ക് കുക്കുറേയ. ഇനി എല്‍ ക്ലാസിക്കോകളില്‍ ലമീൻ യമാലിന്റെ കാലുകള്‍ക്ക് വിലങ്ങിടാൻ റയലിന്റെ പക്ഷത്ത് കുക്കുറേയ ഉണ്ടായിരിക്കും. 60 മില്യണ്‍ യൂറോയ്ക്ക് ചെല്‍സി താരം റയലുമായി കരാറുപ്പിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന്റെ മികവ് ഇടിഞ്ഞുതുടങ്ങിയെന്ന കണക്കുകൂട്ടലിലായിരുന്നു ചെല്‍സി കരാര്‍ പുതുക്കാൻ തയാറാകാതെ ഇരുന്നത്. ഇതോടെയാണ് റയല്‍ സാധ്യതകള്‍ മനസിലാക്കിയതും.

പോയ സീസണില്‍ പ്രതിരോധത്തിലേയും മധ്യനിരയിലേയും ദൗര്‍ബല്യങ്ങളും താരങ്ങളുടെ പരിക്കുകളുമായിരുന്നു റയലിന് ഏറ്റവും വലിയ വെല്ലുവിളിയായത്. അത് തിരുത്താനുറച്ചാണ് പെരേസും ഹോസെ മൗറീന്യോയും ടീമിനെ ഒരുക്കുന്നത്.

കുക്കുറേയക്ക് പുറമെ സാന്റിയാഗൊ ബെര്‍ണബ്യൂവിലേക്ക് എത്തുന്ന മറ്റൊരു സുപ്രധാനതാരം പോര്‍ച്ചുഗലിന്റെ ബെര്‍ണാദൊ സില്‍വയാണ്. റയലിന്റെ സിസ്റ്റത്തിലെ എഞ്ചിനുകളായിരുന്ന ലൂക്കാ മോഡ്രിച്ചിന്റേയും ടോണി ക്രൂസിന്റേയുമൊക്കെ പടിയിറക്കം മധ്യനിരയില്‍ ശൂന്യത കൊണ്ടുവന്നിട്ടുമുണ്ട്. ഇരുവരുടേയും ആക്യുറസിയും ഇമേജിനേഷനുമൊക്കെ പകരംവെക്കാൻ യുവതാരങ്ങള്‍ക്ക് എത്രത്തോളം സാധിക്കുന്നുണ്ട് എന്നത് ചോദ്യമാണ്.

ഇവിടേക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുൻതാരം ബെര്‍ണാദൊ സില്‍വയുടെ വരവ്. മധ്യനിരയില്‍ കളിമെനയാൻ ഇനി സില്‍വയുണ്ടാകും. പക്ഷേ, 31 പിന്നിട്ട ബെര്‍ണാദോയ്ക്ക് കരിയറിന്റെ പീക്ക് സീസണുകള്‍ റയലില്‍ ആവര്‍ത്തിക്കാൻ കഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. അതുകൊണ്ട് നീണ്ട കരാറില്‍ ഏര്‍പ്പെടാനുള്ള സാധ്യതകളും വിരളമാകുന്നു.

കുക്കുറേയക്കൊപ്പം തന്നെ പ്രതിരോധനിര ശക്തമാക്കാൻ ലിവര്‍പൂളിന്റെ സെന്റര്‍ബാക്ക് ഇബ്രാഹിമ കൊനാത്തെയേയും നെതര്‍ലൻഡ്സിന്റെ റൈറ്റ് ബാക്ക് ഡെൻസല്‍ ഡംഫ്രൈയിസിനേയും സ്ക്വാഡിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ നാല് പേരുകള്‍ക്കൊണ്ട് അവസാനിക്കുന്നതല്ല റയലിന്റെ നീക്കങ്ങളെന്നാണ് ഫുട്ബോള്‍ ലോകത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നത്. ചെല്‍സിയുടെ അര്‍ജന്റീനൻ മധ്യനിരതാരം എൻസൊ ഫെര്‍ണാണ്ടതിന്റെ പേരാണ് റയലുമായി ബന്ധപ്പെട്ട് നിലവില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

ചെല്‍സിയില്‍ പ്രശ്നങ്ങള്‍ കുക്കുറേയക്കൊപ്പം തന്നെ ലോകത്തോട് വിളിച്ച് പറഞ്ഞ താരം കൂടിയാണ് എൻസോ. റയലിനൊപ്പം കളിക്കാനുള്ള താല്‍പ്പര്യം എൻസൊ പങ്കുവെച്ചിട്ടുള്ളതുമാണ്. ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം മൈക്കല്‍ ഒലീസെ, അത്ലറ്റിക്കൊ മാഡ്രിഡിന്റെ ഹൂലിയാൻ ആല്‍വാരസ് എന്നീ താരങ്ങളും ട്രാൻസ്ഫര്‍ റൂമറുകളിലുണ്ട്. എന്നാല്‍ ബയേണും അത്ലറ്റിക്കോയും ഇവയെ നിരസിക്കുകയും ചെയ്തു.

താരങ്ങള്‍ക്കിടയിലെ അഭിപ്രായഭിന്നത ഡ്രെസിങ് റൂമിലെ കയ്യാങ്കളി വരെ എത്തിയിരുന്നു പിന്നിട്ട സീസണില്‍. സാബി അലോൻസക്കൊ ആല്‍വാരൊ ആര്‍ബലോവയ്ക്കൊ അത് നിയന്ത്രിക്കാൻ കഴിയാതെയും പോയി. ഇവിടേക്കാണ് ഹോസെ മൗറിന്യോയ റയലിനെ വീണ്ടെടുക്കാൻ എത്തുന്നത്. മൗറിന്യോയ്ക്ക് കൂട്ടായി മുൻ റയല്‍ താരം കൂടിയായ സമി ഖേദിരയും പരിശീലകസംഘത്തിലുണ്ടാകും.

PREV
Read more Articles on
click me!

Recommended Stories

ജര്‍മ്മനിയെ തളച്ച ആ 17 മിനുറ്റുകൾ; ക്യുറസാവ് ലോകകപ്പില്‍ വരവറിയിച്ചത് അവിടെയാണ്
അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോകകപ്പിലെ ഗോള്‍ തിളക്കത്തിലേക്ക്; ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച് നെസ്റ്റോറി ഇറങ്കുണ്ട