ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബായ ജംഷ‌ഡ്‌പൂർ എഫ് സി ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു

ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ്, ദേഷ്യമുണ്ട്. ഭാവിയെയോര്‍ത്ത് ആശങ്കയുണ്ട്. പല ക്ലബ്ബുകളും ഞങ്ങളെ സമീപിച്ചിരുന്നു, പക്ഷേ ടാറ്റ എന്ന ബ്രാൻഡില്‍ വിശ്വസിക്കാനാണ് തീരുമാനിച്ചത്. കഴിഞ്ഞ കുറച്ച് സീസണുകളിലായി ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ടീം കാര്യമായ പുരോഗതി കൈവരിക്കുന്നുണ്ട്, ഷീല്‍ഡ് ചാമ്പ്യന്മാരാകാൻ കഴിഞ്ഞിരുന്നു. നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള പല താരങ്ങളും കരിയറില്‍ ഉയര്‍ച്ചയുടെ ഘട്ടത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ ഈ തീരുമാനം വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. ടീമിലെ എല്ലാ താരങ്ങള്‍ക്കും വേണ്ടി ഞാൻ അപേക്ഷിക്കുകയാണ്, തീരുമാനം പുനപരിശോധിക്കാൻ ടാറ്റ ഗ്രൂപ്പ് തയാറാകണം...

തന്റെ സഹതാരങ്ങളെ ചേര്‍ത്തുനിര്‍ത്തി ജംഷഡ്‌പൂര്‍ എഫ് സി പ്രതിരോധതാരം പ്രതീക് ചൗദരി ലോകത്തോട് പറഞ്ഞു. കാരണമെന്താണ്? ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബായ ജംഷ‌ഡ്‌പൂർ എഫ് സി ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. പ്രതിസന്ധികള്‍ക്കൊടുവില്‍ പുതിയ ഘടന പ്രകാരം ലീഗ് മുന്നോട്ട് പോകാൻ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ നിശ്ചയിച്ച തുക അടയ്ക്കാൻ ക്ലബ്ബ് തയാറായിരുന്നില്ല. ജൂലൈ 31നായിരുന്നു ആദ്യ ഗഡുവായ 55 ലക്ഷം അടയ്ക്കേണ്ട അവസാന തീയതി. 31ന് രാത്രി എട്ട് മണിയോടെയായിരുന്നു ലീഗില്‍ തുടരനില്ലെന്ന് ക്ലബ്ബിന്റെ പ്രഖ്യാപനം വന്നതും.

പ്രസ്താവനയിലൂടെയുള്ള പ്രഖ്യാപനത്തില്‍ താരങ്ങളോടും പരിശീലകരോടും നന്ദി അറിയിക്കുന്നുമുണ്ട് ക്ലബ്ബ് അധികൃതർ. എന്നാല്‍, താരങ്ങളുടെ ഭാവി സംബന്ധിച്ച് എന്താണ് തീരുമാനമെന്നത് വ്യക്തമാക്കാൻ ക്ലബ്ബ് തയാറായിട്ടുമില്ല. അങ്ങനെയെന്തെങ്കിലും ഒരു നീക്കം ക്ലബ്ബിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കില്‍ പ്രതീകിനും സഹതാരങ്ങള്‍ക്കും ഒരു വീഡിയോ സന്ദേശത്തിലൂടെ ആശങ്കകള്‍ അറിയിക്കേണ്ടി വരില്ലായിരുന്നു. ലീഗിന്റെ നടത്തിപ്പില്‍ ആശങ്കയുണ്ടെങ്കില്‍ ക്ലബ്ബ് പൂര്‍ണമായും അടച്ചുപൂട്ടുകയാണോ വേണ്ടത് എന്നാണ് ചോദ്യം.

ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള ക്യുറസാവ് 2026 ഫിഫ ലോകകപ്പില്‍ പന്തുതട്ടിയിട്ട് ആഴ്ചകളെ പിന്നിടുന്നുള്ളു. ലോകത്തിലെ തന്നെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായിട്ടും ഇതിഹാസതാരങ്ങളുണ്ടായിട്ടും വിശ്വകിരീടപ്പോര് കളത്തിന് പുറത്ത് നിന്ന് ആസ്വദിക്കാൻ വിധിക്കപ്പെട്ടവരാണ് ഇന്ത്യയിലെ താരങ്ങള്‍. മഹാമൈതാനങ്ങളില്‍ പന്തുതട്ടേണ്ട സുനില്‍ ഛേത്രിയെപ്പോലുള്ളവര്‍ ദേശീയ മാധ്യമങ്ങളില്‍ അവലോകനങ്ങള്‍ക്കായി തന്റെ കരിയറിന്റെ പീക്ക് സമയത്ത് പോലും പ്രത്യക്ഷപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതൊക്കെ ഭരണസംവിധാനങ്ങളുടെ ക്രൂരതയുടെ ബാക്കിപന്ത്രമാണ്.

ലോകകപ്പില്‍ സാക്ഷാല്‍ ലയണല്‍ മെസിയുടെ അർജന്റീനയേയും ലമീൻ യമാലിന്റെ സ്പെയിനിനേയും ചെറുത്തുനിന്ന കേപ് വെർദെയുടെ ജനസംഖ്യ ആറ് ലക്ഷം പോലുമില്ല. വോസീഞ്ഞ്യയെ ലോകം വാഴ്ത്തുമ്പോള്‍ നമ്മുടെ താരങ്ങള്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ ഇരുന്ന് തങ്ങളുടെ ക്ലബ്ബ് അടച്ചുപൂട്ടരുതേയെന്ന് അപേക്ഷിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിന്റെ അവസ്ഥയെ ചൂണ്ടിക്കാണിക്കാൻ ഇതില്‍പ്പരം മറ്റൊരു ഉദാഹരണം വേറെയുണ്ടാകില്ല.

ജംഷഡ്‌പൂരിന്റെ താരങ്ങളായ നിഖില്‍ ബര്‍ല, പുയ, ആല്‍ബിനോ ഗോമസ്, മുഹമ്മദ് സനാൻ എന്നിവര്‍ ദേശീയ ടീമിലേക്കുള്ള ആദ്യ ചുവടുകള്‍ വെച്ചുതുടങ്ങിയിട്ടെയുള്ളു. ഇന്ത്യയുടെ അണ്ടര്‍ 19, അണ്ടര്‍ 22 എന്നീ ടീമുകളില്‍ കളിക്കുന്ന താരങ്ങള്‍ വേറെയും. അങ്ങനെ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് നിരവധി യുവപ്രതിഭകളെ സമ്മാനിച്ച ചരിത്രമുണ്ട് ജംഷഡ്‌പൂർ എഫ് സിക്കും ടാറ്റയുടെ അക്കാദമിക്കും. അത് തുടരുമെന്ന് പറയുമ്പോഴും ഫസ്റ്റ് ടീമിലേക്ക് എത്തുക എന്ന അക്കാദമിയിലെ താരങ്ങളുടെ സ്വപ്നം ഇല്ലാതാവുകയാണ് ഇവിടെ.

ജംഷഡ്‌പൂർ താരങ്ങള്‍ വിഡിയോ സന്ദേശത്തിലൂടെ പറയുന്നത് പ്രധാന കാര്യങ്ങളില്‍ ഒന്നതാണ്. മറ്റ് ടീമുകളിലേക്ക് പോകാൻ അവസരം ഉണ്ടായിട്ടും തുടരാൻ തീരുമാനിച്ചത് ക്ലബ്ബിനോടുള്ള ലോയലിറ്റി കൊണ്ടാണ് എന്നത്. മേല്‍പ്പറഞ്ഞ താരങ്ങള്‍ക്കൊക്കെ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ സാധിച്ചേക്കാം സാധിക്കാതിരിക്കാം. പക്ഷേ, ഒരു ക്ലബ്ബിന്റെ പ്രവര്‍ത്തനം പൂർണമായും അവസാനിപ്പിക്കുക എന്നത് ഫുട്ബോള്‍ ലോകത്തിന് നല്‍കുന്ന സന്ദേശം നല്ലതല്ലെന്ന് പറയേണ്ടതായി വരും. ഇന്ത്യയിലെ ഫുട്ബോള്‍ ഭരണസംവിധാനത്തിന്റെ പരാജയമായല്ലെ കാണാനാകു. പ്രത്യേകിച്ചും ടാറ്റ പോലൊരു വലിയ ഗ്രൂപ്പിനെപ്പോലും കണ്‍വിൻസ് ചെയ്യാൻ ഐഎസ്എല്‍ നേതൃത്വത്തിനും എഐഎഫ്എഫിനും കഴിഞ്ഞിട്ടില്ല.

ഐഎസ്‌എല്‍ പോലൊരു ലീഗിന്റെ പ്രവര്‍ത്തനം പോലും സുഖുമമായി നടത്താൻ സാധിക്കുന്നില്ല. ഇവിടെയാണ് ലോകകപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷ വെക്കുന്നത്. എത്രത്തോളം അത് സാധ്യമാകുമെന്നത് ആര്‍ക്കും ഉത്തരം നല്‍കാൻ കഴിയാത്ത ചോദ്യമായി അവശേഷിക്കുന്നു. സുനില്‍ ചേത്രി പറഞ്ഞതുപോലെ തലച്ചോറുകൊണ്ടും വാണിജ്യലാഭം കൊണ്ടും മാത്രം ചിന്തിക്കാതെ ചിലപ്പോഴൊക്കെ ഹൃദയം കൊണ്ടും ഫുട്ബോളിനെ കാണാവുന്നതാണ്.