മാറക്കാനയിലെ അത്ഭുതഗോള്‍, തിരിച്ചുവരുന്ന റോഡ്രിഗസ്; കൊളംബിയക്കെല്ലാം അയാളാണ്

Published : Jun 08, 2026, 02:59 PM IST
James Rodriguez

Synopsis

തന്റെ സുവർണകാലത്തേക്ക് അയാള്‍ മടങ്ങിപ്പോകുകയാണ്, രണ്ട് പതിറ്റാണ്ടിന് ശേഷം കൊളംബിയയെ കോപ്പ അമേരിക്കയുടെ ഫൈനലിലേക്ക് നയിച്ച ആ ബൂട്ടുകള്‍ വിശ്വവേദിയിലും അവർക്കായി അത്ഭുതങ്ങള്‍ തീർക്കാൻ ഒരുങ്ങുകയാണ്

ഇനി എന്നെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയില്ല, ഞാൻ ഇനി അവിടയുണ്ടാകുമോ ഇല്ലയോയെന്നും അറിയില്ല...തോല്‍വികള്‍ എന്റെ ഹൃദയത്തിന്റെ ഭാരം വർധിപ്പിക്കുകയാണ്...

ഖത്തറില്‍ ലോകം കാല്‍പ്പന്തിലേക്ക് ചുരുങ്ങിയ നാളുകളില്‍ അയാള്‍ മൈതാനങ്ങളിലുണ്ടായിരുന്നില്ല...ഫുട്ബോള്‍ പതിയെ ആ മനുഷ്യനെ മറന്നുതുടങ്ങിയിരുന്നു ആ കാലത്ത്. ആ പ്രതിഭ എവിടെയെന്ന് അയാളെ വീക്ഷിച്ചവരെല്ലാം ചോദിച്ചു. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം ഇത്രത്തോളം കയറ്റിറക്കങ്ങള്‍ കണ്ടൊരു കരിയറുണ്ടോയെന്നുപോലും സംശയമാണ്. മാറക്കാനയിലെ അത്ഭുതഗോളില്‍ നിന്ന് സ്വപ്നമൈതാനങ്ങള്‍ താണ്ടി മിനിസോട്ട യുണൈറ്റഡില്‍ എത്തി നില്‍ക്കുന്ന കരിയർ..

തന്റെ സുവർണകാലത്തേക്ക് അയാള്‍ മടങ്ങിപ്പോകുകയാണ്, രണ്ട് പതിറ്റാണ്ടിന് ശേഷം കൊളംബിയയെ കോപ്പ അമേരിക്കയുടെ ഫൈനലിലേക്ക് നയിച്ച ആ ബൂട്ടുകള്‍ വിശ്വവേദിയിലും അവർക്കായി അത്ഭുതങ്ങള്‍ തീർക്കാൻ ഒരുങ്ങുകയാണ്. അയാളൊരു ലയണല്‍ മെസിയൊ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയോ നെയ്‌മറൊ അല്ലായിരിക്കാം, പക്ഷേ ഒരുകാലത്ത് ഫുട്ബോള്‍ അതിന്റെ പൂർണതയിലേക്ക് എത്തിയത് ആ പാദുകങ്ങള്‍ക്കൂടി ചേർന്നപ്പോഴായിരുന്നു, യെസ് ഹാമസ് ഡേവിഡ് റോഡ്രിഗസ് റൂബിയൊ എന്ന ഹാമസ് റോഡ്രിഗസ്, ദ ഗോള്‍ഡൻ ബോയ്.

പറഞ്ഞതുടങ്ങുമ്പോള്‍ കാല്‍പ്പന്തിലെ അയാളുടെ പിറവി എത്രത്തോളം ഐതിഹാസികവും മനോഹരവുമായിരുന്നെന്ന് അറിയേണ്ടതുണ്ട്. ബ്രസീലിയൻ മണ്ണ് അവസാനമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ച വർഷം, 2014. ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയായ മാറക്കാന കൊളംബിയ - ഉറുഗ്വെ പ്രീ ക്വാർട്ടര്‍ മത്സരത്തിന് തയാറായി.

28-ാം മിനുറ്റ്, മാറക്കാനയും ലോകവും ഒരുനിമിഷം നിശബ്ദമായിപ്പോയത് അപ്പോഴായിരുന്നു. വിരസത അവസാനിപ്പിക്കാൻ കൊളംബിയൻ പട കുതിപ്പ്. ഗോള്‍മുഖത്ത് നിന്ന് ഉറുഗ്വെ പ്രതിരോധനിര തിരിച്ചയച്ച പന്ത് കൊളംബിയയുടെ മധ്യനിരതാരം ഏബെല്‍ അഗിലാര്‍ തലകൊണ്ട് മറിച്ചുകൊടുക്കുകയാണ്.

തന്റെ ചുറ്റും അണിനിരന്ന ഉറുഗ്വെ താരങ്ങളെ ഒരുനിമിഷം കൊണ്ടളന്ന് റോഡ്രിഗസ് ആ പന്തിനെ നെഞ്ചുകൊണ്ട് സ്വീകരിച്ചു. ഗോഡിൻ അടക്കമുള്ള താരങ്ങള്‍ മുന്നിലുണ്ട്, പന്ത് മൈതാനത്തേക്ക് ആഴ്‌ന്നിറങ്ങിയ മാത്രയില്‍ ഒരു ഷാര്‍പ്പ് ടേണ്‍. മാറക്കാന ശ്വാസമടക്കിപ്പിടിച്ചു, 25 വാര അകലെ നിന്നൊരു വോളി റോഡ്രിഗസിന്റെ ഇടം കാലില്‍ നിന്നപ്പോള്‍ പിറന്നു.

ഫെർണാണ്ടൊ മുസലേരയുടെ കൈകളുടെ വൈഗതയേയും മറികടന്ന് പന്ത് ബോക്‌സിനുള്ളിലേക്ക് പറന്നിറങ്ങുകയായിരുന്നു. ശേഷം ഇരുകൈകളും വിടർത്തി റോഡ്രിഗസ് ആ നിമിഷത്തെ ഉള്‍ക്കൊള്ളുമ്പോള്‍ വിഖ്യാത കമന്റേറ്റര്‍ പീറ്റര്‍ ഡ്രൂറി പറഞ്ഞു, One of the greats, Oh my world, this boy is a star, Few in the world could do that. ഈ വാചകങ്ങളിലുണ്ടായിരുന്നു റോഡ്രിഗസ് എന്ന ജീനിയസ്, പുസ്കാസും ഗോള്‍ഡൻ ബൂട്ടും സ്വന്തമാക്കിയാണ് ബ്രസീലിയൻ മണ്ണിലെ ലോകകപ്പ് അയാള്‍ അവസാനിപ്പിച്ചത്.

ഗോള്‍ഡൻ ബോയിയുടെ തിളക്കമറിഞ്ഞ റയല്‍ മാഡ്രിഡ് അവനെ സാന്റിയാഗൊ ബെർണബ്യൂവിലെത്തിച്ചു. മധ്യനിരയില്‍ റയലിനായി കളിമെനഞ്ഞ റോഡ്രിഗസ് വൈകാതെ ആ സംഘത്തിലെ അഭിവാജ്യ ഘടകമായി, പക്ഷേ സിനദിൻ സിദാന്റെ വരവും കളിരീതികളിലെ മാറ്റങ്ങളും റോഡ്രിഗസിനെ ബെഞ്ചിലെത്തിച്ചു, ശേഷം ബയേണ്‍ മ്യൂണിക്കിലേക്ക്, ആൻസലോട്ടിയുടെ സിസ്റ്റത്തിലെ പ്രധാനി, നിക്കൊ കൊവാക്കിന്റെ കളിശൈലിക്ക് പുറത്തായി.

റയലിലേക്കുള്ള മടക്കവും ശാരീരിക ക്ഷമതയിലെ പോരായ്മകളുമെല്ലാം ഗോള്‍ഡൻ ബോയിയുടെ തിളക്കം കുറഞ്ഞു. പിന്നീട് എവർട്ടണ്‍, അല്‍ റയാൻ, ഒളിപ്യാക്കോസ്, സാവോ പോളൊ. 2021 കോപ്പ അമേരിക്കയ്ക്കുള്ള കൊളംബിയൻ സംഘത്തില്‍പ്പോലും റോഡ്രിഗസിനിടമുണ്ടായില്ല. 2022 ഖത്തര്‍ ലോകകപ്പില്‍ കാഴ്ചക്കാരുടെ റോളായിരുന്നു കൊളംബിയക്കും റോഡ്രിഗസും. ഇവിടെ നിന്നാണ് റോഡ്രിഗസിന്റെ കരിയറിലെ രണ്ടാമധ്യായം തുടങ്ങുന്നത്.

നെസ്റ്റൊ ലോറൻസോ മൈതാനത്ത് അയാള്‍ക്ക് പൂർണ സ്വാതന്ത്ര്യം അനുവദിച്ച നാളുകള്‍. സുവര്‍ണകാലം തിരിച്ചുപിടിച്ച, അയാളെ അടയാളപ്പെടുത്തിയ, ലോകത്തിനെ ഓര്‍മ്മപ്പെടുത്തിയ കോപ്പ അമേരിക്ക 2024. 2014ല്‍ മാറക്കാനയില്‍ കണ്ടതിന്റെ തുടര്‍ച്ചയ്ക്ക് പതിറ്റാണ്ടിന്റെ ദൂരമുണ്ടായിരുന്നു അപ്പോള്‍.

സാങ്കേതികത്തികവും വിഷനുമെല്ലാം തിരികെയെത്തി, മധ്യനിരയില്‍ ആ ബൂട്ടുകള്‍ക്ക് ക്ഷീണമുണ്ടായിരുന്നില്ല. ആ ചിറകിലേറി കൊളംബിയ ഫൈനല്‍ വരെ കുതിച്ചു. 23 വ‍ര്‍ഷങ്ങള്‍ക്ക് ശേഷം. ആറ് അസിസ്റ്റുകളും ഒരു ഗോളും. ഒരു കോപ്പയില്‍ കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമെന്ന നേട്ടം, മറികടന്നത് സാക്ഷാല്‍ ലയണല്‍ മെസിയെ. ടൂർണമെന്റിലെ താരം.

കിരീടപ്പോരില്‍ അര്‍ജന്റീനയ്ക്ക് മുന്നില്‍ വീണങ്കിലും കോപ്പ എല്ലാത്തിന്റേയും ഒരു തുടക്കമായിരുന്നു. 2026 ലോകകപ്പ് യോഗ്യതാ ഘട്ടത്തില്‍ അത് അയാള്‍ ആവര്‍ത്തിച്ചു. കൊളംബിയെ വിശ്വവേദിയിലേക്ക് തിരികെയെത്തിക്കുന്നത് റോഡ്രിഗസാണ്. മൂന്ന് ഗോളും ഏഴ് അസിസ്റ്റും. ഗോള്‍ കോണ്‍ട്രിബ്യൂഷനില്‍ റോഡ്രിഗസിന് മുന്നില്‍ മെസി മാത്രമാണുണ്ടായിരുന്നത്, എട്ട് ഗോളും മൂന്ന് അസിസ്റ്റും ഉള്‍പ്പെടെ 11 എണ്ണം.

റൊണാള്‍ഡോയുടേയും മെസിയുടേയും നെയ്മെറിന്റേയും മോഡ്രിച്ചിന്റേയുമൊക്കെ അവസാന ലോകകപ്പെന്ന് അടയാളപ്പെടുത്തുന്ന 2026. അവര്‍ക്കൊപ്പമല്ലെങ്കിലും റോഡ്രിഗസും അര്‍ഹിക്കുന്നുണ്ട് ചിലതൊക്കെ.

PREV
Read more Articles on
click me!

Recommended Stories

യമാലിന്റെ ചിറകിലേറി ഫ്യൂന്റെയുടെ സ്പെയിൻ; കിരീടം ചൂടുമോ യൂറോപ്യൻ ചാമ്പ്യന്മാർ?
അഞ്ച് വർഷത്തില്‍ ഉദയവും അസ്തമയവും, സൂര്യകുമാർ യാദവിനോട് ക്രൂരത കാണിച്ചോ ബിസിസിഐ?