ആ ഒരു ഇന്നിങ്സ് മാത്രമോ...നന്ദി മാക്‌സ്‌വെല്‍

Published : Jun 02, 2025, 05:15 PM IST
ആ ഒരു ഇന്നിങ്സ് മാത്രമോ...നന്ദി മാക്‌സ്‌വെല്‍

Synopsis

2023 ഏകദിന ലോകകപ്പില്‍ വാംഖഡയില്‍ സമ്മര്‍ദവും ശരീരവും തീര്‍ത്ത വെല്ലുവിളികളെ അതീജിവിച്ച് ഓസ്ട്രേലിയക്ക് ജീവശ്വാസം നല്‍കിയവൻ

ചില താരങ്ങളുണ്ട്, അവരുടെ കണക്കുകള്‍ കരിയറിന്റെ വലുപ്പത്തിനോട്, നീതി പുലര്‍ത്തുന്ന ഒന്നായിരിക്കില്ല. ഇതിഹാസങ്ങള്‍ക്ക് സാധിക്കാത്ത പലതിനും നിയോഗിക്കപ്പെട്ടവരാകാം അവര്‍. അവരുടെ പടിയിറക്കങ്ങള്‍ ആഘോഷിക്കപ്പെടുന്നത് പോലും വിരളമായിരിക്കാം. അത്തരമൊരു അദ്ധ്യായത്തിന്റെ അവസാനത്തിന് കൂടി ക്രിക്കറ്റ് ലോകം സാക്ഷിയായിരിക്കുകയാണ്.

ഞാൻ ടീമിനെ അല്‍പ്പം നിരാശപ്പെടുത്തുന്നതായി തോന്നുന്നു. 2027 ഏകദിന ലോകകപ്പ് എനിക്ക് എത്തിപ്പിടിക്കാനാകുമെന്ന് തോന്നുന്നില്ല. വഴിമാറിക്കൊടുക്കേണ്ട സമയമായി. സ്വാര്‍ത്ഥ കാരണങ്ങള്‍ക്ക് വേണ്ടി നില്‍ക്കാൻ താല്‍പ്പര്യപ്പെടുന്നില്ല...ഈ ചുരുങ്ങിയ വാക്കുകളില്‍ ഐതിഹാസികമായ മഞ്ഞ ജഴ്‌സി ഏകദിനത്തില്‍ അഴിച്ചുവെക്കുന്നുവെന്ന് തീരുമാനം അയാള്‍ ലോകത്തെ അറിയിച്ചു. 

ഗ്ലെൻ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റ് മതിയാക്കിയിരിക്കുന്നു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് സമ്മാനിച്ചവൻ. 2023 ഏകദിന ലോകകപ്പില്‍ വാംഖഡയില്‍ സമ്മര്‍ദവും ശരീരവും തീര്‍ത്ത വെല്ലുവിളികളെ അതീജിവിച്ച് ഓസ്ട്രേലിയക്ക് ജീവശ്വാസം നല്‍കിയവൻ. 

“From Max pressure to Max performance! This has been the best ODI knock I’ve seen in my life,” ക്രിക്കറ്റ് ദൈവം മാക്‌സ്‌വെല്ലിന്റെ ഇന്നിങ്സിനെ വര്‍ണിച്ചത് ഇപ്രകാരമായിരുന്നു. അഫ്ഗാനിസ്താനുയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഓസ്ട്രേലിയ 91-7 എന്ന സ്കോറിലേക്ക് വീണു. അഫ്‌ഗാന്റെ ഡഗൗട്ടിലപ്പോള്‍ സെമി സ്വപ്നങ്ങളും ചരിത്രവിജയവുമെല്ലാം മിന്നിമറയുന്നുണ്ടായിരുന്നു.

സ്കോ‍ര്‍ ബോര്‍ഡില്‍ തെളിഞ്ഞ വിന്‍ പ്രെഡിക്ടറില്‍ ഓസ്ട്രേലിയയുടെ വിജയസാധ്യത പത്ത് ശതമാനത്തില്‍ താഴെയായിരുന്നു. 'Streets won't forget' എന്നൊരു പ്രയോഗമുണ്ട്, ഈ വാചകത്തെ സാധൂകരിക്കുന്ന മണിക്കൂറുകളായിരുന്നു പിന്നീട് മാക്‌സ്‌വെല്‍ സമ്മാനിച്ചത്. അതിന് അയാളെ ഭാഗ്യവും തുണച്ചു, പലരൂപത്തില്‍.

അന്ന് വാംഖഡയിലെ വിക്കറ്റിലോളിഞ്ഞിരുന്ന ഭൂതങ്ങള്‍ ഓസ്ട്രേലിയന്‍ ബാറ്റ‍ര്‍മാരെ തലതാഴ്ത്തി മടങ്ങാന്‍ നിര്‍ബന്ധിതമാക്കി. അവിടെയാണ് മാക്‌സ്‌വെല്ലിന്റെ മികവ് കണ്ടത്. താരം ബാറ്റ് ചെയ്തത് മറ്റൊരു വിക്കറ്റിലായിരുന്നോ എന്ന് പോലും തോന്നിച്ചു. തന്റെ വിക്കറ്റിനായി അഫ്ഗാന്‍ ബൗള‍ര്‍മാ‍ര്‍ വട്ടമിട്ട് പറന്നതായിരുന്നില്ല മാക്സ്വെല്ലിന് വെല്ലുവിളിയായത്, തന്റെ ശരീരം തന്നെയായിരുന്നു. 

മുംബൈയിലെ കൊടും ചൂടില്‍ 50 ഓവറുകള്‍ ഫീല്‍ഡ് ചെയ്തതിന് ശേഷം ബാറ്റ് ചെയ്യുന്നതിന്റേതായ പ്രശ്നങ്ങള്‍ വൈകാതെ ശരീരം പ്രകടപ്പിച്ചു തുടങ്ങി. പേശി വേദന കൊണ്ട് മൈതാനത്ത് കിടന്ന് മാക്സ്വെല്‍ പുളഞ്ഞു, തളര്‍ന്നു വീണു, റണ്‍സെടുക്കാന്‍ പോലും ഓടാനാകാത്ത സ്ഥിതി. നില്‍ക്കാന്‍ പോലുമാകുന്നില്ലായിരുന്നു. 

ഓസ്ട്രേലിയന്‍ ടീമിന്റെ ഫിസിയോ എത്ര പ്രവശ്യം കളത്തിലെത്തിയന്നതിന് കണക്കില്ല. എന്തിന് ഇന്നിങ്സിനിടെയില്‍ താരത്തിന് പകരമായി പാഡണിഞ്ഞ് കളത്തിലെത്താന്‍ ആദം സാമ്പ മൂന്ന് തവണ തയാറായി. റിട്ടയേഡ് ഹ‍ര്‍ട്ടായി സ്വന്തം ശരീരവും മുന്നോട്ടുള്ള കളികള്‍ക്ക് മുന്‍കരുതലുമെടുത്ത് മടങ്ങാമായിരുന്നു അയാള്‍ക്ക്. പക്ഷെ വഴങ്ങിയില്ല.

Sometimes, no footwork becomes great footwork too. റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ് എന്നിങ്ങനെ ഓരോരുത്തരായി ബൗണ്ടറികളിലേക്ക് ഇടവേളകളില്ലാതെ പാഞ്ഞുകൊണ്ടേയിരുന്നു. ക്രീസില്‍ 'നിന്നടിച്ച്' ഫുട് മൂവ്മെന്റിന്റെ പ്രധാന്യത്തെയൊക്കെ നിസാരമായി മാക്സ്വെല്‍ തിരുത്തിയെഴുതി. 

ഒടുവില്‍ 47-ാം ഓവറില്‍ ജയമുറപ്പിച്ചൊരു സിക്‌സ്, ഇരട്ട സെഞ്ച്വറി. ഒരു ഓസ്ട്രേലിയൻ താരത്തിന്റെ ആദ്യ ഇരട്ട ശതകം. ശേഷം ഇരുകൈകളുമുയര്‍ത്തി വിജയാഘോഷം. പക്ഷേ, ഈ ഇന്നിങ്സില്‍ ഒതുക്കി നിര്‍ത്താനാകുന്നതാണോ മാക്‌സ്‌വെല്ലിന്റെ ഏകദിന കരിയര്‍. അല്ലായെന്ന് പറയേണ്ടി വരും. അത് പറയാൻ കാരണങ്ങളുമുണ്ട്.

2000 റണ്‍സിന് മുകളില്‍ നേടിയവരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ്. ഏകദിന ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ച്വറി, നാലാമത്തേതും മാക്സിയുടെ പേരില്‍ തന്നെ. 2015 ഏകദിന ലോകകപ്പില്‍ ഓസീസ് നിരയിലെ ഏക സ്പിന്നറായിരുന്നു മാക്‌സ്‌വെല്‍, അന്ന് ആറ് വിക്കറ്റ് നേടി. 2023ല്‍‍ ആവര്‍ത്തനം. ഫൈനലില്‍ ഇന്ത്യയുടെ താളം തെറ്റിച്ച രോഹിത് ശര്‍മയുടെ വിക്കറ്റിന് പിന്നിലെ കൈകള്‍ മാക്‌സ്‌വെല്ലിന്റേതായിരുന്നു. 

പാകിസ്ഥാനെതിരെ 2014 ഏകദിനത്തില്‍ അവസാന ഓവറില്‍ രണ്ട് റണ്‍സ് പ്രതിരോധിച്ചു. അതും രണ്ട് വിക്കറ്റ് നേടി. അന്ന് മാക്‌സ്‌വെല്ലിന്റെ ഓവറില്‍ ഒരു റണ്‍സ് പോലും നേടാൻ പാകിസ്ഥാനായിരുന്നില്ല. എടുത്തുപറയാനുള്ള ദിവസങ്ങളുടെ എണ്ണം കുറവായിരിക്കാം, പക്ഷേ അന്നെല്ലാം മാക്‌സ്‌വെല്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?