
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓര്‍ ചെന്നൈ സൂപ്പര്‍ കിങ്സ്. 2027 മിനി താരലേലത്തിന് മുൻപായി ഹാര്‍ദിക്ക് പാണ്ഡ്യയുമായി ബന്ധപ്പെട്ട ട്രേഡ് റൂമറുകള്‍ എത്തി നില്‍ക്കുന്നത് ഈ രണ്ട് ടീമുകളിലാണ്. ഇന്ത്യൻ ഓള്‍ റൗണ്ടറുടെ താല്‍പ്പര്യം എന്തായിരിക്കുമെന്ന് വ്യക്തമാണ്, സാക്ഷാല്‍ എം എസ് ധോണിയുടെ ചെന്നൈ തന്നെ. ഹാര്‍ദിക്കിന് ആഗ്രഹിക്കാം, പക്ഷേ അത് സാധ്യമാകണമെങ്കില്‍ മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് വിചാരിക്കണം. കൊല്‍ക്കത്തയോ ചെന്നൈയോ, ഹാര്‍ദിക്കിന് യോജിച്ച സംഘമേതാണ്, ട്രേഡ് സംഭവിക്കാൻ എന്തൊക്കെ കടമ്പകള്‍ മറികടക്കണം.
മുംബൈ ഇന്ത്യൻസിന്റെ ഡ്രസിങ് റൂമില്‍ ഹാര്‍ദിക്ക് എത്രത്തോളം ഫിറ്റാണ് എന്നതില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ന്ന സീസണായിരുന്നു 2026. താരത്തിന്റെ ക്യാപ്റ്റൻസിയില്‍ ടീമിന്റെ പ്രകടനങ്ങളില്‍ ഒത്തൊരുമയില്ലായ്മയും വ്യക്തമായിരുന്നു. ലോകത്തിലെ ഏതൊരു ടീമിലും ഇടം ലഭിക്കുന്ന ഒരു എക്‌സ് ഫാക്ടറാണ് ഹാര്‍ദിക്ക്. ഒരു ത്രി ഡയമെൻഷണല്‍ പ്ലെയര്‍. ഒരുപക്ഷേ പകരം വെക്കാൻ കഴിയാത്തൊരു പ്രതിഭ. അങ്ങനെയൊരു പ്ലെയറിനെ മുംബൈയപ്പോലൊരു ഫ്രാഞ്ചൈസി വെറുതെ വിട്ടുനല്‍കുമെന്ന് കരുതാൻ കഴിയില്ല. പ്രത്യേകിച്ചും ഹാര്‍ദിക്കില്‍ മുംബൈ നടത്തിയ ഇൻവെസ്റ്റ്മെന്റ് പരിഗണിക്കുമ്പോള്‍.
ഒരു ഓള്‍ റൗണ്ടറെയാണ് മുംബൈക്ക് നഷ്ടമാകുന്നത്. കീറോണ്‍ പൊള്ളാര്‍ഡിന്റെ പകരക്കാരനെ കണ്ടെത്താൻ കഴിയാതെ പോയത് ടീമിനെ എത്രത്തോളം ബാധിച്ചുവെന്നത് പോയ സീസണുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാണ്, സമാനമായൊരു സാഹചര്യത്തിലേക്ക് പോകാൻ മുംബൈ ആഗ്രഹിക്കുന്നുണ്ടാകില്ല. അതുകൊണ്ട് ട്രേഡില്‍ മുംബൈക്ക് മുൻതൂക്കം ലഭിക്കുന്ന ഘടകങ്ങള്‍ ഉണ്ടാകണം. ചെന്നൈയുമായുള്ള ട്രേഡിലാണ് ഏറ്റവും വലിയ വെല്ലുവിളികള്‍. ഹാര്‍ദിക്കിന്റെ മൂല്യമനുസരിച്ച് കുറഞ്ഞത് രണ്ട് താരങ്ങളെ മുംബൈ ആവശ്യപ്പെടാനുള്ള സാധ്യതയാളുള്ളത്.
ആയുഷ് മാത്രെ, ഡിവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, അൻഷുല്‍ കാംബോജ് എന്നീ താരങ്ങളുടെ പേരുകളാണ് കൂടുതലായും ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇവിടെ ദുബെ മാത്രമാണ് ഓള്‍ റൗണ്ടറുടെ റോളിലുള്ളത്. മാത്രെയും ബ്രെവിസും പ്രൊപ്പര്‍ ബാറ്റര്‍മാരും ഖലീലും കാംബോജും പേസര്‍മാരുമാണ്. ഖലീല്‍ ഒഴികെ മറ്റെല്ലാവരും മുംബൈയുടെ ഡിഎൻഎയില്‍പ്പെട്ടവരാണ്. കാംബോജും ബ്രെവിസും മുൻ മുംബൈ താരങ്ങളായിരുന്നു. മാത്രെയും ദുബെയും ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ ഭാഗമാണ്.
മേല്‍പ്പറഞ്ഞ അഞ്ച് പേരില്‍ രണ്ടോ മൂന്നോ താരങ്ങളെ പകരം നല്‍കുക എന്നത് ചെന്നൈയുടെ ടീം ഘടനയെ ബാധിക്കുന്നതാണ്. മാത്രെയും ബ്രെവിസും ദുബെയും ചെന്നൈ ബാറ്റിങ് നിരയുടെ കോറാണ്. എത്രത്തോളം ഇംപാക്റ്റ് മൂവര്‍ക്കുമുണ്ടാക്കാൻ സാധിക്കുമെന്നത് എടുത്തുപറയേണ്ടതില്ലല്ലോ. മറുവശത്ത് കാംബോജും ഖലീലും, ദുബെയെക്കൂടെ ഇവിടെ ചേര്‍ത്താല്‍ ചെന്നൈയുടെ ബൗളിങ് നിരയിലെ സുപ്രധാനികള്‍. എങ്ങനെ നോക്കിയാലും ഹാര്‍ദിക്ക് വന്നാല്‍ ചെന്നൈക്ക് ടീമിനെ ഉടച്ചുവാര്‍ക്കേണ്ടതായി വരും.
മുംബൈയെ സംബന്ധിച്ച് അവര്‍ ആഗ്രഹിക്കുന്നത് ഖലീല്‍-ദുബെ-മാത്രെ കോമ്പിനേഷനായിരിക്കും. കാരണം, രോഹിത് ശര്‍മ കരിയറിന്റെ അവസാനത്തോട് അടുക്കുന്നതിനാല്‍ ഒരു വലം കയ്യൻ ഓപ്പണറെ മുംബൈക്ക് ആവശ്യമാണ്. ഇടം കയ്യൻ പേസര്‍മാരായ ട്രെൻ ബോള്‍ട്ടിനും അശ്വനി കുമാറിനും കഴിഞ്ഞ രണ്ട് സീസണിലും കാര്യമായ ചലനമുണ്ടാക്കാനായിരുന്നില്ല, ഇവിടെ ഖലീല്‍ അഹമ്മദ് പെര്‍ഫെക്റ്റ് ഓപ്ഷനാകുന്നു. ദുബെ ഹാര്‍ദിക്കിന്റെ ആള്‍മോസ്റ്റ് പെര്‍ഫെക്റ്റ് റീപ്ലേസ്മെന്റെന്നും വിലയിരുത്താം. ഹാര്‍ദിക്കിനായി ഇത്ര വലിയൊരു റിസ്ക്ക് എടുക്കുമോ ചെന്നൈയെന്നതാണ് ചോദ്യം. പ്രത്യേകിച്ചും ഒരു പുതുതലമുറ ടീമിനെ ചെന്നൈ ഒരുക്കിയെടുത്ത പശ്ചാത്തലത്തില്‍.
ഇനി കൊല്‍ക്കത്തിയിലേക്ക് വന്നാല്‍, ഒരു താരത്തില്‍ ട്രേഡ് ഒതുങ്ങിയേക്കും. ഹാര്‍ദിക്കിന്റെ പെര്‍ഫെക്റ്റ് റീപ്ലെസ്മെന്റ് ആ സംഘത്തിലുണ്ട്, കാമറൂണ്‍ ഗ്രീൻ. 2023 സീസണില്‍ മുംബൈക്കായി കളിച്ച ഗ്രീൻ 160 സ്ട്രൈക്ക് റേറ്റില്‍ 452 റണ്‍സും ആറ് വിക്കറ്റും നേടിയിരുന്നു. 2024, 2026 സീസണുകള്‍ ശരാശരിയില്‍ ഒതുങ്ങിയെങ്കിലും നിലവില്‍ ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് ഗ്രീൻ. എന്നാല്‍, ഓസ്ട്രേലിയൻ താരങ്ങളെ ടീമിലേക്ക് എടുക്കുന്നതില്‍ ചില റിസ്ക്ക് ഫാക്ടേഴ്സ് നിലനില്‍ക്കുന്നുവെന്നതാണ് ഇവിടെ വെല്ലുവിളി.
പരുക്കിനെ ഭയന്നും ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നല്‍കിയും ഐപിഎല്ലിന്റെ ഒരു സീസണ്‍ മുഴുവനായും കളിക്കാൻ ഓസ്ട്രേലിയൻ താരങ്ങള്‍ പലപ്പോഴും തയാറാകാറില്ല. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിൻസും ഒക്കെ ഉദാഹരണങ്ങളായി മുന്നിലുണ്ട്. അതിനാല്‍ ഗ്രീനിനെ വാങ്ങി ഹാര്‍ദിക്കിനെ നല്‍കാൻ മുംബൈ തയാറാകുമോയെന്നതില്‍ സംശയം നിലനില്‍ക്കുന്നു. പക്ഷേ, ഹാര്‍ദിക്കിനെ സംബന്ധിച്ച് കൊല്‍ക്കത്ത മികച്ച ഓപ്ഷനാണ്, ഒരു നായകനെക്കൂടി കാത്തിരിക്കുകയാണ് കൊല്‍ക്കത്ത, ചെന്നൈയില്‍ ഹാര്‍ദിക്കിന് നായകസ്ഥാനം ലഭിക്കാനുള്ള സാധ്യതകള്‍ നിലവില്‍ വിരളമാണ്.