90കളുടെ മധ്യത്തിലാണ് ഇഎ ക്രിക്കറ്റിന്റെ ടൈം ലൈൻ ആരംഭിക്കുന്നത്. അവസാന വേർഷൻ പുറത്തിറങ്ങിയതാകട്ടെ 2006 നവംബറിലും
എസ് ടെൻഡഹർ, വി സേവെയ്, ആർ ദ്രവിയ, ഡി ദെനിയർ, യെവെരെയ് സിങ്...ഈ പേരുകളൊക്കെയും ക്രിക്കറ്റ് ആരാധകർക്ക് കേവലം ഓർമ മാത്രമല്ല, അവരുടെ നൊസ്റ്റാള്‍ജിയ കൂടിയാണ്. ബാറ്റുയർത്തി നില്‍ക്കുന്ന ആൻഡ്രു ഫ്രിന്റോഫിനെ പുറം ചട്ടയാക്കിയെത്തി, കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍ക്ക് മുന്നില്‍ ക്രിക്കറ്റ് പ്രേമികളെ മണിക്കൂറുകളോളം പിടിച്ചിരുത്തിയ, നാട്ടിൻപുറത്തെ ഇന്റർനെറ്റ് കഫേയിലേക്ക് ഒരു തലമുറയെ ഓടിച്ച ആ ഒജി ഗെയിം. ഒരിക്കല്‍ കളിച്ചവര്‍പ്പോലും മറക്കാനിടയില്ലാത്തൊരു എക്‌സ്പീരിയൻസ്. ഇ എ ക്രിക്കറ്റ് 07.
90കളുടെ മധ്യത്തിലാണ് ഇഎ ക്രിക്കറ്റിന്റെ ടൈം ലൈൻ ആരംഭിക്കുന്നത്. അവസാന വേർഷൻ പുറത്തിറങ്ങിയതാകട്ടെ 2006 നവംബറിലും. രണ്ട് പതിറ്റാണ്ടോളമായിട്ടും ഇന്നും ഈ ഗെയിം ആഘോഷിക്കപ്പെടുന്നുണ്ട്, പല പുതിയ വേർഷനുകളില്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ നമുക്ക് കാണാനും സാധിക്കും. എന്തായിരുന്നു ഇഎ ക്രിക്കറ്റ് 07നെ വ്യത്യസ്തമാക്കിയത്, എന്തുകൊണ്ട് ഗെയിമിന് തുടര്‍ച്ചയുണ്ടായില്ല.
ഇഎ കാനഡയും എച്ച്ബി സ്റ്റുഡിയോസും ചേര്‍ന്ന് ഡെവലപ്പ് ചെയ്ത ഇഎ ക്രിക്കറ്റ് 07 ഗെയിമിങ് കമ്മ്യൂണിറ്റിക്ക് മുന്നിലെത്തുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ 2006ലാണ്. 2006-07 ക്രിക്കറ്റ് സീസണ്‍ ആസ്പദമാക്കിയായിരുന്നു ഗെയിം രൂപപ്പെടുത്തിയത്. പ്രത്യേകിച്ചും ആഷസ് ക്രിക്കറ്റ്. എന്തുകൊണ്ടാണ് ഗെയിമിന് ഇത്ര പ്രീതി ലഭിച്ചുവെന്നതിനുള്ള ഒരു ഉത്തരം വ്യത്യസ്തമായ ഗെയിം മോഡുകള്‍ അവൈലബിള്‍ ആയിരുന്നു എന്നതാണ്.
അഞ്ച്, പത്ത്, 20, 50 ഓവറുകള്‍, ആഷസ് ഉള്‍പ്പെടെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ വരെ കളിക്കാൻ സാധിക്കുമായിരുന്നു. ടി20 ക്രിക്കറ്റ് ഒരു വിപ്ലവമാകുന്നതിന് മുൻപാണെന്നും കണക്കാക്കേണ്ടതുണ്ട്. ഒപ്പം ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ കൗണ്ടി ക്രിക്കറ്റും ലോകകപ്പിന് സമാനമായ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റും. ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക മുതല്‍ ബര്‍മൂഡവരെയുള്ള 18 അന്താരാഷ്ട്ര ടീമുകളും.
ഇതുമാത്രമല്ല, പിച്ച്, സ്റ്റേഡിയം, കാലാവസ്ഥ, ഡിഫിക്കല്‍റ്റി ലെവല്‍ തുടങ്ങിയവയെല്ലാം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഇഎ ക്രിക്കറ്റ് നല്‍കി. ഈഡൻ ഗാര്‍ഡൻസും ലോര്‍ഡ്‌സും മെല്‍ബണും ഉള്‍പ്പെടെ ഇരുപതിലധികം സ്റ്റേഡിയങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. 2007 ഏകദിന ലോകകപ്പിലെ എട്ട് പ്രധാന വേദികളും ഗെയിമിന്റെ ഭാഗമായി.
ഏറ്റവും ആകര്‍ഷകമായ ഘടകം ഗെയിമിന്റെ പൂർണമായ നിയന്ത്രണം പ്ലെയറിന് തന്നെയായിരുന്നു എന്നതാണ്. ബൗള്‍ ചെയ്യുകയാണെങ്കില്‍ പന്തിന്റെ പേസ്, ലെങ്ത്, സ്വിങ്, മൂവ്മെന്റ് എല്ലാം കളിക്കുന്നയാള്‍ക്ക് തന്നെ നിശ്ചയിക്കാൻ സാധിക്കും. ബാറ്റിങ്ങിലാണെങ്കില്‍ ഫൂട്ട് മൂവ്മെന്റ്, ഷോട്ട് സെലക്ഷൻ, ആ ഷോട്ടിന്റെ ഡയറക്ഷൻ, പവര്‍ എന്നിവയും. ശരിക്കും ഒരു കവര്‍ ഡ്രൈവ് കളിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണമായ സാറ്റിസ്ഫാക്ഷൻ ലഭിക്കുന്നതുപോലെയായിരുന്നു ഗെയിംപ്ലേ.
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഗെയിം പ്രിയപ്പെട്ടതാക്കിയത് മറ്റൊന്നും കൊണ്ടല്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഗോള്‍ഡൻ ജനറേഷൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടത്തിലെ താരങ്ങളെല്ലാം ഗെയിമിലുണ്ടായിരുന്നു. സച്ചിൻ, സേവാഗ്, ഗാംഗുലി, ദ്രാവിജ്, ലക്ഷ്മണ്‍, ധോനി, യുവരാജ്, സഹീര്‍ ഖാൻ, ശ്രീശാന്ത്, കുംബ്ലെ...അങ്ങനെ നീളുന്നു പേരുകള്‍. എന്നാല്‍ ഇവരൊന്നും യഥാര്‍ത്ഥ പേരിലായിരുന്നില്ല ഗെയിമില്‍.
സച്ചിൻ തെൻഡുല്‍ക്കറിന് എസ് ടെൻഡഹര്‍, സൗരവ് ഗാംഗുലിക്ക് എസ് ഗുംഗ്‌ലി, രാഹുല്‍ ദ്രാവിഡിന് ആര്‍ ദ്രവിയ, ഹര്‍ഭജന് ഹുര്‍വജ് സിങ്, മുഹമ്മദ് കൈഫിന് എം കെഫ്, ഇര്‍ഫാൻ പത്താന് ഐ പാര്‍ത്തൻ എന്നൊക്കെയായിരുന്നു. ഇതിന്റെ കാരണം പ്ലെയര്‍ ലൈസൻസ് ലഭിക്കാത്തതാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളുടെ മാത്രമാണ് ഔദ്യോഗിക ലൈസൻസ് ഇഎയ്ക്ക് ഉണ്ടായിരുന്നത്. ഗെയിം കളിച്ചവര്‍ക്ക് അറിയാം ഇന്ത്യൻ ടീമിന്റെ ലോഗോ ആയി നല്‍കിയിട്ടുള്ളത് ബിസിസിഐയുടെ ഔദ്യോഗിക ലോഗൊ ആയിരുന്നില്ല.
ഇതുതന്നെയാണ് ഗെയിമിന്റെ തുടര്‍ച്ച സംഭവിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇന്ന് ഗെയിം പുറത്തിറക്കണമെങ്കില്‍ ഐസിസിയുടെ റൈറ്റ്സ്, ക്രിക്കറ്റ് ബോര്‍ഡുകളുടെ റൈറ്റ്സ്, ഐപിഎല്‍ ഉള്‍പ്പെടെയുള്ള വിവിധ ഫ്രാഞ്ചൈസ് ലീഗുകളുടെ റൈറ്റ്സ്, ടീമുകളുടേയും താരങ്ങളുടേയും സ്റ്റേഡിയങ്ങളുടേയും റൈറ്റസ്...അങ്ങനെ നീളുന്നു കടമ്പകള്‍.
ഇന്നത്തെ സാഹചര്യം പരിശോധിക്കുമ്പോള്‍ ഇന്ത്യയെ ഒഴിവാക്കി ഒരു ക്രിക്കറ്റ് ഗെയിം ആരംഭിക്കുക എന്നത് എളുപ്പമല്ല. ഗെയിമിന്റെ സക്സസ് പൂര്‍ണമായും തന്നെ ഡിപ്പൻഡ് ചെയ്തിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിനെ ആയിരിക്കും, പ്രധാനമായും ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗായ ഐപിഎല്‍ ഇല്ലാതെ ഒരു ഗെയിം ഇഎയ്ക്ക് പുറത്തിറക്കാനാകുമോ. ഇന്ത്യൻ ടീമിന്റെ ലൈസൻസ് ലഭിക്കുക എന്നത് എളുപ്പമല്ല, നിലവില്‍ വൻതുക തന്നെ നല്‍കേണ്ടതായും വരും. ഇങ്ങനെ ഓരോ രാജ്യങ്ങളുടേതും. ഇത് ഗെയിമിന്റെ പ്രൊഡക്ഷൻ കോസ്റ്റ് ഉയര്‍ത്തുന്ന ഘടകമാണ്.
ഇതിന് പുറമെ എക്സ്പെക്റ്റേഷൻസ്. റിയലിസ്റ്റിക്ക് ഗ്രാഫിക്സ്, കരീര് മോഡുകള്‍, ഓണ്‍ലൈൻ മള്‍ട്ടിപ്ലെയര്, കമന്ററി, ലീഗുകളൊക്കെയും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടാകും. അത് മീറ്റ് ചെയ്യുകയും എളുപ്പമല്ല, പ്രത്യേകിച്ചും ലൈസൻസ് ലഭിച്ചില്ല എങ്കില്‍. പക്ഷേ, ഇതൊന്നുമില്ലാതിരുന്നിട്ടും റെവലൂഷണറിയായുള്ള ഗ്രാഫിക്സിന്റെ അഭാവത്തിലും ഇഎ ക്രിക്കറ്റിന് ഇന്നും ജനപ്രീതിയുണ്ട്. അതിനും കൃത്യമായ കാരണമുണ്ട്.
ഇഎ ഗെയിം അവസാനിപ്പിച്ചെങ്കിലും അത് കളിച്ചുകൊണ്ടിരുന്നവര്‍ നിര്‍ത്താൻ ഒരുക്കമായിരുന്നില്ല. ഗെയിമില്‍ മോഡിഫിക്കേഷൻ നടത്താൻ സാധിക്കുമെന്ന കണ്ടെത്തലാണ് ഇതിന്റെ ആധാരം. താരങ്ങളുടെ മുഖം മാറ്റം, പുതിയ കിറ്റുകള്‍ അവതരിപ്പിക്കാം, സ്ക്വാഡ് അപ്ഡേറ്റ് ചെയ്യാം, പുതിയ ബാറ്റ്, ബോള്‍, ടൂര്‍ണമെന്റുകള്‍ തുടങ്ങിയവയെല്ലാം മോഡിഫൈ ചെയ്ത് ഉപയോഗിക്കാൻ ആരംഭിച്ചു. ഇതോടെ ഐപിഎല്‍ വരെ ഇഎ ക്രിക്കറ്റ് 07ല്‍ കളിക്കാമെന്നായി. ഇതായിരുന്നു യഥാര്‍ത്ഥത്തില്‍ വിപ്ലവം.
ഇഎ ക്രിക്കറ്റ് 07 ഒരു ഗെയിം മാത്രമായിരുന്നില്ല, ഒരു തലമുറയുടെ ക്രിക്കറ്റിനോടുള്ള ആവേശമായിരുന്നു. ഇന്നും തുടരുന്ന ആവേശം...


