
'ഇതാണ് ശരിയായ സമയം' എന്ന വാചകം ചേര്‍ത്തുവെച്ചൊരു കുറിപ്പ് അയാളും എഴുതിയിരിക്കുന്നു, ഒരു ക്രിക്കറ്റ് കാലം കൂടി അവസാനിക്കാൻ ഒരുങ്ങുന്നു എന്ന യാഥാര്‍ത്ഥ്യം അവിടെ തേടിയെത്തുകയാണ്.
ട്വന്റി 20 ക്രിക്കറ്റിന്റെ വേഗതയ്ക്കും ചടുലതയ്ക്കുമൊപ്പം സഞ്ചരിച്ചതായിരുന്നില്ല ആ ബാറ്റ്. പക്ഷേ, അയാളെ ഓര്‍ത്തിരിക്കാൻ ആ ഒരിന്നിങ്സ് മാത്രം മതിയല്ലോ. കൈമുട്ടിലെ ഗുരുതര പരുക്കിനെ വകവെക്കാതെ അയാള്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം. കെയിൻ സ്റ്റുവര്‍ട്ട് വില്യംസണ്‍.
2021 ട്വന്റി 20 ലോകകപ്പ് ഫൈനലാണ് വേദി, സ്വപ്നനഗരമായ ദുബായില്‍ കലാശപ്പോരിന് കളമൊരുങ്ങിയിരിക്കുന്നു. നോക്കൗട്ട് റൗണ്ടുകളില്‍ നിരന്തരം വേട്ടയാടുന്ന ഓസ്ട്രേലിയയാണ് എതിരാളികള്‍. നിരാശയിലും ചിരിക്കാൻ ശീലിച്ച ശരീരഭാഷയാണ് വില്യംസണിന്റേത്, എത്രയെത്ര സന്ദര്‍ഭങ്ങള്‍. പക്ഷേ അന്നയാള്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിൻസുമടങ്ങിയ ഓസീസിന്റെ വേഗപ്പന്തുകാര്‍ക്ക് മുന്നില്‍ കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. കൈമുട്ടിലെ പരുക്ക് ബാറ്റ് മുറുകെപ്പിടിക്കാൻ പോലും ആ കൈകളെ വിസമ്മതിക്കുകയായിരുന്നു അന്ന്.
ദുബായിലെ വിക്കറ്റിന്റ വേഗക്കുറവില്‍ ഹേസല്‍വുഡ് കട്ടറുകളിലൂടെ വില്യംസണിനെ വരിഞ്ഞുമുറുകയായണ്. അഞ്ച് ഫീല്‍ഡര്‍മാരെ ഓഫ് സൈഡിന് കാവലിട്ട് ആരോണ്‍ ഫിഞ്ച് വില്യംസണിന്റെ സ്കോറിങ് സാധ്യതകളെ ഇല്ലാതാക്കുന്നു. ദുബായിലെ സാഹചര്യങ്ങള്‍, ബൗളര്‍മാരുടെ കൃത്യത, പരുക്ക്...എല്ലാം വില്യംസണിന് എതിരായിരുന്നു ആ രാത്രി. ഏഴ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ന്യൂസിലൻഡിന്റെ സ്കോര്‍ബോര്‍ഡില്‍ 37 റണ്‍സ് മാത്രം.
മറുവശത്ത് മാര്‍ട്ടിൻ ഗുപ്റ്റില്‍ തനതുശൈലിയിലേക്ക് ഉയരാൻ കഴിയാതെ അതിസമ്മര്‍ദത്തിലാണ്. പക്ഷേ, എന്നത്തേയും പോലെ വില്യംസണ്‍ ആ സാഹചര്യത്തേയും മറികടക്കുകയാണ്. മിച്ചല്‍ മാര്‍ഷെറിഞ്ഞ ഒൻപതാം ഓവറിലെ നാലാം പന്ത്, ക്രീസുവിട്ടിറങ്ങി ബ്രണ്ടൻ മക്കല്ലം സ്റ്റൈലില്‍ എക്സ്ട്ര കവറിന് മുകളിലൂടെ ഒരു ബൗണ്ടറി. 32 പന്തുകള്‍ക്ക് ശേഷണായിരുന്നു ന്യൂസിലൻഡിന്റെ ഇന്നിങ്സില്‍ ഒരു പന്ത് പരസ്യറോപ്പുകള്‍ താണ്ടിയത്. തൊട്ടടുത്തതൊരു ഷോര്‍ട്ട് ബോള്‍, പൊതുവെ വില്യംസണ്‍ സിംഗിളെടുക്കുന്ന ആ പന്ത് സഞ്ചരിച്ചത് ഡീപ് മിഡ് വിക്കറ്റിലൂടെ ബൗണ്ടറിയിലേക്ക്.
തന്റെ സ്പെല്ലിലെ രണ്ടാം ഓവറിന് സ്റ്റാര്‍ക്ക് എത്തുന്നു. പേസ് ഓഫ് പന്തുകളായിരിക്കും സ്റ്റാര്‍ക്ക് പ്രയോഗിക്കുക എന്നതില്‍ വില്യംസണിന് ബോധ്യമുണ്ടായിരുന്നു. ക്രീസിലേക്ക് ഇറങ്ങി നിന്നായിരുന്നു സ്റ്റാര്‍ക്കിന്റെ പന്തുകളെ നേരിടാൻ ഒരുങ്ങിയത്. മൂന്ന് തുടര്‍ ബൗണ്ടറികള്‍, ഒന്ന് ഫൈൻ ലെഗ്, മറ്റൊന്ന് ഡൗണ്‍ ദ ഗ്രൗണ്ട്, മൂന്നാം വട്ട് ഡിപ് മിഡ് വിക്കറ്റില്‍. ഇതിനിടെയില്‍ ഹേസല്‍വുഡിന്റെ പിഴവില്‍ ന്യൂസിലൻഡ് നായകനൊരു ജീവിതവും ലഭിച്ചു. വില്യംസണ്‍ 25 പന്തില്‍ 35.
മാക്‌സ്‌വെല്ലെറിഞ്ഞ 13-ാം ഓവറിലും വില്യംസണ്‍ ക്രീസുവിട്ടിറങ്ങി, വണ്‍ ഹാൻഡിലൊരു സിക്സര്‍, ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ 80 മീറ്റര്‍ അകലെയാണ് പന്ത് ചെന്ന് പതിച്ചത്. വില്യംസണിന്റെ ഷോട്ട് കണ്ട് ഒന്ന് പുഞ്ചിരിക്കുക മാത്രമായിരുന്നു മാക്സ്‌വെല്‍ അന്ന് ചെയ്തത്. അടുത്ത പന്തില്‍ സ്ലോഗ് സ്വീപ്പിലൂടെ സിക്സ്, 32 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി.
ദുബായിലെ നിറഞ്ഞുകവിയാത്ത ഗ്യാലറിക്ക് വിരുന്നൊരുങ്ങിയത് 16-ാം ഓവറിലാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് ഐതിഹാസികമായ ഇടം കൈ ഉത്തരമില്ലാതെ മൈതാനത്ത് നിന്ന ആ ഓവര്‍.
ഗിയര്‍ ഷിഫ്റ്റിന്റെ അനിവാര്യത വില്യംസണ്‍ മനസിലാക്കിയിരുന്നു. ഓള്‍ ഔട്ട് അറ്റാക്കായിരുന്നു തന്ത്രം. ആദ്യ രണ്ട് പന്തുകളില്‍ ഔട്ട് സൈഡ് എഡ്ജില്‍ നിന്ന് ബൗണ്ടറി. മൂന്നാം പന്ത് സ്റ്റമ്പിനെ ലക്ഷ്യമാക്കിയൊരു കട്ടര്‍, ഡീപ് ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ വന്നതിലും വേഗത്തില്‍ പന്ത് പാഞ്ഞു. പ്യുവര്‍ ടൈമിങ് ആൻഡ് ക്ലാസ് ഫ്രം ദ കിവി മാൻ. അഞ്ചാം പന്തിന്റെ വേഗത 144 കിലോമീറ്റര്‍ ആയിരുന്നു, പോയിന്റിലൂടെ ഒരു ലോഫ്റ്റഡ് ഡ്രൈവ്, ഫോര്‍, ഹാമേഡ്. അഞ്ചാം പന്ത് വേഗം കുറച്ചും സ്റ്റാര്‍ക്ക്, പക്ഷേ ഷോര്‍ട്ട് തേഡിലൂടെ ഒരു ഡെഫ് ടച്ച്. ആറ് പന്തില്‍ അഞ്ച് ബൗണ്ടറി, 22 റണ്‍സ്.
സ്റ്റാര്‍ക്കിനെ ആ ഇന്നിങ്സില്‍ വില്യംസണ്‍ നേരിട്ടത് 12 തവണയാണ്, 12 പന്തുകള്‍. 39 റണ്‍സാണ് നേടിയത്, ഏഴ് ഫോറും ഒരു സിക്സും. എന്നാല്‍, ആ ഓവറിന് ശേഷം ഏഴ് പന്തുകളെ വില്യംസണ്‍ അതിജീവിച്ചൊള്ളു. കൈവിട്ട ക്യാച്ചിന് ഹേസല്‍വുഡിന്റെ തന്നെ പരിഹാരം, പക്ഷേ ഒരുപാട് വൈകിയിരുന്നു അപ്പോഴേക്കും. സ്മിത്തിന്റെ കൈകളില്‍ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ 48 പന്തില്‍ 85 റണ്‍സ്. പത്ത് ഫോറും മൂന്ന് സിക്സും. അവസാനം നേരിട്ട 23 പന്തില്‍ 50 റണ്‍സ്.
നായകന്റെ മികവില്‍ 172 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് ന്യൂസിലൻഡ് എത്തി. സ്വപ്നങ്ങളായി മാത്രം കിരീടപ്പോരുകള്‍ അവശേഷിക്കുന്ന ഒരു ജനതയ്ക്ക് ഒരിക്കല്‍ക്കൂടി വില്യംസണ്‍ പ്രതീക്ഷകള്‍ സമ്മാനിക്കുകയായിരുന്നു.
പക്ഷേ, മിച്ചല്‍ മാര്‍ഷിന്റേയും വാര്‍ണറിന്റേയും മാക്‌സ്‌വെല്ലിന്റേയും ഇന്നിങ്സുകള്‍ ഒരിക്കല്‍ക്കൂടി അയാള്‍ക്ക് ഒരു കിരീടം നിഷേധിക്കുകയാണ്. മാക്‌സ്‌വെല്‍ വിജയറണ്‍ നേടുമ്പോള്‍ ആ മൈതാനത്ത് അയാള്‍ ഉലയാതെ നിന്നു. നിരാശകളെ മറച്ചുവെച്ച് പുഞ്ചിരിയുടെ മുഖമണിഞ്ഞു, ഓസീസ് താരങ്ങളെ അഭിനന്ദിച്ചു, വാര്‍ണറിനോടുള്ള ബഹുമാനവും സ്നേഹം മൈതാനത്ത് ഈ നിരാശയിലും മറച്ചുവെച്ചില്ല...
93 മത്സരങ്ങള്‍, 2575 റണ്‍സ്. 18 അര്‍ദ്ധ സെഞ്ച്വറികള്‍. നന്ദി വില്യംസണ്‍.