
ഇംഗ്ലണ്ടിലെ കാണിയുടെ റോളില്‍ നിന്ന് ഏഷ്യ കപ്പിലെ ലീഡിങ് വിക്കറ്റ് കീപ്പര്‍. ഇനി ടെസ്റ്റ്, ഇന്ത്യയുടെ മുന്നിലെത്തുന്നത് വെസ്റ്റ് ഇൻഡീസ്. കുല്‍ദീപ് യാദവിന് വെള്ളക്കുപ്പായത്തില്‍ ഇനിയും അവസരം നിഷേധിക്കപ്പെടുമോ.
ബാറ്റിങ് നിരയില്‍ ഇന്ത്യക്ക് ആശങ്കകളില്ല. യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശൻ, ശുഭ്മാൻ ഗില്‍, ദ്രുവ് ജൂറല്‍, രവീന്ദ്ര ജഡേജ. ഇനി അവശേഷിക്കുന്ന അഞ്ച് സ്ഥാനങ്ങളാണ്. ഇംഗ്ലണ്ടിലെ പ്രകടനവും ഓഫ് സ്പിന്നറെന്ന ആനുകൂല്യവും വാഷിങ്ടണ്‍ സുന്ദറിനും അന്തിമ ഇലവനിലേക്ക് വഴിയൊരുക്കും. ജസ്പ്രിത് ബുമ്രയും മുഹമ്മദ് സിറാജുമായിരിക്കും പേസ് നിരയിലെ പ്രധാനികള്‍. രണ്ട് സ്ഥാനത്തിനായി നാല് പേരാണ് അവശേഷിക്കുന്നത് കുല്‍ദീപ്, അക്സര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാര്‍ റെഡ്ഡി.
അഹമ്മദാബാദിലെ വിക്കറ്റില്‍ പേസര്‍മാര്‍ക്ക് ആദ്യ ദിവസങ്ങളില്‍ ആനുകൂല്യം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി കളത്തിലേക്ക് എത്തുമെന്നാണ് ചോദ്യം. അങ്ങനെയെത്തിയാല്‍ കുല്‍ദീപിനായിരിക്കും മുൻതൂക്കം ലഭിക്കുക. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വിക്കറ്റെടുക്കാനുള്ള കുല്‍ദീപിന്റെ വൈഭവമാണ്. മറ്റൊന്ന് താരത്തിന്റെ ഫോമും. വൈറ്റ് ബോള്‍ ക്രിക്കറ്റാണെങ്കില്‍ക്കൂടി ഏഷ്യ കപ്പില്‍ ചൈനാമാൻ സ്പിന്നറുടെ മികവായിരുന്നു ഇന്ത്യയെ കിരീടത്തിലേക്ക് എത്തിച്ചത്. ഏഴ് മത്സരങ്ങളില്‍ നിന്നാണ് കുല്‍ദീപ് 17 വിക്കറ്റെടുത്തത്. താരത്തിന്റെ എക്കണോമിയാകട്ടെ ഏഴില്‍ താഴെയുമായിരുന്നു.
ഇത്തരമൊരു പശ്ചാത്തലത്തില്‍ കുല്‍ദീപിന്റെ ടെസ്റ്റ് ഇലവനിലേക്കുള്ള മടങ്ങിവരവ് ഇനിയും വൈകിപ്പിക്കണോയെന്നാണ് ചോദ്യം. 2024 ഒക്ടോബറില്‍ ന്യൂസിലൻഡിനെതിരെയാണ് അവസാനമായി കുല്‍ദീപ് റെഡ് ബോളെടുത്തത്. രണ്ട് ഇന്നിങ്സുകളിലുമായി മൂന്ന് വിക്കറ്റ് മാത്രമാണ് നേടാനായിരുന്നതെങ്കിലും അതിന് മുൻപ് നടന്ന ഇംഗ്ലണ്ട് പരമ്പരയില്‍ നാല് ഇന്നിങ്സുകളില്‍ നിന്ന് 19 വിക്കറ്റുകള്‍ സ്വന്തമാക്കാൻ ചൈനാമാൻ ബൗളര്‍ക്ക് കഴിഞ്ഞിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് മത്സരങ്ങളില്‍ നിന്ന് പത്ത് വിക്കറ്റും കുല്‍ദീപ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തില്‍ കുല്‍ദീപ് ഒരു തുറുപ്പുചീട്ടായിരുന്നിട്ടും ബാറ്റിങ് ഡെപ്തിനായിരുന്നു ഇന്ത്യൻ മുൻതൂക്കം നല്‍കിയിരുന്നത്.
ഈ ശൈലിയാണ് വെസ്റ്റ് ഇൻഡീസിനെതിരെ തുടരുന്നതെങ്കില്‍ അക്സര്‍, നിതീഷ് കുമാര്‍ റെഡ്ഡിക്കും സാധ്യതകളുണ്ട്. അഹമ്മദാബാദ് അക്സറിന്റെ പ്രിയപ്പെട്ട മൈതാനങ്ങളിലൊന്നാണ്. 2021ല്‍ ഇംഗ്ലണ്ടിനും 2023ല്‍ ഓസ്ട്രേലിയക്കുമെതിരായ മൂന്ന് ടെസ്റ്റുകളാണ് ഇടം കയ്യൻ സ്പിന്നര്‍ അഹമ്മദാബാദില്‍ കളിച്ചത്. നേടിയത് 22 വിക്കറ്റുകളാണ്. ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിലെ ഭേദപ്പെട്ട പ്രകടനമാണ് അക്സറിന് തുണയായുള്ളത്. നിലവിലത്തെ ഫോം പരിഗണിക്കുകയാണെങ്കില്‍ അക്സര്‍ നേടുന്ന റണ്‍സിന് മുകളില്‍ കുല്‍ദീപിന്റെ വിക്കറ്റ് ടേക്കിങ് എബിലിറ്റിയായിരിക്കും ഇന്ത്യ പരിഗണിക്കുക. ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങാൻ നിതീഷിനും സാധിക്കാതെ പോയിരുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ബാറ്റിങ് ഡെപ്ത് ഏഴാം നമ്പറില്‍ അവസാനിക്കും.
ഇത് മൂന്നാം പേസറായി എത്താനുള്ള പ്രസിദ്ധിന്റെ സാധ്യതകളാണ് വര്‍ധിപ്പിക്കുക. പ്രത്യേകിച്ചും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനായി അഹമ്മദാബാദില്‍ പന്തെറിയുന്ന പേസര്‍കൂടിയാണ് പ്രസിദ്ധ്. അഹമ്മദാബാദിലെ വിക്കറ്റാകട്ടെ ബൗണ്‍സിനെ തുണയ്ക്കുന്നതുമാണ്. ഇംഗ്ലണ്ടില്‍ പ്രസിദ്ധിന്റെ ഷോര്‍ട്ട് ബോള്‍ തന്ത്രമായിരുന്നു നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യയ്ക്ക് വിക്കറ്റുകള്‍ സമ്മാനിച്ചതും. ഇതിന് പുറമെ അഹമ്മദാബാദില്‍ മൂന്ന് ഏകദിനങ്ങള്‍ പ്രസിദ്ധ് കളിച്ചിട്ടുണ്ട്, മൂന്നും വെസ്റ്റ് ഇൻഡീസിനെതിരെയുമായിരുന്നു. ഒൻപത് വിക്കറ്റുകളാണ് നേട്ടം. മൂന്നില്‍ താഴെയാണ് എക്കണോമിയും.
മൂന്നാം പേസറായി പ്രസിദ്ധ് എത്തിയാല്‍ ബുമ്രയുടേയും സിറാജിന്റേയും ജോലിഭാരം കുറയുകയും ചെയ്യും. ബുമ്ര ഏഷ്യ കപ്പിന് ശേഷമാണ് മടങ്ങിയെത്തുന്നതെങ്കില്‍ സിറാജ് ഓസ്ട്രേലിയക്കെതിരായ അനൌദ്യോഗിക പരമ്പരയില്‍ നിന്നാണ് വരവ്.