
സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 232 എന്ന കൂറ്റൻ സ്കോര്‍ അനായാസം നീന്തിക്കയറുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സ്വപ്നസീണിന്റെ പൂര്‍ത്തികരണത്തിലേക്കുള്ള യാത്രയില്‍ തങ്ങള്‍ പിന്നോട്ടില്ലെന്ന് വിളിച്ചോതുന്ന ബാറ്റിംഗ് വിരുന്ന്. 14 ഓവര്‍ പിന്നിടുമ്പോള്‍ 163-3 എന്ന ശക്തമായ നിലയിലാണ് വിരാട് കോലിയും സംഘവും. വിജയത്തിനും അവര്‍ക്കും ഇടയില്‍ 36 പന്തുകളും 69 റണ്‍സും. ജിതേഷ് ശര്‍മയും രജത് പാടിദാറുമാണ് ക്രിസീല്‍.
ഇനി വരാനിരിക്കുന്നത് റൊമാരിയോ ഷെപേഡ്, ടിം ഡേവിഡ്, കൃണാല്‍ പാണ്ഡ്യ. പരാജയം എന്നത് ബെംഗളൂരുവിന്റെ ദീര്‍ഘദുരചിന്തകളില്‍ പോലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകില്ല. പക്ഷേ ഇഷാൻ മലിംഗയുടെ ഡയറക്റ്റ് ഹിറ്റ് ബെംഗളൂരുവിന്റെ താളം തെറ്റിക്കുകയാണ്. പാടിദാര്‍ മടങ്ങുന്നു. 173-3 എന്ന നിലയില്‍ നിന്ന് ബെംഗളൂരുവിന്റെ ബാറ്റിംഗ് നിര കൂപ്പുകുത്തുകയാണ്. 189 റണ്‍സിന് ഓള്‍ ഔട്ട്. 26 പന്തുകള്‍, 16 റണ്‍സ്, ഏഴ് വിക്കറ്റുകള്‍.
ബാറ്റിംഗ് നിരയിലെ പേരുകളോടും അവര്‍ സീസണില്‍ പുറത്തെടുത്ത സമാനതകളില്ലാത്ത ഹാര്‍ഡ് ഹിറ്റിങ്ങ് പ്രകടനങ്ങളോടും നീതിപുലര്‍ത്താത്ത കാഴ്ച. ഡഗൗട്ടിലിരുന്ന കോലിക്കും പാടിദാറിനും തങ്ങളുടെ മുന്നില്‍ സംഭവിക്കുന്നത് വിശ്വസിക്കാനാകുന്നില്ലായിരുന്നു. 20 ദിവസങ്ങള്‍ക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍, സീസണ്‍ തുടങ്ങുന്ന ഒരു ടീമിന്റെ അമ്പരപ്പ് ബെംഗളൂരുവിന്റെ ബൗളിംഗിലും ബാറ്റിംഗിലും നിഴലിച്ചിരുന്നു.
വിജയങ്ങള്‍ ടീമുകള്‍ക്ക് സമ്മാനിക്കുന്ന മൊമന്റമുണ്ട്. അതുപോലെ തന്നെയാണ് തോല്‍വിയും ഇടവേളകളും. പരിചിതമായ ക്ലൈമാക്സിലേക്ക് ഇത്തവണ നീങ്ങാൻ ബെംഗളൂരു ആഗ്രഹിക്കുന്നുണ്ടാകില്ല. പക്ഷേ, അത്തരമൊരു യാത്രയ്ക്കാണോ ലക്നൗവില്‍ ഇന്നലെ തുടക്കമിട്ടതെന്ന് ആശങ്ക ഉയര്‍ന്നിരിക്കുന്നു. തോല്‍വി മാത്രമല്ല, തോല്‍വിയുടെ വലിപ്പവും കണക്കാക്കണം. ഇതിനോട് കൂട്ടിവായിക്കാൻ ചില തിരിച്ചടികളുമുണ്ട്.
ഇന്നലെ സണ്‍റൈസേഴ്സ് പവര്‍പ്ലേയില്‍ 71 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും അവരുടെ റണ്‍സിന്റെ ഒഴുക്ക് തടയാൻ ബെംഗളൂരുവിനായില്ല. ജോഷ് ഹേസല്‍വുഡിന്റെ അഭാവം പൂര്‍ണമായും പ്രത്യക്ഷപ്പെട്ടു അവിടെ. പകരക്കാരനായി ഉത്തരവാദിത്തം നല്‍കിയ ലുംഗി എൻഗിഡി 51 റണ്‍സാണ് നാല് ഓവറില്‍ വഴങ്ങിയത്. മത്സരത്തിന്റെ എല്ലാ ഫേസിലും പന്തെറിയാൻ കഴിയുന്ന ഹേസല്‍വുഡിന്റെ അഭാവം ബെംഗളൂരുവിന്റെ പ്രകടനത്തില്‍ പ്രതിഫലിച്ചു.
പത്ത് കളികളില്‍ നിന്ന് 18 വിക്കറ്റാണ് ഓസീസ് പേസര്‍ നേടിയത്. അതും മികച്ച എക്കണോമിയില്‍. ഹേസല്‍വുഡ് പരിക്കിന് ശേഷം തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇല്ലെങ്കില്‍ ഉടൻ തന്നെ പരിഹാരം കാണേണ്ടതുണ്ട്. ഹേസല്‍വുഡിന്റെ പോരായ്മയ്ക്ക് ആക്കം കൂട്ടുന്നതാണ് ഭുവനേശ്വര്‍ കുമാറിന്റേയും സുയാഷ് ശര്‍മയുടേയും തുടര്‍ച്ചയായുള്ള മോശം പ്രകടനങ്ങള്‍. ഹൈദരാബാദിനെതിരെയും അതിന് മാറ്റമുണ്ടായില്ല.
ഒന്നുകൂടി ഇന്നലത്തെ മത്സരത്തില്‍ സംഭവിച്ചു. ടിം ഡേവിഡിന്റെ പരുക്ക്. ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഡേവിഡിന് ഹാംസ്ട്രിങ് അനുഭവപ്പെട്ടത്. ബാറ്റ് ചെയ്യാൻ ക്രീസിലെത്തിയപ്പോള്‍ ഡേവിഡിന് ഓടാൻ സാധിക്കുന്നില്ലായിരുന്നു. ഫിനിഷറെന്ന നിലയിലെ വലം കയ്യൻ ബാറ്ററുടെ സംഭാവന ബെംഗളൂരുവിന്റെ വിജയങ്ങളിലെ നിര്‍ണായക ഘടകങ്ങളിലൊന്നായിരുന്നു. 185 സ്ട്രൈക്ക് റേറ്റിലാണ് ഡേവിഡ് ബാറ്റ് ചെയ്യുന്നത്. പക്ഷേ, താരം തുടര്‍ന്നുള്ള മത്സരങ്ങളില്‍ മൈതാനത്തിറങ്ങുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ഇതിനെല്ലാം പുറമെ ജേക്കബ് ബെഥലിന്റെ മടക്കം, ദേവദത്ത് പടിക്കലിന്റെ അഭാവം. മൂന്നാം നമ്പറില്‍ പകരക്കാരനായെത്തിയ മായങ്ക് അഗര്‍വാള്‍ നിരാശപ്പെടുത്തി. നായകൻ പാടിദാറിന് ഇടവേള സഹായകരമായി. പക്ഷേ, പൂര്‍ണമായും മാച്ച് ഫിറ്റ്നസ് കൈവരിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഹൈദരാബാദിനെതിരെ ബാറ്റ് ചെയ്യാൻ മാത്രമാണ് പാട്ടിദാര്‍ കളത്തിലെത്തിയത്. താരത്തിന്റേയും ജിതേഷിന്റെയും സ്ഥിരതക്കുറവും വെല്ലുവിളികളിലൊന്നാണ്.
ഫില്‍ സാള്‍ട്ടിന്റെ മടങ്ങിവരും. ബാറ്റിംഗ് പ്രകടനവും ബെംഗളൂരുവിന് ആശ്വാസമാകുന്നതാണ്. കോലിയുടെ മികവിനെ വിസ്മരിക്കാനാകുന്ന ഒന്നല്ല. തോല്‍വി ടീമിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് തരാൻ സഹായിക്കുന്ന ഒന്നാണെന്നായിരുന്നു ജിതേഷിന്റെ പക്ഷം. പോരായ്മകളുടെ പട്ടികതന്നെയുണ്ട് പരിശോധിക്കാൻ ബെംഗളൂരുവിന് മുന്നില്‍. അതുകൊണ്ട് റീഗ്രൂപ്പ് ചെയ്ത് താളം കണ്ടെത്തുക മുന്നോട്ടുള്ള യാത്രയില്‍ പ്രധാനമാണ്.