ഐപിഎല്‍ 2026: അടയാത്ത പ്ലേ ഓഫ് വാതില്‍, പത്ത് ടീമിനും അവസരം; സാധ്യതകള്‍ എങ്ങനെ?

Published : May 08, 2026, 03:46 PM IST
Mumbai Indians

Synopsis

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴികെയുള്ള ടീമുകള്‍ 10 റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. എന്നാല്‍, ഒരു സംഘത്തിന് പോലും ടോപ് ഫോര്‍ ഉറപ്പിക്കാനായിട്ടില്ല

ഐപിഎല്‍ അതിന്റെ ഏറ്റവും പീക്ക് വീക്കിലേക്ക് കടക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴികെയുള്ള ടീമുകള്‍ 10 റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. എന്നാല്‍, ഒരു സംഘത്തിന് പോലും ടോപ് ഫോര്‍ ഉറപ്പിക്കാനായിട്ടില്ല. ആര്‍ക്കാണ് കൂടുതല്‍ മുൻതൂക്കം എന്ന് ചോദിച്ചാല്‍ ഒന്നാമതുള്ള സണ്‍റൈസേഴ്‌‌സ് ഹൈദരാബാദിനും പത്താമതുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനും ഇപ്പോഴും ആദ്യ നാലിലെത്താൻ കഴിയും എന്നാണ് ഉത്തരം. പ്ലേ ഓഫ് സാധ്യതകള്‍ പരിശോധിക്കാം.

11 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയം ഉള്‍പ്പെടെ 14 പോയിന്റുമായി ഹൈദരാബാദാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ക്കെതിരെ. മൂന്നില്‍ ഒരു ജയം നേടിയാല്‍ 16 എന്ന സുരക്ഷിത സംഖ്യയിലേക്ക് എത്താൻ ഹൈദരാബാദിനാകും. പ്ലേ ഓഫ് ഉറപ്പിക്കാം, കൂടുതല്‍ ജയങ്ങള്‍ ആദ്യ രണ്ട് സ്ഥാനത്തേക്കും നയിക്കും.

രണ്ടാം സ്ഥാനത്തുള്ള പ‍ഞ്ചാബിന് 13 പോയിന്റാണുള്ളത്. നാല് മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. പോസിറ്റീവ് നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യമുള്ളതുകൊണ്ട് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാൻ പഞ്ചാബിന് മുന്നില്‍ സുവര്‍ണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഇനി രണ്ട് ജയങ്ങള്‍ക്കൂടിയുണ്ടെങ്കില്‍ ആദ്യ നാലില്‍ പഞ്ചാബുണ്ടാകും. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യൻസ്, ബെംഗളൂരു, ലഖ്നൗ എന്നിവരാണ് എതിരാളികള്‍.

പത്ത് ടീമുകളില്‍ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റുള്ള സംഘമാണ് ബെംഗളൂരു. നാല് മത്സരങ്ങള്‍ അവശേഷിക്കെ 12 പോയിന്റുണ്ട് രജത് പാട്ടിദാറിനും കൂട്ടര്‍ക്കും. മുബൈ, കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ് എന്നീ ടീമുകളുമായാണ് ഇനിയുള്ള മത്സരങ്ങള്‍. ഹൈദരാബാദിനും പഞ്ചാബിനും സമാനമായി രണ്ട് ജയങ്ങള്‍ നിലവിലെ ചാമ്പ്യന്മാരെ സേഫ് സോണിലെത്തിക്കും.

ബെംഗളൂരുവിനൊപ്പം 12 പോയിന്റുണ്ടെങ്കിലും രാജസ്ഥാൻ റോയല്‍സിന്റേയും ഗുജറാത്ത് ടൈറ്റൻസിന്റേയും നെറ്റ് റണ്‍റേറ്റ് മൈനസിലാണ് നിലവില്‍. ടോപ് ഫൈവിലുള്ള എല്ലാ ടീമുകള്‍ക്കും പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ സന്തുലിതമായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബാക്കിയുള്ള മത്സരങ്ങളിലെല്ലാം വലിയ മാര്‍ജിനില്‍ ജയിക്കേണ്ടതുണ്ട് രാജസ്ഥാനും ഗുജറാത്തിനും. ഇരുവരുടേയും അടുത്ത മത്സരം നേര്‍ക്കുനേരാണ്, നിര്‍ണായകമാകും.

അഞ്ച് തവണ കിരീടം ചൂടിയ ചെന്നൈ സൂപ്പര്‍ കിങ്സ്, 10 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റ്. അവശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നും ജയിക്കണം ചെന്നൈക്ക് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാൻ. ലഖ്നൗവായി രണ്ട് പോരാട്ടങ്ങള്‍ ബാക്കിയുണ്ട്. മറ്റ് രണ്ട് മത്സരങ്ങള്‍ ഗുജറാത്തും ഹൈദരാബാദുമായാണ്. 14 പോയിന്റില്‍ മറ്റ് ടീമുകള്‍ എത്തി നില്‍ക്കുന്ന ഒരു സിനാറിയോ ഉണ്ടായാല്‍ പോസിറ്റീവ് നെറ്റ് റണ്‍റേറ്റുള്ള ചെന്നൈക്ക് മുൻതൂക്കവും ലഭിക്കാം.

ഡല്‍ഹി ക്യാപിറ്റല്‍സിനെ സംബന്ധിച്ച് അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ഏറ്റവും മോശം നെറ്റ് റണ്‍റേറ്റുള്ള ടീമുകളില്‍ ഒന്നായതുകൊണ്ട് തന്നെ എളുപ്പമല്ല. നാല് മത്സരങ്ങളാണ് ഡല്‍ഹിക്ക് ബാക്കിയുള്ളത്.

കൊല്‍ക്കത്തയ്ക്ക് മുന്നിലുള്ള അഞ്ച് മത്സരങ്ങളും ജയിക്കുകയാണെങ്കില്‍ 17 പോയിന്റാകും. പ്ലേ ഓഫ് പ്രവേശനം ബുദ്ധിമുട്ടാകില്ല. ഒരു പരാജയം ഏറ്റുവാങ്ങേണ്ടി വന്നാല്‍ 15ലേക്ക് ചുരുങ്ങും പോയിന്റ്. നെറ്റ് റണ്‍റേറ്റ് പ്രധാന റോള്‍ വഹിക്കുന്ന അവസ്ഥയുണ്ടാകുന്നത് മുന്നില്‍ക്കണ്ട് വലിയ ജയങ്ങള്‍ നേടേണ്ടതുണ്ട് മുൻ ചാമ്പ്യന്മാര്‍ക്ക്.

അഞ്ച് കിരീടങ്ങളുടെ പ്രതാപമുള്ള മുംബൈ ഇന്ത്യൻസ് ഒൻപതാമതാണ്. അവശേഷിക്കുന്ന നാല് മത്സരങ്ങള്‍ ജയിച്ചാലും മുംബൈയുടെ പോയിന്റ് നില 14ല്‍ മാത്രമെ എത്തുകയുള്ളു. എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രം പോര മറ്റ് ടീമുകളുടെ സഹായവും വേണം മുംബൈക്ക്. പ്രത്യേകിച്ചും 12 പോയിന്റ് വീതമുള്ള ടീമുകള്‍ തോല്‍ക്കേണ്ടതായി വരും. പഞ്ചാബും കൊല്‍ക്കത്തയും രാജസ്ഥാനുമാണ് ഇനി എതിരാളികള്‍.

ലഖ്നൗവിന് കണക്കുകളില്‍ സാധ്യതയുണ്ടെങ്കിലും ഏറെക്കുറെ സീസണ്‍ അവസാനിച്ച സ്ഥിതിയാണ്. എല്ലാ മത്സരങ്ങളും ജയിച്ചാലും 14 പോയിന്റ് മാത്രമെ ലഭിക്കു. പക്ഷേ, മോശം നെറ്റ് റണ്‍റേറ്റ് ടീമിനെ തുണയ്ക്കുന്ന ഘടകമല്ല.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: കോലിയെ നിഷ്പ്രഭമാക്കിയ പ്രിൻസ് ഡെലിവറി, ഏകദിനത്തിലേക്ക് എൻട്രിയുണ്ടോ?
ഐപിഎല്‍ 2026: തീരാത്ത ഓവറുകള്‍! അര്‍ഷദീപിന്റെ ഫോം പഞ്ചാബിന് ആശങ്കയാണോ?