പരിശീലകന്റെ കുപ്പായത്തില്‍ ഗംഭീറിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അന്തരീക്ഷത്തിലുണ്ട്, പകരക്കാരനായി ലക്ഷ്മണിന്റെ പേരും. 2027 ഏകദിന ലോകകപ്പ് വരാനിരിക്കെ പെട്ടെന്നൊരു ഷിഫ്റ്റിന് സാധ്യതയുണ്ടോ?
രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ആരാകണമെന്ന ചോദ്യത്തിന് ബിസിസിഐ കണ്ടെത്തിയ ഉത്തരം വിവിഎസ് ലക്ഷ്‍മണ്‍ എന്നായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ലക്ഷ്‍മണ്‍ ആ ഓഫർ നിരസിക്കുമ്പോഴാണ് ഗൗതം ഗംഭീറിലേക്ക് കസേര എത്തുന്നത്. 2024 ജൂലൈയില്‍ പ്രഖ്യാപനം, രണ്ട് വര്‍ഷത്തിനുള്ളില്‍ ഐസിസിയുടെ രണ്ട് മേജര്‍ കിരീടങ്ങള്‍, പക്ഷേ പരിശീലകന്റെ കുപ്പായത്തില്‍ ഗംഭീറിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അന്തരീക്ഷത്തിലുണ്ട്, പകരക്കാരനായി ലക്ഷ്മണിന്റെ പേരും. 2027 ഏകദിന ലോകകപ്പ് വരാനിരിക്കെ പെട്ടെന്നൊരു ഷിഫ്റ്റിന് സാധ്യതയുണ്ടോ?
കാരണം തേടിപ്പോകുമ്പോള്‍ ആദ്യമെത്തേണ്ടത് ഗംഭീർ എന്തുകൊണ്ട് ഇത്രകാലം സുരക്ഷിതനായിരുന്നുവെന്നതിലേക്കാണ്. അതിന് ഗംഭീർ തന്നെ ഉത്തരം നല്‍കിയിട്ടുണ്ട്, 2025 നവംബര്‍ അവസാനം ഗുവാഹത്തിയില്‍ വെച്ച്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം ടെസ്റ്റ് സീരിസ് പരാജയത്തിന് പിന്നാലെ. വിമർശനങ്ങളോട് അന്ന് ഗംഭീർ പറഞ്ഞ വാചകം ഇപ്രകാരമായിരുന്നു, I AM THE SAME GUY WHO WON CHAMPIONS TROPHY. അതെ ഗംഭീറിന്റെ ആയുസ് നീട്ടിക്കൊടുത്തത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഡൊമിനേഷനും കിരീടങ്ങളുമായിരുന്നു. ചാമ്പ്യൻസ് ട്രോഫിക്കൊപ്പം ചേർത്തുവെക്കാൻ ഒരു ടി20 ലോകകപ്പുകൂടിയുണ്ട് ഇന്ന്.
എന്നാല്‍, ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഗംഭീറിന്റെ കസേരയ്ക്ക് ഇളക്കം തട്ടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ വെറുതെയല്ല. ഗംഭീറിന് കീഴില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ അസാധാരണ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും മറുവശത്ത് ടെസ്റ്റില്‍ നാണക്കേടുകളിലേക്കായിരുന്നു വീഴ്ച മുഴുവൻ. ഇന്ന് മൂന്ന് ഫോര്‍മാറ്റുകളിലേയും ഇന്ത്യയുടെ സ്ഥിതി സമാനമാണ്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ നാല് പരമ്പരകളാണ് കളിച്ചത്. അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്‌വെ എന്നീ ടീമുകള്‍ക്കെതിരെ ടി20 പരമ്പരകളും, ഇംഗ്ലണ്ടിനെതിരെ ഏകദിനവും. ഇവിടെ ആകെ വിജയിക്കാനായത് സിംബാബ്‌വെക്കെതിരായ ടി20 പരമ്പര മാത്രം. അവിടെ പരിശീലകന്റെ റോളില്‍ ലക്ഷ്‌മണുമായിരുന്നു.
അയർലൻഡിനോട് വൈറ്റ് വാഷ് നേരിട്ടതും ഇംഗ്ലണ്ടിലെ എട്ട് മത്സരങ്ങളില്‍ ഒരു ജയവും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി അത്ര ശോഭനമല്ല എന്ന നരേറ്റീവാണ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ തുലാസിലിരിക്കെ ശ്രീലങ്കൻ പര്യടനമെത്തുന്നത്. ഇവിടെ വിജയിക്കാനായില്ലെങ്കില്‍ ഗംഭീറിന് കാര്യങ്ങള്‍ കടുപ്പമാകും, ഒപ്പം മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനും. കാരണം, പോയ രണ്ട് വര്‍ഷം അനന്തമായി നീളുന്ന പരീക്ഷണങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റില്‍ സംഭവിക്കുന്നത്, എല്ലാ ഫോര്‍മാറ്റിലും സമാനമാണ് സ്ഥിതി.
ഗംഭീറിന് കീഴിലെ ഇന്ത്യയുടെ ടെസ്റ്റ് ഫോർമാറ്റിലെ പ്രകടനങ്ങള്‍ പരിശോധിക്കാം. ആദ്യ പരമ്പര ബംഗ്ലാദേശിനെതിരെ 2-0ന് വിജയം. ശേഷം ന്യൂസിലൻഡ്, രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടു. ബോർഡര്‍-ഗവാസ്കര്‍ ട്രോഫി കൈവിട്ടു, വിരാട് കോലിയും രോഹിത് ശർമയും പടിയിറങ്ങി. ഇംഗ്ലണ്ടില്‍ യുവനിരയുമായി സമനില. ശേഷം, വെസ്റ്റ് ഇൻഡീസിനെ 2-0ന് കീഴടക്കി. കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് മുൻപില്‍ പരമ്പര അടിയറവ് വെച്ചു, അതും വൈറ്റ് വാഷ്. ഹോം ഡൊമിനേഷൻ താരതമ്യേനെ ഫോർമാറ്റില്‍ ശക്തരല്ലാത്തവര്‍ക്കെതിരെ മാത്രം.
പരിശീലക കാലയളവില്‍ ഗംഭീറിന് ഓർത്തുവെക്കാൻ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര മാത്രമാണുള്ളത്, ഇംഗ്ലണ്ട് പര്യടനം. മുഹമ്മദ് സിറാജും ശുഭ്മാൻ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് ഐതിഹാസിക സമനില സമ്മാനിച്ച പരമ്പര. ന്യൂസിലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടോപ് ത്രീ ടിമുകള്‍ക്കെതിരായ 10 മത്സരങ്ങളില്‍ എട്ടിലും പരാജയപ്പെട്ടു. ഒന്ന് വീതം ജയവും സമനിലയും. I AM THE SAME GUY WHO WON CHAMPIONS TROPHY AND T20 WORLD CUP എന്ന് പറഞ്ഞ് പ്രതിരോധിക്കാൻ ഇനി സാധിക്കുമോയെന്നതാണ് ചോദ്യം.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നീ ടിമുകള്‍ക്ക് പിന്നിലായി. ഇന്ത്യക്ക് ഇനി അവശേഷിക്കുന്നത് മൂന്ന് പരമ്പരകളാണ്. ഈ മാസം ശ്രീലങ്കക്ക് എതിരെ രണ്ട് മത്സരങ്ങളുടെ പരമ്പര. നവംബറില്‍ ന്യൂസിലൻഡ് പര്യടനം, രണ്ട് മത്സരം. ഫെബ്രുവരിയില്‍ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം, അഞ്ച് മത്സരങ്ങള്‍. അങ്ങനെ ആകെ ഒൻപത് മത്സരങ്ങള്‍. എല്ലാം വിജയിച്ചാല്‍ പോലും ഫൈനലിലെത്തണമെങ്കില്‍ മറ്റ് ടീമുകളുടെ ഫലത്തേയും ആശ്രയിക്കണം.
രണ്ട് വർഷം മുൻപായിരുന്നെങ്കില്‍ ഹോം സീരീസെങ്കിലും വിജയിക്കാൻ കഴിയുമെന്ന് പറയാമായിരുന്നു. സമീപകാലത്ത് ക്വാളിറ്റി ടീമുകള്‍ക്കെതിരായ ഇന്ത്യയുടെ പ്രകടനം ശരാശരിക്കും താഴെയാണ്. സ്പിന്നിന് അനുകൂലമായ വിക്കറ്റുകള്‍ സൃഷ്ടിച്ച് അതില്‍ ഇന്ത്യ തന്നെ വീഴുന്ന കാഴ്ച. ഒരുകാലത്ത് ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാൻ ഭയന്നിരുന്ന സംഘങ്ങള്‍ അനായാസം പരമ്പര നേടി മടങ്ങുന്നു. ഇവിടേക്കാണ് ഓസ്ട്രേലിയ എത്തുന്നത്. ബുമ്രയ്ക്ക് പരമ്പരയിലുടനീളം കളിക്കാനാകില്ല എന്നത് വ്യക്തമാണ്, അവശേഷിക്കുന്ന ക്വാളിറ്റി ടെസ്റ്റ് പേസര്‍ മുഹമ്മദ് സിറാജ് മാത്രവും. മറ്റുള്ളവർ കണ്‍സിസ്റ്റന്റായി ദീര്‍ഘ സ്പെല്ലുകള്‍ എറിയാൻ പോന്നവരെന്ന് തെളിയിച്ചവരുമല്ല.
ഗംഭീറിന് സ്ഥാനം സുരക്ഷിതമാക്കാൻ ഫലം അനുകൂലമാക്കിയെ മതിയാകു. അല്ലെങ്കില്‍ ഗംഭീര്‍ കാലം ടെസ്റ്റ് ക്രിക്കറ്റില്‍ രവി ശാസ്ത്രി - കോലി, ദ്രാവിഡ്-രോഹിത് കോമ്പോകള്‍ സൃഷ്ടിച്ച ബെഞ്ച് മാര്‍ക്ക് നഷ്ടപ്പെടുത്തിയെന്നാകും ചരിത്രം പറയുക. 2027 ഏകദിന ലോകകപ്പിലേക്ക് ഇനിയും ഒരു വര്‍ഷത്തിന്റെ ദൂരമുണ്ട്, അതുവരെ ചിലപ്പോള്‍ തുടരാൻ സാധ്യതയുണ്ട്.

