
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന്റെ അപരാജിത മുന്നേറ്റങ്ങളുടെ ആധാരം ബാറ്റിങ് നിരയായിരുന്നു. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് യൂണിറ്റുകളില്‍ ഒന്ന്. ശ്രേയസ് അയ്യര്‍ നയിക്കുന്ന നീണ്ട നിര അല്‍പ്പമൊന്ന് വെല്ലുവിളിക്കപ്പെടുന്ന് രാജസ്ഥാൻ റോയല്‍സിനെതിരെയായിരുന്നു, പിന്നീട് ഗുജറാത്തിനോടും. ബൗളിങ് ദൗര്‍ബല്യങ്ങളെ വിസ്മരിക്കാൻ തക്കവണ്ണം മികവ് പുലര്‍ത്താൻ പ്രിയാൻഷ് ആര്യ മുതല്‍ മാര്‍ക്കൊ യാൻസണ്‍ വരെയുള്ളവര്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷേ, ബാറ്റിങ് നിര വീണപ്പോള്‍ ഒരിക്കല്‍പ്പോലും കരുത്തായി ഉയര്‍ത്തെഴുന്നേല്‍ക്കാൻ ബൗളര്‍മാര്‍ക്കായില്ല.
മൂന്ന് തുടര്‍തോല്‍വികളുടെ കാരണം തിരയുമ്പോള്‍ ഫീല്‍ഡിങ്ങിലെ പിഴവുകള്‍ക്കൊപ്പം മുന്നില്‍ നില്‍ക്കുന്നതാണ് ബൗളര്‍മാരുടെ മോശം ഫോം. ആ ബൗളിങ് നിരയെ നയിക്കുന്നത് ഇന്ത്യയുടെ പ്രീമിയം ടി20 പേസറായ അര്‍ഷദീപ് സിങ്. സീസണിലെ 10 മത്സരങ്ങള്‍ പിന്നിടുമ്പോഴും അര്‍ഷദീപിന് തന്റെ താളം തിരികെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. 11 വിക്കറ്റുകള്‍ മാത്രമാണ് ഇടം കയ്യൻ പേസര്‍ക്ക് പഞ്ചാബിനായി നേടാനായത്. ന്യൂബോളിലും ഡെത്തിലും ഒരേപോലെ വൈഭവമുള്ള അര്‍ഷദീപിന് രണ്ട് ഘട്ടത്തിലും തിളങ്ങനായത് ചുരുക്കം അവസരങ്ങളില്‍ മാത്രമാണ്.
അര്‍ഷദീപിന്റെ എക്കോണമിയാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. അരങ്ങേറ്റ സീസണായ 2019ന് ശേഷമുള്ള ഏറ്റവും മോശം കണക്കുകള്‍. 10.4 ആണ് ടൂര്‍ണമെന്റിലെ താരത്തിന്റെ എക്കോണമി. 2025 എഡിഷനില് 16 ഇന്നിങ്സുകളില്‍ നിന്ന് 8.8 എക്കോണമിയില്‍ 21 വിക്കറ്റുകളെടുത്ത് പഞ്ചാബിന്റെ ഫൈനല്‍ യാത്രയ്ക്ക് ഇന്ധനമായ താരമാണ്, ടൂര്‍ണമെന്റ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴും തന്റെ പേരിനൊത്ത് ഉയരാനാകാതെ തുടരുന്നത്.
സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 22 വൈഡുകള്‍ അര്‍ഷദീപ് എറിഞ്ഞു. ഈ കണക്കുകളില്‍ അര്‍ഷദീപ് തന്നെയാണ് മുൻപന്തിയില്‍. 17 വൈഡുകള്‍ എറിഞ്ഞ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഇഷാൻ മലിങ്കയാണ് രണ്ടാമതുള്ളത്. 38 ഓവറുകളാണ് ആകെ എറിഞ്ഞിട്ടുള്ളത്, അതായത് 228 ലീഗല്‍ ഡെലിവെറികള്‍. ഇതിന് പുറമെ 22 വൈഡുകളും. അതായത് എറിഞ്ഞ പന്തുകളുടെ ഏറെക്കുറെ പത്ത് ശതമാനത്തോളം വൈഡുകളെന്ന് ചുരുക്കിപ്പറയാം.
ന്യൂബോളില്‍ വിക്കറ്റെടുക്കാൻ കഴിയാതെ പോകുന്നുവെന്നതാണ് അര്‍ഷദീപിന്റെ പ്രകടനങ്ങളില്‍ പ്രധാന തിരിച്ചടിയായി കാണാൻ സാധിക്കുന്നത്. ന്യൂബോളില്‍ വിക്കറ്റ് ലഭിച്ച സന്ദര്‍ഭങ്ങളില്‍ തന്റെ സ്പെല്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാൻ അര്‍ഷദീപിന് കഴിഞ്ഞിട്ടുമുണ്ട്. മുംബൈ ഇന്ത്യൻസിനും ഗുജറാത്ത് ടൈറ്റൻസിനും എതിരായ മത്സരങ്ങള്‍ ഉദാഹരണമാണ്.
മുംബൈക്കെതിരെ തന്റെ രണ്ടാം ഓവറില്‍ തന്നെ റിയാൻ റിക്കല്‍ട്ടണിനേയും സൂര്യകുമാര്‍ യാദവിനേയും അര്‍ഷദീപ് മടക്കി, സ്പെല്‍ അവസാനിക്കുന്നത് നാല് ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റില്‍. ശുഭ്മാൻ ഗില്ലിനെ എറിഞ്ഞ മൂന്നാം പന്തില്‍ പുറത്താക്കിയാണ് ഗുജറാത്തിനെതിരെ അര്‍ഷദീപ് തുടങ്ങുന്നത്. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റായിരുന്നു മത്സരത്തിലെ കണക്കുകള്‍. ആകെ നേടിയ 11 വിക്കറ്റുകളില്‍ അഞ്ചെണ്ണവും ന്യൂബോളില്‍ തിളങ്ങിയ മത്സരങ്ങളില്‍.
ന്യൂബോളില്‍ എന്തുകൊണ്ട് അര്‍ഷദീപ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് തിളങ്ങാനാകുന്നില്ല എന്നത് ചോദ്യമാണ്. അര്‍ഷദീപ് മാത്രമല്ല, പഞ്ചാബിലെ തന്നെ സഹതാരമായ മാര്‍ക്കൊ യാൻസണ്‍, ജസ്പ്രിത് ബുമ്ര തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ ബാക്കിയുണ്ട്. മുഹമ്മദ് സിറാജ്, കഗിസൊ റാബാഡ, ജോഫ്ര അര്‍ച്ചര്‍, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ് എന്നിങ്ങനെ പവര്‍പ്ലേയില്‍ ആധിപത്യം സ്ഥാപിക്കുന്നവരുമുണ്ട്. തുടക്കത്തിലെ താളം കണ്ടെത്താനായില്ലെങ്കില്‍ പൂര്‍ണമായും മത്സരം കൈവിടുന്ന സ്ഥിതിയാണ് ആദ്യം പറഞ്ഞ പേരുകാരുടെ പ്രകടനങ്ങള്‍, പ്രത്യേകിച്ചും ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റുകളില്‍.
അര്‍ഷദീപിന്റേയും ബുമ്രയുടേയും കാര്യം പരിശോധിക്കുകയാണെങ്കില്‍ മാസങ്ങള്‍ക്ക് മുൻഫ് ടി20 ലോകകപ്പില്‍ ഉജ്വല പ്രകടനം പുറത്തെടുത്തവരാണ്. ബുമ്ര ടൂര്‍ണമെന്റിലെ തന്നെ ടോപ് വിക്കറ്റ് ടേക്കറായിരുന്നു, എക്കോണമി 6.6. അര്‍ഷദീപ് ഒൻപത് വിക്കറ്റുകളും നേടിയിരുന്നു, 8.8 എക്കോണമിയില്‍. ശേഷം വന്ന ഐപിഎല്ലിലാണ് തിളങ്ങാതെ പോകുന്നതും. രവിശാസ്ത്രി ചൂണ്ടിക്കാണിച്ചതുപോലെ ഇരുവരും മനുഷ്യരാണ്, മോശം ദിവസങ്ങള്‍ ഉണ്ടാകാം, പക്ഷേ തിരിച്ചുവരവ് പ്രധാനമാണ്.