
സാഹില്‍ പരഖ്. ഷെയിൻ വോണിന്റെ സ്വപ്നസംഘം ഐപിഎല്‍ കിരീടം ഉയര്‍ത്തിയതിന് ഏഴാം ദിനമാണ് ജനനം. ഒരുപക്ഷേ സാഹിലിന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനമായിരുന്നിരിക്കാം പോയ രാത്രി. ഡല്‍ഹി ക്യാപിറ്റല്‍സ് ജഴ്സിയില്‍ ക്രിക്കറ്റ് ഭൂപടത്തിലേക്ക് ചുവടുവെക്കാൻ കാലമൊരുക്കിയ അവസരം.
അവിടേക്കൊരു ഇൻസ്വിങ് യോര്‍ക്കറെത്തി. രണ്ട് പതിറ്റാണ്ടിന്റെ പരിചയസമ്പത്ത് ആവാഹിച്ചെത്തിയൊരു ഡെലിവെറി. അന്തരീക്ഷത്തില്‍ നിന്ന് തന്നെ തിരിഞ്ഞ ആ പന്ത്, സാഹിലിന്റെ ബാറ്റിനേയും കാലുകളേയും പൂര്‍ണമായും നിഷ്പ്രഭമാക്കി മിഡില്‍ സ്റ്റമ്പില്‍ പതിക്കുന്നു. ആല്‍പ്പം ക്രൂരമായിപ്പോയില്ലെ എന്ന് തോന്നിയേക്കാം. എന്നാല്‍, സ്വിങ് ബൗളിങ്ങിന്റെ എല്ലാ മനോഹാരതയും നിറഞ്ഞതായിരുന്നു ആ നിമിഷം.
ഒരു 13 വര്‍ഷം മുൻപാണ്. ചെന്നൈയിലെ എം ചിദംബരം സ്റ്റേഡിയം. പാക്കിസ്ഥാനെതിരെ 228 റണ്‍സ് പ്രതിരോധിക്കാൻ ഇറങ്ങുമ്പോള്‍ എം എസ് ധോണി ഓപ്പണിങ് ഓവര്‍ കൈമാറുന്നത് ഒരു അരങ്ങേറ്റക്കാരനാണ്. സ്ട്രൈക്കില്‍ മുഹമ്മദ് ഹഫീസ്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ പിച്ച് ചെയ്ത് പന്ത് തന്റെ ബാറ്റിനെ ഒരു തരത്തിലും വെല്ലുവിളിക്കില്ലെന്ന് ഉറപ്പുള്ളപോലെ ഹഫീസ് ലീവ് ചെയ്യാനൊരുങ്ങി.
ഹഫീസിന്റെ കണക്കുകൂട്ടലുകളെയെല്ലാം അവിടെ പിഴയ്ക്കുകയാണ്. മണിക്കൂറില്‍ 131.5 കിലോ മീറ്റര്‍ മാത്രം വേഗതയിലെത്തിയ പന്ത് അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഓഫ് സ്റ്റമ്പ് തെറിപ്പിച്ചിരിക്കുന്നു, അസാധ്യമായൊരു ഇൻസ്വിങ്ങര്‍, ചെപ്പോക്കിന്റെ ഗ്യാലറി ആര്‍ത്തിരമ്പുമ്പോള്‍ സ്റ്റമ്പ് വിക്കറ്റിനപ്പുറം മൈതാനത്ത് വിശ്രമിക്കുകയായിരുന്നു. കവിതപോലൊരു കാഴ്ച.
സാഹലിന്റെ മിഡില്‍ സ്റ്റമ്പും ഹഫീസിന്റെ ഓഫ് സ്റ്റമ്പും, ഒരു വ്യാഴവട്ടക്കാലത്തിലധികം ദൂരമുണ്ട് ഈ രണ്ട് നിമിഷങ്ങള്‍ക്കിടയില്‍. പക്ഷേ, രണ്ട് ഡെലിവറികളും ഒരാളുടെ കൈകളില്‍ നിന്നായിരുന്നു, സ്വിങ് മാന്ത്രികൻ ഭുവനേശ്വര്‍ കുമാര്‍.
ഒരു മാര്‍ക്യു ക്ലാഷൊന്നുമായിരുന്നില്ല തിങ്കളാഴ്ച അരങ്ങൊരുങ്ങിയത്, അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം നിറയാൻ കാരണം ആ പേര് മാത്രമായിരുന്നു, വിരാട് കോലി. അയാളുടെ കൗമാരത്തിനും യവ്വനത്തിനും ഒടുവില്‍ ഐതിഹാസിക കരിയറിനും അധാരമായ മണ്ണ്. പക്ഷേ, അവിടെ സംഭവിച്ചത് പ്രതീക്ഷിച്ചതോന്നുമായിരുന്നില്ല. തങ്ങളെ പന്തുകള്‍ തേടിയെത്തുന്ന നിമിഷത്തിനായി കൊതിച്ചിരുന്ന ഗ്യാലറിയുടെ മുന്നില്‍, മോഡേണ്‍ ടി20 ക്രിക്കറ്റിന്റെ തിരക്കഥ പൊളിച്ചെഴുതുകയായിരുന്നു അവര്‍, ഭുവിയും ഒപ്പം ജോഷ് ഹേസല്‍വുഡും.
രണ്ട് ദിവസം മുൻപ് 20 ഓവറില്‍ 264 റണ്‍സ് സ്കോര്‍ ചെയ്ത് ടി20 ക്രിക്കറ്റില്‍ തങ്ങളുടെ പരമാവധിയെന്തെന്ന് കാണിച്ചുതന്ന അതേ ബാറ്റിങ് നിര. സ്വന്തം മൈതാനത്ത് ഒരു പിച്ചിനിപ്പുറം ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നരകം കാണുകയായിരുന്നില്ലെ. ഭുവിയുടേയും ഹേസല്‍വുഡിന്റേയും ക്വാളിറ്റി ബൗളിങ് ഒരുവശത്ത് നില്‍ക്കുന്നുണ്ട്. എന്നിരുന്നാലും ഡല്‍ഹിയുടെ തകര്‍ച്ചയ്ക്ക് പിന്നിലെ കാരണം അത് മാത്രമാണെന്ന് എഴുതിത്തള്ളാനാകില്ല.
നാല് ഓവര്‍ അവസാനിക്കുമ്പോള്‍ എട്ട് റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് വീഴാൻ മാത്രം ആ പിച്ചില്‍ ഭൂതങ്ങളുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍, ഇല്ലാ എന്നാണ് ഉത്തരം. ഓസ്ട്രേലിയയിലെ വിക്കറ്റുകള്‍പ്പോലെ പേസര്‍മാറുടെ പറുദീസയായിരുന്നോ എന്ന് സംശയിച്ചാല്‍, അല്ലാ എന്നാണ് മറുപടി. ഇത്തരമൊരു വിക്കറ്റ് ഒരുക്കിയതിന്റെ പേരില്‍ ക്യുറേറ്റര്‍മാര്‍ വിമര്‍ശനം നേരിടേണ്ടി വരുമോയെന്ന് ആശങ്കയുണ്ടായാല്‍, അതിനും സാധ്യതയില്ലെന്ന് ഉറച്ച് പറയാം. It was a proper wicket, a balanced one.
പന്തുകള്‍ക്ക് അർഹിക്കുന്ന ബഹുമാനം കൊടുത്ത് നേരിട്ടാല്‍ സ്കോർ ചെയ്യാൻ കഴിയുന്ന സ്വിങ്ങും പേസും മാത്രമായിരുന്നു അരുണ്‍ ജയ്റ്റ്‌ലിയിലെ വിക്കറ്റ് സമ്മാനിച്ചത്. ലോകക്രിക്കറ്റിലെ വലിയ പേരുകള്‍ അഞ്ച് റണ്‍സ് പോലും നേടാനാകാതെ മടങ്ങുന്നതും കണ്ടു. രാഹുലിനേയും നിതീഷ് റാണയേയും മടക്കുന്നത് ഹേസല്‍വുഡിന്റെ കാച്ചിക്കുറിക്കുയുള്ള ഷോർട്ട് ഓഫ് ദ ലെങ്ത് പന്തുകളാണ്. സ്റ്റബ്‌സിനേയും അക്‌സറിനേയും ഭുവി പുറത്താക്കുന്നത് ഔട്ട് സ്വിങ്ങറിലൂടെ. റിസ്വി ഹേസല്‍വുഡിന് കീഴടങ്ങുന്നതും ഔട്ട് സ്വിങ്ങറില്‍ തന്നെ, പക്ഷേ ഈ മൂന്ന് ഔട്ട് സ്വിങ്ങറുകള്‍ക്കും നേരിയ മൂവ്മെന്റ് മാത്രമാണുണ്ടായത്.
ഇവിടെയാണ് ബാറ്റിങ് പറുദീസകളില്‍ ശീലിച്ച ഡല്‍ഹി ബാറ്റർമാരുടെ കാല്‍ക്കുലേഷനുകള്‍ പൂർണമായും പിഴയ്ക്കുന്നത്. അല്‍പ്പം സ്വിങ്ങും ബൗണ്‍സുമുള്ള വിക്കറ്റുകളില്‍ സമാനസമീപനം ഉപയോഗിച്ചാല്‍ സംഭവിക്കുന്നത് ബൗണ്ടറികളായിരിക്കില്ല എന്ന ബോധ്യമുണ്ടായിരിക്കുന്നു. 13 ഫാള്‍സ് ഷോട്ടുകളാണ് ഡല്‍ഹി ബാറ്റര്‍മാരില്‍ നിന്നുണ്ടായത്, പവര്‍പ്ലേയില്‍ മാത്രം, വീണത് ആറ് വിക്കറ്റുകളും. ടെസ്റ്റ് മാച്ച് ലെങ്തുകള്‍ ഐപിഎല്ലില്‍ പലപ്പോഴും ബൗളര്‍മാര്‍ക്ക് വിജയം സമ്മാനിച്ചിട്ടുണ്ട്, ബെംഗളൂരു - ഡല്‍ഹി മത്സരം അതിന്റെ ക്ലാസിക്ക് ഉദാഹരണങ്ങളിലൊന്നുമായി.
250 റണ്‍സ് കടക്കുന്ന മത്സരങ്ങള്‍ ഇനിയും ഉണ്ടായേക്കും, 35 പന്തുകളില്‍ സെഞ്ചുറികളും പിറക്കും, വിനോദ-വാണിജ്യമൂല്യങ്ങള്‍ ഉയര്‍ത്തുന്ന ഹൈ സ്കോറിങ്ങ് ത്രില്ലറുകളും ജനിക്കും. പക്ഷേ, അത്തരം മത്സരങ്ങള്‍ക്ക് പിന്നില്‍ ബാറ്റര്‍മാരുടെ മികവിനേക്കാള്‍ മുകളില്‍ പിച്ചുകളാണ് നിര്‍ണായക പങ്ക് വഹിക്കുക എന്ന് മാത്രം.