ഹാര്‍ദിക്കിന് പകരം പേസ് ബൗളറായ അര്‍ഷദീപ് സിങ്ങിനേയും മലയാളി താരം വിഷ്ണു വിനോദിനേയും പഞ്ചാബ് വിട്ടുനില്കിയേക്കും. ഈ പ്ലയര്‍ എക്സ്ചേഞ്ച് ഇരു ടീമുകള്‍ക്കും എത്രത്തോളം ഗുണകരമാണ്
ഇനി ക്യാപ്റ്റനായി തുടരാൻ അനുവദിക്കില്ലെന്ന് മുംബൈ ഇന്ത്യൻസ് തീരുമാനിച്ചു കഴിഞ്ഞു, ട്രേഡ് സാധ്യമായില്ലെങ്കില്‍ രോഹിത് ശർമയ്ക്ക് കീഴില്‍ കളിക്കാമെന്ന് സമ്മതവും മൂളേണ്ടതായി വന്നു. എന്നാല്‍ അത്രയും ഓറ ഹാർദിക്ക് പാണ്ഡ്യക്ക് നഷ്ടപ്പെടുത്തേണ്ടി വരില്ലെന്നാണ് ഏറ്റവും പുതിയ ട്രേഡ് റൂമറുകള്‍ സൂചിപ്പിക്കുന്നത്.
ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഈ മൂന്ന് ടീമുകളായിരുന്നു ഹാർദിക്കിനായുള്ള റേസില്‍ മുന്നിലുണ്ടായിരുന്നതായി ക്രിക്കറ്റ് സർക്കിളുകളില്‍ ഉയർന്ന് കേട്ടത്. പ്രത്യേകിച്ചും ചെന്നൈ. എന്നാല്‍, ഇന്ത്യൻ ഓള് റൗണ്ടര്‍ പഞ്ചാബ് കിങ്സിന്റെ ജഴ്സിയണിയാനുള്ള സാധ്യതയാണ് നിലവില്‍. മുംബൈയും പഞ്ചാബും ഇക്കാര്യത്തില്‍ സമവായത്തിലെത്തിയതായാണ് സ്പോര്‍ട്ട്സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാര്‍ദിക്കിന് പകരം പേസ് ബൗളറായ അര്‍ഷദീപ് സിങ്ങിനേയും മലയാളി താരം വിഷ്ണു വിനോദിനേയും പഞ്ചാബ് വിട്ടുനില്കിയേക്കും. ഈ പ്ലയര്‍ എക്സ്ചേഞ്ച് ഇരു ടീമുകള്‍ക്കും എത്രത്തോളം ഗുണകരമാണ്.
ഹാര്‍ദിക്കിനെപ്പോലൊരു ഓള് റൗണ്ടറെ നഷ്ടമാകുക എന്നത് ഏതൊരു സംഘത്തെ സംബന്ധിച്ചും അത്ര ശുഭകരമായ ഒന്നല്ല. പക്ഷേ, ഹാര്‍ദിക്കിന്റെ കീഴിലെ മൂന്ന് സീസണുകള്‍ പരിശോധിക്കുമ്പോള്‍ മുംബൈക്ക് ഈ മാറ്റം അനിവാര്യമായിരുന്നുവെന്ന് വേണം കണക്കാക്കാൻ. മൂന്നില്‍ രണ്ട് സീസണിലും പോയിന്റ് പട്ടികയുടെ അടിത്തട്ടിലായിരുന്നു മുൻ ചാമ്പ്യന്മാര്. കിരീടമില്ലാത്ത സീസണുകളുടെ എണ്ണം ആറായും ഉയര്‍ന്നു. ടീമിന്റെ ഒത്തൊരുമയില്ലായ്മ പ്രകടനത്തെ സാരമായി തന്നെ ബാധിക്കുകയും ചെയ്തു, ഹാര്‍ദിക്കെന്ന നായകന് ടീമിനെ ഒന്നിച്ചുകൊണ്ടുപോകാൻ കഴിയില്ലെന്ന് വ്യക്തമാകുകയും ചെയ്തു.
പഞ്ചാബിലേക്ക് എത്തുമ്പോള്‍ ഹാര്‍ദിക്കിന് ക്യാപ്റ്റൻസി മോഹം ഉപേക്ഷിക്കേണ്ടതായി വരും, കാരണം ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് അവരെ നയിക്കുന്നത്. എന്നാല്‍, ഹാര്‍ദിക്കിന്റെ വരവ് പഞ്ചാബിന്റെ ഡെപ്ത് വര്‍ധിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല, പ്രത്യേകിച്ചും ലോവര്‍ ഓര്‍ഡറില്‍, ശശാങ്ക് സിങ്ങിനൊപ്പമാണ് ഹാര്‍ദിക്ക് ചേരുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ടിം ഡേവിഡും റൊമാരിയോ ഷെപ്പേഡും എന്നപോലെ ഒരു ദ്വയം.
പഞ്ചാബിന്റെ പ്രധാന ഓള് റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസാണ്. താരത്തിന്റെ സ്ഥിരതയില്ലായ്മയും ഫോമും പ്രായവുമൊക്കെ പരിഗണിക്കുമ്പോള്‍ ഹാര്‍ദിക്കിലൂടെ ഒരു പെര്‍ഫെക്റ്റ് റീപ്ലേസ്മെന്റും ലഭിക്കും. ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സ്റ്റോയിനിസിന് പകരം മറ്റൊരു വിദേശതാരത്തെ ഉപയോഗിക്കാനും റിക്കി പോണ്ടിങ്ങിന് കഴിയും. ഒരുവശത്ത് ഹാര്‍ദിക്കിന്റെ വരവ് വലിയ നേട്ടമായി കണക്കാക്കാമെങ്കിലും അര്‍ഷദീപിനെ കൈമാറുന്നതോടെ മറുവശത്ത് ബൗളിങ്ങിനെ ദുര്‍ബലപ്പെടുന്നുണ്ട്.
മാര്‍ക്കൊ യാൻസണ് - അര്‍ഷദീപ് കൂട്ടുകെട്ടായിരുന്നു പഞ്ചാബിന്റെ പ്രധാന ശക്തികളിലൊന്ന്. പവര്‍പ്ലേയിലും ഡെത്തിലും ഒരുപോലെ എഫക്റ്റീവായ രണ്ട് ബൗളര്‍മാര്‍. കഴിഞ്ഞ സീസണില്‍ ഇരുവരും അല്‍പ്പമൊന്ന് നിറം മങ്ങിയെങ്കിലും നിലവില്‍ മികച്ച ഫോമിലാണ്, യാൻ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബൗളറും ഓള് റൗണ്ടറുമാണ്, അര്‍ഷദീപ് ടി20യില്‍ ഇന്ത്യയുടെ ലീഡിങ് വിക്കറ്റ് ടേക്കറും. വരും സീസണില്‍ പീക്കിലേക്ക് എത്താൻ സാധ്യതയുണ്ടായിരുന്ന ബൗളിങ് ഡുവോ.
എന്നാല്‍ ഇവിടെ മുംബൈക്ക് മുൻതൂക്കം ലഭിക്കുന്നുണ്ട്. ട്രെൻ ബോള്‍ട്ടിനെ രാജസ്ഥാൻ റോയല്‍സിന് വിട്ടുനല്‍കിയ ശേഷമായിരുന്നു മുംബൈയുടെ ബൗളിങ് യൂണിറ്റ് ദുര്‍ബലമായത്. 2025ല്‍ താരത്തെ തിരിച്ചെത്തിച്ചെങ്കിലും കഴിഞ്ഞ സീസണില്‍ ബോള്‍ട്ടിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചതും, നേടിയതാകട്ടെ രണ്ട് വിക്കറ്റും, എക്കോണമി 12ന് അടുത്തുമെത്തി. അശ്വനി കുമാറിനെ പകരക്കാരനായി ഉപയോഗിച്ചെങ്കിലും താരത്തിന്റെ പരിചയസമ്പത്തിലെ കുറവ് നിര്‍ണായക ഘട്ടങ്ങളില്‍ മുംബൈക്ക് തിരിച്ചടിയായിരുന്നു. അതുകൊണ്ട് തന്നെ അര്‍ഷദീപിന്റെ വരവ് മുംബൈയുടെ വലിയൊരു പ്രതിസന്ധിക്ക് പരിഹാരമാകും.
ജസ്പ്രിത് ബുമ്രയ്ക്കൊപ്പം അര്‍ഷദീപ്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ രണ്ട് പേര്. കഴിഞ്ഞ രണ്ട് ടി20 ലോകകിരീടനേട്ടങ്ങളിലും ഇരുവരുടേയും ഓവറുകളായിരുന്നു ഏറ്റവും നിര്‍ണായകമായത്. 2024ലെ വിജയത്തില്‍ അര്‍ഷദീപിന്റേയും ബുമ്രയുടേയും അവസാന നാല് ഓവറുകളില്‍നിന്നായി ദക്ഷിണാഫ്രിക്കയ്ക്ക് സ്കോര്‍ ചെയ്യാൻ കഴിഞ്ഞ് കേവലം 18 റണ്‍സ് മാത്രമാണ്. ഈ ലക്ഷ്വറിയാണ് മുംബൈക്ക് ലഭിക്കാൻ പോകുന്നത്.
ആറ് വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാൻ അടിമുടി ഉടച്ചുവാര്‍ക്കുകയാണ് മുംബൈ, പരിശീലകസംഘത്തില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ സംഭവിച്ച് കഴിഞ്ഞു. അര്‍ഷദീപിന്റെ എൻട്രി മുംബൈയുടെ സാധ്യതകള്‍ ഒന്നുകൂടി ഉയര്‍ത്തും. ബുമ്രയേയും അര്‍ഷദീപിനേയും എപ്പോള്‍ ഉപയോഗിക്കണമെന്നതില്‍ കൃത്യമായ ബോധ്യമുള്ള രോഹിത് ശര്‍മ നായകനായിക്കൂടി എത്തിയാല്‍ പിന്നെ പറയേണ്ടതില്ലല്ലോ.
ഇനി വിഷ്ണു വിനോദ്, നേരത്തെ മുംബൈയുടെ ഭാഗമായിരുന്ന വിഷ്ണുവിന്റെ വരവ് മുംബൈയുടെ ബാറ്റിങ് ഡെപ്തും വര്‍ധിപ്പിക്കും. മുഹമ്മദ് ഷമിക്കെതിരെ വിഷ്ണു നേടിയ സിക്സ് ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ഷോട്ടുകളില്‍ ഒന്നായിരുന്നു. താരത്തിന്റെ ക്വാളിറ്റി വ്യക്തമാക്കിയ മൊമന്റ്. ഹാര്‍ദിക്കിന്റെ ട്രേഡും മുംബൈയുടെ പുതിയ നീക്കങ്ങളുമെല്ലാം കണക്കാക്കുമ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം, മുംബൈ ഇന്ത്യൻസ് ഈസ് ബാക്ക്.






