ഓക്ക്‌ലൻഡില്‍ ബാറ്റെടുത്തവരൊക്കെയും ആ 22 വാരയില്‍ പരാജയപ്പെടുകയായിരുന്നു. പക്ഷേ, ഒരാള്‍ മാത്രം കീഴ്പ്പെടാൻ തയാറായിരുന്നില്ല, വിരാട് കോലി
ഈഡൻ പാർക്ക്, ഒരുപക്ഷേ ലോക ക്രിക്കറ്റില്‍ തന്നെ ബാറ്റിങ് ഏറ്റവും ദുഷ്കരമായ മൈതാനങ്ങളിലൊന്ന്. അണ്‍ ഈവൻ ബൗണ്‍സ്, മൂവ്മെന്റ്, വിൻഡ്, ഓവര്‍കാസ്റ്റ് കണ്ടീഷൻ...സാഹചര്യങ്ങള്‍ പരിചിതമായ ന്യൂസിലൻഡ് ബാറ്റര്‍മാര്‍ക്ക് പോലും അതിജീവിക്കാൻ കഴിയുന്നില്ല.
ബൗണ്‍സിനെ നേരിടാൻ പുള്‍ ഷോട്ടായിരുന്നു അവരുടെ ടോപ് ഓര്‍ഡറിന്റെ തിരഞ്ഞെടുപ്പ്, വില്‍ യങ്ങും ടിം സെയ്‌ഫര്‍ട്ടും നിക്കോള്‍സും ഉള്‍പ്പെടെ നാല് ന്യൂസിലൻഡ് ബാറ്റര്‍മാര്‍ തങ്ങളുടെ വിക്കറ്റ് നഷ്ടപ്പെടുത്തിയതും ആ ഒരൊറ്റ ഷോട്ടിലായിരുന്നു.
ഇത് കിവി നിരയില്‍ മാത്രം ഒതുങ്ങി നിന്നില്ല, പുതുതലമുറയിലെ ഏറ്റവും മികച്ച പുള്ളര്‍മാരിലൊളായ ശുഭ്മാൻ ഗില്‍. ഇന്ത്യൻ നായകന്റെ 56 പന്തുകള്‍ നീണ്ട അച്ചടക്കത്തോടെയുള്ള ബാറ്റിങ്ങ് അവസാനിപ്പിക്കുന്നതും അതേ പുള്‍ ഷോട്ടാണ്. അക്സര്‍ പട്ടേലിനും ശ്രേയസ് അയ്യര്‍ക്കും ബൗണ്‍സിനെ ടാക്കിള്‍ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. അതിന് സാധിക്കുമായിരുന്നൊരാള്‍ ആദ്യ ഓവറില്‍ തന്നെ മടങ്ങിയിരുന്നു, രോഹിത് ശര്‍മ.
ഓക്ക്‌ലൻഡില്‍ ബാറ്റെടുത്തവരൊക്കെയും ആ 22 വാരയില്‍ പരാജയപ്പെടുകയായിരുന്നു. പക്ഷേ, ഒരാള്‍ മാത്രം കീഴ്പ്പെടാൻ തയാറായിരുന്നില്ല.
രണ്ട് ദിവസമെയായിട്ടുള്ളു ന്യൂസിലൻഡില്‍ കാലുകുത്തിയിട്ട്, മണിക്കൂറുകള്‍ മാത്രം ഒതുങ്ങി നിന്ന് നെറ്റ് പരിശീലനം. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടെ ആ ബാറ്റിനെ പരീക്ഷിച്ച ചുരുക്കം ചില മൈതാനങ്ങളെയുള്ളു, അതില്‍ ഒന്നാണ് ഈഡൻ പാര്‍ക്കും. ഏകദിന കരിയര്‍ ശരാശരി ആറുപതിനടുത്താണെങ്കില്‍ ഈഡൻ പാര്‍ക്കിലത് 19 മാത്രമാണ്. പന്തെടുത്തവരില്‍ കെയില്‍ ജാമിസണുണ്ട്, അയാള്‍ക്കെതിരെ മികച്ച റെക്കോര്‍ഡ് കൈവശമുള്ളയാള്‍.
When the going gets tough, the tough get going എന്നൊരു പറച്ചിലുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം എന്താണെന്ന് അറിയണമെങ്കില്‍ ഇന്ത്യ-ന്യൂസിലൻഡ് ഏകദിനത്തിന്റെ സ്കോര്‍കാര്‍ഡ് പരിശോധിച്ചാല്‍ മതിയാകും. ക്രീസിലെത്തിയ 17 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ആ മൈതാനത്ത് ഡൊമിനേറ്റ് ചെയ്യാനായത്. ദ വണ്‍, ദ കിങ്, വിരാട് കോലി.
ഏകദിന ഫോര്‍മാറ്റിലേക്ക് മാത്രമായി കരിയര്‍ ചുരുങ്ങിയതിന് ശേഷമുള്ള കോലി, ഹൈലി അഗ്രസീവായുള്ള തുടക്കങ്ങളാണ് പുതിയ വേര്‍ഷനിലെ പ്രത്യേകതകളിലൊന്ന്. ന്യൂസിലൻഡിലെ ബൗണ്‍സിയായ വിക്കറ്റുകളില്‍ അല്‍പ്പം കരുതലുണ്ടാകുമെന്നാണ് കരുതിയത്, പക്ഷേ അതുണ്ടായില്ല. എങ്കിലും കോലി പരീക്ഷിക്കപ്പെടാതിരുന്നില്ല ഈഡൻ പാര്‍ക്കില്‍. ജാമിസണ്‍ ഏഴ് തവണയാണ് കോലിയുടെ ഷോട്ട് സെലക്ഷനെ വെല്ലുവിളിച്ചത്, ജേക്കബ് ഡഫി രണ്ട് പ്രാവശ്യവും.
ആദ്യം നേരിട്ട 25 പന്തില്‍ പത്ത് ഫാള്‍സ് ഷോട്ടുകളുണ്ടായി. ഫോര്‍ച്ചൂണ്‍ ഫേവേഴ്‌സ് ദ ബ്രേവ് എന്ന് പറയുന്നതുപോലെ 29 റണ്‍സ് കോലി സ്കോര്‍ ചെയ്തു. ഒൻപതാം ഓവറിലെ അഞ്ചാം പന്തില്‍ ബ്ലെയര്‍ ടിക്ക്‌നറുടെ ഗുഡ് ലെങ്ത് ഡെലിവെറിയില്‍ ഒരു ഡ്രൈവുണ്ടായിരുന്നു, ഷോര്‍ട്ട് എക്സ്ട്രാ കവറിനും മിഡ് ഓഫിനും ഇടയിലൂടെ പന്തിനെ പറഞ്ഞയച്ച മൊമെന്റ്. കരിയറിന്റെ പീക്കിലുള്ള ഒരാള്‍ക്ക് മാത്രം സാധിക്കുന്ന ഷോട്ടെന്ന് തോന്നിച്ചു. യെസ്, കോലി ഈസ് ഓള്‍വെയിസ് അറ്റ് ഹിസ് പീക്ക്.
ഇതേസമയത്ത് ഗില്‍ വെല്‍ കണ്‍ട്രോള്‍ഡായാണ് കാണപ്പെട്ടത്. പക്ഷേ, അതുവരെയുള്ള ഗില്ലിന്റെ സമ്പാദ്യം 30 പന്തില്‍ നിന്ന് 17 റണ്‍സായിരുന്നു. ഇവിടെയാണ് മഴമൂലമുള്ള ആദ്യ ബ്രേക്ക് സംഭവിക്കുന്നത്. ശേഷം കോലി ഓക്ക്‌ലൻഡ് സാക്ഷ്യം വഹിച്ചത് ഒരു കോലി മാസ്റ്റര്‍ ക്ലാസ് തന്നെയായിരുന്നു. 13-ാം ഓവറിലെ അഞ്ചാം പന്തില്‍ ജാമിസണ്‍ കോലിക്കൊരു ബൗണ്‍സര്‍ കാത്തുവെച്ചു, മിഡ് വിക്കറ്റിലൂടെയാണ് ആ പന്ത് സഞ്ചരിച്ചത്, മറ്റ് ബാറ്റര്‍മാരെക്കാള്‍ അധികസമയം കോലിക്ക് ലഭിക്കുന്നതുപോലെ.
തൊട്ടടുത്ത ഓവറില്‍ സമാന ഡെലിവറി ടിക്ക്‌നറിന്റെ കൈകളില്‍ നിന്ന്. ഇക്കുറി പന്ത് പിച്ച് ചെയ്തതിന് ശേഷം അല്‍പ്പം കൂടി ബൗണ്‍സ് ചെയ്തു. പൊസിഷനിങ്ങിലും ഫീറ്റ് മൂവ്മെന്റിലും ഹാൻഡ് ഐ കോര്‍ഡിനേഷനിലുമെല്ലാം കോലി തന്റെ വേഗത കാണിച്ച മൊമെന്റ്. മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ്. ഐ ആം ഹിയര്‍ ടു ഡൊമിനേറ്റ് എന്നായിരുന്നു ആ ഷോട്ടിന്റെ സന്ദേശം പോലും, ഷോട്ടിലെ സാറ്റിസ്‌ഫാക്ഷൻ ഒരു ചെറുപുഞ്ചിരിയോടെ കോലി തന്നെ പ്രകടമാക്കി.
ഭൂരിഭാഗം ബാറ്റര്‍മാരും പുള്‍ഷോട്ടില്‍ പരാജയപ്പെട്ടപ്പോള്‍ അല്ലെങ്കില്‍ പുള്‍ ചെയ്യാൻ മടിച്ചപ്പോഴാണ് കോലിയുടെ ഈ ഇന്നിങ്സ്. പുള്‍ ഷോട്ടില്‍ നിന്ന് മാത്രം അഞ്ച് ഫോറും ഒരു സിക്സും...ഇത് ബൗണ്ടറി മാത്രം, അല്ലാതെ നേടിയ റണ്‍സ് വേറെ. 51 പന്തില്‍ 13 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 74 റണ്‍സ്. മറ്റൊരു ബാറ്റര്‍ക്ക് പോലും 40 താണ്ടാൻ കഴിയാതെ പോയപ്പോഴാണ് 145 സ്ട്രൈക്ക് റേറ്റില്‍ കോലി ഇത്തരമൊരു പ്രകടനം പുറത്തെടുത്തത്. 2027 ഏകദിന ലോകകപ്പില്‍ കോലി ഇന്ത്യയ്ക്ക് എന്തുകൊണ്ട് അനിവാര്യമാണ് എന്ന ചോദ്യത്തിനും ആശങ്കകള്‍ക്കുമുള്ള ഉത്തരം കൂടിയായിരുന്നു ഈ ഇന്നിങ്സ്.






