
ഒരു ടി20 ടീമിന് അനിവാര്യമായതെല്ലാം ആ ടീം ഷീറ്റിലേക്ക് നോക്കിയാല്‍ കാണാനാകും. എക്സ്പ്ലോസീവ് ടോപ് ഓര്‍ഡര്‍, സന്തുലിതമായ മധ്യനിര, പേസര്‍മാരിലെ വെറൈറ്റി, ക്വാളിറ്റി സ്പിന്നര്‍മാര്‍...പക്ഷേ, കിരീടമെന്ന ലക്ഷ്യം മാത്രം അകന്നു നില്‍ക്കുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, നാല് സീസണുകളുടെ പരിചയസമ്പത്തായിരിക്കുന്നു. ഇത്തവണ കളത്തിലെത്തുന്നത് ലോഗോയിലും ജഴ്‌സിയിലുമെല്ലാം അടിമുടി മാറ്റവുമായാണ്. മൈതാനത്തിലെ പ്രകടത്തിലും പുതുമ പ്രതിഫലിക്കുമോ, റിഷഭ് പന്തിന്റെ ടീം എത്രത്തോളം ശക്തരാണ്?
ബാറ്റിങ് നിര തന്നെയാണ് ലഖ്നൗവിന് മറ്റ് ടീമുകളില്‍ നിന്ന് മുൻതൂക്കം നല്‍കുന്ന ഘടകം. എയ്‌ഡൻ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരാൻ. മാര്‍ക്രം കഴിഞ്ഞ സീസണില്‍ 148 സ്ട്രൈക്ക് റേറ്റില്‍ 445 റണ്‍സ്. മാര്‍ഷാകട്ടെ 163 സ്ട്രൈക്ക് റേറ്റില്‍ 627 റണ്‍സ്, ടീമിന്റെ ടോപ് സ്കോറര്‍. പൂരാൻ 196 സ്ട്രൈക്ക് റേറ്റില്‍ 524 റണ്‍സ്, ദ മോസ്റ്റ് ഡെയ്‌ഞ്ചറസ്. പവര്‍പ്ലേയില്‍ അനിവാര്യമായതെല്ലാം മാര്‍ഷിന്റെ ബാറ്റ് നല്‍കും, മാര്‍ക്രം സ്റ്റബിലിറ്റി ഉറപ്പാക്കാം, ഓപ്പണിങ് സഖ്യം നല്‍കുന്ന തുടക്കം നിലനിര്‍ത്താനും അത് അടുത്ത തലത്തിലേക്ക് ഉയര്‍ത്താനും പൂരാനും ക്രീസിലെത്തും.
ഇതിന് ശേഷമാണ് ബാറ്റിങ് നിരയിലെ പോരായ്മകള്‍ തുറന്ന് കാട്ടപ്പെടുന്നത്. നായകൻ റിഷഭ് പന്ത്. കഴിഞ്ഞ സീസണില്‍ 27 കോടി രൂപയുടെ മൂല്യം താരത്തിന് നല്‍കിയ സമ്മര്‍ദം എത്രത്തോളമായിരുന്നുവെന്ന് ക്രിക്കറ്റ് ലോകം കണ്ടതാണ്. അവസാന മത്സരത്തില്‍ നേടിയ സെഞ്ചുറി മാറ്റി നിര്‍ത്തിയാല്‍ 13 ഇന്നിങ്സുകളില്‍ നിന്ന് പന്ത് സ്കോര്‍ ചെയ്തത് 151 റണ്‍സ് മാത്രമാണ്. നായകന്റെ ബാറ്റ് സ്ഥിരത പുലര്‍ത്തിയിരുന്നെങ്കില്‍ ലഖ്നൗവിന് നിസംശയം പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു.
പന്തിന് ശേഷം ആയുഷ് ബദോനി, അബ്ദുള്‍ സമദ്, ജോഷ് ഇംഗ്ലിസ്, മാത്യു ബ്രീറ്റ്സ്കീ തുടങ്ങിയവരടങ്ങുന്ന ലോവര്‍ മിഡില്‍ ഓര്‍ഡര്‍. ഇംഗ്ലിസ് സീസണില്‍ എത്ര മത്സരങ്ങള്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബ്രീറ്റ്സ്കീയുടെ അന്തിമ ഇലവനിലെ സാധ്യതകള്‍ വിരളമാണ്. മാര്‍ഷ്, മാര്‍ക്രം, പൂരാൻ ത്രയത്തിന് ശേഷമെ മറ്റൊരു വിദേശ ബാറ്റര്‍ക്ക് അവസരം ഒരുങ്ങുകയുള്ളുവെന്ന വസ്തുത മുന്നിലുണ്ട്. ഇനി ബദോനിയും സമദുമാണ്. എത്ര മത്സരങ്ങളില്‍ ഇരുവര്‍ക്കും ഐപിഎല്ലില്‍ വലിയ ഇംപാക്റ്റ് ഉണ്ടാക്കാനായി എന്നതാണ് ചോദ്യം.
ബദോനി ഏത് സാഹചര്യത്തിലും റണ്‍സ് കണ്ടെത്താൻ മികവുള്ള 360 ഡിഗ്രി പ്ലെയറാണ്, സമദിന്റെ കൈവശം പവര്‍ ഹിറ്റിങ്ങുമുണ്ട്. ഇരുവരും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റിയാല്‍ ലഖ്നൗവിന്റെ ഫിനിഷിങ് ആശങ്കകള്‍ക്ക് ഉത്തരമാകുകയും ചെയ്യും.
വനിന്ദു ഹസരങ്കയുടെ വരവോടെ സ്പിൻ നിര കൂടുതല്‍ മൂര്‍ച്ഛ കൈവരിച്ചിട്ടുണ്ട്. എങ്കിലും ദിഗ്വേഷ് റാത്തി തന്നെയായിരിക്കും പന്തിന്റെ പ്രധാന അസ്ത്രം, കഴിഞ്ഞ സീസണില്‍ 14 വിക്കറ്റുകളായിരുന്നു റാത്തി പിഴുതത്. ഒപ്പം, ഷഹബാസ് അഹമ്മദുമുണ്ട്. വനിന്ദുവിന്റേയും ഷഹബാസിന്റെയും ഓള്‍ റൗണ്ട് മികവ് ടീമിന്റെ സ്റ്റബിലിറ്റി വര്‍ധിപ്പിക്കും. ഇരുവര്‍ക്കും അന്തിമ ഇലവനിലിടമൊരുക്കി റാത്തിയെ ഇംപാക്റ്റ് പ്ലെയറായും കളത്തിലെത്തിക്കാനാകും. സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി മാറ്റങ്ങളും വരുത്താമെന്ന ലക്ഷ്വറി പന്തിനുണ്ട് ഇത്തവണ.
ഇന്ത്യൻ താരങ്ങളാല്‍ നിറഞ്ഞനില്‍ക്കുന്ന പേസ് നിരയാണ് ലഖ്നൗവിന്റേത്. ഏക വിദേശ പേസറായി ദക്ഷിണാഫ്രിക്കൻ താരം ആൻറിച്ച് നോര്‍ക്കെ മാത്രം. മിച്ചല്‍ മാര്‍ഷ് സീസണില്‍ പന്തെടുക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. മുഹമ്മദ് ഷമി, മായങ്ക് യാദവ്, ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ, പ്രിൻസ് യാദവ്, അര്‍ജുൻ തെൻഡുല്‍ക്കര്‍ എന്നിവരടങ്ങുന്നതാണ് പട്ടിക. ലഖ്നൗവിന് മുന്നിലെ പ്രധാന വെല്ലുവിളി ഇവരില്‍ ഏതൊക്കെ താരങ്ങളെ സീസണിലുടനീളം ലഭിക്കും എന്നതാണ്.
ഷമി, മായങ്ക്, മൊഹ്സിൻ, നൊര്‍ക്കെ, ആവേശ് എന്നിവരെല്ലാം പരുക്ക് വേട്ടയാടുന്ന താരങ്ങളാണ്. ഷമി കഴിഞ്ഞ സീസണില്‍ ഒൻപത് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്, മായങ്ക് ലഖ്നൗവിനായും നോര്‍ക്കെ കൊല്‍ക്കത്തയ്ക്കായും രണ്ട് മത്സരങ്ങൾ. മൊഹ്സിന് സീസണ്‍ പൂര്‍ണമായും നഷ്ടമായിരുന്നു. ഇഞ്ചുറി ഭീഷണിയുള്ള താരങ്ങളിലൂടെ എങ്ങനെ സീസണ്‍ ലഖ്നൗ മുന്നോട്ട് കൊണ്ടുപോകുമെന്നതിനെ ആശ്രയിച്ചായിരിക്കും ഏറിയെ സാധ്യതകളും.