
തൊണ്ണൂറുകളുടെ മധ്യത്തിലേയും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലേയും ഓസ്ട്രേലിയ. വെറും ഓസ്ട്രേലിയ അല്ല, മൈറ്റി ഓസ്ട്രേലിയ. അവര്‍ മൈതാനത്ത് പുറത്തെടുത്തിരുന്ന ലെവലിനൊപ്പം എത്തുക എന്നത് ഏറെക്കുറെ അസാധ്യമായിരുന്നു മറ്റ് ടീമുകള്‍ക്ക്. അതിന് കാരണം ഒന്ന് മുതല്‍ 11 വരെ നീളുന്ന വലിയ പേരുകളായിരുന്നു. ഇന്ന് അതിന് സമാനമായൊരു സംഘമുണ്ട്, ഓസ്ട്രേലിയയുടെ വിഖ്യാത മഞ്ഞയില്‍ അല്ല, നീലയിലാണ്, ടി20 ഫോര്‍മാറ്റിലെ ഇന്ത്യ. രോഹിത് ശര്‍മ തുടക്കമിട്ട വിപ്ലവം പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന പുതുതലമുറ, ഇതാണ് ഇന്ത്യയുടെ സര്‍വാധിപത്യത്തിന്റെ ആധാരം.
അത് ഒരു ചുരുങ്ങിയ കാലഘട്ടത്തിലേക്ക് മാത്രം ഒതുങ്ങുന്നതായിരിക്കില്ല എന്നതിന്റെ സൂചനയാണ് ഇത്തവണത്തെ ഐപിഎല്‍. ഇതിനോടകം തന്നെ വെല്‍ സെറ്റില്‍ഡായ ഇന്ത്യയുടെ ടി20 ഇലവനെ അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്ന പേരുകള്‍ നിരവധിയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓപ്പണര്‍മാരുടെ നിരയിലാണ്. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നീ രണ്ട് ജയന്റ്സിന്റെ സ്ഥാനത്തിന് തന്നെ ഇളക്കം തട്ടിയേക്കാം ഭാവിയിലെന്ന സന്ദേശം ബാറ്റുകൊണ്ട് നല്‍കാൻ പലര്‍ക്കുമായിട്ടുണ്ട്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
വൈഭവ് സൂര്യവംശിയെന്ന പേരിനപ്പുറം നിന്നുകൊണ്ട് തുടങ്ങാനാകില്ലെല്ലോ. എറിയുന്ന ബൗളറുടെ പേരോ ലോകക്രിക്കറ്റിലെ അയാളുടെ വലുപ്പമോ ഒന്നുമല്ല വൈഭവെന്ന പതിനഞ്ചുകാരൻ പരിഗണിക്കുന്നത്. മുന്നില്‍ വരുന്ന പന്തിനെ നിര്‍ഭയമായി നേരിടും, അതാണ് ഫിലോസഫി. 236 സ്ട്രൈക്ക് റേറ്റില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 246 റണ്‍സാണ് സീസണില്‍ ഇതുവരെ വൈഭവ് നേടിയത്. ഇതിനോടകം തന്നെ 20 സിക്സുകള്‍. ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മത്സരിക്കുന്നത് താൻ ജനിക്കും മുൻപ് ബാറ്റെടുത്ത സാക്ഷാല്‍ വിരാട് കോലിയോടും പിന്നെ ശുഭ്മാൻ ഗില്ലിനോടുമൊക്കെ.
ടെസ്റ്റ് ഫോര്‍മാറ്റിലെ സ്ഥിരം ഓപ്പണറും ഏകദിനത്തില്‍ ഇന്ത്യയുടെ ഭാവി താരമായും വിലയിരുത്തപ്പെടുന്ന യശസ്വി ജയ്സ്വാള്‍. രാജസ്ഥാൻ റോയല്‍സില്‍ വൈഭവിനൊപ്പം ബാറ്റ് ചെയ്യുന്നതുകൊണ്ട് മാത്രം ജയ്സ്വാളിന്റെ ഇന്നിങ്സുകള്‍ക്ക് ഇംപാക്റ്റ് കുറവാണെന്ന് തോന്നിയേക്കാം. ആറ് മത്സരങ്ങളില്‍ നിന്ന് 223 റണ്‍സ് ഇടം കയ്യൻ ബാറ്ററും നേടിയിട്ടുണ്ട്, വൈഭവ് 20 സിക്സറുകള്‍ ഗ്യാലറിയില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ ജയ്സ്വാളും ബൗണ്ടറികളുടെ കാര്യത്തില്‍ ഒരുപാട് പിന്നില്‍ അല്ല.
പക്ഷേ, വൈഭവിനേക്കാള്‍ അപകടകാരിയായൊരാളുണ്ട് പഞ്ചാബ് കിങ്സില്‍. പ്രിയാൻഷ് ആര്യ. 246 സ്ട്രൈക്ക് റേറ്റിലാണ് പ്രിയാൻഷ് സീസണില്‍ ബാറ്റ് ചെയ്യുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 211 റണ്‍സ് പഞ്ചാബ് ഓപ്പണര്‍ സീസണില്‍ സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്. 20 സിക്സറുകളുമായി വൈഭവിനൊപ്പമുണ്ട് പ്രിയാൻഷും. 2025 എഡിഷനില്‍ സ്ഥിരതയോടെ 475 റണ്‍സെടുത്തിരുന്നു താരം. അന്ന് 179 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തതും, നിര്‍ത്തിയിടത്തുവെച്ച് തന്നെ തുടരുകയാണ് ഇക്കുറി പഞ്ചാബ് ബാറ്റര്‍.
മൂവരും ഇടംകയ്യൻ ബാറ്റര്‍മാരാണെങ്കില്‍ ഇനി രണ്ട് വലം കയ്യൻ താരങ്ങളാണ്. പഞ്ചാബിന്റെ തന്നെ പ്രഭ്‌സിമ്രാൻ സിങ്ങും ഒപ്പം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ യുവതാരം ആയുഷ് മാത്രെയും. പ്രഭ്‌സിമ്രാൻ സീസണില്‍ അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 211 റണ്‍സാണ് സ്കോര്‍ ചെയ്തിട്ടുള്ളത്. സ്ട്രൈക്ക് റേറ്റ് 171ല്‍ എത്തി നില്‍ക്കുന്നു. പ്രിയാൻഷിന് സമാനമായി സ്ഥിരത തന്നെയാണ് പ്രഭ്‌സിമ്രാന്റെ കരുത്തും. കഴിഞ്ഞ സീസണില്‍ 549 റണ്‍സ് സ്കോര്‍ ചെയ്ത താരം അതേ ദിശയിലാണ് ഇക്കുറിയും മുന്നോട്ട് പോകുന്നത്. മാത്രയുടെ സീസണിലെ സമ്പാദ്യവും 200 കടന്നിട്ടുണ്ട്, സ്ട്രൈക്ക് റേറ്റ് 180ന് അടുത്തും.
ശുഭ്മാൻ ഗില്ലിന്റെ സാധ്യതകളും തള്ളിക്കളയാൻ കഴിയില്ല. സീസണില്‍ നാല് കളികളില്‍ മൂന്നിലും അര്‍ദ്ധ ശതകം നേടിയിട്ടുള്ള ഗില്‍ 251 റണ്‍സാണ് ആകെ സ്കോര്‍ ചെയ്തത്. മറ്റ് ഓപ്പണര്‍മാരെ അപേക്ഷിച്ച് ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് അല്‍പ്പം പിന്നിലാണെന്ന് മാത്രം. കടുത്ത മത്സരം മറുവശത്ത് നടക്കുമ്പോള്‍ അഭിഷേകും സഞ്ജുവും ഇഷാനുമൊന്നും വിട്ടുകൊടുക്കാനും തയാറാല്ല. ലോകകപ്പോടുകൂടി സഞ്ജുവും ഇഷാനും തങ്ങളുടെ സ്ഥാനം ഭദ്രമാക്കിയിട്ടുണ്ടെന്ന് അനുമാനിക്കാം. പക്ഷേ, അഭിഷേകിനാണ് കൂടുതല്‍ മത്സരം നേരിടുന്നത്, പ്രത്യേകിച്ചും ഇടം കയ്യൻ ബാറ്ററായതുകൊണ്ട് തന്നെ.