
ഒരു മണിക്കൂറിനും അഞ്ച് മിനുറ്റിനും ശേഷം റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റില്‍ നിന്നൊരു പന്ത് ഉയര്‍ന്ന് പൊങ്ങി. ചെന്നൈ സൂപ്പര്‍ കിങ്സ് നായകൻ നേരിട്ട 21-ാം ഡെലിവെറി. പാറ്റ് കമ്മിൻസിന്റെ ഷോര്‍ട്ട് ബോളില്‍ ഒരു പുള്‍ ഷോട്ടിനുള്ള ശ്രമമായിരുന്നു. 22 വാരയില്‍ അത്രനേരം നടത്തിയ മല്ലിടലിലും വിക്കറ്റിനെ മനസിലാക്കാൻ അയാള്‍ക്ക് സാധിച്ചിട്ടില്ല എന്നതിന്റെ തെളിവായിരുന്നു ആ ഷോട്ട്. ഡീപ് സ്ക്വയര്‍ ലെഗില്‍ ഇഷാൻ മലിങ്കയുടെ കൈകളില്‍ ഇന്നിങ്സിന് അവസാനം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ ആഘോഷത്തിന് തുടക്കമിടുമ്പോള്‍ വിശ്വസിക്കാനാകാതെ തന്റെ ബാറ്റിലേക്ക് റുതുരാജ് നോക്കി. ഡഗൗട്ടിലേക്ക് തിരികെ നടക്കാൻ പോലും ഒരുനിമിഷം മടിച്ചു. ചെപ്പോക്കിലെ വലിയ സ്ക്രീനിലപ്പോള്‍ റുതുരാജിന്റെ സമ്പാദ്യം തെളിഞ്ഞു. 21 പന്തില്‍ 15 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 71.42. ഒരു ബൗണ്ടറി പോലും ചെന്നൈ നായകന് അതുവരെ നേടാൻ സാധിച്ചിരുന്നില്ല. ടീം സ്കോര്‍ 11.3 ഓവറില്‍ 100 തൊട്ടപ്പോഴാണ് വലം കയ്യൻ ബാറ്ററുടെ ദുര്‍ബലമായ ഇന്നിങ്സ്.
സഞ്ജു സാംസണിനൊപ്പം ഓപ്പണിങ്ങിനിറങ്ങി 12-ാം ഓവറില്‍ മടങ്ങുമ്പോള്‍ ടി20 ഫോര്‍മാറ്റിനോട് ഒരുതരിപോലും നീതിപുലര്‍ത്താനോ ടീമിന്റെ ആവശ്യകതയ്ക്കൊപ്പം നിലകൊള്ളാനോ റുതുരാജിന് കഴിഞ്ഞിരുന്നില്ല. അതിന് കൊടുക്കേണ്ടി വന്ന വില പ്ലേ ഓഫ് ഉറപ്പിക്കാനുള്ള സുവര്‍ണാവസരവുമായിരുന്നു. റുതുരാജിന്റെ ഈ സമീപനം ചെന്നൈയെ സംബന്ധിച്ച് ചുരുക്കം മത്സരങ്ങളില്‍ മാത്രമല്ല, സീസണിലുടനീളം തിരിച്ചടിയായിട്ടുണ്ട്.
ചെന്നൈയുടെ ബാറ്റിങ് ഉത്തരവാദിത്തങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും ചുമലിലേറ്റിയിരിക്കുന്നത് സഞ്ജു സാംസണാണ്. 170ന് അടുത്ത് സ്ട്രൈക്ക് റേറ്റില്‍ 477 റണ്‍സ് താരം സ്കോര്‍ ചെയ്തിട്ടുണ്ട്. രണ്ട് സെഞ്ചുറിയും ഒരു അര്‍ദ്ധ ശതകവും മാത്രമല്ല, പവര്‍പ്ലേയില്‍ ഇംപാക്റ്റ്ഫുള്ളായ നിരവധി ഇന്നിങ്സുകള്‍ ചെന്നൈക്ക് നല്‍കാനും മലയാളി താരത്തിന് കഴിഞ്ഞിട്ടുണ്ട്. സഞ്ജു കഴിഞ്ഞാല്‍ ചെന്നൈയുടെ സ്കോറര്‍മാരില്‍ രണ്ടാതമത് റുതുരാജാണ്.
13 മത്സരങ്ങള്‍, 321 റണ്‍സ്. ശരാശരി 29ല്‍ എത്തി നില്‍ക്കുന്നു. ഇവിടെ എടുത്ത് പറയേണ്ടത് സ്ട്രൈക്ക് റേറ്റാണ്. 120 മാത്രം. സീസണിലെ ഓപ്പണര്‍മാരുടെ കാര്യമെടുത്താല്‍ 200 പന്തുകളിലധികം നേരിട്ടവരില്‍ ഏറ്റവും കുറവ് പ്രഹരശേഷിയുള്ളത് റുതുരാജിനാണ്, 125. മറുവശത്ത് ഇന്നലെയുണ്ടായിരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍മാരുടേതോ. ഒരാള്‍ 200ന് മുകളില്‍ മറ്റൊരാളുടേത് 170 താണ്ടി നില്‍ക്കുന്നു. എന്തുകൊണ്ട് ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത തുലസിലായതെന്നും ഹൈദരാബാദ് അവസാന നാലില്‍ എത്തിയത് എന്നതിനും ഇതാണ് കാരണങ്ങളിലൊന്ന്.
ചെന്നൈ ബാറ്റിങ് നിര പരിശോധിക്കുമ്പോഴും ഇത് തന്നെയാണ് സ്ഥിതി. 50 പന്തുകളിലധികം നേരിട്ട ബാറ്റര്‍മാരെയെടുത്താല്‍ റുതുരാജിനോളം മോശം സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന ഒരു താരം പോലുമില്ല. 100ന് താഴെ റുതുരാജിന്റെ സ്ട്രൈക്ക് റേറ്റ് വീണ നാല് മത്സരങ്ങള്‍ സീസണിലുണ്ട്, ഇതില്‍ മൂന്നിലും 80ലും താഴെയാണ് സ്ട്രൈക്ക് റേറ്റ്. സീസണിലെ ചെന്നൈയുടെ ശരാശരി റണ്‍ റേറ്റ് 8.8 ആണ്, കണക്കെടുത്താല്‍ ഏറ്റവും മോശം. സഞ്ജുവും ഉര്‍വിലുമൊക്കെ അഗ്രസീവായി ബാറ്റ് ചെയ്യുന്നത് തുടരുമ്പോഴാണ് ഈ സ്ഥിതിയെന്നും ഓര്‍ക്കേണ്ടതുണ്ട്.
ഹൈദരാബാദിനെതിരെ റുതുരാജ് താളം കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോള്‍ മറുവശത്തുണ്ടായിരുന്ന ബാറ്റര്‍മാരുടെ സ്ട്രൈക്ക് റേറ്റ് താരത്തിന്റേതില്‍ നിന്ന് ഇരട്ടിയിലും അധികമായിരുന്നു. സഞ്ജു സാംസണ്‍, 207. ഉര്‍വില്‍ പട്ടേല്‍, 162. കാര്‍ത്തിക്ക് ശര്‍മ, 168. റുതുരാജ് 71. 20 ഓവറില്‍ ചെന്നൈ ഹൈദരാബാദിന് മുന്നില്‍ വെച്ച വിജയലക്ഷ്യം 181 ആയിരുന്നു. ആധുനിക ടി20യില്‍ അത്ര വലിയ സ്കോറൊന്നുമല്ല ഇത്. ടുപേസ്‌ഡാണെന്ന് തോന്നിച്ച വിക്കറ്റില്‍ ഒരു സേഫ് സ്കോറായിരുന്നില്ല അത്. ഒരു ഓവര്‍ ബാക്കി നില്‍ക്കെ ഹൈദരാബാദ് വിജയിക്കുകയും ചെയ്തു.
പക്ഷേ, ഹൈദരാബാദിന്റെ ഇന്നിങ്സ് പരിശോധിക്കുമ്പോള്‍ ചെയ്ത് അത്ര എളുപ്പമായിരുന്നില്ല എന്ന് വ്യക്തമായിരുന്നു. ഒരു 20 റണ്‍സിലധികം ചെന്നൈക്ക് നേടാനായിരുന്നെങ്കില്‍ ഫലം മറിച്ചാകാനുള്ള സാധ്യതയും നിലനിന്നിരുന്നു. ഇവിടെയാണ് റുതുരാജ് ഒരു ബൗണ്ടറി പോലും കണ്ടെത്താതെ നേരിട്ട 21 പന്തുകള്‍ നിര്‍ണായകമായത്.