തന്റെ ടീമിന് കൃത്യമായൊരു ഐഡന്റിന്റി വേണ്ടെന്ന് വ്യക്തമാക്കി ആഞ്ചലോട്ടി ജപ്പാനായി കാത്തുവെച്ചിരിക്കുന്നത് എന്താകുമെന്നാണ് ആകാംഷ

A manager is judged by victory or defeat, not by whether the team plays well or badly - Carlo Ancelotti

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞങ്ങള്‍ ഇപ്പോഴും പെര്‍ഫെക്റ്റല്ല. എത്രദൂരം മുന്നോട്ട് പോകാൻ കഴിയുമെന്നതില്‍ ഞാൻ ഒരു ലക്ഷ്യവും വെച്ചിട്ടില്ല. നന്നായി കളിക്കുക, വിജയിക്കുക. - സ്കോട്ട്ലൻഡിനെതിരായ മത്സരത്തിന് ശേഷം ബ്രസീല്‍ പരിശീലകൻ കാര്‍ലൊ ആഞ്ചലോട്ടി പറഞ്ഞുവെച്ചു.

ലൂയിസ് ഡെല ഫ്യൂന്റെയുടെ സ്പെയിനിന് ടിക്കി ടാക്കാ, ദിദിയര്‍ ദഷാംപ്സിന്റെ ഫ്രാൻസിന് ഹൈ ഇന്റൻസിറ്റി ഫുട്ബോള്‍, മെസിയില്‍ കേന്ദ്രീകരിക്കുന്ന അര്‍ജന്റീന, ജര്‍മനിക്ക് ഗെഗെൻ പ്രേസിങ്ങ്...അങ്ങനെയെങ്കില്‍ ഡോണ്‍ കാര്‍ലോയുടെ ബ്രസീലിന്റെ ഐഡന്റിന്റി എന്താണ്.

പെലെയുടെ കാലത്ത് ലോകം അത്ഭുതത്തോടെ വീക്ഷിച്ച ആ മനോഹരമായ ബ്രസീലിയൻ ഫുട്ബോള്‍ അല്ല, 90കളുടെ അവസാനം കണ്ട ഡൊമിനേറ്റിങ് ഫുട്ബോളുമല്ല...അഞ്ചലോട്ടിയുടെ ബ്രസീലിന് അങ്ങനെ കൃത്യമായൊരു ഐഡന്റിറ്റിയുണ്ടോ എന്ന് ചിന്തിച്ചാല്‍, ഉണ്ട്. പക്ഷേ, അത് മേല്‍പ്പറഞ്ഞപോലെയല്ലെന്ന് മാത്രം. ഒരു താരത്തിന്റെ ക്വാളിറ്റി പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ആഞ്ചലോട്ടിയൊരുക്കുന്ന സിസ്റ്റം. ഫൈനല്‍ തേഡില്‍ അഗ്രസീവ് ആകുക, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഡ്രോപ് ബാക്ക് ചെയ്യുക, തങ്ങളുടെ പൊസിഷനുകളില്‍ ഒരേസമയം ഡിഫൻസീവും ഒഫൻസീവുമാകാൻ തയാറാകുക.

കളിയുടെ സാഹചര്യത്തിന് അനുസരിച്ച് കൃത്യമായി ആ ടീം രൂപപ്പെടുന്നുണ്ട്. സ്കോട്ട്ലൻഡിനെതിരായ മത്സരത്തില്‍ ബ്രസീല്‍ തുടങ്ങുന്നത് 4-3-3 എന്ന ഫോര്‍മേഷനിലാണ്. വിനീഷ്യസ് ജൂനിയര്‍ ഇടതുവിങ്ങില്‍, മാത്തയോസ് കൂന്യ സ്ട്രൈക്കര്‍, റയാൻ വലതുവിങ്ങില്‍. മധ്യനിരയില്‍ പക്വേറ്റ, കാസമീറൊ, ഗിമറായിഷ്. മുന്നേറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ബ്രസീലിന്റെ ഷേപ്പ് 4-2-4 ആണ്. ഹൈ ഇന്റൻസിറ്റി പ്രെസിങ്, സ്കോട്ട്ലൻഡിനെതിരായ വിനിയുടെ ആദ്യ ഗോള്‍ സംഭവിക്കുന്നത് റയാന്റെ പ്രെസിങ്ങില്‍ നിന്നായിരുന്നല്ലോ. ഡിസലവ് ചെയ്ത ഗോളും പ്രെസിങ്ങിലൂടെ പൊസഷൻ വീണ്ടെടുത്തായിരുന്നു.

മാര്‍ട്ടിനല്ലിയും എൻഡ്രിക്കും നെയ്മറും കളത്തിലെത്തിയ ശേഷം വിനി വിങ്ങുവിട്ട് കുറച്ചുകൂടി ബോക്‌സ് കേന്ദ്രീകൃതമായി ഫോര്‍വേഡായി കളിച്ചുതുടങ്ങിയിരുന്നു. എൻഡ്രിക്കിനും മാര്‍ട്ടിനല്ലിക്കുമായിരുന്നു അപ്പോള്‍ വിങ്ങുകളുടെ ചുമതല. നെയ്മര്‍ കൃത്യമായി വിനിയുമായി ലിങ്ക് അപ്പ് ചെയ്തും കളിച്ചത് ഒന്നിലധികം തവണ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമായി.

പ്രതിരോധിക്കുന്ന സാഹചര്യങ്ങളില്‍ ടീമിന്റെ ഫോര്‍മേഷൻ 4-4-2 ആകുന്നു. ഇവിടെ മധ്യനിരയിലേക്ക് ഇറങ്ങുന്നത് കൂടുതലായും കൂന്യയാണ്, റയാനുമുണ്ട്. പ്രോപ്പര്‍ സ്ട്രൈക്കറുടെ റോള്‍ വഹിക്കുമ്പോഴും പിന്നിലേക്ക് ഇറങ്ങി തന്റെ വര്‍ക്ക്‌ലോഡ് കൂട്ടാനും കൂന്യക്ക് മടിയില്ല എന്നതാണ് ബ്രസീലിന് ലഭിക്കുന്ന ലക്ഷ്വറി. ഇത് ഡിഫൻസീവ് ഷേപ്പ് വീണ്ടെടുക്കുന്നതിനായി ബ്രസീലിനെ സഹായിക്കുന്ന ഘടകവുമായി വിലയിരുത്താനാകും.

ആഞ്ചലോട്ടി വരയ്ക്കുന്ന കളത്തില്‍ ഡിഫൻസീവ് ഡ്യൂട്ടികളില്‍ നിന്ന് മുക്തനായിട്ടുള്ളത് വിനീഷ്യസ് മാത്രമാണ്. താരത്തിന്റെ കാലുകളെ ഏത് നിമിഷവും ഒരു ഗോളിനായി ഫ്രഷായി നീക്കിവെക്കുന്നതുപോലെ. നാല് ഗോളിന്റേയും ഒരു അസിസ്റ്റിന്റേയും കാരണവും അത് തന്നെ. ഇടതുവിങ്ങിലെ വിനിയുടെ ഭാരം കുറയ്ക്കുന്നത് പക്വേറ്റയുമാണ്. അതുകൊണ്ട് ഗോള്‍ അടിക്കാനും അടിപ്പിക്കാനും വിനിക്ക് ക്ഷീണമില്ലാതെ സാധിക്കും.

മുന്നേറ്റനിരയിലെ തന്ത്രങ്ങളെല്ലാം ഫലപ്രദമായി നടപ്പാകുമ്പോഴും മധ്യനിര എത്രത്തോളം ക്രിയേറ്റീവ് ആണ് എന്നൊരു ചോദ്യം ബാക്കിയുണ്ട്. മൊറൊക്കോ, ഹെയ്തി, സ്കോട്ട്ലൻഡ് എന്നീ ടീമുകളെ മറികടക്കാൻ പോന്ന മികവ് പുലര്‍ത്താൻ മധ്യനിരയ്ക്ക് സാധിച്ചിട്ടുണ്ടാകാം. പക്ഷേ, മുന്നോട്ട് പോകുമ്പോള്‍ അത് മതിയാകില്ല. പക്വേറ്റയും ഗിമറായിഷും മൊറോക്കോയ്ക്ക് എതിരായ ആദ്യ മത്സരത്തിന് ശേഷം മെച്ചപ്പെട്ടിട്ടുണ്ട്. സ്കോട്ട്ലൻഡിനെതിരെ ഇരുവരും ചേര്‍ന്ന് 4 വലിയ അവസരങ്ങളാണ് സൃഷ്ടിച്ചത്.

ഇവിടെയാണ് അഞ്ചലോട്ടി നെയ്മറിനെ ഉപയോഗിക്കുന്നതും. 20 മീറ്റര്‍ ഡ്രിബിള്‍ ചെയ്ത് പോസ്റ്റിലേക്ക് കുതിച്ചുകയറുന്ന നെയ്മറിനെയായിരിക്കില്ല മൈതാനത്ത് കാണുക. അഞ്ചലോട്ടിയുടെ മൈതാനത്തെ ബ്രസീലിയൻ ഫ്ലേവര്‍, മധ്യനിരയിലെ ക്രിയേറ്ററുടെ റോള്‍. സ്കോട്ട്ലൻഡിനെതിരെ ലഭിച്ച 20 മിനുറ്റില്‍ തന്നെ മൂന്ന് അവസരങ്ങള്‍ ഒരുക്കാൻ നെയ്മറിന് സാധിച്ചിരുന്നു. ഇനി വരുന്ന മത്സരങ്ങളിലെ നെയ്മറിന്റെ റോള്‍ എന്തായിരിക്കുമെന്നതിന്റെ കൃത്യമായ മുന്നറിയിപ്പ് കൂടിയായിരുന്നു ഇത്.

ഇറ്റാലിയൻ പരിശീലകനായ ആഞ്ചലോട്ടിയുടെ കീഴില്‍ ബ്രസീലിന്റെ പ്രതിരോധനിര എങ്ങനെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സ്കോട്ട്ലൻഡിനെതിരെ ഗബ്രിയേലും മാര്‍ക്വിനസും ഡാനിലോയും ഡഗ്ലസും നടത്തിയ പ്രകടനം തന്നെ ഉദാഹരണമാണ്. അലിസണ്‍ ബെക്കറിനെ വിസ്മരിക്കാനാകില്ല.

ഇനി ജപ്പാനാണ്. ഹജിയെ മൊറിയാസുവിന് കീഴില്‍ ലോകകപ്പിലെ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ടീമായി ജപ്പാൻ പരിവര്‍ത്തനപ്പെട്ടിട്ടുണ്ട്. ഹൈ പ്രെസിങ്, വേഗത്തിലുള്ള ട്രാൻസിഷനുകള്‍, കോംപാക്റ്റായുള്ള ഡിഫൻസീവ്, ഫോര്‍മേഷനില്‍ അതിവേഗം വരുത്തുന്ന സ്വിച്ചിങ്ങ്, ശരീരത്തിന്റെ സാധ്യതകള്‍ മനസിലാക്കിയുള്ള ക്വിക്കായുള്ള പാസുകള്‍...യൂറോപ്യൻ ജയന്റായ നെതര്‍ലൻഡ്സിേയും ഒപ്പം സ്വീഡനേയും സമനിലയില്‍ തളച്ചാണ് അവര്‍ എത്തുന്നത്.

തന്റെ ടീമിന് കൃത്യമായൊരു ഐഡന്റിന്റി വേണ്ടെന്ന് വ്യക്തമാക്കി ആഞ്ചലോട്ടി ജപ്പാനായി കാത്തുവെച്ചിരിക്കുന്നത് എന്താകുമെന്നാണ് ആകാംഷ. ഒന്നുറപ്പ്, പ്രതീക്ഷിക്കപ്പുറം ബ്രസീലിനെ എത്തിക്കുകയായിരിക്കും അയാളുടെ ലക്ഷ്യം.