മൈതാനം ഒരുങ്ങും മുൻപ് രണ്ട് പേരില്‍ മാത്രം ചുരുക്കപ്പെട്ട ഒരു മത്സരം. അവിടെ താൻ ഒരിക്കലും നിഴലായി തുടരാനില്ലെന്ന് വലതുവിങ്ങില്‍ നിന്നൊരാള്‍ പ്രഖ്യാപിക്കുകയായിരുന്നു
ആ നിമിഷത്തിലേക്ക് ഒന്ന് നോക്കു, ബോക്സിന്റെ വലതുമൂലയില്‍ നിലയുറപ്പിച്ച ബൂട്ടുകളിലേക്ക് ചുവാമേനി പന്തെത്തിക്കുമ്പോള്‍ മുന്നില്‍ അണിനിരന്ന ചുവപ്പുജഴ്‌സിക്കാര്‍ എട്ടാണ്. നീട്ടിയളന്നാല്‍ നോര്‍വെയുടെ സംഘത്തെ മുഴുവനായും ഒരൊറ്റ ഫ്രെയിമില്‍ എണ്ണിയെടുക്കാനാകും, 11 പേര്‍. അയാളുടെ കാലുകള്‍ അടുത്ത ചുവടില്‍ എന്തുചെയ്യുമെന്ന ആകാംഷയുണ്ടായിരുന്നു...ശേഷം എന്ത് സംഭവിച്ചു...
മസാച്ചുസറ്റ്സിലെ പകലിലേക്ക് ലോകം ഉറ്റുനോക്കിയത് മറ്റൊന്നിനുമല്ലായിരുന്നു. സമകാലീനഫുട്ബോളിലെ വേഗതയുടേയും കരുത്തിന്റേയും പര്യായമായ രണ്ട് പേര്‍. അവര്‍ തുറക്കുന്ന പോര്‍മുഖം കാണാൻ മാത്രം. എര്‍ളിങ് ഹാളണ്ട് വേഴ്സസ് കിലിയൻ എംബാപെ. സ്റ്റോള്‍ സോള്‍ബക്കന്റെ തീരുമാനങ്ങള്‍ ആരാധകരെ ആദ്യ വിസില്‍ മുഴങ്ങും മുൻപ് നിരാശയുടെ പക്ഷത്ത് ഇരുത്തിച്ചു, ഹാളണ്ടിന് വിശ്രമം.
മൈതാനം ഒരുങ്ങും മുൻപ് രണ്ട് പേരില്‍ മാത്രം ചുരുക്കപ്പെട്ട ഒരു മത്സരം. അവിടെ താൻ ഒരിക്കലും നിഴലായി തുടരാനില്ലെന്ന് വലതുവിങ്ങില്‍ നിന്നൊരാള്‍ പ്രഖ്യാപിക്കുകയായിരുന്നു. ആ സുവര്‍ണഗോളം തന്റെ കയ്യില്‍ എങ്ങനെയെത്തിയെന്നതുകൂടി ഓര്‍മിപ്പിക്കുകയായിരുന്നു. അതിനൊരു ഹാട്രിക്കിന്റെ തലപ്പൊക്കം കൂടിയുണ്ടായിരുന്നു, ഉസ്മാൻ ഡെംബലെ.
25-ാം സെക്കൻഡില്‍ തന്നെ മത്സരത്തിന്റെ ഗതിയെങ്ങോട്ടാണെന്ന് എംബാപെയുടെ ബൂട്ടുകള്‍ സൂചനനല്‍കിയിരുന്നു. അതിനൊരു പൂര്‍ണത സംഭവിക്കുന്നത് ഏഴാം മിനുറ്റിലായിരുന്നെന്ന് മാത്രം. തുടക്കവും എംബാപെയുടെ കാലില്‍ നിന്നായിരുന്നു. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ഡെംബെലെയിലേക്കൊരു പാസ്. ബോക്സിനുള്ളിലേക്കുള്ള കുതിപ്പ്. വണ്‍ വേഴ്സസ് വണ്‍ എന്നന് പൊടുന്നനെ വണ്‍ വേഴ്സസ് ത്രീയാകുന്നു.
നോര്‍വെ പ്രതിരോധതാരങ്ങളുടെ കണ്ണുകള്‍ ആ പന്തുകളിലേക്ക് ചുരുങ്ങുന്നതിനിടെ ഏഴ് ടച്ചുകള്‍, രണ്ട് ചെറുഷിഫ്റ്റുകള്‍. ശേഷം കാണുന്നത് ഡെംബെലെയുടെ വലം കാലില്‍ നിന്ന് തൊടുത്ത ഷോട്ട് നോര്‍വെയുടെ കാവല്‍ക്കാൻ എയില്‍ സെല്‍വിക്ക് കാഴ്ചക്കാരനാക്കുന്നതാണ്. ഇതിനെല്ലാം അയാള്‍ക്ക് ആവശ്യമായി വന്നത് കേവലം മൂന്ന് സെക്കൻഡുകള്‍ മാത്രം. ഏഴാം മിനുറ്റിലെ നാലാം സെക്കൻഡിലാണ് എംബാപയില്‍ നിന്ന് പന്ത് സ്വീകരിക്കുന്നത്, ഏഴാം സെക്കൻഡിലേക്ക് എത്തിയപ്പോള്‍ ഡെംബെലെ ഗോളാഘോഷം തുടങ്ങി.
13 മിനുറ്റുകള്‍ക്കിപ്പുറം ഒരിക്കല്‍ക്കൂടി. ഒലിസയിലാണ് തുടക്കം, ശേഷം എംബാപെയിലേക്ക്. വീണ്ടും എംബാപെയുടെ കൃത്യത ഡെംബെലെയുടെ കാലുകളെ കണ്ടെത്തി. ഇക്കുറി മൂന്നല്ല, പ്രതിരോധ താരങ്ങളുടെ എണ്ണം നാലായിരുന്നു. ബോക്സിനുള്ളിലേക്ക് എത്താൻ കാത്തിരുന്നില്ല. മൂന്ന് സെക്കൻഡ്, ഒരേയൊരു ഷിഫ്റ്റ്, ഇടം കാല്‍ ഷോട്ട്. പോസ്റ്റിന്റെ വലതുമൂലയിലേക്ക് ആ പന്ത് വളഞ്ഞിറങ്ങി. ഡെംബെലെ ഡബിള്‍.
ശേഷം എന്ത് സംഭവിച്ചുവെന്ന ആദ്യ ചോദ്യത്തിനുള്ള ഉത്തരമാണിനി. അതൊരു സാധാരണ ഗോളായി അടയാളപ്പെടുത്താനാകില്ല. ഫ്രാൻസ് കേവലമൊരു വ്യക്തികേന്ദ്രീകൃത ടീമല്ല, അതൊരു കളക്റ്റീവ് ഫുട്ബോളിന്റെ ഉദാഹരണമാണെന്നത് തെളിഞ്ഞ സന്ദര്‍ഭം. 31-ാം മിനുറ്റിലെ 55-ാം സെക്കൻഡില്‍ ഫ്രഞ്ച് പടയുടെ ബോക്സില്‍ നിന്നാണ് ആരംഭം. 45 സെക്കൻഡിനിടയില്‍ 17 കംപ്ലീറ്റഡ് പാസുകള്‍, ഡെംബലയിലേക്ക് ചുവമേനി അവസരം നീട്ടിനല്‍കുന്ന നിമിഷം ഫ്രഞ്ച് പക്ഷത്തെ 10 പേരും കുറഞ്ഞത് ഒരുതവണയെങ്കിലും ട്രിയോൻഡയില്‍ തൊട്ടിരുന്നു. അതും ഇടമുറിയാതെ.
വീണ്ടുമൊരു മൂന്ന് സെക്കൻഡുകള്‍ മാത്രമാണ് ഡെംബെലെയ്ക്ക് ആവശ്യമായി വന്നത്. ബോക്സിനുള്ളില്‍ ഗോളി ഉള്‍പ്പെടെ ഒൻപത് നോര്‍വെ താരങ്ങള്‍ അപ്പോഴുണ്ടെന്ന് ഓര്‍ക്കണം. മൂന്ന് സെക്കൻഡിനിടയില്‍ തനിക്ക് സ്പേസ് കണ്ടെത്തുന്നതിനായി മൂന്ന് ഷിഫ്റ്റുകള്‍ ഡെംബെലെ എടുത്തു, ശേഷം ആ ഇടം കാല്‍ വീണ്ടും പോസ്റ്റിനുള്ളിലേക്ക് പന്തിനെ എത്തിച്ചു. 32-ാം മിനുറ്റില്‍ വിശ്വവേദിയില്‍ ഹാട്രിക്ക്.
പാരീസ് സെന്റ് ജര്‍മനായി കിരീടങ്ങളും ഗോളും ശീലമാക്കിയ ഡെംബെലെ എന്തുകൊണ്ട് ഫ്രാൻസിനായി അതേ താളത്തില്‍ പന്തുതട്ടുന്നില്ല എന്ന ചോദ്യം ഏറെക്കാലമായി അന്തരീക്ഷത്തിലുണ്ട്. അതിന്റെ ഉത്തരമായിരുന്നു ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍. ഫ്രാൻസിന്റെ വിഖ്യാത ജഴ്സിയില്‍ ഹാട്രിക്ക് നേടാനായി അയാള്‍ക്ക് കാത്തിരിക്കേണ്ടി വന്നത് 62 മത്സരങ്ങളാണ്. അപ്പോഴും ആ പേരിനൊപ്പം 11 ഗോളുകള്‍ മാത്രമാണുള്ളത്, ആറ് അസിസ്റ്റുകളും.
1958ല്‍ ജസ്റ്റ് ഫൊന്റൈനും 2022ല്‍ കിലിയൻ എംബാപെയ്ക്കും ശേഷം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഫ്രാൻസ് താരമാകാൻ ഡെംബെലെയ്ക്ക് ബോസ്റ്റണില്‍ സാധിച്ചു. ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോള്‍ കോണ്‍ട്രിബ്യൂഷനുകള്‍. നാല് ഗോളും ഒരു അസിസ്റ്റും. ഗോള്‍ഡൻ ബൂട്ടില്‍ ലയണല്‍ മെസിക്ക് പിന്നിലായി എംബാപെയ്ക്കും ഹാളണ്ടിനും വിനീഷ്യസിനും ഒപ്പം ഡെംബെലെയും.
തന്റെ പിഎസ്ജിയിലെ തന്റെ സുഹൃത്ത് ക്വരാസ്കേലിയുടെ ഗോളാഘോഷം അനുകരിച്ചായിരുന്നു ഡെംബെലെ ഹാട്രിക്ക് ആഘോഷിച്ചതും. ഐസ് ഇൻ മൈ വെയിൻസ് എന്നാണ് ക്വരാസ്കേലിയയുടെ ആഘോഷത്തിന്റെ അര്‍ത്ഥം. ബോസ്റ്റണില്‍ ഡെംബെലെയും അങ്ങനെയായിരുന്നല്ല. വളരെ അനായാസമെന്ന് തോന്നിക്കുന്ന ഐഡന്റെറ്റിക്കലായുള്ള മൂന്ന് ഗോളുകള്‍. ഒന്ന് വലം കാലില്‍ നിന്നായിരുന്നു എന്നത് മാത്രമാണ് വ്യത്യാസമായി കാണാൻ പോലും കഴിയുന്നത്. എ മാസ്റ്റര്‍ അറ്റ് വര്‍ക്ക് എന്നൊക്കെ പറയാൻ കഴിയും.
ഡെംബെലെ, എംബാപെ, ഒലിസെ, ഡെസിറെ ഡുവെ...എതിരാളികള്‍ക്ക് ഈ നാല്‍വര്‍ സംഘം എത്രത്തോളം കഠിനമായിരിക്കുമെന്ന് നോര്‍വെയ്ക്ക് എതിരായ ആദ്യ പകുതി തന്നെ തെളിഞ്ഞിരുന്നു, 14 ഷോട്ടുകളാണ് ഗോള്‍മുഖത്തേക്ക് പാഞ്ഞെത്തിയത് പോലും. എംബാപെയും ഒലിസയും സ്കോര്‍ബോര്‍ഡില്‍ ഇടം പിടിക്കാതിരുന്നത് നേരിയ വ്യത്യസങ്ങള്‍ക്കൊണ്ട് മാത്രവുമാണ്.
ലോകകപ്പിലെ ഡെംബെലെയുടെ ഏറ്റവും മികച്ച പ്രകടനം ഇതാണോ, അല്ല എന്നാണ് ഡെംബെലെ തന്നെ വിലയിരുത്തിയത്. സെനഗലിനും ഇറാഖിനുമെതിരായ മത്സരങ്ങളില്‍ കളത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താൻ തനിക്കായി എന്നാണ് താരം പറഞ്ഞുവെച്ചത്. ഈ ഫോം മുന്നോട്ടുള്ള മത്സരങ്ങളിലും തുടരനായാല്ല ബാലൻ ദി ഓര്‍ ഒരിക്കല്‍ക്കൂടി ആ കൈകളിലെത്തിയേക്കും.


