
Form is temporary, class is permanent. That's Mohammed Shami! വിശ്വവേദിയില്‍ സാക്ഷാല്‍ ഗ്ലെൻ മഗ്രാത്തിനേക്കാള്‍ മികവ് പുലര്‍ത്തിയവൻ. ആ പേരിനോട് അജിത് അഗാര്‍ക്കര്‍ മുഖം തിരിച്ച് നില്‍ക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി, രഹസ്യമായല്ല, പരസ്യമായി തന്നെ. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒരു സ്പെല്‍. ഐപിഎല്ലിലെ ഏറ്റവും എക്‌സ്പ്ലോസീവായ സണ്‍റൈസേഴ്‌സിന്റെ ബാറ്റിങ് നിരയ്ക്ക് ഒരു ബൗണ്ടറിപോലും അയാള്‍ക്ക് എതിരെ നേടാനായില്ല. നാല് ഓവര്‍, 18 ഡോട്ട് ബോളുകള്‍, ഒൻപത് റണ്‍സ് മാത്രം, രണ്ട് വിക്കറ്റ്.
കായികക്ഷമതയുടെ അഭാവമുണ്ടെന്നും, അഭ്യന്തര ക്രിക്കറ്റിലൂടെ തെളിയക്കണമെന്നും വാശിപിടിച്ച അഗാര്‍ക്കറിനും ഷമി കാത്തുവെച്ച പ്രകടനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാരെ രണ്ട് ദിവസം മുൻപ് ദയയില്ലാതെ നേരിട്ട ട്രാവിഷേക് സഖ്യത്തിന് തുടക്കത്തിലെ ഷമി ഒരുക്കിയതൊരു ഡെത്ത് ഓവര്‍ ആയിരുന്നു. സ്വിങ്ങിനും സീമിനും പേരുകേട്ട അയാള്‍ യോര്‍ക്കറുകള്‍ക്കൊണ്ടും സ്ലോ ബോളുകള്‍ക്കൊണ്ടും ഇരുവരുടേയും ബാറ്റിലെ തീ കെടുത്തുകയായിരുന്നു.
രണ്ട് ഇൻസ്വിങ്ങറുകള്‍ക്കൊണ്ടായിരുന്നു ഹെഡിനെ വരവേറ്റത്. മൂന്നാമത് ഇൻസ്വിങ് യോര്‍ക്കര്‍. അഭിഷേകിന് ലെഗ് സ്റ്റമ്പ് ലക്ഷ്യമാക്കിയായിരുന്നു സമാനപന്തെത്തിയത്. ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു ഷമി തന്ത്രം തിരുത്തിയത്. അതുവരെ അഭിഷേകിന്റേയും ഹെഡിന്റേയും സ്റ്റമ്പുകളെ ലക്ഷ്യമിട്ടെങ്കില്‍ ഇത് ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലൊരു സ്ലോ സ്ലോട്ട് ബോള്‍ ആയിരുന്നു. അഭിഷേകിന്റെ സ്ട്രോങ് സോണില്‍ തന്നെ.
ടെംപ്റ്റിങ്ങായ ആ ബോളില്‍ അഭിഷേക് ലോങ് ഓണിനും കവറിനും ഇടയിലൂടെ ലോഫ്റ്റഡ് ഷോട്ടിന് ശ്രമിക്കുന്നു. ഔട്ട്സൈഡ് എഡ്ജില്‍ ഷോര്‍ട്ട് തേഡിലുണ്ടായിരുന്ന സിദ്ധാര്‍ത്ഥിന്റെ കൈകളില്‍ അഭിഷേകിന്റെ ഇന്നിങ്സ് അവസാനിക്കുന്നു, ഡക്ക്.
ട്രാവിസ് ഹെഡിനെ ഡഗൗട്ടിലേക്ക് മടക്കിയതും സ്ലോ ബോളായിരുന്നു. ഷോര്‍ട്ട് ഓഫ് ദ ലെങ്തില്‍ ഒരു സ്കാമ്പിള്‍ഡ് സീം ഡെലിവെറി. വേഗത മണിക്കൂറില്‍ കേവലം 121 മാത്രം. പ്രതിരോധത്തിന് ശ്രമിച്ച ഹെഡിന്റെ ബാറ്റില്‍ നിന്ന് പന്ത് സഞ്ചരിച്ചത് മിഡ് ഓഫിലുണ്ടായിരുന്ന എയ്‌ഡൻ മാര്‍ക്രത്തിലേക്ക്. ഷമിക്കെതിരായ അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ് പൂജ്യം. ഹെഡിന്റേത് ഇരുപതും. പേസ് വേരിയേഷനുകള്‍ക്കൊണ്ട് ലിയാം ലിവിങ്സ്റ്റണിനെ കുഴപ്പിച്ചു.
അഞ്ചാം ഓവറിലെ രണ്ടാം പന്ത് ഫോര്‍ത്ത് സ്റ്റമ്പ് ലൈനിലൊരു ഇൻസ്വിങ്ങര്‍. ഇൻസൈഡ് എഡ്ജ് സംഭവിച്ച ശേഷം പന്ത് സ്റ്റമ്പിനെ തൊട്ടുരുമിയാണ് റിഷഭ് പന്തിന്റെ കൈകളിലേക്ക് എത്തിയത്. ലിവിങ്സ്റ്റണ്‍ ക്ലൂലെസായി അവിടെ കാണാപ്പെട്ടു. ലിവിങ്സ്റ്റണ്‍ മാത്രമായിരുന്നില്ല ഷമിക്കെതിരെ ക്രീസില്‍ നിലയുറപ്പിച്ച ഹൈദരാബാദ് ബാറ്റര്‍മാരുടെയെല്ലാം സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ക്രീസുവിട്ടിറങ്ങിയുള്ള ലിവിങ്സ്റ്റണിന്റെ ശ്രമങ്ങളെപ്പോലും ഷമിയുടെ പന്തുകള്‍ നിര്‍വീര്യമാക്കി.
പവര്‍പ്ലേയില്‍ മൂന്ന് ഓവറുകളും എറിഞ്ഞത് ഷമിയായിരുന്നു. ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍. പിന്നീട് വലം കയ്യൻ പേസര്‍ പന്തെടുക്കുന്നത് ഒൻപതാം ഓവര്‍, വിട്ടുകൊടുത്തത് രണ്ട് റണ്‍സ്. ഹെഡിനും അഭിഷേകിനും ലിവിങ്സ്റ്റണും പകരം നിതീഷ് കുമാര്‍ റെഡ്ഡിയും ഹെൻറിച്ച് ക്ലാസനുമായിട്ടും കാര്യമുണ്ടായില്ല. ഹൈദരാബാദിന്റെ വെടിക്കെട്ടുകാര്‍ക്ക് 24 പന്തുകളില്‍ നിന്ന് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കാനായത് ഒൻപത് റണ്‍സ് മാത്രം. മോശം ഫോമിന്റെ പേരില്‍ കഴിഞ്ഞ സീസണില്‍ തന്നെ പുറത്തിരുത്തിയ, കൈവിട്ടുകളഞ്ഞ അതേ ഹൈദരാബാദിനെതിരെയാണ് ഷമിയുടെ പ്രകടനം.
ബാറ്റര്‍മാരുടെ പറുദീസയായി മാറുന്ന ടി20 മൈതാനങ്ങളില്‍ ബൗളര്‍മാരുടെ പ്രസക്തി തന്നെ ഇല്ലാതാകുന്നുവെന്ന ശക്തമായ അഭിപ്രായങ്ങള്‍ ഇതിഹാസങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്ന കാലമാണ്. ബൗളര്‍മാര്‍ എങ്ങനെ തങ്ങളെ കളിയുടെ വേഗത്തിനൊപ്പം നിലനിര്‍ത്തണമെന്നതിന്റെ ക്ലാസിക്ക് ഉദാഹരണമായി മാറുകയായിരുന്നു ഷമിയുടെ പ്രകടനം. 140-150 കിലോമീറ്റര്‍ വേഗത ക്ലിക്ക് ചെയ്യുന്നതല്ല എഫക്റ്റീവ്, മറിച്ച് ബാറ്റര്‍മാരെ കുഴക്കുന്ന പേസ് വേരിയേഷനുകളും സ്ലോ ബോളുകളുമാണെന്നത് തെളിയിക്കപ്പെട്ടു.
ഷമി മാത്രമല്ല ഈ പാത പിന്തുടരുന്നത്. കാലങ്ങളായി ജസ്പ്രിത് ബുമ്ര ഈ ആയുധം ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നത് ദക്ഷിണാഫ്രിക്കയുടെ ലുംഗി എൻഗിഡിയാണ്. ബാറ്റര്‍മാരുടെ ഈഗോയെ വെല്ലുവിളിച്ചുകൊണ്ട് പ്രതിരോധം തീര്‍ക്കുന്ന ബൗളര്‍മാര്‍. ടി20 ക്രിക്കറ്റ് ബൗളര്‍മാരുടെ മാത്രം ദുസ്വപ്നമല്ല എന്ന് ഷമി ഓര്‍മിപ്പിക്കുകയാണ്.