ഐപിഎല്‍ 2026: ബൗളിങ്ങില്‍ മാത്രമല്ല പ്രശ്നം, മുംബൈയുടെ വീഴ്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍

Published : Apr 13, 2026, 12:53 PM IST
Mumbai Indians

Synopsis

ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളുണ്ടായിട്ടും ഐപിഎല്ലില്‍ പോയിന്റ് പട്ടികയുടെ അടുത്തട്ടിലേക്ക് മുംബൈ എടുത്തെറിയപ്പെട്ടതിന്റെ കാരണം എന്തായിരിക്കും

ദൈവത്തിന്റെ പോരാളികളൊക്കെയാണ്, ദൈവം സാക്ഷി തന്നെ വീണ്ടും വീണിരിക്കുന്നു. നാലില്‍ മൂന്നും പരാജയപ്പെട്ട് ഹാര്‍ദിക്ക് പാണ്ഡ്യയൊന്ന് തിരിഞ്ഞു നോക്കിയാല്‍ കടലാസില്‍ മാത്രമായി മുംബൈ ഇന്ത്യൻസിന്റെ കരുത്ത് ചുരുങ്ങിയത് കാണാനാകും. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളുണ്ടായിട്ടും ഐപിഎല്ലില്‍ പോയിന്റ് പട്ടികയുടെ അടുത്തട്ടിലേക്ക് മുംബൈ എടുത്തെറിയപ്പെട്ടതിന്റെ കാരണം എന്തായിരിക്കും. അത് മധ്യനിര ബാറ്റര്‍മാരില്‍ തുടങ്ങി ബൗളിങ്ങില്‍ വരെ നീണ്ടു നില്‍ക്കുന്നതാണ് എന്ന് പറയാം.

ബാറ്റിങ്ങ് നിരയിലെ പ്രശ്നങ്ങളിലേക്ക് ആദ്യം വരാം. സീസണില്‍ ഏറ്റവും സ്ഥിരതയും ആധിപത്യവും പുലര്‍ത്തുന്ന മൂന്ന് ടീമുകള്‍. രാജസ്ഥാൻ റോയല്‍സ്, പഞ്ചാബ് കിങ്സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മൂവരുടേയും ജയത്തിന്റെ ആധാരം കേവലം പവര്‍പ്ലേ ഹിറ്റിങ് മാത്രമല്ല, മറിച്ച് മധ്യഓവറുകളെ അവരുടെ ബാറ്റര്‍മാരും ബൗളര്‍മാരും എങ്ങനെ ഡൊമിനേറ്റ് ചെയ്യുന്നുവെന്നുകൂടി അടിസ്ഥാനപ്പെടുത്തിയാണ്.

രാജസ്ഥാനില്‍ ആ ചുമതല വഹിക്കുന്നത് ദ്രുവ് ജൂറലാണ് പ്രധാനമായും. 181 സ്ട്രൈക്ക് റേറ്റില്‍ 176 റണ്‍സിതുവരെ. പഞ്ചാബിനായി ശ്രേയസ് അയ്യര്‍, 187 സ്ട്രൈക്ക് റേറ്റില്‍ 137 റണ്‍സ്. ബെംഗളൂരുവിന് നായകൻ രജത് പാട്ടിദാറും ദേവദത്ത് പടിക്കലും. 214 സ്ട്രൈക്ക് റേറ്റിലാണ് പാട്ടിദാര്‍ 195 റണ്‍സ് ഇതുവരെ നേടിയത്. പടിക്കല്‍ 201 സ്ട്രൈക്ക് റേറ്റില്‍ 125 റണ്‍സും.

മുംബൈ മധ്യനിര ബാറ്റര്‍മാരുടെ കണക്കുകള്‍ നിരത്തുമ്പോള്‍ വ്യത്യാസം പ്രകടമാണ്. തിലക് വര്‍മ നാല് കളികളില്‍ നിന്ന് 35 റണ്‍സാണ് സ്കോര്‍ ചെയ്തത്, സ്ട്രൈക്കറ്റ് റേറ്റ് കേവലം 120. സൂര്യകുമാര്‍ യാദവ് ഭേദപ്പെട്ട പ്രകടനം മാത്രം കാഴ്ചവെക്കുന്നു, ഹാര്‍ദിക്ക് പാണ്ഡ്യ 67 റണ്‍സ് പേരിലേക്ക് ചേര്‍ത്തു. ശ്രേയസിന്റെയോ ജൂറലിന്റെയോ പാട്ടിദാറിന്റയെ സ്ട്രൈക്ക് റേറ്റിനൊപ്പം പോയിട്ട് അടുത്തെത്താൻ പോലും കഴിഞ്ഞിട്ടില്ല മുംബൈ ബാറ്റര്‍മാര്‍ക്ക്.

കൊല്‍ക്കത്തയ്ക്ക് എതിരായ ഒരു മത്സരത്തില്‍ മാത്രമാണ് മധ്യ ഓവറുകളില്‍ അനായാസം മുംബൈ സ്കോര്‍ ചെയ്തത്. അതിന് കാരണം മേല്‍പ്പറഞ്ഞവരായിരുന്നില്ല, രോഹിത് ശര്‍മയും റിയാല്‍ റിക്കല്‍ട്ടണുമായിരുന്നു. ലഭിച്ച തുടക്കം അതേ വേഗത്തില്‍ തുടരാൻ ഇരുവര്‍ക്കും കഴിഞ്ഞതാണ് കാര്യങ്ങള്‍ പിന്നീട് വന്നവര്‍ക്ക് എളുപ്പമാക്കിയത്. സൂര്യ-തിലക്-ഹാര്‍ദിക്ക് ത്രയത്തിന്റെ തിരിച്ചുവരവായിരിക്കും ഏറ്റവും നിര്‍ണായകമാകുക ഇനി.

ജസ്പ്രിത് ബുമ്ര, ട്രെൻ ബോള്‍ട്ട്, ഹാര്‍ദിക്ക്, മിച്ചല്‍ സാന്റനര്‍ - ലോകത്തിലെ ഏത് ടി20 ലൈനപ്പിലേക്കും കയറിച്ചെല്ലാൻ കഴിയുന്നവര്‍. മുംബൈ ബൗളിങ് നിരയിലെ പ്രധാനികള്‍. സീസണിലെ ബൗളിങ് പ്രകടനമെടുത്താല്‍ ഏറ്റവും മോശം മുംബൈയുടേതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. എന്നാല്‍ സംഭവിക്കുന്നത് അതാണ്. സീസണിലെ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഏറ്റവും കുറവ് വിക്കറ്റ് എടുത്തിരിക്കുന്ന ബൗളിങ് നിര മുംബൈയുടേതാണ്, 14 വിക്കറ്റുകള്‍ മാത്രം.

റണ്‍സ് വഴങ്ങുന്ന കാര്യത്തിലും മുൻപന്തിയിലാണ്. ശരാശരി ഒരു ഓവറില്‍ 11.1 റണ്‍സാണ് മുംബൈ വഴങ്ങുന്നത്. മറ്റൊരുടീമിന്റേയും ശരാശരി എക്കോണമി 11 താണ്ടിയിട്ടില്ല. ഏകദേശം അഞ്ച് ഓവറുകള്‍ എറിയുമ്പോഴാണ് മുംബൈക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താനാകുന്നത്. ജസ്പ്രിത് ബുമ്ര സീസണില്‍ ഇതുവരെ ഒരു ബാറ്ററെപ്പോലും മടക്കിയിട്ടില്ല എന്നതാണ് മുംബൈയെ വലയ്ക്കുന്ന ഒന്ന്. പക്ഷേ, ബുമ്ര ഹൈലി എക്കോണമിക്കലാണ്, 8.2 ആണ് സീസണിലെ വലം കയ്യൻ പേസറുടെ എക്കോണമി.

ബെംഗളൂരു 240 റണ്‍സ് സ്കോര്‍ ചെയ്തപ്പോള്‍ ബുംറയുടെ എക്കോണമി 8.75 മാത്രമായിരുന്നു. വിക്കറ്റിന്റെ അഭാവമുണ്ടെങ്കിലും ക്ലാസ് ഈസ് പെര്‍മെനന്റ് എന്ന് പറയുന്നത് പോലെയാണ് ബുമ്രയുടെ കാര്യം. ബുമ്രയ്ക്ക് കാര്യമായ പിന്തുണ മറുവശത്ത് നിന്ന് ലഭിക്കുന്നില്ല എന്നതാണ് ചൂണ്ടിക്കാണിക്കാനുള്ളത്. ഇവിടെ ബോള്‍ട്ടിന്റെ ഫോമാണ് വില്ലൻ, മൂന്ന് കളികളില്‍ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് ബോള്‍ട്ട് ഇതുവരെ നേടിയത്. താരത്തിന്റെ എക്കോണമി 12 താണ്ടിയിരിക്കുന്നു. പവര്‍പ്ലേ - ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റിന് തന്റെ പേരിനൊത്ത് തിളങ്ങാനായിട്ടില്ല.

ബെംഗളൂരുവിനെതിരെ നാല് ഓവറുകളിലാണ് മുംബൈ ബൗളര്‍മാര്‍ 20 റണ്‍സിലധികം വഴങ്ങിയത്. രണ്ട് തവണ മായങ്ക് മാര്‍ഖണ്ഡെയും ഒന്ന് വീതം ശാര്‍ദൂല്‍ താക്കൂറും സാന്റനറും. റണ്‍ നിലങ്ങളാണ് ഇന്ന് ഐപിഎല്‍ മൈതാനങ്ങള്‍. വിക്കറ്റ് വീഴുന്നതിന്റെ കാരണമെടുത്താല്‍ പൊതുവെ കാണുന്നത് ഒരുകാര്യമാണ്. റണ്‍വരള്‍ച്ചയുണ്ടാകുന്ന ഓവറുകള്‍ ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദമുണ്ടാക്കുകയും അടുത്ത ഓവറുകളില്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ച് പുറത്താകുന്നതും. മുംബൈക്ക് സമ്മര്‍ദം ചെലുത്താൻ നിലവില്‍ ബുമ്ര മാത്രമാണുള്ളത്.

റെഡ് ഹോട്ട് ഫോമിലുള്ള പഞ്ചാബ് കിങ്സാണ് അടുത്ത എതിരാളികള്‍. വിജയവഴിയില്‍ തിരിച്ചെത്താൻ അഴിച്ചുപണികള്‍ അനിവാര്യമാണ്.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: കോലിയെ വാംഖഡെ കാത്തിരിക്കുന്നു, കണക്കുതീര്‍ക്കുമോ മുംബൈ ഇന്ത്യൻസ്?
ഐപിഎല്‍ 2026: ഹേസല്‍വുഡിനെയൊക്കെ തൂക്കി; വൈഭവിന് എന്ത് കോലിപ്പട, എന്ത് ആ‍ര്‍സിബി