ഐപിഎല്‍ 2026: മൂന്ന് സ്ഥാനം, ഏഴ് ടീമുകള്‍; ഐപിഎല്‍ ക്ലൈമാക്‌സിലേക്ക്, പ്ലേ ഓഫ് ആര് നേടും?

Published : May 18, 2026, 02:48 PM IST
Chennai Super Kings

Synopsis

13 റൗണ്ടുകള്‍ക്കൊടുവില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ സംഘമായി നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ഒരു ത്രില്ലര്‍ സിനിമപോലെ ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ രണ്ടാം പകുതി. വീണവര്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കുന്നു, കുതിച്ചവര്‍ കിതയ്ക്കുന്നു. ഐപിഎല്‍ പീക്കിലേക്ക് കടക്കുന്ന ക്ലൈമാക്‌സ് ഘട്ടം.

13 റൗണ്ടുകള്‍ക്കൊടുവില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ സംഘമായി നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 18 വര്‍ഷത്തെ കാത്തിരിപ്പ് അഹമ്മദാബാദില്‍ അവസാനിപ്പിക്കുമ്പോള്‍ അത് കിരീടരാവുകളുടെ ഒരു ആരംഭമായിരിക്കുമെന്ന സൂചനയാണ് വിരാട് കോലിയും കൂട്ടരും സീസണിലുടനീളം നല്‍കുന്നത്. ഇനി മൂന്ന് സ്ഥാനങ്ങള്‍ അവശേഷിക്കുന്നു, അവസാന നാലില്‍ എത്തിപ്പെടാൻ ഏഴ് ടീമുകളും. പ്ലേ ഓഫ് സാധ്യതകള്‍ എങ്ങനെ?

ഒരു മത്സരം അവശേഷിക്കെ 16 പോയിന്റുമായി പട്ടികയില്‍ ബെംഗളൂരുവിന് പിന്നിലാണ് ഗുജറാത്ത് ടൈറ്റൻസ്, രണ്ടാം സ്ഥാനത്ത്. സുരക്ഷിതമായ സ്ഥാനത്താണ് ഗുജറാത്തെങ്കിലും ഔദ്യോഗികമായി പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ഹൈദരാബാദ് ജയിക്കുകയാണെങ്കില്‍ ഗുജറാത്തിന് അവസാന നാലിലേക്ക് കടക്കാനാകും, അല്ലെങ്കില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് രാജസ്ഥാൻ റോയല്‍സിനെ കീഴടക്കണം. ലീഗ് ഘട്ടത്തിലെ ഗുജറാത്തിന്റെ അവസാന പോരാട്ടം ചെന്നൈക്കെതിരെയാണ്, വിജയിക്കാനായാല്‍ ടോപ് ടൂ സാധ്യതകളും സജീവമാക്കാം.

14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. ചെന്നൈയും ബെംഗളൂരുവുമാണ് ഇനിയുള്ള എതിരാളികള്‍. ഒരു ജയം ഹൈദരാബാദിനെ പ്ലേ ഓഫിലേക്ക് നയിക്കും. രണ്ടും പരാജയപ്പെടുകയാണെങ്കില്‍ മറ്റ് ടീമുകളുടെ ഫലമായിരിക്കും കമ്മൻസിനും കൂട്ടര്‍ക്കും നിര്‍ണായകമാകുക. ഒന്നിലധികം ടീമുകള്‍ 16 പോയിന്റിലെത്താനുള്ള സാധ്യതയുമുണ്ട്, നെറ്റ് റണ്‍ റേറ്റ് പ്രധാന റോള്‍ വഹിക്കും.

ആറ് തുടര്‍ പരാജയങ്ങള്‍ പഞ്ചാബ് കിങ്സിന്റെ പ്ലേ ഓഫ് സ്വപ്നം തുലാസിലാക്കിയിരിക്കുകയാണ്. 13 പോയിന്റുള്ള പഞ്ചാബിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ലഖ്നൗവാണ് എതിരാളികള്‍. വിജയിക്കുകയാണെങ്കില്‍ 15ലേക്ക് എത്താം. ഇവിടെ പഞ്ചാബിന് മറ്റ് ടീമുകളുടെ സഹായം ആവശ്യമാണ്. ചെന്നൈ, ഹൈദരാബാദ്, രാജസ്ഥാൻ എന്നിവരില്‍ ഒരു ടീം മാത്രമെ 16 പോയിന്റിലേക്ക് എത്താവു. കൊല്‍ക്കത്ത അവശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്നില്‍ പരാജയപ്പെടുകയും വേണം.

രണ്ടാം പകുതിയിലെ കുതിപ്പ് തൂണച്ച ടീമാണ് ചെന്നൈ. രണ്ട് മത്സരങ്ങള്‍ റുതുരാജ് ഗെയ്ക്വാദിന് മുന്നിലുണ്ട്. ഹൈദരാബാദും ഗുജറാത്തുമാണ് എതിരാളികള്‍. രണ്ടും വിജയിക്കുകയാണെങ്കില്‍ 16 എന്ന സുരക്ഷിതസംഖ്യയിലേക്ക് എത്താനാകും. ബെംഗളൂരു ഹൈദരാബാദിനേയും രാജസ്ഥാൻ ഒരു മത്സരം പരാജയപ്പെടുകയും ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും ചെന്നൈക്ക്, നെറ്റ് റണ്‍ റേറ്റിനെ ആശ്രയിക്കേണ്ടി വരില്ല.

ചെന്നൈക്ക് സമാനമായി 12 പോയിന്റാണ് രാജസ്ഥാനുമുള്ളത്. ഇനിയുള്ള മത്സരങ്ങള്‍ ലഖ്നൗവും മുംബൈയുമായാണ്. രണ്ടും വിജയിക്കുകയാണെങ്കില്‍ പ്ലേ ഓഫിലേക്ക് ഡയറക്റ്റ് എൻട്രി. നെറ്റ് റണ്‍റേറ്റിന്റെ സഹായമില്ലാതെ പ്ലേ ഓഫിലേക്ക് എത്തണമെങ്കില്‍ ഹൈദരാബാദ് അല്ലെങ്കില്‍ ചെന്നൈ 16 പോയിന്റില്‍ സീസണ്‍ അവസാനിപ്പിക്കണം. 14 പോയിന്റിലും രാജസ്ഥാന് പ്ലേ ഓഫ് കടക്കാം, പക്ഷേ മറ്റ് ടീമുകള്‍ കനിയണമെന്ന് മാത്രം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 11 പോയിന്റാണുള്ളത്. മുംബൈയേയും ഡല്‍ഹിയേയും പരാജയപ്പെടുത്തിയാലും 15 പോയിന്റിലേക്കെ എത്താൻ സാധിക്കുകയുള്ളു. പഞ്ചാബ് അവസാന മത്സരം പരാജയപ്പെടണം, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ എന്നീ ടീമുകളില്‍ ഒരു സംഘമെ 16 പോയിന്റിലേക്കും എത്താവു. ഈ സിനാറിയോയില്‍ കൊല്‍ക്കത്തയ്ക്ക് അസാധാരണമായൊരു തിരിച്ചുവരവ് നടത്താൻ കഴിയും.

പ്ലേ ഓഫ് റേസില്‍ ഏറ്റവും സാധ്യതകുറഞ്ഞ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഒരു മത്സരം അവശേഷിക്കെ 12 പോയിന്റാണ് ഡല്‍ഹിക്കുള്ളത്. കൊല്‍ക്കത്തയ്ക്ക് എതിരെയാണ് ഡല്‍ഹിയുടെ അവസാന പോരാട്ടം. രാജസ്ഥാനും ചെന്നൈയും അവസാന രണ്ട് മത്സരങ്ങളും പരാജയപ്പെടണം, ലഖ്നൗ പഞ്ചാബിനേയും കീഴടക്കണം. ഇങ്ങനെ സാഹചര്യം ഒരുങ്ങുകയാണെങ്കില്‍ ഡല്‍ഹിക്ക് 14 പോയിന്റുമായി അവസാന നാല് ഉറപ്പിക്കാം.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ധോണിയേയും കോലിയേയും പിടിച്ചുകെട്ടിയവൻ, ഐപിഎല്ലിലെ ഇതിഹാസം നരെയ്‌നോ?
ഐപിഎല്‍ 2026: പോണ്ടിങ്ങിന് പിഴച്ചോ? പഞ്ചാബിന്റെ വീഴ്‌ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍