
ഏപ്രില്‍ 28, മുലൻപൂര്‍. ഏഴാം ജയം സ്വപ്നം കണ്ടെത്തിയ ശ്രേയസ് അയ്യരിനേയും സംഘത്തേയും സംഗക്കാരയുടെ കുട്ടികള്‍ ദയകാണിക്കാതെ കീഴടക്കിയ ദിവസം. ഒരൊറ്റ സ്ലിപ്പ്, പഞ്ചാബ് കിങ്സിന്റെ മൊമന്റം അപ്പാടെ ഷിഫ്റ്റ് ചെയ്യപ്പെട്ടു ആ രാത്രി. പിന്നീട് ഗുജറാത്ത് ടൈറ്റൻസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യൻസ്. അഞ്ച് തുടര്‍ തോല്‍വികള്‍. പ്ലേ ഓഫ് മാത്രമല്ല, കിരീടവും ഉറപ്പിച്ച ആദ്യ പകുതിയില്‍ നിന്ന് അവസാന നാലിലെത്താൻ വിയര്‍ക്കുകയാണ് പഞ്ചാബ്. റിക്കി പോണ്ടിങ്ങിന്റെ തന്ത്രങ്ങള്‍ക്കും ശ്രേയസ് അയ്യരിന്റെ നായകമികവിനും അവരെ രക്ഷിക്കാനാകുന്നില്ല. പഞ്ചാബിന്റെ തിരിച്ചടികള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമാണ്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പോണ്ടിങ്ങിന്റെ തന്ത്രത്തില്‍ ജനിച്ച ടീമിന്റെ ഘടനയാണ്. മുലൻപൂരും ധരംശാലയുമെല്ലാം കാത്തുവെച്ചത് ബാറ്റിങ് പറുദീസകളാണ്, ഇവ രണ്ടും മാത്രമല്ല, ഐപിഎല്ലിലെ മിക്ക മൈതാനങ്ങളും. ഇതിന് യോജിച്ച രൂപത്തിലാണ് പഞ്ചാബിന്റെ ബാറ്റിങ് നിര. പ്രഭ്‌സിമ്രാൻ സിങ്ങും പ്രിയാൻഷ് ആര്യയും നല്‍കുന്ന ഹൈലി എക്‌സ്പ്ലോസീവായ തുടക്കങ്ങള്‍, അതിന്റെ വേഗത കുറയാതെ നിയന്ത്രിക്കുന്ന മധ്യനിര. ഇവിടെ നിയന്ത്രണം നായകൻ ശ്രേയസിന്റെ ബാറ്റിലാണ്, വെല്‍ സെറ്റില്‍ഡായ ലോവര്‍ ഓര്‍ഡറും. പലപ്പോഴും ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിച്ചിരുന്നില്ല അവര്‍ക്ക്, അത്രത്തോളം സ്ഥിരതയുണ്ടായിരുന്നു പഞ്ചാബിന്റെ ടോപ്-മിഡില്‍ ഓര്‍ഡറിന്.
രണ്ടാം പകുതിയില്‍ ഈ ഘടനയെ ഏറെക്കുറെ പൂര്‍ണമായും മറികടക്കാൻ എതിരാളികള്‍ക്ക് സാധിച്ചു. രാജസ്ഥാനെതിരെ ഓപ്പണിങ് കൂട്ടുകെട്ട് പിരിയുന്നത് 37 റണ്‍സിലാണ്, ഗുജറാത്തിനെതിരെ രണ്ട് റണ്‍സില്‍. ഹൈദരാബാദിനെതിരെ നാല് റണ്‍സിനിടെ രണ്ട് പേരും മടങ്ങി. ഡല്‍ഹിക്കെതിരെ 78, മുംബൈക്കെതിരെ 50 എന്നിങ്ങനെ. തോല്‍വിയേറ്റുവാങ്ങിയ അഞ്ച് മത്സരങ്ങളില്‍ ഓപ്പണിങ് സഖ്യത്തിന്റെ സമ്പാദ്യം 171 റണ്‍സ്, ശരാശരി 34. വിജയിച്ച മത്സരങ്ങളില്‍ റണ്‍സിന്റേയും ശരാശിയും മേല്‍പ്പറഞ്ഞ കണക്കുകളുമായുള്ള അന്തരം വലുതാണ്. ശരാശരി 53, നേടിയ റണ്‍സ് 323.
ഓപ്പണിങ് കൂട്ടുകെട്ടിലെ ചെറിയ വീഴ്ച മധ്യനിരയുടെ ഉത്തരവാദിത്തം വര്‍ധിച്ചു. പക്ഷേ, അവസരത്തിനൊത്ത് ഉയരാൻ ശ്രേയസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ ശ്രേയസിന്റെ സ്കോര്‍ 30 കടന്നത് ഒരു തവണ മാത്രം, കൂപ്പര്‍ കനോലിയും സ്ഥിരത പുലര്‍ത്തുന്നില്ല. ശശാങ്ക് സിങ്ങും നേഹല്‍ വധേരയും ടൂര്‍ണമെന്റിലെ തന്നെ പഞ്ചാബിന്റെ സങ്കടങ്ങളാണെന്ന് പറയാം. മാര്‍ക്കസ് സ്റ്റോയിനിസിന്റെ പ്രകടനങ്ങള്‍ അവസാന ഓവറുകളില്‍ ആശ്വാസമാകുന്നുണ്ട്. എങ്കിലും സ്ഥിരത പ്രതീക്ഷിക്കാൻ മാത്രമുള്ള മികവ് സ്റ്റോയിനിസിനും പുലര്‍ത്താൻ കഴിഞ്ഞിട്ടില്ല ടൂര്‍ണമെന്റിലുടനീളം.
ബാറ്റിങ് നിരയിലെ പോരായ്മ ബൗളര്‍മാരുടെ ദൗര്‍ബല്യത്തെ എടുത്ത് കാണിച്ച ഒന്നാണെ്. ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ പഞ്ചാബിന്റെ ജയങ്ങളെടുക്കാം. ആറ് ജയങ്ങളില്‍ അഞ്ചും ജയിച്ചത് ചെയ്സ് ചെയ്യുമ്പോഴാണ്, ഇതില്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്‌സും ഉള്‍പ്പെടുന്നു. രണ്ടാം പകുതിയില്‍ പരാജയപ്പെട്ട അഞ്ചില്‍ നാലിലും പഞ്ചാബായിരുന്നു ആദ്യ ബാറ്റ് ചെയ്തിരുന്നത്. അനായാസം 230 പ്ലസ് പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ അവിടെ സംഭവിച്ചത്, ബൗളര്‍മാരുടെ പോരായ്മകളെ ബാറ്റിങ് നിര മറികടക്കുന്നതായിരുന്നു. പക്ഷേ, ബാറ്റര്‍മാരുടെ ഫോം ഇടിഞ്ഞപ്പോള്‍ ബൗളര്‍മാര്‍ക്ക് റോള്‍ വഹിക്കാനാകുന്നില്ല.
അര്‍ഷദീപ് സിങ്ങും യുസുവേന്ദ്ര ചഹലുമാണ് രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളിലുമായുള്ള പഞ്ചാബിന്റെ വിക്കറ്റ് ടേക്കര്‍മാര്‍. അര്‍ഷദീപ് 13 വിക്കറ്റുകള്‍ ഇതുവരെ നേടി, ചഹല്‍ ഒൻപതും. പക്ഷേ, ഇരുവരേയും പിന്തുണയ്ക്കാൻ മറ്റ് ബൗളര്‍മാരില്ല എന്നതാണ് പോരായ്മ. പവര്‍പ്ലേയിലും ഡെത്തിലും അര്‍ഷദീപിന്റെ പ്രധാന പങ്കാളി ദക്ഷിണാഫ്രിക്കയുടെ ഇടം കയ്യൻ പേസര്‍ മാര്‍ക്കൊ യാൻസണായിരുന്നു. സീസണില്‍ വിക്കറ്റ് നേടുന്നതില്‍ മാത്രമല്ല താളം കണ്ടെത്തുന്നതിലും പിന്നിലാണ് യാൻസണ്‍. 12 കളികളില്‍ നിന്ന് ഏഴ് വിക്കറ്റ് മാത്രമാണ് നേട്ടം, എക്കോണമിയാകട്ടെ 11ന് അടുത്തും. പഞ്ചാബ് ബൗളിങ്ങ് നിരയില്‍ എക്കോണമി ഒൻപതിന് താഴെയുള്ള ഒരാള്‍ പോലുമില്ല.
ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ ഫോം നഷ്ടപ്പെട്ട് തുടരുമ്പോള്‍ അവരെ സഹായിക്കാനാകാത്ത ഫീല്‍ഡര്‍മാര്‍ ആഘാതം വര്‍ധിപ്പിക്കുന്നു. ഇതുവരെ 20 ക്യാച്ചുകളാണ് പഞ്ചാബ് ഫീല്‍ഡര്‍മാര്‍ കൈവിട്ടത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം മാത്രം ഉദാഹരണമായി എടുക്കാനാകും. ഫീല്‍ഡര്‍മാര്‍ കൈവിട്ട് കളഞ്ഞ ജയങ്ങളാണ് പഞ്ചാബിന് രണ്ടാം പകുതിയില്‍ കൂടുതലും.
ഇനി രണ്ട് മത്സരങ്ങളാണ് പഞ്ചാബിന് അവശേഷിക്കുന്നത്. എതിരാളികള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൗ സൂപ്പര്‍ ജയന്റ്സും, രണ്ടും ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഒന്നോ രണ്ടോ മത്സരം പരാജയപ്പെട്ടാല്‍ മറ്റ് ഫലങ്ങളെ ആശ്രയിക്കേണ്ടി വരും.