
ആ ഐതിഹാസിക ജഴ്‌സിയില്‍ സഞ്ജു സാംസണ്‍ ഗ്യാലറികളിലേക്ക് പന്തിനെ ഇടതടവില്ലാതെ പറഞ്ഞയക്കുന്നതിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ക്രിക്കറ്റ് ഭൂമികയില്‍ അയാളോളം ആത്മവിശ്വാസം കൈമുതലായുള്ള താരങ്ങള്‍പ്പോലും ചുരുക്കമായിരിക്കും ഇന്ന്. പക്ഷേ, 11 മിനുറ്റിന്റെ ആയുസ് മാത്രമെ ഇന്ത്യയുടെ ലോകകപ്പ് ഹീറോയ്ക്ക് ഗുവാഹത്തിയിലെ വിക്കറ്റിലൂണ്ടായിരുന്നുള്ളു. ഓഫ് സ്റ്റമ്പ് നിലം പതിച്ചു. ബര്‍സപരയിലെ ഭൂതങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റര്‍മാരെ വേട്ടയാടുകയായിരുന്നു ചൊവ്വാഴ്ച രാത്രി.
കണ്ടുനിന്ന 118 പന്തുകള്‍, അവ ബാറ്റര്‍മാരില്‍ തീര്‍ത്ത ഭീതി. എന്നാല്‍ ഇതൊന്നും ബാധിക്കാതെ ആ 15 വയസുകാരൻ മൈതാനത്തേക്ക് എത്തി. പ്രതിരോധം മാര്‍ഗം സ്വീകരിക്കാം എന്ന ചിന്തയിലാണ് ക്രീസിലേക്ക് ചുവടുവച്ചത്. സ്വഭാവികമായ ചേതനകളെ പിടിച്ചുനിര്‍ത്താനാകില്ലല്ലോ, രാജസ്ഥാൻ റോയല്‍സിന് വേണ്ടതും അത് തന്നെയായിരുന്നു.
യശസ്വി ജയ്സ്വാള്‍ കരുതല്‍ തിരഞ്ഞെടുത്തപ്പോള്‍ മാറ്റ് ഹെൻറിയുടെ ഷോര്‍ട്ട് ബോളിനെ ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയര്‍ത്തിയടിച്ചാണ് അവൻ തുടങ്ങിയത്. പക്ഷേ, പിഴച്ചു. കാര്‍ത്തിക്ക് ശര്‍മയുടെ കൈകളില്‍ നിന്ന് ആ പന്ത് വഴുതിപ്പോകുന്ന നിമിഷം വരെ കണ്ണെടുത്തിട്ടില്ല. തന്റെ ഉറക്കം കെടുത്താൻ കെല്‍പ്പുള്ള ഒന്നാണ് സംഭവിച്ച് കഴിഞ്ഞതെന്ന് വൈകാതെ കാര്‍ത്തിക്കിന് മനസിലായി.
ഹെൻറിയുടെ തൊട്ടടുത്ത പന്തൊരു ഷോര്‍ട്ട് ഓഫ് ദ ലെങ്ത് ഡെലിവെറിയായിരുന്നു. തിരുത്തുകയാണ് അവൻ. ഇക്കുറി മൈതാനം തൊട്ടില്ല പന്ത്, ലോങ് ഓണിന് മുകളിലൂടെ ഗ്യാലറിയില്‍. The 15 YEAR OLD CRICKETING MONSTER HAS ARRIVED, VAIBHAV SURYAVANSHI.
ചെന്നൈയുടെ ടോപ് ഫോറിന്റെ സ്ട്രൈക്ക് റേറ്റിലേക്ക് നോക്കു. സഞ്ജു 85, റുതുരാജ് 54, ആയുഷ് മാത്രെ 0, മാത്യു ഷോർട്ട് 28. പതിനഞ്ച് പന്തിലധികം നേരിട്ട മറ്റ് ബാറ്റർമാരില്‍ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് പോലും കേവലം 120 ആയിരുന്നു. ചെന്നൈ 127 റണ്‍സിലൊതുങ്ങിയ വിക്കറ്റ്. ഇതേ മൈതാനത്ത് തന്നെയാണോ വൈഭവ് ബാറ്റെടുത്തതെന്ന് തോന്നിപ്പിക്കുകയായിരുന്നു പിന്നീടുള്ള ഓരോ പന്തുകളും.
മൂന്നാം ഓവറിലെ അഞ്ചാം ഡെലിവെറി, വീണ്ടും മാറ്റ് ഹെൻറിയാണ്. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ പന്ത് സ്ലൈസ് ചെയ്ത് ഡീപ് തേഡിലേക്ക് ഒരു ഫ്ലാറ്റ് സിക്‌സ്, ഷോട്ട്. ശേഷം അൻഷൂല്‍ കാമ്പോജ്, അപ്പർ കട്ടും, ലോങ് ഓണിലേക്കൊരു സിക്‌സും ഉള്‍പ്പെടെ 14 റണ്‍സ്. പവർപ്ലേയിലെ അവസാന ഓവർ എറിയാനെത്തിയത് നൂര്‍ അഹമ്മദ്. പത്താം സ്ഥാനത്ത് അവസാനിപ്പിക്കേണ്ടി വന്ന കഴിഞ്ഞ സീസണിലും ധോണിപ്പടയ്ക്കായി എതിർ ബാറ്റര്‍ നിരന്തരം ഡഗൗട്ടുകളിലേക്ക് മടക്കിയവൻ.
നൂര്‍ അഹമ്മദിനും മാറ്റ് ഹെൻറിയുടേയും അൻഷൂല്‍ കാമ്പോജിന്റേയും വിധി തന്നെയായിരുന്നു. വരവേറ്റത് 83 മിറ്റര്‍ അകലെ പന്തിനെ നിക്ഷേപിച്ചുകൊണ്ട്, തൊട്ടടുത്ത പന്ത് ചെന്ന് പതിച്ചത് രാജസ്ഥാന്റെ ഡഗൗട്ടില്‍. 15 പന്തില്‍ അര്‍ദ്ധ സെഞ്ചുറി. ഐപിഎല്‍ കരിയറിലെ വൈഭവിന്റെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ചുറി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ 74ല്‍ എത്തിയിരുന്നു, റിക്വേഡ് റണ്‍റേറ്റ് 6.4 ല്‍ നിന്ന് 3.8ലേക്കും വീണു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ചുറി സ്വന്തം പേരില്‍ കുറിച്ച ജയ്സ്വാള്‍ മറുപുറത്തുണ്ട്. ആദ്യ ആറ് ഓവര്‍ അവസാനിക്കുമ്പോള്‍ ജയ്സ്വാളിന്റെ സമ്പാദ്യം 20 പന്തില്‍ 17 റണ്‍സ് മാത്രമാണ്, സ്ട്രൈക്ക് റേറ്റ് 85. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഓരേപോലെ അഗ്രസീവ് ക്രിക്കറ്റ് പുറത്തെടുക്കുന്ന താരമാണ് ജയ്സ്വാള്‍. അതേ വിക്കറ്റില്‍ വൈഭവ് 16 പന്തില്‍ 52, സ്ട്രൈക്ക് റേറ്റ് 325. രാജസ്ഥാൻ ഓപ്പണിങ് കൂട്ടുകെട്ടില്‍ ജയ്സ്വാളിനെ ഇത്രത്തോളം സഞ്ജുവിന് പോലും ഡൊമിനേറ്റ് ചെയ്യാനായിട്ടില്ല.
ശരിയാണ്, പൂര്‍ണമായും കണ്‍ട്രോള്‍ഡായ ഒരു ഇന്നിങ്സായിരുന്നില്ല വൈഭവിന്റേത്. ഷോട്ടുകളിലെ നിയന്ത്രണം കേവലം 59 ശതമാനം മാത്രമാണ്. പക്ഷേ, ഒരു ലോ സ്കോറിങ് മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന വിക്കറ്റില്‍ 17 പന്തില്‍ വൈഭവ് നേടിയ 52 റണ്‍സായിരുന്നു രാജസ്ഥാന്റെ വിജയത്തെ നിര്‍ണയിച്ചത്. പവര്‍പ്ലേയില്‍ തന്നെ ചെന്നൈ പരാജയപ്പെട്ടു, അല്ല വൈഭവ് പരാജയപ്പെടുത്തി.
ഇന്നിങ്സ് അവസാനിക്കുമ്പോഴും ജയ്സ്വാളിന്റെ സ്ട്രൈക്ക് റേറ്റ് 110 കടന്നിട്ടില്ലെന്ന് ഓര്‍ക്കണം, ഒപ്പമുണ്ടായിരുന്ന നായകൻ റിയാൻ പരാഗിന്റേത് 127ലും. കാര്‍ത്തിക്ക് ശര്‍മ ആ ക്യാച്ച് കൈപ്പിടിയില്‍ ഒതുക്കിയിരുന്നെങ്കില്‍ സീസണിലെ ആദ്യ ത്രില്ലറിന് കളമൊരുങ്ങുമായിരുന്നു. ചെന്നൈയെ പോയിന്റ് പട്ടികയുടെ അടിത്തട്ടിലേക്ക് എടുത്തെറിഞ്ഞ് വൈഭവ് തുടങ്ങിയിരിക്കുന്നു.