
2026 ഐപിഎല്‍ വിന്റേജ് മോഡിലാണ്. വാംഖഡെയില്‍ ക്രിക്കറ്റ് ദൈവത്തിന്റെ കരിയറിന് പൂർണത ലഭിച്ച, 28 വർഷത്തെ ഒരു ജനതയുടെ കാത്തിരിപ്പ് അവസാനിച്ച ദിനം ഓർമയില്ലെ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയയില്‍ മറ്റൊരു വിശ്വകിരീടപ്പോരിന് മൈതാനങ്ങളൊരുങ്ങി. വി വോന്റ് ഗിവ് ഇറ്റ് ബാക്ക് എന്നായിരുന്നു സ്റ്റാർ സ്പോർട്‍സ് ഇന്ത്യയുടെ ലോകകപ്പ് ടീസറിന് നല്‍കിയ തലവാചകം. അന്ന് ലോകചാമ്പ്യൻ പട്ടം പ്രതിരോധിക്കാനിറങ്ങിയ മഹേന്ദ്ര സിങ് ധോണിയുടെ സംഘത്തിലെ മൂന്ന് പ്രധാനികളുണ്ടായിരുന്നു. ഇത് ഇവിടെ നില്‍ക്കട്ടെ.
ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ അഞ്ചില്‍ ആ മൂന്ന് പേരുമുണ്ട്. രണ്ട് പേർ ഒരേയൊരു ഫോർമാറ്റില്‍ മാത്രമാണ് അവശേഷിക്കുന്നത്, ഒരാള്‍ ഇന്ത്യൻ ക്രിക്കറ്റിന്റെ ആഭ്യന്തര സർക്യൂട്ടുകളിലേക്ക് മാത്രം ഒതുങ്ങി. രോഹിത് ശർമ, വിരാട് കോലി, അജിങ്ക്യ രഹാനെ. മൂവരുടേയും അന്നത്തെ നായകന്റെ തിരിച്ചുവരവിനായി ചെപ്പോക്ക് കാത്തിരിക്കുന്നു. വൈഭവ് സൂര്യവംശി മുതലുള്ള കുട്ടികളുടെ പോരില്‍ പ്രായത്തിനോടും ശരീരത്തിനോടും കലഹിച്ചവരിന്നും തങ്ങളുടെ പ്രസക്തി തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
ആദ്യം വിരാട് കോലിയായിരുന്നു, ചിന്നസ്വാമിയില്‍. അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ചിട്ട് രണ്ട് വർഷത്തോളമാകുന്നു, അവസാനമായൊരു ടി20യില്‍ പാഡണിഞ്ഞിട്ട് പത്ത് മാസവും. പക്ഷേ, ഇടവേളയുടെ അലസത ആ ബാറ്റിനുണ്ടായിരുന്നില്ല, അങ്ങനൊന്ന് ഉണ്ടായ ചരിത്രവുമില്ലല്ലോ. സണ്‍റൈസേഴ്‌സ് ഹൈദാരാബദ് ഉയർത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബെംഗളൂരുവിനെ കൈപിടിച്ചുകയറ്റിയ ഇന്നിങ്സ്.
മെല്ലെ തുടങ്ങി അനായാസം ഗിയല്‍ ഷിഫ്റ്റ് നടത്തുന്ന ടിപ്പിക്കല്‍ ചെയ്സ് മാസ്റ്റര്‍. ആധിപത്യം ഉറപ്പിക്കുന്ന സ്ട്രെയിറ്റ് സിക്‌സറും അപ്പർ കട്ടുകളും കവർ ഡ്രൈവുമെല്ലാം നിറഞ്ഞ ഒന്നരമണിക്കൂർ ആരാധകർക്ക് സമ്മാനിച്ചു വലം കയ്യൻ ബാറ്റർ. 38 പന്തില്‍ 69 റണ്‍സുമായി വിജയമുറപ്പിച്ച് അജയ്യനായി മടക്കം. അഞ്ച് വീതം ഫോറും സിക്സും. സ്ട്രൈക്ക് റേറ്റ് 181. ബെംഗളൂരുവിന്റെ ടോപ് സ്കോറർ, ക്ലാസിക്ക് വിരാട് കോലി.
രണ്ടാം ഊഴം രഹാനെയ്ക്ക് ആയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകൻ എന്ന അധിക ഉത്തരവാദിത്തം അയാള്‍ക്കുണ്ടായിരുന്നു. തനിക്ക് സുപരിചതമായ മൈതാനത്ത് കൊല്‍ക്കത്തയ്ക്ക് അനിവാര്യമായ മികച്ച തുടക്കത്തിനപ്പുറം നല്‍കാൻ അയാള്‍ക്കായി. രോഹിതിനെയോ കോലിയോ പോലെ ഒരു ശരാശരി ബൗളിങ് നിര ആയിരുന്നില്ല രാഹാനെയ്ക്ക് മുന്നിലെത്തിയത്. സാക്ഷാല്‍ ജസ്പ്രിത് ബുമ്ര നയിക്കുന്ന ട്രെൻ ബോള്‍ട്ടും ഹാര്‍ദിക്ക് പാണ്ഡ്യയും ശാര്‍ദൂല്‍ താക്കൂറുമൊക്കെ ഉള്‍പ്പെട്ട ബൗളിങ് യൂണിറ്റ്.
ഏകദേശം മൂന്ന് വര്‍ഷത്തോളമാകുന്നു രാഹനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ട്. പക്ഷേ, ആ ദൂരം ബുമ്രയെയോ ഹാര്‍ദിക്കിനെയോ നേരിടുമ്പോള്‍ അനുഭവപ്പെട്ടില്ല 38 കാരൻ ബാറ്റ് ചെയ്യുമ്പോള്‍. ബോള്‍ട്ടിനെ ലോങ് ഓണിലേക്ക് നിക്ഷേപിച്ചായിരുന്നു തുടക്കം, ഏറ്റവുമധികം ശിക്ഷിക്കപ്പെട്ടത് ഹാര്‍ദിക്കായിരുന്നു. നാലാം ഓവര്‍ എറിഞ്ഞതിന് ശേഷം പിന്നീട് 19-ാം ഓവര്‍ വരെ പന്തെടുക്കാൻ ഹാര്‍ദിക്ക് മടിച്ചതിന്റെ കാരണവും രഹാനെയായിരുന്നു. ബുമ്രയ്ക്കും ശാര്‍ദൂലിനും മായങ്ക് മാര്‍ഖണ്ഡയ്ക്കുമൊക്കെ ഉത്തരമുണ്ടായിരുന്നു രഹാനെയ്ക്ക്.
40 പന്തില്‍ 67 റണ്‍സുമായി കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. മൂന്ന് ഫോറും അഞ്ച് സിക്സും. സ്ട്രൈക്ക് റേറ്റ് 167. കൊല്‍ക്കത്തയെ ശക്തമായ നിലയില്‍ എത്തിച്ചതിന് ശേഷമായിരുന്നു വലം കയ്യൻ ബാറ്ററുടെ മടക്കം. അപ്പുറത്തൊരാളുണ്ടെങ്കില്‍ ഇപ്പുറത്തും പോന്നൊരുവൻ ഉണ്ട് എന്ന് വൈകാതെ തെളിഞ്ഞു. വാംഖഡയുടെ ഒത്തനടുക്ക് നിലയുറപ്പിച്ച് ഒരാള്‍. രോഹിത് ശര്‍മ.
കൊല്‍ക്കത്തയുടെ ശരാശരിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ബൗളിങ് നിരയ്ക്ക് പിടിച്ചു നിര്‍ത്താൻ കഴിയുന്ന ഒരു ബാറ്ററല്ല ഇന്ന് രോഹിത്. ഹിറ്റ്മാന്റെ ബാറ്റിങ് പേമാരിയില്‍ കൊല്‍ക്കത്ത പൂര്‍ണമയും നിലയില്ലാകയത്തിലാകുകയായിരുന്നു. പന്തെടുത്തവരില്‍ നരയ്ൻ മാത്രമാണ് നരകം കാണാതിരുന്നത്. ബാക്കിയെല്ലാവരും ചുരുങ്ങിയത് ഒരുതവണയെങ്കിലും ഗ്യാലറിയിലെത്തി. ശാരീരികമായും മാനാസികമായും ആ വലിയ ലക്ഷ്യത്തിനായി രോഹിതിനെ ഒരുക്കിയ അഭിഷേക് നായര്‍ കൊല്‍ക്കത്തയുടെ ഡഗൗട്ടില്‍ ഇരിപ്പുണ്ടായിരുന്നു.
ക്ലാസിക്ക് ഇൻസൈഡ് ഔട്ട് ഷോട്ടുകളും ട്രേഡ് മാര്‍ക്ക് പുള്‍ഷോട്ടുകളുമെല്ലാം ഉള്‍പ്പെട്ട രോഹിത് ശര്‍മ ട്രീറ്റ്. 38 പന്തില്‍ 78 റണ്‍സ്. മൂവരില്‍ ഏറ്റവും മൂര്‍ച്ഛയേറിയ ഇന്നിങ്സ്. ആറ് വീതം ഫോറും സിക്സും. സ്ട്രൈക്ക് റേറ്റ് 205. രോഹിതും കോലിയും 2027 ഏകദിന ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. അതിന് ഏറ്റവും അനുയോജ്യമായ തുടക്കം ഐപിഎല്ലില്‍ ഇരുവരും കുറിച്ചു. മറുവശത്ത് രഹാനെ ടെസ്റ്റ് ടീമിലേക്കൊരു മടക്കം ആഗ്രഹിക്കുന്നു, വിദൂരസാധ്യതയാണെങ്കിലും അസംഭവ്യമല്ല.