ഐപിഎല്‍ 2026: കിരീടമില്ലാത്ത ആറാം സീസണ്‍; മുംബൈയുടെ വീഴ്ചകള്‍ പിന്നിലെ കാരണങ്ങള്‍

Published : May 11, 2026, 03:13 PM IST
Mumbai Indians

Synopsis

സീസണ്‍ ആരംഭിക്കുന്നതിന് മുൻപ് മുംബൈയുടെ സ്ക്വാഡ് കണ്ട ക്രിക്കറ്റ് പണ്ഡിതന്മാരെല്ലാം ഒരേ സ്വരത്തില്‍ പ്രവചിച്ചു, ഹാര്‍ദിക്ക് പാണ്ഡ്യയുടെ സംഘം ടോപ് ഫോറിലുണ്ടാകുമെന്ന്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് അവസാന പന്തില്‍ പരാജയം രുചിക്കുമ്പോള്‍, ആ തോല്‍വിയുടെ കൈപ്പിനേക്കാള്‍ മുംബൈ ഇന്ത്യൻസ് ആരാധകരെ അലട്ടിയ മറ്റൊന്നുണ്ടായിരുന്നു. പെരുമനേടിക്കൊടുത്ത കിരീടങ്ങളില്‍ ഡെത്ത് ഓവറുകളിലെല്ലാം അത്ഭുതങ്ങള്‍ തീര്‍ത്ത ലസിത് മലിങ്ക നിരാശയോടെ ഒറ്റയ്ക്ക് ഇരിക്കുന്ന കാഴ്ച. എത്രയെത്ര മത്സരങ്ങളാണ് സമാന സാഹചര്യങ്ങളില്‍ നിന്ന് മലിങ്ക നേടിക്കൊടുത്തിട്ടുള്ളത്. താൻ സാക്ഷി മുംബൈ ബൗളര്‍മാര്‍ ആ ലെഗസി നിലനിര്‍ത്താനാകാതെ വീഴുമെന്ന് അയാള്‍ ചിന്തിച്ചിട്ടുണ്ടാകുമോ...

ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു, തുടര്‍ച്ചയായ ആറാം വര്‍ഷവും കിരീടമില്ലാതെയുള്ള മടക്കം. അതും ഇനിയും മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ. സീസണ്‍ ആരംഭിക്കുന്നതിന് മുൻപ് മുംബൈയുടെ സ്ക്വാഡ് കണ്ട ക്രിക്കറ്റ് പണ്ഡിതന്മാരെല്ലാം ഒരേ സ്വരത്തില്‍ പ്രവചിച്ചു, ഹാര്‍ദിക്ക് പാണ്ഡ്യയുടെ സംഘം ടോപ് ഫോറിലുണ്ടാകുമെന്ന്. അതിന്റെ കാരണം അസാമാന്യ സ്ക്വാഡ് ഡെപ്തായിരുന്നു. പ്ലേയിങ് ഇലവന് ശേഷം, ബെഞ്ചില്‍ അവശേഷിക്കുന്ന താരങ്ങളെക്കൊണ്ട് മറ്റൊരു ടീമിനെ ഒരുക്കാൻ സാധിക്കുമായിരുന്നു മുംബൈക്ക്.

പക്ഷേ, മുൻ ചാമ്പ്യന്മാരുടെ കരുത്ത് കടലാസില്‍ തന്നെ ഒതുങ്ങി. മുംബൈ ഇന്ത്യൻസിന്റെ തിരിച്ചടികള്‍ക്ക് പിന്നിലെ പ്രാധന കാരണങ്ങള്‍ എന്തെല്ലാമാണ്?

കിരീടം നേടിയതും പ്ലേ ഓഫിലെത്തിയ വര്‍ഷങ്ങളും പരിശോധിച്ചാല്‍ കൃത്യമായൊരു പ്ലേയിങ് ഇലവൻ ഉണ്ടായിരുന്നു മുംബൈക്ക്. വിരളമായി മാത്രം പരീക്ഷണങ്ങളും താരങ്ങള്‍ക്ക് വിശ്രമവും. ലീഗ് ഘട്ടത്തിന്റെ അവസാനത്തിലെത്തുമ്പോഴാണ് പല‍ര്ക്കും അവസരങ്ങള്‍പ്പോലും ലഭിച്ചിരുന്നത്. പക്ഷേ, കൈനിറയെ ലോകോത്തര താരങ്ങളുണ്ടായിട്ടും ഇക്കുറി ഒരു ഇലവനെ ചിട്ടപ്പെടുത്താൻ മഹേല ജയവര്‍ധനെയ്ക്കായില്ല. തോല്‍ക്കുമ്പോഴേല്ലാം പരീക്ഷണങ്ങളുടെ പെരുമഴ തന്നെയായിരുന്നു മുംബൈ ഇലവനുകളില്‍. സീസണില്‍ ഏറ്റവുമധികം താരങ്ങളെ പരീക്ഷിച്ച ടീമും മുംബൈ തന്നെയാണ്.

രോഹിത് ശര്‍മയുടെ അഭാവം മുംബൈയുടെ പ്രകടനത്തെ ചെറുതല്ലാതെ ബാധിച്ചിതായി കാണാനാകും. അത് ബാറ്റിങ്ങില്‍ മാത്രമല്ല മൈതാനത്തെ സാന്നിധ്യം കൊണ്ടും. വലം കയ്യൻ ബാറ്റര്‍ നല്‍കുന്ന തുടക്കമായിരുന്നു ആദ്യ മത്സരങ്ങളില്‍ മുംബൈയെ ബാറ്റിങ് തകര്‍ച്ചകള്‍ ഒഴിവാക്കാൻ സഹായിച്ചത്. എന്നാല്‍, പേശിക്കേറ്റ പരിക്ക് മൂലം അഞ്ച് മത്സരങ്ങളാണ് രോഹിതിന് നഷ്ടമായത്. മുംബൈ ബാറ്റര്‍മാരുടെ പട്ടികയെടുത്താല്‍ റിയാൻ റിക്കല്‍ട്ടണൊപ്പം ഏറ്റവും സ്ഥിരതയും സ്ട്രൈക്ക് റേറ്റുമുള്ള താരം മുൻ നായകനാണ്.

രോഹിതിനൊപ്പം ട്രെൻ ബോള്‍ട്ട്, മിച്ചല്‍ സാന്റനര്‍, നായകൻ ഹാര്‍ദിക്ക് പാണ്ഡ്യ, ക്വിന്റണ്‍ ഡി കോക്ക് തുടങ്ങിയ പ്രധാന താരങ്ങള്‍ക്കെല്ലാം പരിക്കുകളേറ്റതും ചേര്‍ത്ത് വെക്കാം. ഇതില്‍ സാന്റനറിന് സീസണ്‍ പൂര്‍ണമായും നഷ്ടമാകുകയും ചെയ്തു. രോഹിതിന്റെ അഭാവത്തിന്റെ ആഘാതം ഇരട്ടിക്കുന്നതായിരുന്നു മുംബൈ നിരയിലെ കോര്‍ താരങ്ങളുടെ ഫോമിലും സ്ഥിരതയിലുമുണ്ടായ വീഴ്ച. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക്ക്, തിലക് വര്‍മ, ജസ്പ്രിത് ബുമ്ര എന്നിവര്‍.

2025 എഡിഷനില്‍ എഴുന്നൂറിലധികം റണ്‍സ് നേടിയ സൂര്യയുടെ ഈ സീസണിലെ നേട്ടം 200 പോലും കടന്നിട്ടില്ല, ഒറ്റയക്ക സ്കോറുകളുടെ നീണ്ട നിര തന്നെയുണ്ട് സൂര്യയുടെ പേരില്‍. ഇന്ത്യയുടെ പ്രീമിയം ഓള്‍ റൗണ്ടറും നായകനും കൂടിയായ ഹാര്‍ദിക്കാവട്ടെ ബാറ്റിങ്ങിലും ബൗളിങ്ങിലും നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. നാല് വിക്കറ്റും 146 റണ്‍സും, എക്കോണമി 12ന് തൊട്ടരികില്‍.

ബുമ്രയാകട്ടെ സീസണിലാകെ നേടിയത് മൂന്ന് വിക്കറ്റുകളാണ്, എക്കോണമിയില്‍ മാത്രമാണ് മികച്ച് നില്‍ക്കുന്നത്. ഐപിഎല്‍ കരിയറിലെ തന്നെ ബുമ്രയുടെ ഏറ്റവും മോശം സീസണുകളിലൊന്നായാണ് 2026ന് അടയാളപ്പെടുത്തുന്നത്. ടി20യിലെ ഇന്ത്യയുടെ സ്റ്റാര്‍ബോയ് പരിവേഷം നേടിയ തിലക് വര്‍മ. ബെംഗളൂരുവിനെതിരെ നേടിയ അര്‍ദ്ധ സെഞ്ചുറിയും ഗുജറാത്ത് ടൈറ്റൻസിനെതിരായ ശതകവും മാറ്റി നിര്‍ത്തിയാല്‍ തിലകിന്റെ സ്ഥിതിയും സൂര്യകുമാറില്‍ നിന്ന് വ്യത്യസ്തമല്ല.

ഇത്തരം പോരായ്മകളെല്ലാം നിലനില്‍ക്കെയാണ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റൻസി അവസരത്തിന് ഒത്ത് ഉയരാതിരുന്നത്. സീസണില്‍ പല മത്സരങ്ങളിലും ക്ലൂലെസായി ഹാര്‍ദിക്കിനെ കാണപ്പെട്ടു, സഹതാരങ്ങളുടെ എടുത്ത് പോലും അമര്‍ഷത്തോടെ പെരുമാറുന്ന ശൈലി. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ആദ്യ മത്സരത്തില്‍ തനിക്ക് രണ്ട് ഓവറുകള്‍ ബാക്കിയുണ്ടായിരുന്നിട്ടും അവസാന ഓവറുകള്‍ പരിചയസമ്പത്ത് കുറഞ്ഞ താരത്തിന് നല്‍കി. ഇംപാക്റ്റ് പ്ലെയറായി എത്തിയ താരത്തെ ഹാര്‍ദിക്ക് ഉപയോഗിക്കാത്ത സാഹചര്യം വരെ ഉണ്ടായി.

ബോള്‍ഡായി ഹാര്‍ദിക്ക് എടുത്ത തീരുമാനങ്ങളൊക്കെ തിരിച്ചടിയാകുന്നതാണ് മൈതാനത്ത് കണ്ടത്. ഹാര്‍ദിക്കിന് കീഴില്‍ 37 മത്സരങ്ങള്‍ കളിച്ച മുംബൈ 22ലും പരാജയപ്പെട്ടു. കിരീടകാലം സൃഷ്ടിക്കാനെത്തി ടീമിന്റെ ലെഗസി തന്നെ അപ്രത്യക്ഷമാക്കുന്നു ഹാര്‍ദിക്ക് എന്ന രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. അടുത്ത സീസണില്‍ മുംബൈ മാനേജ്മെന്റ് കടുത്ത തീരുമാനങ്ങള്‍ക്ക് ഒരുങ്ങിയാലും അത്ഭുതപ്പെടാനില്ല.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: എറിഞ്ഞിടും, അടിച്ചെടുക്കും, ഒരേയൊരു ഭുവനേശ്വർ കുമാര്‍; ബെംഗളൂരുവിന്റെ സ്റ്റാർ
ഐപിഎല്‍ 2026: ഗുജറാത്തിനായി ഗില്ലിന്റെ 'പവര്‍പ്ലേ'; ടി20 ടീമില്‍ തിരിച്ചെത്തുമോ?