ഐപിഎല്‍ 2026: പരിക്ക് മാത്രമോ ധോണിയുടെ എൻട്രിക്ക് തടസം, എന്ന് വരും ചെന്നൈയുടെ തല?

Published : May 10, 2026, 02:23 PM IST
Chennai Super Kings

Synopsis

നിലവിലെ സാഹചര്യത്തിന്റെ ആധാരം ധോണിക്ക് നേരത്തെ തന്നെയുണ്ടായിരുന്ന പരിക്കാണ്. കാല്‍മുട്ടിന് താഴെയുള്ള പേശിയിലായിരുന്നു മുൻ ഇന്ത്യൻ നായകന് പരിക്കേറ്റിരുന്നത്

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിഖ്യാത ജഴ്‌സിയില്‍ അയാളുടെ അവസാന സീസണായിരിക്കുമോ ഇത്? ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം എഡിഷൻ ആരംഭിക്കുന്നതിന് മുൻപ് ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഉയർന്ന ചോദ്യമിതായിരുന്നു. ഏഴാം നമ്പർ അണിഞ്ഞ് ആ മനുഷ്യൻ മുന്നില്‍ നിന്ന് നയിക്കുന്നതെ ആ ജനത ഇന്നോളം കണ്ട് ശീലിച്ചിട്ടുള്ളു. റുതുരാജ് ഗെയ്ക്വാദിന് നായകസ്ഥാനം കൈമാറിയത്, സഞ്ജു സാംസണിന്റെ എൻട്രി, ഇതെല്ലാം ആരാധകരുടെ ആശങ്കനിറഞ്ഞ ചോദ്യത്തിന്റ ആഴം വർധിപ്പിച്ചുകൊണ്ടേയിരുന്നു.

എന്നാല്‍, സീസണ്‍ അതിന്റെ ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോഴും അതിന് ഉത്തരം ലഭിച്ചിട്ടില്ല. ചെപ്പോക്കിന്റെ ഗ്യാലറികള്‍ കാത്തിരിക്കുന്നു, അവര്‍ ഇന്ന് ആര്‍ത്തിരമ്പുന്നത് സഞ്ജുവിനായാണ്. അതിന്റെ യഥാര്‍ത്ഥ അവകാശിക്കായി സീസണില്‍ ഇനി രണ്ട് അവസരങ്ങള്‍ മാത്രമാണുള്ളതും. മഹേന്ദ്ര സിങ് ധോണി എന്തുകൊണ്ട് ചെന്നൈക്കായി കളത്തിലിറങ്ങുന്നില്ല. തലയുടെ എൻട്രിക്കായി എത്രനാള്‍ ഇനിയും കാത്തിരിക്കണം.

നിലവിലെ സാഹചര്യത്തിന്റെ ആധാരം ധോണിക്ക് നേരത്തെ തന്നെയുണ്ടായിരുന്ന പരിക്കാണ്. കാല്‍മുട്ടിന് താഴെയുള്ള പേശിയിലായിരുന്നു മുൻ ഇന്ത്യൻ നായകന് പരിക്കേറ്റിരുന്നത്. അതുകൊണ്ട്, സീസണിലെ ആദ്യ രണ്ട് വാരം ധോണിക്ക് വിശ്രമം നല്‍കുമെന്നായിരുന്നു ടീം മാനേജ്മെനറ് അറിയിച്ചിരുന്നത്. എന്നാല്‍, പ്രീ സീസണ്‍ പ്രാക്റ്റീസിനിടെ പരിക്ക് കൂടുതല്‍ വഷളാവുകയായിരുന്നു. 45-ാം വയസിലേക്ക് കടക്കുന്ന ഇതിഹാസത്തെ തിടുക്കപ്പെട്ട് കളത്തിലെത്തിച്ചാല്‍ സീസണ്‍ പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുമെന്നായിരുന്നു ചെന്നൈയുടെ മുഖ്യപരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ് അറിയച്ചത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ എവെ മത്സരത്തിന് ടീമിനൊപ്പം സഞ്ചരിക്കാൻ ധോണി തയാറായിരുന്നില്ല. ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിനായി ചെന്നൈയില്‍ തന്നെ തുടരുകയായിരുന്നു താരം. എന്നാല്‍ ധോണി ശാരീരിക ക്ഷമത പൂര്‍ണമായും വീണ്ടെടുത്തുവെന്ന സൂചനകളാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. അതുകൊണ്ട് ചെന്നൈയുടെ ഹോം മൈതാനമായ ചെപ്പോക്കില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ ധോണിയെ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

പക്ഷേ, ഫിറ്റ്നസ് വീണ്ടെടുത്താലും ധോണിയെ കളത്തില്‍ പ്രതീക്ഷിക്കാൻ കഴിയുമോയെന്നൊരു ആശങ്കയുമുണ്ട് ആരാധകര്‍ക്കിടയില്‍. ഇതിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. ഒന്ന് താരത്തിന്റെ പരിക്കും പ്രായവുമാണ്. പരിക്കും, ശേഷം പരിക്ക് വഷളായതും തിരിച്ച് വരവ് വൈകിപ്പിച്ചു. ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ യുവതാരങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള താരമാണ് ധോണിയെന്നതില്‍ സംശയങ്ങളില്ല. എന്നാല്‍, പരിക്കിന് ശേഷമുള്ള മടങ്ങിവരവ് താരങ്ങളെ സംബന്ധിച്ച് എളുപ്പമുള്ള ഒന്നല്ല, പ്രത്യേകിച്ചും ഐപിഎല്‍ പോലെ ഹൈ ലെവല്‍ ഡിമാൻഡ് ചെയ്യുന്ന ടൂര്‍ണമെന്റില്‍.

ഇതിനോട് ചേര്‍ത്താണ് രണ്ടാമത്തെ കാരണം പറയാനുള്ളത്. രാജസ്ഥാനോടും പഞ്ചാബിനോടും ബെംഗളൂരുവിനോടും തോല്‍വി വഴങ്ങിയാണ് ചെന്നൈ സീസണ്‍ ആരംഭിച്ചത്. എന്നാല്‍ പിന്നീട് നടന്ന ഏഴ് മത്സരത്തില്‍ അഞ്ചിലും ജയിക്കാൻ ചെന്നൈക്ക് സാധിച്ചു. നിലവില്‍ മുംബൈയേയും ഡല്‍ഹിയേയും കീഴടക്കി തുടര്‍ ജയങ്ങളുമായി മുന്നേറുന്നു. ഇനി അവശേഷിക്കുന്നത് നാല് മത്സരങ്ങളാണ്, ഇതില്‍ മൂന്നെണ്ണത്തില്‍ വിജയിക്കാനായാല്‍ 16 പോയിന്റുമായി പ്ലേ ഓഫിന് ആവശ്യമായ സുരക്ഷിത സംഖ്യയിലേക്ക് എത്താൻ മുൻ ചാമ്പ്യന്മാര്‍ക്ക് കഴിയും.

ധോണി ടീമിലേക്ക് മടങ്ങിയെത്തിയാല്‍ ടീമിന്റെ ബാലൻസ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ചും എല്ലാ താരങ്ങളും തന്നെ ഫോമിലേക്ക് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍. നിലവിലെ ചെന്നൈയുടെ ബാറ്റിങ് നിര, സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്വാദ്, ഉര്‍വില്‍ പട്ടേല്‍, ഡിവാള്‍ഡ് ബ്രെവിസ്, കാര്‍ത്തിക്ക് ശര്‍മ, ശിവം ദുബെ എന്നിങ്ങനെയാണ്, സര്‍ഫറാസ് ഖാനും സാന്നിധ്യമാകാറുണ്ട്. യുവതാരം കാര്‍ത്തിക്ക് ശര്‍മായെയാണ് ലോവര്‍ ഓര്‍ഡറില്‍ ചെന്നൈ പരീക്ഷിക്കുന്നത്. മുംബൈക്കെതിരെ അര്‍ദ്ധ സെഞ്ചുറിയും ഡല്‍ഹിക്കെതിരെ 41 റണ്‍സും കാര്‍ത്തിക്ക് നേടിയിരുന്നു. രണ്ട് മത്സരങ്ങളിലും പുറത്താകാതെയും ക്രീസില്‍ തുടര്‍ന്നു.

ധോണി ടീമിലേക്ക് എത്തിയാല്‍ ഫോമിലുള്ള കാര്‍ത്തിക്ക് പുറത്തിരിക്കേണ്ടി വരും. അല്ലെങ്കില്‍ ഉര്‍വില്‍ പട്ടേലിനെ ഒഴിവാക്കണം, അപ്പോള്‍ ആര് മൂന്നാം നമ്പറില്‍ കളിക്കുമെന്ന ആശയക്കുഴപ്പമുണ്ട്. കാര്‍ത്തിക്കിന് സ്ഥാനക്കയറ്റം നല്‍കിയാലും ബാറ്റിങ് ഓര്‍ഡറിലെ വിന്നിങ് കോമ്പിനേഷൻ പൊളിയും. മറ്റൊരു മാര്‍ഗം, പരിക്കിന്റെ പശ്ചാത്തലത്തില്‍ ധോണി ഇംപാക്റ്റ് പ്ലെയറായി കളത്തിലെത്തുക എന്നതാണ്. അതിന് ചെന്നൈ മാനേജ്മെന്റ് തയാറാകുമോയെന്നാണ് കാണേണ്ടത്. അടുത്ത സീസണിലേക്ക് ധോണിയുണ്ടാകാനുള്ള സാധ്യതയും വിരളമായാണ് വിലയിരുത്തപ്പെടുന്നതും.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: തൊട്ടതെല്ലാം പിഴച്ച് അക്‌സറും, ക്യാപ്റ്റൻസി ഭാരം ഓള്‍റൗണ്ടര്‍ക്കും തിരിച്ചടിയോ?
ഐപിഎല്‍ 2026: അടയാത്ത പ്ലേ ഓഫ് വാതില്‍, പത്ത് ടീമിനും അവസരം; സാധ്യതകള്‍ എങ്ങനെ?