ഐപിഎല്‍ 2026: ഫിനിഷർ റോള്‍ വഴങ്ങാത്തതോ ശിവം ദുബെയുടെ മോശം ഫോമിന്റെ കാരണം?

Published : May 02, 2026, 01:16 PM IST
Shivam Dube

Synopsis

സഞ്ജു സാംസണും ആയുഷ് മാത്രെയും ഒഴികെയുള്ള ചെന്നൈ ബാറ്റര്‍മാരെല്ലാം സീസണില്‍ പരാജയപ്പെട്ടപ്പോള്‍ ആ കൂട്ടത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത പേരായിരുന്നു ദുബെയുടേത്

കൈവിട്ടുതുടങ്ങി എന്ന് തോന്നിച്ച കരിയര്‍ തിരിച്ചുപിടിക്കുന്നത് 2022ലാണ്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിഖ്യാത ജഴ്‌സി ആദ്യമായി അണിഞ്ഞ വര്‍ഷം. ചെപ്പോക്കിന്റെ ഗ്യാലറികളില്‍ ഇടവേളകളില്ലാതെ പന്തെത്തിക്കാൻ പോന്നൊരാള്‍. മുൻനിര തകര്‍ന്നാലും നിമിഷനേരം കൊണ്ട് ധോണിപ്പടയ്ക്കായി കളിതിരിച്ചുപിടിക്കുന്ന ബാറ്റ്. ഇതിഹാസതാരം യുവരാജ് സിങ്ങിനെ ഓര്‍മിപ്പിക്കും വിധമുള്ള ശൈലി. അയാളെ ചെന്നൈ ആരാധകര്‍ വിശേഷിപ്പിച്ചത് സിക്‌സ് ഹിറ്റിങ് മിഷീൻ അധവാ ആറുച്ചാമിയെന്നാണ്, ശിവം ദുബെ.

സഞ്ജു സാംസണും ആയുഷ് മാത്രെയും ഒഴികെയുള്ള ചെന്നൈ ബാറ്റര്‍മാരെല്ലാം സീസണില്‍ പരാജയപ്പെട്ടപ്പോള്‍ ആ കൂട്ടത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത പേരായിരുന്നു ദുബെയുടേത്. കാരണം, മധ്യനിരയിലും ഫിനിഷര്‍ റോളിലുമെത്തി ടി20 ലോകകപ്പില്‍ നടത്തിയ പ്രകടനങ്ങളായിരുന്നു. സഞ്ജു സാംസണിന് പിന്നിലായി ഏറ്റവും മികച്ച ശരാശരിയുള്ള ഇന്ത്യൻ ബാറ്റര്‍. സഞ്ജുവും ഇഷാനും കഴിഞ്ഞാല്‍ മികച്ച സ്ട്രൈക്ക് റേറ്റും കൂടുതല്‍ സിക്സും ദുബെയുടെ പേരിലായിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്ററുമല്ല, പവര്‍പ്ലേയുടെ ആനുകൂല്യം അസ്വദിച്ചുമല്ല ഈ നേട്ടം.

സമാന റോളില്‍ ചെന്നൈയുടെ നിറങ്ങളിലും ലോകകപ്പിലെ പ്രകടനം ദുബെ ആവര്‍ത്തിക്കുമെന്നാണ് കരുതിയിരുന്നെങ്കിലും നേര്‍വിപരീതമായി കാര്യങ്ങള്‍. എട്ട് കളികളില്‍ നിന്ന് ഇതുവരെയുള്ള നേട്ടം 150 റണ്‍സാണ്. സ്ട്രൈക്ക് റേറ്റിലുണ്ടായ കാര്യമായ ഇടിവാണ് പ്രധാനപ്പെട്ട ആശങ്ക, 140 മാത്രം. പ്രഹരശേഷി 150ന് മുകളിലുള്ളത് രണ്ടേ രണ്ട് മത്സരങ്ങളില്‍ മാത്രവും.

ചെന്നൈയിലെത്തിയ വര്‍ഷം മുതല്‍ മുതല്‍ ഓരോ സീസണിലും ദുബെ നേടിയ സിക്സറുകളുടെ എണ്ണം 16, 35. 28, 21 എന്നിങ്ങനയാണ്. 55 മത്സരങ്ങളില്‍ നിന്ന് 100 സിക്‌സറുകള്‍. രണ്ട് സിക്‌സറുകള്‍ ഏറെക്കുറെ ഉറപ്പ്. പക്ഷേ, ഈ സീസണില്‍ ദുബെ 107 പന്തുകള്‍ നേരിട്ടപ്പോള്‍ സിക്‌സറുകള്‍ ആറ് മാത്രമാണ്. സീസണിലെ ദുബെയുടെ റോള്‍ ഫിനിഷറുടേതാണെന്ന് ഉറപ്പിക്കാം, അതിന്റെ സൂചനയാണ് താരം ബാറ്റ് കൂടുതലായും ബാറ്റ് ചെയ്ത പൊസീഷനും ക്രീസിലെത്തിയ സാഹചര്യങ്ങളും. നാല് മത്സരങ്ങളില്‍ ആറാമനായി, മൂന്നെണ്ണത്തില്‍ നാലാം സ്ഥാനത്ത്, ഒരു പ്രാവശ്യം ഏഴാമതും.

പഞ്ചാബിനും ഡല്‍ഹിക്കും മുംബൈക്കുമെതിരെയാണ് നാലാം സ്ഥാനത്തിറങ്ങിയത്. ഇതില്‍ പഞ്ചാബിനും ഡല്‍ഹിക്കുമെതിരായ മത്സരങ്ങളില്‍ ടോപ് ഓര്‍ഡര്‍ തിളങ്ങിയിരുന്നു, ഐഡിയലായിരുന്നു ദുബെ ക്രീസിലെത്തിയ സാഹചര്യവും. പക്ഷേ മുംബൈക്കെതിരെ സഞ്ജു സാംസണ്‍ ഒരു വശത്ത് നിലയുറപ്പിക്കുകയും ഹാര്‍ദിക്ക് സ്പിന്നര്‍മാരെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് കണ്ടാണ് മാനേജ്മെന്റ് ദുബെയെ പ്രൊമോട്ട് ചെയ്തത്. എന്നാല്‍, ഗസൻഫാറിന്റെ ലൈൻ ജഡ്‌ജ് ചെയ്യാതെ വൈഡ് സ്ലോഗിന് ശ്രമിച്ച് ദുബെ പുറത്താവുകയായിരുന്നു.

ആറാം സ്ഥാനത്ത് ഫിനിഷര്‍ റോളിലെത്തിയപ്പോഴൊന്നും കാര്യമായ ഇംപാക്റ്റുണ്ടാക്കാനും സാധിച്ചില്ല. ഇവിടെ പ്രധാനമായും ചൂണ്ടിക്കാണിക്കേണ്ടത് തന്റെ കരുത്ത് ഉപയോഗിക്കാൻ കഴിയുന്ന സമയത്തല്ല താരം എത്തുന്നത് എന്നതാണ്. ദുബെ ഒരു സ്പിൻ ബാഷറാണ്, സമീപകാലത്താണ് പേസര്‍മാര്‍ക്ക് മുകളിലും ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയത്, പ്രത്യേകിച്ചും ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റുകളില്‍. ചെന്നൈയുടെ പരിശീലന വീഡിയോകള്‍ പരിശോധിച്ചാല്‍ കൂടുതലായും പേസര്‍മാരെ നേരിടുന്ന ദുബെയെ കാണാനുമാകും.

സ്വഭാവികമായും ഒരു മധ്യനിര ബാറ്ററായെത്തി സ്പിന്നര്‍മാരെ ഇക്വേഷനില്‍ നിന്നേ തുടച്ചുനീക്കുന്ന ദുബെയായിരുന്നു 2025 എഡിഷനില്‍ കണ്ടത്. എന്നാല്‍, ഇക്കുറി വിക്കറ്റിന്റെ സ്വഭാവം മനസിലാക്കി തന്റെ ഗെയിം സെറ്റ് ചെയ്യാൻ കഴിയുന്ന പശ്ചാത്തലത്തിലല്ല ദുബെ ക്രീസിലെത്തുന്നത്. നേരിടുന്ന എല്ലാ പന്തുകളിലും തന്നെ സിക്‌സ് ഡിമാൻഡ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്. അതായത് ഒരു സ്പിൻ ഹിറ്ററില്‍ നിന്ന് ഫിനിഷറിലേക്ക്. ദുബെയ്ക്ക് ചുരുങ്ങിയ മത്സരങ്ങള്‍ക്കൊണ്ട് ഈ റോളിലേക്ക് പൊരുത്തപ്പെടാനായിട്ടില്ല എന്നാണ് പ്രകടനങ്ങള്‍ നല്‍കുന്ന സൂചന.

ഏറ്റവും ഒടുവില്‍ ദുബെ ക്രീസിലെത്തിയത് ഗുജറാത്തിനെതിരെയാണ്. ആറാമനായി. അതും ഒൻപതാം ഓവറില്‍. ആവശ്യമായ സമയമെല്ലാം ഉണ്ടായിട്ടും, മൂന്ന് ലൈഫ് ലഭിച്ചിട്ടും 17 പന്തില്‍ 22 റണ്‍സായിരുന്നു ആകെ നേട്ടം. മധ്യനിരയില്‍ സര്‍ഫറാസ് ഖാൻ, ഡിവാള്‍ഡ് ബ്രെവിസ് തുടങ്ങിയ അഗ്രസീവ് ബാറ്റര്‍മാരുടെ സാന്നിധ്യവും ദുബെയെ ഹോള്‍ഡ് ചെയ്യാൻ മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി വിലയിരുത്താം. എം എസ് ധോണിയുടെ അഭാവം ദുബെയെന്ന ഫിനിഷറുടെ ഉത്തരവാദിത്തം കൂട്ടുകയും ചെയ്തിട്ടുണ്ട്.

ചെന്നൈയെ സംബന്ധിച്ച് സഞ്ജു സാംസണ്‍ ക്രീസില്‍ നിലകൊണ്ട മത്സരങ്ങളിലൊഴികെ വലിയൊരു ഫിനിഷിങ് നടത്താൻ സാധിച്ചിട്ടില്ല. കാരണം ആ റോള്‍ വഹിക്കുന്ന ഒരു പ്രോപ്പര്‍ താരമില്ല. റിങ്കു സിങ്, ടിം ഡേവിഡ് പോലെയുള്ള താരങ്ങള്‍. ഇവിടേക്കാണ് ദുബെയെത്തുന്നത്. മധ്യനിര ബാറ്റര്‍മാരാല്‍ സമ്പന്നമായ ചെന്നൈയുടെ ബാറ്റിങ് നിരയുടെ പോരായ്മകൂടിയാണിത്. പക്ഷേ, ദുബെ ഫോം തിരിച്ചുപിടിക്കേണ്ടത് ചെന്നൈയെ സംബന്ധിച്ച് നിര്‍ണായകമാണ്, പ്രത്യേകിച്ചും ഇനി ഓരോ മത്സരങ്ങളും പ്ലേ ഓഫിന് സമാനമായിരിക്കെ.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: അപ്‌ഗ്രേഡ് ചെയ്ത് രാഹുല്‍, ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തുമോ കെ എല്‍?
റിഷഭ് പന്ത് വേണ്ട, ഇനി സഞ്ജുവിന്റെ ഊഴം; ഏകദിന കുപ്പായത്തില്‍ റീ എൻട്രിയോ?