
ബോളണ്ട് പാർക്കില്‍ ആ ദിവസം സായാഹ്നത്തോട് അടുക്കുകയാണ്. ഏകദിന ലോകകപ്പ് ഫൈനലിന്റെ മുറിവുണങ്ങിയിട്ടില്ല അപ്പോഴും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സീരീസ് ഡിസൈഡർ, തിലക് വർമയെ കൂട്ടുപിടിച്ചയാള്‍ ഇന്ത്യയെ കരകയറ്റുന്നു.
വെല്‍ കാല്‍ക്കുലേറ്റാഡായൊരു ഇന്നിങ്സ്, സെഞ്ചുറി. ആ ബാറ്റിന്റെ കരുത്തില്‍, പ്രതികൂലമായ സാഹചര്യത്തിലും ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയാണ്, ഒടുവില്‍ 78 റണ്‍സിന്റെ ഭീമൻ ജയവും. താൻ ഒരു ടി20 പ്രൊഡക്റ്റ് മാത്രമല്ലെന്നും തനിക്ക് ഏകദിന ഫോർമാറ്റില്‍ പലരുടേയും പകരക്കാരനാകാനും സാധിക്കുമെന്ന് തെളിയിച്ചത് അന്നായിരുന്നു. എന്നാല്‍, ശേഷമൊരിക്കലും ഏകദിന കുപ്പായം അയാള്‍ക്കായി ഒരുങ്ങിയില്ല.
പിന്നീട് സമ്മർദം കൊടുമുടികയറിയപ്പോള്‍ ഇന്ത്യക്ക് ആ ബാറ്റ് തുണയാകുന്നത് വർഷങ്ങള്‍ക്കിപ്പുറമാണ്, ഒന്നല്ല മൂന്ന് വട്ടം, അത് അവസാനിക്കുന്നത് ഇന്ത്യ വിശ്വം കീഴടക്കുമ്പോഴും. പതിറ്റാണ്ട് നീണ്ട കരിയറില്‍ അയാള്‍ തന്റെ മികവിനോടും കാലം അയാളോടും നീതിപുലര്‍ത്തി. സഞ്ജു വിശ്വനാഥ് സാംസണ്‍. ഇന്ന് മറ്റ് പേരുകള്‍ക്കായി അയാളെ മാറ്റി നിര്‍ത്തുക അസാധ്യമായ ഒന്നാണ്, അതിന്റെ സൂചനകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു.
ഇതിഹാസങ്ങളുടെ വലിയ ലക്ഷ്യം സാക്ഷാത്കരിക്കാൻ ഒരു സംഘത്തെ ഒരുക്കുന്നുണ്ട് ബിസിസിഐ. അവിടെ സഞ്ജു സാംസണ്‍ എന്ന് പേരുണ്ടായേക്കും. അതിന് വ്യക്തമായ ചില കാരണങ്ങളുമുണ്ട്. ദീര്‍ഘകാലമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റർ കെ എല്‍ രാഹുലാണ്. കൃത്യമായി പറഞ്ഞാല്‍ 2023 ഏഷ്യ കപ്പ് മുതല്‍, രാഹുലിന് പിന്നില്‍ രണ്ടാം ഓപ്ഷനായി ഇടം കയ്യൻ ബാറ്ററുകൂടിയായ റിഷഭ് പന്തും. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമാണെങ്കിലും ഫോര്‍മാറ്റില്‍ പന്ത് മൈതാനത്തിറങ്ങിയിട്ട് രണ്ട് വർഷത്തോളമാകുന്നു.
ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു അവസാനമായി ഏകദിനത്തില്‍ പന്ത് പ്രത്യക്ഷപ്പെട്ടത്. 2024 ഓഗസ്റ്റില്‍, ഒൻപത് പന്തില്‍ ആറ് റണ്‍സ്, ഇതായിരുന്നു നേട്ടം. പന്തിന്റെ ടി20 കരിയറിന് താത്‌കാലിക ഫുള്‍ സ്റ്റോപ്പ് വീണതും ഈ പര്യടനത്തില്‍ തന്നെയാണ്. ടി20യിലേക്ക് പന്തിന്റെ മടക്കം ചരുങ്ങിയ കാലത്തേക്കെങ്കിലും ഏറെക്കുറെ അസാധ്യമാണ്.
2027 ഏകദിന ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താൻ പന്തിന് ലഭിച്ച അവസരമാണ് ഐപിഎല്‍, എന്നാല്‍ ടൂർണമെന്റില്‍ തന്റെ പ്രതിഭയുടെ നിഴല്‍ മാത്രമാണ് പന്ത്. എട്ട് കളികളില്‍ നിന്ന് 189 റണ്‍സാണ് നേട്ടം, സ്ട്രൈക്ക് റേറ്റ് 130ലും താഴെ നില്‍ക്കുന്നു. പന്തിന്റെ മോശം ഫോമില്ലായ്‌മ മാത്രമാണോ സഞ്ജുവിന് വഴിയൊരുങ്ങുന്നതിന്റെ കാരണം, അല്ലാ എന്ന് അടിവരയിട്ട് പറയാനാകും.
ടി20 പോലെ ഒരു ഓവറില്‍ കളി തിരിക്കാൻ പറ്റുന്ന ഫോർമാറ്റല്ല ഏകദിനം. ഇവിടെ ഇന്നിങ്സ് ബില്‍ഡ് ചെയ്യാനുള്ള മികവിനാണ് മുൻതൂക്കം. അത് സഞ്ജുവിനുണ്ടോയെന്ന ചോദ്യം ഉയര്‍ന്നാല്‍ അഞ്ച് വർഷം മുൻപും ഉണ്ടെന്ന് തന്നെയാണ് ഉത്തരം. പക്ഷേ, അത് തെളിയിക്കപ്പെടാൻ 2026 ടി20 ലോകകപ്പ് വരെ വൈകിയെന്ന് മാത്രം. അഗ്രസീവായി ബാറ്റ് ചെയ്ത് വിക്കറ്റ് വലിച്ചെറിയുന്നുവെന്ന പഴി സഞ്ജു ഇന്ന് കേള്‍ക്കുന്നില്ല, മറിച്ച് ഇന്ന് ആ പേരിന് ഇന്ത്യൻ ടീമിലെ ഏറ്റവും മൂല്യമുള്ള താരമെന്ന് കൂടി അർത്ഥമുണ്ട്.
മത്സരസാഹചര്യവും വിക്കറ്റിന്റെ സ്വഭാവവും പൂർണമായി മനസിലാക്കി തന്റെ ഗെയിം പ്ലാൻ ചെയ്യുന്ന സഞ്ജുവിനെയാണ് സമീപകാലത്ത് കാണാനാകുന്നത്. അത് എത്രത്തോളം ഇന്ത്യക്ക് മുതല്‍ക്കൂട്ടായി എന്നതിന്റെ തെളിവാണ് ടി20 ലോകകിരീടം. ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി ജയിപ്പിക്കാൻ കഴിയുന്ന മാച്ച് വിന്നര്‍, അതും കേവലമൊരു ബിലാറ്ററല്‍ സീരീസിലല്ല തെളിയിക്കപ്പെട്ടത്, ഒരു ജനതയുടെ പ്രതീക്ഷകളുടെ ഭാരം മുഴുവനുമുള്ള ലോകകപ്പില്‍.
വലിയ ടൂര്‍ണമെന്റുകള്‍ വിജയിപ്പിക്കാൻ കഴിയുന്ന താരങ്ങളുടെ സാന്നിധ്യം ലോകകപ്പിനിറങ്ങുന്ന ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇവിടെയാണ് സഞ്ജു മറ്റാരേക്കാള്‍ മുൻതൂക്കം നേടുന്നതും. ഇതിനെ സഹായിക്കുന്നതാണ് ഏകദിന ഫോർമാറ്റിലെ സഞ്ജുവിന്റെ പ്രകടനങ്ങളും നിലവിലെ ഫോമും. ഏകദിനത്തില്‍ 14 ഇന്നിങ്സുകളില്‍ മാത്രമാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. മൂന്ന് അര്‍ദ്ധ സെഞ്ചുറിയും ഒരു ശതകവും ഉള്‍പ്പെടെ 510. ശരാശരി 56 ആണ്, സ്ട്രൈക്ക് റേറ്റ് നൂറിന് തൊട്ടരികിലും.
ഫോം പരിശോധിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് എന്ന ടീമിന്റെ നെടും തൂണാണ് സഞ്ജു. ഇതിനോടകം തന്നെ രണ്ട് സെഞ്ചുറികള്‍, രണ്ട് ബിഗ് ഇന്നിങ്സുകള്‍ എന്ന് പറയാം. താരം തിളങ്ങിയ മത്സരങ്ങളില്‍ മാത്രമാണ് ചെന്നൈ ജയിച്ചിട്ടുള്ളതും. ഇതെല്ലാം സഞ്ജുവിനെ തുണയ്ക്കുന്ന ഘടകങ്ങളാകുന്നു. പക്ഷേ, ടീമില്‍ ഇടം പിടിച്ചാലും കളത്തിലെത്താനാകുമോയെന്നതില്‍ സംശയങ്ങളുണ്ട്. മുൻനിരയിലും മധ്യനിരയിലും അത്രത്തോളം വലിയ പേരുകളാണുള്ളത്. അതിനയെല്ലാം മറികടക്കണമെങ്കില്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം തിളങ്ങേണ്ടി വന്നേക്കാം.
അഫ്‌ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‌വെ എന്നീ ടീമുകള്‍ക്കെതിരായാണ് ഇന്ത്യയുടെ ഏകദിന പരമ്പരകള്‍. ഇതില്‍ ചുരുങ്ങിയ പരമ്പരകളിലെങ്കിലും സുപ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കി മറ്റുള്ളവര്‍ക്ക് അവസരം നല്‍കിയേക്കും. സഞ്ജുവിന്റെ സാധ്യതകള്‍ ഉയരുന്നതും ഇവിടെയായിരിക്കും.