ഐപിഎല്‍ 2026: അടിച്ചുകേറി വരുന്ന ഗില്‍, ലക്ഷ്യം സഞ്ജുവോ! ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തുമോ

Published : Apr 18, 2026, 01:51 PM IST
Shubman Gill

Synopsis

പവര്‍പ്ലേയിലെ സ്ട്രൈക്ക് റേറ്റ് അതിന് ശേഷം നിലനിര്‍ത്തേണ്ടതുണ്ട് ഗില്ലിന് ഇവരുമായെല്ലാം ഒരു മത്സരമെങ്കിലും നടത്തണമെങ്കിലും. റീഎൻട്രി എളുപ്പമല്ല എന്ന് കരുതാം, പക്ഷേ അസാധ്യമല്ല

ഡിസംബര്‍ 19, 2025. ആ ദിവസം അങ്ങനെ മറക്കാനാകില്ല ശുഭ്മാൻ ഗില്ലിന്. സഞ്ജു സാംസണിന്റെ ഒറ്റ ഇന്നിങ്സില്‍ അന്ന് നഷ്ടമായത് ഇന്ത്യയുടെ ടി20 സംഘത്തിലെ കസേരയാണ്. രാജ്യം വിശ്വകിരീടത്തിനൊരുങ്ങിയപ്പോള്‍ വേഷം ഇല്ലാതായ നായകനായിരുന്നു അയാള്‍. കൈവിട്ടുപോയതെല്ലാം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ എല്ലാ സൂചനകളും വെള്ളിയാഴ്ച അഹമ്മദാബാദിലെ വലിയ മൈതാനത്തുണ്ടായിരുന്നു.

ശുഭ്‍മാൻ ഗില്‍ അത്തരമൊരു ഷോട്ടിന് പവ‍ര്‍പ്ലേയില്‍ മുതിരുന്നത് പോലും വിരളമായാണ്. മൂന്നാം ഓവറിലെ രണ്ടാം പന്ത്, അനുകുല്‍ റോയിയാണ് ബൗളര്‍. സ്റ്റമ്പുകളെ ലക്ഷ്യമാക്കിയൊരു ഗുഡ് ലെങ്ത് ഡെലിവറി. ക്രീസുവിട്ടിറങ്ങി എക്‌സ്‌ട്രാ കവറിന് മുകളിലൂടെ ഒരു ലോഫ്റ്റഡ് ഡ്രൈവ്, സിക്‌സ്. ഷോട്ട് ഓഫ് എ പ്രിൻസ് എന്നായിരുന്നു കമന്ററി ബോക്‌സില്‍ നിന്ന് കേട്ട ശബ്ദം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പവ‍ര്‍പ്ലേ അവസാനിക്കുമ്പോള്‍ ഗില്ലിന്റെ സ്കോര്‍ 15 പന്തില്‍ 34 റണ്‍സ്, നാല് ഫോറും രണ്ട് സിക്‌സും. സ്ട്രൈക്ക് റേറ്റ് 216 ആയിരുന്നു. മാറ്റം ഉള്‍ക്കൊണ്ടുള്ള സമീപനം ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങി വരാൻ ഗില്ലിനെ സഹായിക്കുമോ?

ടി20 ലോകകപ്പിനുള്ള ടീമിലേക്ക് ഗില്ലിനെ ഉള്‍പ്പെടുത്താത്തതിന്റെ പ്രധാന കാരണം ഇന്ത്യയുടെ അഗ്രസീവ് ഫിലോസഫിക്കൊപ്പം നില്‍ക്കാൻ സാധിക്കാത്തതായിരുന്നു. നിലവില്‍ ഐപിഎല്ലിന്റെ സഞ്ചാരവും വൃത്യസ്തമല്ല. ഫിയർലെസ് ക്രിക്കറ്റിന്റെ ക്ലാസിക്ക് ഉദാഹരണമാണ് ഐപിഎല്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും രാജസ്ഥാൻ റോയല്‍സും പഞ്ചാബ് കിങ്സുമൊക്കെ ഈ ശൈലിയുടെ അപ്പോസ്തലന്മാരാകുമ്പോള്‍ ഒപ്പമോടാൻ കഴിയുന്നവർക്ക് മാത്രമാണ് മുന്നേറ്റം വിധിച്ചിട്ടുള്ളു. പവർപ്ലേയില്‍ തന്നെ മത്സരം നേടുകയാണ് ഇവിടെ പ്രധാനം.

കൊല്‍ക്കത്തയ്ക്ക് എതിരെ 181 റണ്‍സ് പിന്തുടരവെ ഗില്‍ തന്റെ ഇന്നിങ്സിനെ പാകപ്പെടുത്തിയ വിധം പരിശോധിക്കാം. പവർപ്ലേയില്‍ ഗുജറാത്തിന്റെ സ്കോർ 71, ഗില്ലിന്റെ സംഭാവന 34 റണ്‍സ്, അതും 15 പന്തില്‍. 216 സ്ട്രൈക്ക് റേറ്റിലേക്ക് എത്താൻ ഗില്‍ അഭിഷേക് ശർമയെപ്പോലെയോ അല്ലെങ്കില്‍ വൈഭവ് സൂര്യവംശിയെപ്പോലെയോ ഓള്‍ ഔട്ട് അറ്റാക്കിങ്ങിന് മുതിര്‍ന്നോയെന്ന് ചോദിച്ചാല്‍, ഇല്ല എന്നാണ് ഉത്തരം. എല്ലാം പ്രോപ്പർ ക്രിക്കറ്റിങ് ഷോട്ട്‌സ്, ഫീല്‍ഡിനെ അനായാസം എക്‌സ്പ്ലോയിറ്റ് ചെയ്തുള്ള സ്ട്രോക്ക് പ്ലേ. പ്രൈം ഫോമിലുള്ള ഒരു താരത്തില്‍ നിന്ന് സംഭവിക്കുന്നത്.

മറുവശത്ത് നിന്നുള്ള പിന്തുണ കുറഞ്ഞപ്പോള്‍ മാത്രമാണ് ഗില്ലിന്റെ സ്ട്രൈക്ക് റേറ്റില്‍ ഇടിവ് സംഭവിച്ചത്. പവർപ്ലേയ്ക്ക് ശേഷം 35 പന്തില്‍ 52 റണ്‍സാണ് ഗില്‍ നേടിയത്, ബോള്‍ പെ‍ര്‍ ബൗണ്ടറിയില്‍ കുറവുണ്ടായെങ്കിലും രണ്ടാം ഘട്ടത്തിലും നാല് ഫോറും രണ്ട് സിക്‌സും കണ്ടെത്തി. 17-ാം ഓവറിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ 172 സ്ട്രൈക്ക് റേറ്റിലാണ് 86 റണ്‍സ് ഗില്‍ നേടിയത്. ഷോട്ടുകളിലെ നിയന്ത്രണം 84 ശതമാനം.

ഐപിഎല്ലിന്റെ ആദ്യ പകുതി അവസാനിക്കാൻ ഒരുങ്ങുമ്പോള്‍ ഓറഞ്ച് ക്യാപ് ഗില്ലിന്റെ തലയ്ക്ക് മുകളിലാണ്. നാല് ഇന്നിങ്സുകളില്‍ നിന്ന് 251 റണ്‍സ്. മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍, സ്ട്രൈക്ക് റേറ്റ് 154ല്‍ എത്തി നില്‍ക്കുന്നു. ഗില്ലിന്റെ ക്ലാസിലോ ബാറ്റിങ്ങിലെ സാങ്കേതികത്തികവിലോ ഒന്നും ഒരുതരത്തിലുമുള്ള ആശങ്കകള്‍ അരങ്ങേറിയ നാള്‍ മുതല്‍ ഉണ്ടായിട്ടില്ല. പക്ഷേ, ടി20 ക്രിക്കറ്റിന് അനുയോജ്യമായി തന്റെ ഗെയിമിനെ പാകപ്പെടുത്താാൻ കഴിയുമോയെന്നതായിരുന്നു ചോദ്യം, ഐപിഎല്ലില്‍ അല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍.

കഴിഞ്ഞ സീസണിലും സമാനമായി ഉയര്‍ന്ന സ്ട്രൈക്ക് റേറ്റില്‍ അറുനൂറിലധികം റണ്‍സ് നേടാൻ ഗില്ലിന് സാധിച്ചിരുന്നു. പക്ഷേ, ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ഒരു അര്‍ദ്ധ ശതകത്തിലേക്ക് പോലും എത്താൻ കഴിഞ്ഞില്ല. ഗില്ലിന്റെ മടങ്ങി വരവ് അത്ര എളുപ്പമുള്ള ഒന്നല്ല. ലോകകപ്പിലെ സഞ്ജു സാംസണിന്റെ പ്രകടനങ്ങള്‍ തന്നെ കാരണം. മൂന്ന് അസാധാരണമായ ഇന്നിങ്സുകള്‍ക്കൊണ്ടാണ് സഞ്ജു ഏറെക്കുറെ ഒറ്റയ്ക്കാണ് ഇന്ത്യക്ക് ആ കിരീടം നേടിക്കൊടുത്തത്. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഇംപാക്റ്റ്‌ഫുള്ളായ എത്ര ഇന്നിങ്സ് ഗില്‍ കളിച്ചിട്ടുണ്ട് എന്നതാണ് ചേര്‍ത്ത് വെക്കാനുള്ള ചോദ്യവും.

സ‌ഞ്ജുവിന്റെ ഇന്നിങ്സുകളെ മറച്ച് വെച്ച് ഗില്ലിന് അവസരം ഒരുങ്ങില്ല എന്നത് തന്നെ ഉറപ്പിക്കാനാകും. ഇനി അഭിഷേകിന്റെ സ്ഥാനത്തേക്ക് എത്താനാകുമോ. ഇഷാൻ കിഷൻ എന്ന പേര് അവിടെയുമുണ്ട്. വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ നിറം വൈകാതെ അണിയുമെന്നും സൂചനയുണ്ട്. പിന്നീട് സാധ്യതകള്‍ മധ്യനിരയിലാണ്, അവിടെ ഓപ്പണിങ് സ്ഥാനത്തേക്കാള്‍ പോരാട്ടവും നടക്കുന്നു. പവര്‍പ്ലേയിലെ സ്ട്രൈക്ക് റേറ്റ് അതിന് ശേഷം നിലനിര്‍ത്തേണ്ടതുണ്ട് ഗില്ലിന് ഇവരുമായെല്ലാം ഒരു മത്സരമെങ്കിലും നടത്തണമെങ്കിലും. റിഎൻട്രി എളുപ്പമല്ല എന്ന് കരുതാം, പക്ഷേ അസാധ്യമല്ല.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഗില്‍ അവിടെ നില്‍ക്ക്, ഇന്ത്യയെ ശ്രേയസ് നയിക്കട്ടെ! ഇനി അയ്യർ കാലമോ?
ഐപിഎല്‍ 2026: ഹാർദിക്കാണോ പ്രശ്നം, അതോ മാനേജ്മെന്റ് തീരുമാനങ്ങളോ? തിരിച്ചടികള്‍ക്ക് പിന്നില്‍