
പ്രശാന്ത് വീറും കാര്‍ത്തിക്ക് ശര്‍മയും. പ്രായം 20 വയസും പത്തൊൻപതും. പത്ത് മിനുറ്റിനിടയില്‍ രണ്ട് താരങ്ങള്‍ക്കുമായി ചെന്നൈ സൂപ്പര്‍ കിങ്സ് ചിലവാക്കിയത് 14 കോടി 20 ലക്ഷം രൂപ വീതം. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും മൂല്യമേറിയ അണ്‍ക്യാപ്‌ഡ് താരങ്ങള്‍. പരിചയസമ്പന്നരില്‍ വിശ്വാസം അര്‍പ്പിക്കുന്ന ഫിലോസഫി വെടിഞ്ഞ് ജെൻ സി വൈബിലേക്ക് ചുവടുമാറുന്ന ചെന്നൈ നിരയിലേക്ക് രണ്ട് പേരുകൂടി. പ്രശാന്തിനേയും കാര്‍ത്തിക്കിനേയും ചെന്നൈ സ്വന്തമാക്കിയതിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്.
കാര്‍ത്തിക്ക് ശര്‍മ, രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. മുംബൈ ഇന്ത്യൻസും ലഖ്നൗ സൂപ്പര്‍ ജയന്റ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പര്‍ കിങ്സും ഒരുപോലെ ലേലത്തില്‍ നോട്ടമിട്ട താരം. ഒടുവില്‍ കൊല്‍ക്കത്തയെ മറികടന്നാണ് ചെന്നൈ ചെപ്പോക്കിലേക്ക് കാര്‍ത്തിക്കിനെ എത്തിച്ചത്. മധ്യനിര ബാറ്ററായ കാര്‍ത്തിക്ക് ബിഗ് ഹിറ്റര്‍ കൂടിയാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ അക്കാദമിയില്‍ എത്തി കാര്‍ത്തിക്ക് പരിശീന മത്സരങ്ങളിലും ഭാഗമായിരുന്നു.
ട്വന്റി 20 കരിയറെടുത്താല്‍ 11 ഇന്നിങ്സുകളില്‍ നിന്ന് 334 റണ്‍സ്. 28 സിക്സറുകളാണ് 11 അവസരങ്ങളില്‍ ഗ്യാലറിയിലെത്തിച്ചത്, സ്ട്രൈക്ക് റേറ്റ് 160ന് മുകളിലും. നിലവില്‍ പുരോഗമിക്കുന്ന സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രാജസ്ഥാനുവേണ്ടി 133 റണ്‍സ്, 11 സിക്സറുകള്‍. 2025-26 സീസണിലെ രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയതും കാര്‍ത്തിക്കാണ്, അഞ്ച് മത്സരങ്ങളില്‍ നിന്ന് 55 ശരാശരിയില്‍ 331 റണ്‍സും സ്വന്തമാക്കി. രാജസ്ഥാൻ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ചേക്കേറിയ സഞ്ജു സാംസണിന്റെ ബാക്ക് ആപ്പായി മാത്രമല്ല മധ്യനിരയിലും കാര്‍ത്തിക്കിനെ പ്രതീക്ഷിക്കാനാകും.
പ്രശാന്ത് വീര്‍, ചെന്നൈ സൂപ്പര്‍ കിങ്സ് ഇതിഹാസം രവീന്ദ്ര ജഡേജയുടെ പകരക്കാരൻ എന്ന് ഒറ്റനോട്ടത്തില്‍ പറയാനാകും. ലഖ്നൗവും മുംബൈയും രാജസ്ഥാനുമുണ്ടായിരുന്നു പ്രാശാന്തിനെ സ്വന്തമാക്കാൻ ചെന്നൈക്കൊപ്പം ലേലത്തില്‍. ഉത്തര്‍ പ്രദേശ് ടി20 ലീഗില്‍ നോയിഡ സൂപ്പര്‍ കിങ്സിനായി തിളങ്ങിയാണ് ഇടം കയ്യൻ സ്പിന്നറും ബാറ്ററുമായ പ്രശാന്ത് ആഭ്യന്തര സര്‍ക്യൂട്ടുകളില്‍ അറയപ്പെട്ടത്. ശേഷം ചെന്നൈയുടെ അക്കാദമിയില്‍ ട്രയല്‍സിനായും താരം എത്തിയിരുന്നു.
പ്രശാന്തിന്റെ മികവില്‍ ചെന്നൈയുടെ മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് വിശ്വാസം അര്‍പ്പിച്ചിരുന്നു. യുപിക്കായി നിലവില്‍ പുരോഗമിക്കുന്ന സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ഏഴ് കളികളില്‍ നിന്ന് ഒൻപത് വിക്കറ്റ് താരം നേടി, അതും 6.76 എക്കണോമിയില്‍. ഇതിന് പുറമെ 170 സ്ട്രൈക്ക് റേറ്റില്‍ 112 റണ്‍സും സ്കോര്‍ ചെയ്തു. ഇടം കയ്യൻ സ്പിന്നര്‍, ലോവര്‍ ഓര്‍ഡര്‍ ഹിറ്റര്‍, ജഡേജയ്ക്ക് സമാനമായി മികച്ച ഫീല്‍ഡര്‍. ചെന്നൈയുടെ ദീര്‍ഘകാല പദ്ധതികളില്‍ ഒരാളാണ് പ്രശാന്തെന്ന് ഉറപ്പിക്കാനാകും.
പ്രശാന്തിനും കാര്‍ത്തിക്കിനും പുറമെ ലേലത്തില്‍ ഞെട്ടിച്ച മറ്റൊരു അണ്‍ക്യാപ്ഡ് താരം അക്വിബ് നബി ധര്‍ ആണ്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ 8.4 കോടി രൂപയ്ക്ക് എത്തിയ ജമ്മു കശ്മീരിന്റെ വലം കയ്യൻ മീഡിയം പേസര്‍. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയോടെയുള്ള പ്രകടനമായിരുന്നു ഐപിഎല്ലിലേക്ക് അക്വിബിന് വാതില്‍ തുറന്നു നല്‍കിയത്. സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ നേടി. റണ്ണൊഴുകുന്ന ടൂര്‍ണമെന്റില്‍ 7.41 എക്കണോമിയിലാണ് താരം പന്തെറിയുന്നത്.
പേസര്‍ മാത്രമല്ല ബാറ്റുകൊണ്ടും സംഭാവന ചെയ്യാൻ താരത്തിന് കഴിയുമെന്ന് അവസാന മത്സരത്തില്‍ തെളിയിച്ചു. മധ്യപ്രദേശിനെതിരെ 21 പന്തില്‍ 32 റണ്‍സും 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും നേടി. ട്വന്റി 20യില്‍ മാത്രമല്ല രഞ്ജിയിലും അക്വിബ് കണ്‍സിസ്റ്റന്റാണ്. ഒൻപത് ഇന്നിങ്സുകളില്‍ നിന്ന് 29 വിക്കറ്റ് ഇതുവരെ നേടി. ടൂര്‍ണമെന്റിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലുള്ള ആദ്യ അഞ്ച് പേരിലെ ഏക പേസറാണ് അക്വിബ്.
2024-25 സീസണില്‍ 44 വിക്കറ്റുകളായിരുന്നു നേട്ടം. മറ്റൊരു ഇന്ത്യൻ പേസര്‍ക്കും അക്വിബിന്റെ ഒപ്പമെത്താൻ പോലുമായിരുന്നില്ല. വിക്കറ്റ് വേട്ടയില്‍ വിദര്‍ഭയുടെ ഇടം കയ്യൻ സ്പിന്നര്‍ക്ക് പിന്നിലായാണ് അക്വിബ് പോയ സീസണ്‍ അവസാനിപ്പിച്ചത്.