സമ്പൂർണ റീസെറ്റിന് കൊല്‍ക്കത്ത, സർപ്രൈസ് നല്‍കി റിച്ചായി! ടീമിന്റെ തീരുമാനങ്ങള്‍ ശരിയോ?

Published : Nov 16, 2025, 01:18 PM IST
Kolkata Knight Riders

Synopsis

കിരീടം നേടിത്തന്ന നായകനെ കൈവിട്ട ചരിത്രമുള്ള കൊല്‍ക്കത്ത ഇത്തവണയും സർപ്രൈസുകള്‍ക്ക് കുറവ് വരുത്തിയിട്ടില്ല. എല്ലാം ഡിപ്പാര്‍ട്ട്മെന്റുകളിലേക്കും റിക്രൂട്ട്മെന്റ് നടത്തണം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റീസെറ്റ് മോഡിലാണ്. താരലേലത്തിലേക്ക് കടക്കുമ്പോള്‍ ഏറ്റവും റിച്ച് ടീം. കൈവശമുള്ളത് 64.30 കോടി രൂപയാണ്. കിരീടം നേടിത്തന്ന നായകനെ കൈവിട്ട ചരിത്രമുള്ള ടീം ഇത്തവണയും സർപ്രൈസുകള്‍ക്ക് കുറവ് വരുത്തിയിട്ടില്ല. ഓപ്പണർമാർ, മധ്യനിര താരങ്ങള്‍, ബൗളര്‍മാര്‍ എന്നിങ്ങനെ എല്ലാം ഡിപ്പാര്‍ട്ട്മെന്റുകളിലേക്കും റിക്രൂട്ട്മെന്റ് നടത്തണം, നായകനായി ആര് എന്ന ചോദ്യത്തിനും ഉത്തരം നല്‍കേണ്ടി വരും ഡിസംബര്‍ 16ന്. കൊല്‍ക്കത്തയുടെ തന്ത്രങ്ങള്‍ ശരിയോ, പരിശോധിക്കാം.

താരമൂല്യത്തിനല്ല, പ്രകടനത്തിനാണ് മുൻതൂക്കമെന്ന നിലപാട് സ്വീകരിച്ച് പ്രാക്റ്റിക്കല്‍ സമീപനമാണ് റീട്ടൻഷനിലും റിലീസിലും കൊല്‍ക്കത്ത സ്വീകരിച്ചത്. റിട്ടയര്‍ ചെയ്യുന്നത് വരെ കൊല്‍ക്കത്തയില്‍ തുടരുമെന്ന് പറഞ്ഞ ആന്ദ്രെ റസലും അത് ശരിവെച്ച മാനേജ്മെന്റും ടി20 ജയന്റിനെ കൈവിട്ടത് തന്നെയായിരുന്നു നിര്‍ണായക ചുവടുവെപ്പ്. 12 കോടി രൂപ മൂല്യമുള്ള റസലിന് പ്രായം 38 കഴിയും അടുത്ത സീസണോടെ. 2024, 25 സീസണുകളില്‍ നിരാശ സമ്മാനിക്കുന്നതായിരുന്നു ഓള്‍ റൗണ്ടറുടെ പ്രകടനവും. ശരാശരി ഒരു കളിയില്‍ നേരിടുന്ന പന്തുകളുടെ എണ്ണം പോലും പത്തിലൊതുങ്ങി.

സ്ഥിരതയാര്‍ന്ന രണ്ട് സീസണുകള്‍ക്കൊടുവിലായിരുന്നു 23.75 കോടി രൂപയ്ക്ക് വെങ്കടേഷിനെ ടീമിലെത്തിക്കാൻ കൊല്‍ക്കത്ത തീരുമാനിച്ചത്. കോടികളുടെ മൂല്യവും പ്രതീക്ഷയുടെ അമിതഭാരവും വെങ്കടേഷിന് സമ്മാനിച്ചത് ഏറ്റവും മോശം സീസണ്‍. 11 മത്സരങ്ങളില്‍ നിന്ന് ഏഴ് ഇന്നിങ്സുകളിലായി 142 റണ്‍സ് മാത്രം. റസലിനും വെങ്കടേഷിനുമൊപ്പം മൊയീൻ അലി, ക്വിന്റണ്‍ ഡി കോക്ക്, റഹ്മാനുള്ള ഗുര്‍ബാസ്, ആൻറിച്ച് നോര്‍ക്കെ എന്നിങ്ങനെ അന്താരാഷ്ട്ര താരങ്ങളുടെ നീണ്ട നിര തന്നെയുണ്ട് റിലീസ് ചെയ്യപ്പെട്ടവരില്‍. റിലീസ് പട്ടിക മാറ്റി നിര്‍ത്തി റിട്ടെഷൻ ലിസ്റ്റ് എടുത്താലും പോരായ്മകള്‍ ഉയര്‍ന്നു നില്‍ക്കുന്നത് കാണാം.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യൻ ബാറ്റര്‍മാരുടെ സാന്നിധ്യമാണ്, പ്രത്യേകിച്ചും യുവതാരങ്ങളുടെ അഭാവം. അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, അംഗ്രിഷ് രഘുവൻശി, രമണ്‍ദീപ് സിങ്, റിങ്കു സിങ് എന്നിവരാണ് നിലനിര്‍ത്തിയ ഇന്ത്യൻ ബാറ്റര്‍മാര്‍. രമണ്‍ദീപും റിങ്കുവും ദീര്‍ഘകാലമായി ഫിനിഷര്‍മാരുടെ റോള്‍ വഹിക്കുന്നവരാണ്. രഘുവൻശിയൊരു ഫ്യൂച്ചര്‍ ഇൻവെസ്റ്റ്മെന്റാണെങ്കിലും സ്ഥിരതയോടെ തിളങ്ങുന്ന താരമോ കൂറ്റനടിക്കാരനോ അല്ല എന്ന് പോയ സീസണുകള്‍ വ്യക്തമാക്കുന്നു. ഇനി അവശേഷിക്കുന്നത് രഹാനെയും മനീഷ് പാണ്ഡെയുമാണ്.

രഹാനെ അടുത്ത സീസണ്‍ എത്തുമ്പോള്‍ 38 വയസിലേക്ക് എത്തും, മനീഷ് പാണ്ഡെ 36 പിന്നിട്ടിരിക്കുന്നു. രഹാനെ 2025 സീസണില്‍ കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയുടെ നെടുംതൂണായിരുന്നു, 150നടുത്ത് സ്ട്രൈക്ക് റേറ്റില്‍ 390 റണ്‍സ് നേടി. എന്നാല്‍, സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതപുലര്‍ത്താൻ രഹാനെക്ക് കഴിഞ്ഞിട്ടില്ല. രഞ്ജിയില്‍ ഛത്തിസ്‌ഗഡിനെതിരെ നേടിയ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ തീര്‍ത്തും നിരാശ. മറുവശത്ത് ഐപിഎല്ലിന് ശേഷം കോമ്പറ്റീറ്റീവ് ക്രിക്കറ്റിലേക്ക് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല മനീഷ് പാണ്ഡെ. ഇരുവരും എത്ര ഐപിഎല്ലില്‍ക്കൂടി പാഡുകെട്ടുമെന്നതും ചോദ്യമാണ്.

സുനില്‍ നരെയ്‌ൻ, അനുകൂല്‍ റോയ്, റോവ്മാൻ പവല്‍, രമണ്‍ദീപ് സിങ് എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. നരെയ്ന്റെ ഓള്‍റൗണ്ട് മികവിന്റെ മൂര്‍ച്ചകുറയുന്നതായുള്ള സൂചനകള്‍ കഴിഞ്ഞ സീസണില്‍ പ്രകടമായിരുന്നു. 37 വയസ് താണ്ടിയിരിക്കുന്നു നരെയ്ൻ. ഹര്‍ഷിത് റാണ, ഉമ്രാൻ മാലിക്ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ബൗളിങ് നിരയില്‍.

വിദേശപേസറുടെ അഭാവം മാത്രമല്ല, ഒരു പ്രീമിയര്‍ ഡെത്ത് ബൗളറേയും ടീമില്‍ എത്തിക്കേണ്ടതായുണ്ട് കൊല്‍ക്കത്ത മാനേജ്മെന്റിന്, ഇതിനൊപ്പം ബാക്കപ്പും. 64 കോടി രൂപ കൈവശമുള്ള കൊല്‍ക്കത്തയ്ക്ക് ടീമിന്റെ ഭാവി കൂടി ഭദ്രമാക്കണം. നിലനിര്‍ത്തിയിട്ടുള്ള താരങ്ങളില്‍ ഭൂരിഭാഗവും കരിയറിന്റെ അസ്തമയത്തോട് അടുത്തിരിക്കുന്നവരാണ്. അതുകൊണ്ട് ട്വന്റി 20ക്ക് ഒത്തിണങ്ങിയ ഇന്ത്യൻ താരങ്ങളുടെ നിര തന്നെ ആവശ്യമാണ്. അജിങ്ക്യ രഹാനെയുടെ പിൻഗാമിയേയും കണ്ടെത്തേണ്ടിയിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?