വിരാട് കോഹ്ല‌ിക്ക് വലിയ ചലഞ്ച്! പ്രോട്ടിയാസ് പരമ്പര ഇതിഹാസങ്ങള്‍ക്ക് എത്ര നിർണായകം?

Published : Nov 29, 2025, 12:00 PM IST
Virat Kohli

Synopsis

മത്സരപരിശീലനമില്ലാത്തതിന്റെ അലസത ഓസ്ട്രേലിയൻ പര്യടനത്തില്‍ രോഹിത് കോഹ്ലി ഇതിഹാസ ദ്വയങ്ങളുടെ ബാറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിഡ്നി വരെ കോഹ്ലി കാത്തിരുന്നു ആദ്യ റണ്‍സെടുക്കാൻ

റാഞ്ചി സ്റ്റേഡിയത്തിലെ എംഎസ് ധോണി പവലിയന് മുന്നിലായി ബാറ്റിങ് പരിശീലനത്തിലാണ് വിരാട് കോഹ്ലി. എല്ലാം വീക്ഷിച്ചുകൊണ്ട് രോഹിത് ശ‍ര്‍മ സമീപമുണ്ട്. ഇരുവരേയും നിരീക്ഷിച്ച് ബൗളിങ് പരിശീലകൻ മോ‍ര്‍ണി മോര്‍ക്കലും. ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ് ആരാധകനേയും പോലെ രോഹിതിനേയും കോഹ്ലിയേയും 2027 ഏകദിന ലോകകപ്പില്‍ കാണാൻ അയാളും ആഗ്രഹിക്കുന്നുണ്ട്. തേച്ചുമിനുക്കി ഇതിഹാസങ്ങള്‍ പുതിയ പക‍ര്‍ന്നാട്ടങ്ങള്‍ക്ക് തയാറാകുകയാണ്.

റാഞ്ചിയും റായ്‌പൂരും വിശാഖപട്ടണവും സാക്ഷ്യം വഹിക്കും. റണ്‍സൊഴുകാം, നിരാശപ്പെടേണ്ടി വന്നേക്കാം. അപ്പോഴും പലവട്ടം ഉയര്‍ന്ന ചോദ്യം വീണ്ടുമെത്തും. ഇനിയെന്ത്, പ്രത്യേകിച്ചും കോഹ്ലിയുടെ കാര്യത്തില്‍. കാരണമുണ്ട്. ടീമില്‍ തുടരാൻ എന്തെങ്കിലും തെളിയിക്കാൻ കോഹ്ലിക്കുണ്ടോ, ഇല്ല. കടന്ന മൂന്നക്കങ്ങളും കീഴടക്കിയ മൈതാനങ്ങളും അതിന് ഉത്തരം നല്‍കും. പക്ഷേ, ആ ഉത്തരം മതിയാകില്ല ബിസിസഐക്ക് എന്നതിന്റെ സൂചനയായിരുന്നു രോഹിതിനോടും കോഹ്ലിയോടും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകാനുള്ള നിര്‍ദേശം.

2027 ലോകകപ്പ് എന്ന ഒറ്റലക്ഷ്യത്തിലാണ് രോഹിത്, ശരീരവും മനസും അതിനായി പാകപ്പെടുത്തി കഴിഞ്ഞു. രോഹിതില്‍ നിന്ന് അകന്നുനില്‍ക്കുന്ന ഏക കിരീടമതാണ്. അതുകൊണ്ട്, വിജയ് ഹസാരെ മാത്രമല്ല, സയ്‌ദ്‌ മുഷ്‌താഖ് അലി ടൂ‍ര്‍ണമെന്റും കളിക്കാമെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചുകഴിഞ്ഞു. മറുവശത്ത് കോഹ്ലിയില്‍ നിന്ന് അത്തരമൊരു തീരുമാനമോ അറിയിപ്പോ ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അന്തരീക്ഷത്തിലില്ല. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷമാണ് വിജയ് ഹസാരെ എത്തുന്നത്, പിന്നാലെ ജനുവരിയില്‍ ന്യൂസിലൻഡ് പരമ്പര.

മതിയായ മത്സരപരിശീലനമില്ലാത്തതിന്റെ അലസത ഓസ്ട്രേലിയൻ പര്യടനത്തില്‍ രോഹിതിന്റേയും കോഹ്ലിയുടേയും ബാറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രോഹിത് അതിനെ ചെറുത്തുനിന്ന് തോല്‍പ്പിച്ചപ്പോള്‍ ആദ്യ റണ്‍സിനായി സിഡ്നി വരെ കാത്തിരിക്കേണ്ടി വന്നിരുന്നു കോഹ്ലിക്ക്. ഇതിന്റെ ആവ‍ര്‍ത്തനം ഒഴിവാക്കാനായിരിക്കാം ആഭ്യന്തര ക്രിക്കറ്റില്‍ ബിസിസിഐ ശാഠ്യം പിടിക്കുന്നതും. അതിന് വഴങ്ങിക്കൊടുക്കാൻ കോഹ്ലി തയാറാകുമോയെന്ന് കാത്തിരുന്നു കാണേണ്ടി വരും. കാത്തിരിക്കുമ്പോഴും കണ്ണടച്ചുകളയാൻ കഴിയാത്ത ചില വസ്തുതകളുമുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലി പാഡഴിക്കാൻ സമയമായിരുന്നു. അയാളുടെ മൈതാനത്തെ ശരീരഭാഷയും സ്വാധീനവുമൊക്കെ പരിഗണിക്കുമ്പോഴും ബാറ്റിങ് ലെവലിലുണ്ടായ ഡിപ് ചെറുതായിരുന്നില്ല, 2020 മുതലുള്ള കണക്കുകളെടുത്താല്‍ 30ന് മുകളില്‍ ശരാശരിയുള്ള ഒരു വര്‍ഷം മാത്രമാണ് കോഹ്ലിക്കുണ്ടായിരുന്നത്. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ട്രാപ്പിനെ അതിജീവിക്കാൻ കഴിയാത്ത, ലെഗ് സ്പിൻ ദൗര്‍ബല്യം വിട്ടുമാറാത്ത കോഹ്ലി. പക്ഷേ, കോഹ്ലിയെ കോഹ്ലിയാക്കിയ ഏകദിന ഫോര്‍മാറ്റില്‍ മറിച്ചാണ് കാര്യങ്ങള്‍.

2020ന് ശേഷം കരിയറില്‍ മൊത്തത്തില്‍ സംഭവിച്ച ഇടിവ് വലിയ തോതില്‍ പ്രതിഫലിച്ചിട്ടില്ല ഏകദിനത്തില്‍. 2023 ഏകദിന ലോകകപ്പിലെ പ്രകടനമൊക്കെ പീക്ക് സമയത്തെ സൂചിപ്പിക്കുന്നത് തന്നെയായിരുന്നു. ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോര്‍ഡുകള്‍ കടപുഴക്കിയ ടൂ‍ര്‍ണമെന്റ്. ഏകദിന ഫോര്‍മാറ്റിന്റെ ഓരോ ഘട്ടവും കോഹ്ലിയോളം നിശ്ചയമുള്ള മറ്റൊരു ബാറ്ററുണ്ടാകുമോയെന്ന് പോലും സംശയിക്കേണ്ടതുണ്ട്. അത് നിലവില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഏറ്റവും അനിവാര്യമുള്ള മുതല്‍കൂട്ടുമാണ്.

മുൻനിര വീണാല്‍, മധ്യനിര പരാജയപ്പെട്ടാല്‍ നിലയുറപ്പിച്ച് ആര് വിജയത്തിലേക്ക് നയിക്കുമെന്ന ചോദ്യത്തിന് കോഹ്ലിക്ക് ശേഷം മറ്റൊരു ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല. ശ്രേയസ് അയ്യ‍ര്‍, റുതുരാജ് ഗെയ്‌ക്വാദ്, കെ എല്‍ രാഹുല്‍ എന്നിങ്ങനെ പേരുകളുണ്ടെങ്കിലും ഇതുവരെ ആരും ഒറ്റയ്ക്ക് ഒരു വിജയലക്ഷ്യഭാരം ചുമന്നിട്ടില്ല. പരിചയസമ്പത്തുള്ള താരങ്ങളുടെ അഭാവം എന്തിലേക്കാണ് നയിക്കുന്നതെന്നതില്‍ വ്യക്തത നല്‍കാൻ ടെമ്പ ബാവുമയുടെ സംഘത്തിന് കഴിഞ്ഞു.

ഏകദിനത്തില്‍ അതിന്റെ ആവ‍ര്‍ത്തനം ബിസിസിഐ ആഗ്രിഹിക്കുന്നുണ്ടാകില്ല. എന്തായാലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോഹ്ലിയുടെ ബാറ്റില്‍ നിന്ന് റണ്‍സൊഴുകിയെ മതിയാകു. ശേഷം ആഭ്യന്തര ക്രിക്കറ്റിലും സജീവമാകേണ്ടി വരും. അല്ലാത്തപക്ഷം, ഓസ്ട്രേലിയയില്‍ കണ്ടതിന്റെ പുതുപതിപ്പുകള്‍ എത്തും, പടിയിറക്കം കൈപ്പേറിയതാകാനും ഇത് മതിയാകും. ഇനിയും രണ്ട് വ‍ര്‍ഷത്തോളം ദൂരമുള്ള ലോകകപ്പിലേക്ക് എത്തണമെങ്കില്‍ ഈ കടമ്പകളൊക്കെയും കടക്കേണ്ടതുണ്ട്, പടിപടിയായി.

PREV
Read more Articles on
click me!

Recommended Stories

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
എറിഞ്ഞുതോല്‍ക്കുന്ന പുതിയ ഇന്ത്യ; സിറാജ്-ഷമി-ബുമ്ര പേസ് ത്രയം എവിടെ? എന്തുകൊണ്ട് പുറത്ത്?