എല്‍ ക്ലാസിക്കോയ്ക്ക് ഒരുങ്ങി റയല്‍! ബാഴ്‌സലോണയെ തീർക്കാൻ ഈ കളി മതിയോ?

Published : Oct 22, 2026, 12:26 PM IST
Real Madrid

Synopsis

റോമയ്ക്ക് എതിരായ കംബാക്ക്, സെവ്വിയ്ക്ക് മുകളില്‍ സമ്പൂര്‍ണ ആധിപത്യം, ആര്‍ബി ലെയ്‌പ്‌സിഗിന്റെ വലയും നിറച്ചു. റയല്‍ ട്രാക്കിലായെന്ന് പറയാറായോ, എല്‍ ക്ലാസിക്കോയിക്ക് തയാറാണോ മൗറിഞ്ഞ്യോയുടെ സംഘം?

44-ാം മിനുറ്റില്‍ ഗോള്‍ ലൈന് തൊട്ടുപുറത്ത് നിന്ന് ബെർണാദൊ സില്‍വ ആ പന്തിനെ വലയിലേക്ക് അയച്ച് ആഘോഷത്തിലേക്ക് കടക്കുമ്പോള്‍ ക്യാമറ പാൻ ചെയ്തുനിന്നത് റയല്‍ മാഡ്രിഡിന്റെ ഡഗൗട്ടിലായിരുന്നു. വളരെ ശാന്തനായി വികാരങ്ങളൊന്നും പ്രകടിപ്പിക്കാതെ ഹോസെ മൗറിഞ്ഞ്യോയെ അവിടെ കാണപ്പെട്ടു.

സാന്റിയാഗൊ ബെര്‍ണബ്യൂവില്‍ റയലിന്റെ അത്ര നേരത്തെ പ്രകടനം മറക്കാൻ പോന്നതായിരുന്നില്ല മൗറിഞ്ഞ്യോയ്ക്ക് ആ ഗോള്‍. പിന്നിലാകാതിരുന്നതിന് തിബൊ കോര്‍ട്ടുവയുടെ കൈകള്‍ക്ക് നന്ദിപറയാം. റോമയ്ക്ക് എതിരായ കംബാക്ക്, സെവ്വിയ്ക്ക് മുകളില്‍ സമ്പൂര്‍ണ ആധിപത്യം, ആര്‍ബി ലെയ്‌പ്‌സിഗിന്റെ വലയും നിറച്ചു. റയല്‍ ട്രാക്കിലായെന്ന് പറയാറായോ, എല്‍ ക്ലാസിക്കോയിക്ക് തയാറാണോ മൗറിഞ്ഞ്യോയുടെ സംഘം?

4-2-3-1 എന്ന ഫോർമേഷനിലായിരുന്നു ലെയ്‌പ്‌സിഗിനെതിരെ റയല്‍ കളത്തിലേക്ക് എത്തിയത്. വിനീഷ്യസ് ജൂനിയറും ആർദ ഗൂളറും വിങ്ങുകളിലും അറ്റാക്കിങ് മിഡ്‌ഫീല്‍ഡറായി ബെല്ലിങ്ഹാമും. മിഡ് ഫീല്‍ഡില്‍ ഡബിള്‍ പിവട്ട് റോളില്‍ കമവിംഗയും ബെർണാദോയും. റൈറ്റ് ബാക്കില്‍ വാല്‍വർദെ, ലെഫ്റ്റ് ബാക്കില്‍ കറെരാസ്. സെന്റർ ബാക്കുകളായി ഹൂസനും റൂഡിഗറും. ഗോള്‍ നേടിയതും ഗോള്‍ അവസരങ്ങള്‍ പാഴാക്കിയതും സൃഷ്ടിച്ചതുമൊക്കെ മാറ്റിവെക്കാം. ടീമിനെ ബാലൻസ്‌ഡാക്കാനുള്ള മൗറിഞ്ഞ്യോയുടെ ശ്രമങ്ങള്‍ എത്രകണ്ട് ഫലവത്തായി എന്നത് പരിശോധിക്കേണ്ടതുണ്ട്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി വാല്‍വര്‍ദയെ റൈറ്റ് ബാക്കായി പ്ലേസ് ചെയ്താണ് റയലിന്റെ ഡിഫൻസ്. ഈ നീക്കം ലെയ്‌പ്‌സിഗിനെതിരെ സക്‌സസ്‌ഫുള്ളായിരുന്നു. റൈറ്റ് വിങ്ങില്‍ ഗൂളര്‍ - വാല്‍വര്‍ദെ കോമ്പിനേഷൻ പ്രൊഡക്റ്റീവുമായാി കാണപ്പെട്ടു. പക്ഷേ, ഇവിടെ മറ്റൊന്നുണ്ട്. ഈ സ്ട്രക്‌ചര്‍ എല്‍ ക്ലാസിക്കോയില്‍ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. കാരണം, മധ്യനിര താരമാണ് വാല്‍വര്‍ദെ, ഡിഫൻസീവ് കാപ്പബിലിറ്റീസുണ്ടെങ്കിലും അയാളൊരു നാച്ചുറല്‍ ഡിഫൻഡറല്ല. ലെയ്‌പ്‌സിഗിന്റെ ആന്റോണിയോ നൂസ ഒന്നിലധികം തവണ വാല്‍വര്‍ദയെ മറികടന്നിരുന്നു, അപ്പൊഴെക്കെ റൂഡിഗറിന്റെ ഇൻവോള്‍വ്‌മെന്റാണ് റയലിന് തുണയായത്.

ഇത് ബാഴ്‌സലോണയുടെ ഹൈലി അഗ്രസീവായ അറ്റാക്കിങ് ഫ്രണ്ട് ലൈന് മുന്നില്‍ എത്രകണ്ട് പോസിബിളാകുമെന്നതില്‍ ആശങ്കകളുണ്ട്. പിഎസ്‌ജിക്കെതിരെ നിറം മങ്ങിയതുകൊണ്ട് ആന്തണി ഗോര്‍ഡന്റെയും റഫീഞ്ഞ്യയുടേയും ഫോമിനെ സംശയിക്കാനായില്ല. റയലിന്റെ റൈറ്റ് ഫ്ലാങ്ക് എക്‌സ്പ്ലോയിറ്റ് ചെയ്യാൻ അവര്‍ക്ക് കഴിയും. മൗറിഞ്ഞ്യോയുടെ ഈ ഫോര്‍മേഷനിലെ മറ്റൊരു ചോദ്യം റൈറ്റ് ഫ്ലാങ്ക് പോലെ അത്ര പ്രൊഡക്റ്റീവാകാൻ ലെഫ്റ്റ് ഫ്ലാങ്കില്‍ കഴിയുന്നില്ല എന്നതാണ്. ഇത് അറ്റാക്കിങ്ങില്‍ മാത്രമല്ല, പ്രതിരോധത്തിലും.

വലതുവിങ്ങിലൂടെയുള്ള ലെയ്‌പ്‌സിഗിന്റെ മുന്നേറ്റങ്ങള്‍ എടുത്തുനോക്കിയാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. വിനീഷ്യസ് അഡ്വാൻസ് ചെയ്ത് പൊസിഷൻ ചെയ്യുമ്പോള്‍ ലെഫ്റ്റ് ബാക്കിന് വേണ്ട പിന്തുണ ലഭിക്കുന്നില്ല. ഇവിടെ വിനീഷ്യസ് മാത്രമല്ല കുറ്റക്കാരൻ, മധ്യനിര താരങ്ങള്‍ക്കും റോളുണ്ട്. മറ്റൊന്ന്, കുക്കുറേയയുടെ വരവോടെ ഇതിന് പരിഹാരം കാണാൻ കഴിയുമോയെന്നതാണ്.

സ്പെയിനായി ലോകകപ്പില്‍ കുക്കുറേയ നടത്തിയ പ്രകടനങ്ങള്‍ റയല്‍ ജഴ്‌സിയില്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്ന വിമര്‍ശനം ഫുട്ബോള്‍ സര്‍ക്കിളുകളില്‍ നിലനില്‍ക്കുന്നുണ്ട്. അതിന് ഒരു കാരണമെയുള്ളു. റയലിന്റെ മധ്യനിരയുടെ സ്റ്റബിലിറ്റിയില്ലായ്മ. സ്പെയിന്റെ പോലെ സോളിഡല്ല മിഡ് ഫീല്‍ഡ്, കുക്കുറേയക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള സേഫ്റ്റി റയലിന്റെ കളത്തിലില്ലെന്ന് ചുരുക്കം.

ഇനി വിനിയിലേക്ക് വരാം. നാല് മത്സരത്തിലെ വിലക്ക്, മോശം ഫോം. ഡിയോമൻഡയുടെ പ്രകടനം. അതീവ സമ്മര്‍ദത്തിലാണ് വിനി സാന്റിയാഗൊ ബെര്‍ണബ്യൂവിലേക്ക് ഇറങ്ങിയത്. ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ച് സ്ലോ പേസ്‌ഡായാണ് വിനി തുടങ്ങിയത്, ആക്രമിക്കാനുള്ള സാധ്യതയുള്ളപ്പോഴും പാസ് നല്‍കിയുള്ള സമീപനം. 29, 45 മിനുറ്റുകളില്‍ പാതിയില്‍ നിന്ന് നടത്തിയ റണ്ണും ഷോട്ടുമൊക്കെ വിനി ഫോമിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ഗോളായി മാറിയില്ല. വിനി നടത്തിയ ഡിഫൻസീവ് ഇന്റ‍ര്‍വെൻഷനുകളെ ബെര്‍ണബ്യൂ കയ്യടികളും നല്‍കുന്ന കാഴ്ചയുണ്ടായി. സമീപകാലത്തെ മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ വിനി മോശമാക്കിയില്ല എന്ന് മാത്രം.

എന്നാല്‍, 70 മിനിറ്റിലെത്തി ഡിയോമൻഡെ നടത്തിയ പ്രകടനം, അതിന്റെ ഇംപാക്റ്റ് വിനിയുടെ 70 മിനുറ്റുകളേക്കാള്‍ മുകളിലായിരുന്നു. 13 ടച്ചുകള്‍ മാത്രം, എംബാപയുടെ ഗോളിന് അസിസ്റ്റ്. പിന്നാലെ ബ്രാഹിം ഡയാസിന്റെ ക്രോസില്‍ ഒരു വോളി. ഡിയോമൻഡെ കളത്തിലേക്ക് എത്തുമ്പോള്‍ റയലിന്റെ ലെഫ്റ്റ് കൂടുതല്‍ അറ്റാക്കിങ്ങാകുന്നതായി തോന്നാറുണ്ട്. ലാ ലിഗ സസ്പെൻഷന് ശേഷം വിനിക്ക് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കുമൊ എന്ന വലിയൊരു ചോദ്യം ഡിയോമൻഡയുടെ പ്രകടനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

മധ്യനിരയില്‍ ബെര്‍ണാദോയുടെ വരവ് റയലിന്റെ ബില്‍ഡ് അപ്പുകള്‍ക്ക് കൂടുതല്‍ ഒഴുക്ക് നല്‍കാൻ ഇടയായിട്ടുണ്ട്. 100 ശതമാനത്തിലെത്തി എന്ന് പറയാനാകില്ലെങ്കിലും, കമവിംഗ സിറ്റ് ബാക്ക് ചെയ്തപ്പോള്‍ അഡ്വാൻസായി കളിക്കാൻ ബെര്‍ണാദോയ്ക്ക് സാധിച്ചു, അതിന്റെ ഇംപാക്റ്റ് ബോക്സിനുള്ളില്‍ കാണാനുമായി. പക്ഷേ, ബെര്‍ണാദോയെ മിഡ് ഫീല്‍ഡില്‍ സ്ഥിരമായി മൗറിഞ്ഞ്യോ ഉപയോഗിക്കുമോയെന്നതില്‍ ഉറപ്പുപറയാറായിട്ടില്ല.

കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ റയലിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. കോര്‍ട്ടുവ പറഞ്ഞതുപോലെ ക്ലാസിക്കൊ ഒരു 50-50 ഗെയിമായിരിക്കാം, എന്നാല്‍ അത് നേടാൻ ഇനിയും തിരുത്തലുകള്‍ റയലിന് ആവശ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

41 പന്തില്‍ 91! പൊട്ടിക്കരഞ്ഞ് ഹ‍ര്‍മൻ, സമ്മർദങ്ങളെ മറികടന്ന ഇന്നിങ്സ്
വൈഭവ് സൂര്യവംശി പുറത്ത് തന്നെയിരിക്കുമോ! ബിസിസിഐയുടെ പ്ലാൻ എന്താണ്?