ഇഷാൻ കിഷൻ മൂന്നാം നമ്പറില്‍; തീരുമാനം സഞ്ജു സാംസണിന് ഭീഷണിയോ?

Published : Jan 21, 2026, 11:17 AM IST
Sanju Samson

Synopsis

പ്രത്യക്ഷത്തില്‍ സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനത്തിന് വലിയ ഭീഷണിയില്ലെന്ന് പറയാം. ഇഷാൻ കിഷനേക്കാൾ മുൻതൂക്കം എന്തുകൊണ്ടും സഞ്ജുവിന്റെ ബാറ്റിനും ഗ്ലൗവിനുമുണ്ട്

Ishan will bat at No. 3, ഇഷാൻ കിഷൻ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പറഞ്ഞുതുടങ്ങി. ഓപ്പണിങ് സ്ലോട്ടിലും വിക്കറ്റ് കീപ്പ‍ര്‍ റോളിലും ബാക്ക് അപ്പ്, അതായിരുന്നു ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് ഇഷാന്റെ പേര് ചേര്‍ക്കുമ്പോള്‍ ബിസിസിഐ നല്‍കിയ വിശദീകരണം. പക്ഷേ, മാനേജ്മെന്റിന്റെ പുതിയ തീരുമാനം സമവാക്യങ്ങളെയെല്ലാം തിരുത്താൻ കെല്‍പ്പുള്ളതാണ്. ഈ നീക്കം സഞ്ജു സാംസണിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വെല്ലുവിളിയാണോയെന്നാണ് ചോദ്യം. ഉത്തരത്തിനായി നാഗ്‌പൂര് മുതല്‍ തിരുവനന്തപുരം വരെ കാത്തിരിക്കണം.

പ്രത്യക്ഷത്തില്‍ സഞ്ജുവിന്റെ ഓപ്പണിങ് സ്ലോട്ടിന് ഭീഷണിയില്ലെന്ന് പറയാം. ഇഷാനേക്കാള്‍ മുൻതൂക്കം എന്തുകൊണ്ടും സഞ്ജുവിന്റെ ബാറ്റിനും ഗ്ലൗവിനുമുണ്ട്. കേവലം 18 ഇന്നിങ്സുകളില്‍ ഓപ്പണറായി മൂന്ന് സെഞ്ചുറികള്‍, മറ്റ് ആര്‍ക്കും അവകാശപ്പെടാൻപോലും കഴിയാത്ത നേട്ടം. ഓപ്പണറുടെ വേഷമണിഞ്ഞ് ഇന്ത്യക്കായി കളത്തിലെത്തിയവരുടെ പട്ടികയെടുക്കാം. അതില്‍ 500 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത താരങ്ങളില്‍ സഞ്ജുവിനേക്കാള്‍ സ്ട്രൈക്ക് റേറ്റുള്ളത് അഭിഷേക് ശര്‍മയ്ക്ക് മാത്രമാണ്. സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 180ന് അടുത്താണ്, അഭിഷേകിന്റേത് 190ലും എത്തി നില്‍ക്കുന്നു.

ഏകദിനത്തിലും ടെസ്റ്റിലും നായകനും ട്വന്റി 20യില്‍ ഉപനായകനുമായിരുന്ന ശുഭ്മാൻ ഗില്ലിനെ പുറത്തിരുത്തി സഞ്ജുവിന് മുൻതൂക്കം നല്‍കിയതിന് പിന്നിലും വ്യക്തമായ കാരണങ്ങളുണ്ട്. പവര്‍പ്ലേയില്‍ തന്നെ മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മികവ്, അഗ്രസീവ് സ്ട്രോക്ക് പ്ലെ, ഫിയര്‍ലെസ് ആറ്റിറ്റ്യൂഡ്, ഏത് സാഹചര്യത്തിലും സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള എബിലിറ്റി, ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ്, മൂന്ന് സെഞ്ചുറികള്‍ ബിഗ് ഇന്നിങ്സുകള്‍ കളിക്കാനുള്ള വൈഭവവും തെളിയിച്ചു...ഒരു ട്വന്റി 20 ഓപ്പണര്‍ക്ക് വേണ്ട ചേരുവകകളെല്ലാം സഞ്ജുവിന്റെ ബാറ്റിലുണ്ട്.

മറ്റോന്ന് ട്വന്റി 20യില്‍ ഇന്ത്യ ദീര്‍ഘകാലമായി തുടരുന്ന ലൈഫ്റ്റ് - റൈറ്റ് കോമ്പിനേഷൻ. സഞ്ജു-അഭിഷേക് ശര്‍മ കൂട്ടുകെട്ടിലൂടെ ഇത് സാധ്യമാകും. ഓപ്പണര്‍മാരുടെ വിക്കറ്റ് അനുസരിച്ചായിരുന്നു സമീപകാലത്തെല്ലാം പിന്നീടുള്ള ബാറ്റിങ് ലൈനപ്പ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളതും. സൂര്യകുമാറും തിലകും മൂന്ന്, നാല് നമ്പറുകളില്‍ മാറി മാറി എത്തിയതിന് പിന്നിലും കാരണമിതായിരുന്നു. പക്ഷേ, ഇക്കാരണങ്ങളെല്ലാം മുന്നില്‍ നില്‍ക്കുമ്പോഴും പദ്ധതികളെ പൊളിച്ചെഴുതാൻ കഴിയുന്ന സാഹചര്യങ്ങളുമുണ്ടാകാം.

ഇഷാനിലേക്ക് വരാം. അന്താരാഷ്ട്ര ട്വന്റി 20യില്‍ ഇന്ത്യക്കായി ടോപ് ത്രീക്ക് പുറത്ത് ഇഷാൻ ബാറ്റ് ചെയ്തത് ഒരു തവണ മാത്രമാണ്. ഓപ്പണറെന്ന നിലയില്‍ സഞ്ജുവിന്റെ റെക്കോര്‍ഡുകളുടെ സമീപത്ത് എത്താൻ പോലും ഇഷാനായിട്ടില്ല. 27 മത്സരങ്ങള്‍ 662 റണ്‍സ്, നാല് അര്‍ദ്ധ സെഞ്ചുറികള്‍, സ്ട്രൈക്ക് റേറ്റ് കേവലം 122 ആണ്. സഞ്ജുവിന്റേത് 180നടുത്തും. 2023ന് ശേഷം ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ക്രീസിലെത്താൻ കഴിഞ്ഞിട്ടില്ല ഇഷാന്. പക്ഷേ, അസാധാരണഫോമിന്റെ അകമ്പടിയോടെയാണ് ഇഷാന്റെ മടങ്ങിവരവ് സംഭവിച്ചിരിക്കുന്നത് എന്ന വസ്തുത വിസ്മരിക്കാനാകില്ല.

ട്വന്റി 20 ഫോര്‍മാറ്റിലുള്ള സെയ്‌ദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാ‍ര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ചത് ടൂര്‍ണമെന്റിലെ ടോപ് സ്കോററായി. 10 മത്സരങ്ങളില്‍ നിന്ന് 197 സ്ട്രൈക്ക് റേറ്റില്‍ 517 റണ്‍സായിരുന്നു ഇടം കയ്യൻ ബാറ്റര്‍ അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ കരുത്തരായ കര്‍ണാടകയ്ക്ക് എതിരെ ആറാമനായി എത്തി 39 പന്തില്‍ 125 റണ്‍സ്. ആഭ്യന്തര ക്രിക്കറ്റില്‍ കണ്ടത് ഇഷാന്റെ മറ്റൊരു വേര്‍ഷനായിരുന്നു. ട്വന്റി 20 പദ്ധതികളിലുണ്ടായിരുന്ന ജിതേഷ് ശര്‍മയെ ഒരു സുപ്രഭാതത്തില്‍ തഴഞ്ഞതിന് പിന്നിലെ കാരണവും ഈ കണക്കുകളായിരുന്നു.

അന്തരാഷ്ട്ര തലത്തില്‍ രണ്ട് വര്‍ഷത്തെ ഇടവേളയാണ് ഇഷാനുള്ളത്. അത് മറികടക്കുക അത്ര എളുപ്പമുള്ള ഒന്നല്ല. ട്വന്റി 20 ലോകകപ്പ് ടീമിന്റെ ഭാഗമായതുകൊണ്ട് മതിയായ മത്സരപരിചയം അനിവാര്യമാണ്. പ്രത്യേകിച്ചും തിലകിന്റെ തിരിച്ചുവരവിന്റെ കാര്യത്തില്‍ വ്യക്തതയില്ലാതെ തുടരുന്നതിനാല്‍.

ന്യൂസിലൻഡ് പരമ്പര കേവലമൊരു മുന്നൊരുക്കം മാത്രമല്ല സഞ്ജുവിനും ഇഷാനും. സമാനതകളില്ലാത്ത റെക്കോര്‍ഡുണ്ടായിട്ടും സഞ്ജുവിന്റെ സ്ഥാനത്തിന് എപ്പോഴും ഭീഷണിയുണ്ടാകുന്നു. അന്ന് ഗില്ലിന്റെ രൂപത്തിലായിരുന്നെങ്കില്‍ ഇന്ന് ഇഷാനാണെന്ന് മാത്രം. ന്യൂസിലൻഡ് പരമ്പരയില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്താല്‍ ലോകകപ്പിലെ ഓപ്പണിങ് സ്ഥാനം ഉറപ്പിക്കാം, ലോകകപ്പില്‍ മികവ് ആവര്‍ത്തിച്ചാല്‍ സ്ഥിരഓപ്പണറായി തുടരാം.

മറിച്ച് നിറം മങ്ങുകയും ഇഷാൻ തിളങ്ങുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമ്പോള്‍ സഞ്ജുവിന്റെ സാധ്യതകള്‍ക്ക് ഇടിവ് വന്നേക്കാം. ഇങ്ങനെയുണ്ടായാല്‍ സൂര്യകുമാര്‍ യാദവിന് കൊടുക്കുന്ന പിന്തുണ സഞ്ജുവിന് നല്‍കാൻ ബിസിസിഐ തയാറാകുമോയെന്നും നോക്കിക്കാണേണ്ട ഒന്നാണ്.

PREV
Read more Articles on
click me!

Recommended Stories

ന്യൂസിലൻഡ് പരമ്പര അവസാന ലാപ്പ്; സഞ്ജുവിന്റെ കംബാക്ക് മുതല്‍ സൂര്യയുടെ ആശങ്ക വരെ
വിരമിക്കല്‍ ഒരുപാട് അകലെയല്ല! രവീന്ദ്ര ജഡേജയുടെ ഏകദിന കരിയര്‍ അവസാനത്തിലേക്കോ?