
ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി താരങ്ങളെ നിലനിർത്താനും റിലീസ് ചെയ്യാനും ഇനി മണിക്കൂർ മാത്രമാണ് അവശേഷിക്കുന്നത്. മൂല്യത്തിന്റെ പകിട്ട് മൈതാനത്ത് പ്രകടിപ്പിക്കാത്ത പല താരങ്ങളുമുണ്ടായിരുന്നു ഈ വർഷം. കഴിഞ്ഞ മെഗതാരലേലത്തിലെ പല വീഴ്ചകളും തിരുത്തി ടീമുകളെ കൂടുതല്‍ സജ്ജമാക്കാൻ ഫ്രാഞ്ചൈസികള്‍ക്കൊരു അവസരം കൂടിയാണിത്. ടീമുകള്‍ റിലീസ് ചെയ്യാൻ സാധ്യതയുള്ള സൂപ്പർ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കി വരാം.
അഞ്ച് കിരീടത്തിന്റെ തിളക്കമുണ്ടായിട്ടും പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പർ കിങ്സ്. അതിന്റെ പ്രധാനകാരണങ്ങളിലൊന്ന് ബാറ്റിങ് നിരയുടെ മെല്ലപ്പോക്കായിരുന്നു. അതുകൊണ്ട് വലിയ അഴിച്ചുപണികള്‍ക്ക് എം എസ് ധോണിയുടെ സംഘം തയാറായേക്കുമെന്ന് ഉറപ്പാണ്. ന്യൂസിലൻഡ് താരം ഡെവണ്‍ കോണ്‍വെ, ദീപക് ഹൂഡ, വിജയ് ശങ്കര്‍, രാഹുല്‍ ത്രിപാതി എന്നിവരെ ചെന്നൈ മാനേജ്മെന്റ് റിലീസ് ചെയ്തേക്കും. കോണ്‍വെക്ക് 6.25 കോടിയായിരുന്നു ചെന്നൈ നല്‍കിയത്. ത്രിപാതിക്ക് 3.4 കോടിയും ഹൂഡയ്ക്ക് 1.7, വിജയ് ശങ്കറിന് 1.2 കോടി രൂപയും ചിലവാക്കി.
നാല്‍വർ സംഘത്തെ റിലീസ് ചെയ്താല്‍ പതിനൊന്നരക്കോടിയാണ് ചെന്നൈയുടെ പോക്കറ്റില്‍ നിറയുക. സഞ്ജു സാംസണിന്റെ വരവ് സ്ഥിരീകരിക്കപ്പെട്ടതോടെ യുവതാരങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചെന്നൈ പുതിയ സീസണിന് ഒരുങ്ങുക. ബാറ്റിങ് നിരയില്‍ റുതുരാജ് ഗെയ്ക്ക്വാദും സഞ്ജുവും ധോണിയുമായിരിക്കും പരിചയസമ്പത്തുള്ളവർ.
ജേക്ക് ഫ്രേസർ മഗ്‌കൂർക്ക്, മിച്ചല്‍ സ്റ്റാർക്ക്, ഫാഫ് ഡുപ്ലെസിസ് എന്നിവരെ വിട്ടുനല്‍കാൻ ഡല്‍ഹി ക്യാപിറ്റല്‍സ് തയാറായെക്കും. കൂറ്റനടിക്കാരനായ ജേക്ക് ഫ്രേസറിന് ഡല്‍ഹിയിട്ട മൂല്യം ഒൻപത് കോടിയായിരുന്നു. ആറ് കളികളില്‍ നിന്ന് 55 റണ്‍സായിരുന്നു താരം നേടിയത്. 11.75 കോടി രൂപയ്ക്ക് ടീമിലെത്തിയ സ്റ്റാർക്ക് ട്വന്റി 20 മതിയാക്കിയതോടെ ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോയെന്നതില്‍ ഉറപ്പില്ല. താരം കഴിഞ്ഞ സീസണില്‍ ഡെത്ത് ഓവറുകളില്‍ ഉള്‍പ്പെടെ നിര്‍ണായകമായിരുന്നു. 41 പിന്നിട്ട ഫാഫ് ഡുപ്ലെസിസ് 2025ല്‍ ബാറ്റുകൊണ്ട് നിരാശപ്പെടുത്തി, 202 റണ്‍സായിരുന്നു ആകെ സമ്പാദ്യം. രണ്ട് കോടിയാണ് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ മൂല്യം.
ഗുജറാത്ത് ടൈറ്റൻസില്‍ നിന്ന് വഴിമാറാൻ സാധ്യതയുള്ളത് പ്രോട്ടിയാസ് പേസറായ ജെറാള്‍ഡ് കോറ്റ്സിയാണ്. രണ്ടരക്കോടി രൂപരയ്ക്കെത്തിയ പേസര്‍ കഴിഞ്ഞ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റ് മാത്രമായിരുന്നു നേടിയത്.
23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി വെങ്കിടേഷ് അയ്യർ താരലേലപട്ടികയിലേക്ക് എത്തിയേക്കും. 11 കളികളില്‍ നിന്ന് കേവലം 142 റണ്‍സ് മാത്രമായിരുന്നു വെങ്കിടേഷിന് പോയ സീസണില്‍ നേടാനായത്. താരത്തെ ലേലത്തില്‍ തന്നെ കൊല്‍ക്കത്ത തിരിച്ചുപിടിച്ചാലും അത്ഭുതപ്പെടാനില്ല. ആറരക്കോടി നല്‍കുന്ന പ്രോട്ടിയാസ് പേസര്‍ ആൻറിച്ച് നോര്‍ക്കയും ടീം വിടേണ്ടി വന്നേക്കും. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് നോര്‍ക്കെ കളിച്ചത്. പരുക്ക് നിരന്തരം വേട്ടയാടുന്ന താരങ്ങളിലൊരാളാണ് നോര്‍ക്കെ. ഇരുവര്‍ക്കും പുറമെ കൊല്‍ക്കത്ത അജിങ്ക്യ രഹാനയേയും മനീഷ് പാണ്ഡയേയും റിലീസ് ചെയ്തേക്കും.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിലേക്ക് എത്തിയാല്‍ യുവപേസര്‍ മായങ്ക് യാദവിനെ റിലീസ് ചെയ്യാൻ സാധ്യതയുണ്ട്. 150 കിലോ മീറ്റര്‍ വേഗതയ്ക്ക് മുകളില്‍ സ്ഥിരതയോടെ പന്തെറിയുന്ന മായങ്കിനെ നിരന്തരം പരുക്ക് വേട്ടയാടുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണിലായി ആറ് മത്സരങ്ങള്‍ മാത്രം കളിച്ച മായങ്കിന് ലഖ്നൗ 11 കോടി രൂപയാണ് നല്‍കുന്നത്.
പേസര്‍ ദീപക് ചഹറിനെ മുംബൈ റിലീസ് ചെയ്തേക്കും. 9.25 കോടി നല്‍കി ടീമിലെടുത്ത ചഹറിന് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിക്കാതെ പോയിരുന്നു. 11 വിക്കറ്റ് നേടിയെങ്കിലും പവര്‍പ്ലേയ്ക്കപ്പുറം കാര്യമായ ഇംപാക്റ്റ് സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു.
പഞ്ചാബ് കിങ്സ് റിലീസ് ചെയ്യാൻ സാധ്യതയുള്ള സൂപ്പര്‍ താരം ഗ്ലെൻ മാക്‌സ്‌വെല്ലാണ്. 4.2 കോടി രൂപയ്ക്ക് പഞ്ചാബിലേക്ക് മടങ്ങിയെത്തിയ മാക്‌സ്‌വെല്ലിന് ഒരു ദുസ്വപ്നം തന്നെയായിരുന്നു പോയ ഐപിഎല്‍. ഏഴ് കളികളില്‍ നിന്ന് 48 റണ്‍സ് മാത്രം. കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലും തിളങ്ങാൻ മാക്സിക്ക് കഴിഞ്ഞിരുന്നില്ല.
സാം കറണെ ടീമിലെത്തിക്കാൻ ഒരു വിദേശ താരത്തെയെങ്കിലും റിലീസ് ചെയ്യേണ്ട സ്ഥിതയിലേക്ക് രാജസ്ഥാൻ എത്തിയിരുന്നു. അതിനാല്‍ ലങ്കൻ സ്പിന്നര്‍ മഹേഷ് തീക്ഷണയെ വിട്ടുനല്‍കിയേക്കും.
നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിരയില്‍ നിന്ന് റിലീസ് ചെയ്യപ്പെടാൻ സാധ്യതയുള്ള സൂപ്പര്‍ താരം ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണാണ്. 8.75 കോടി രൂപയ്ക്കെത്തിയ ലിവിങ്സ്റ്റണ്‍ 10 കളികളില്‍ നിന്ന് 112 റണ്‍സായിരുന്നു നേടിയത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് എത്തിയാല്‍ ടീമിലെ ഏറ്റവും മൂല്യമുള്ള താരമായ ഹെൻറിച്ച് ക്ലാസനെ ലേലത്തിലേക്ക് റിലീസ് ചെയ്യാൻ ടീം തയാറാകാൻ സാധ്യതയുണ്ട്. 23 കോടി രൂപയ്ക്ക് കുറഞ്ഞത് മൂന്ന് സൂപ്പര്‍ താരങ്ങളെയെങ്കിലും ടീമിലെടുക്കാൻ കഴിയും. ക്ലാസനെ ഇതിലും കുറഞ്ഞ വിലയ്ക്ക് തിരിച്ചെടുക്കാനും ഹൈദരാബാദ് ഒരുങ്ങിയാലും അതിശയിക്കാനില്ല. മറ്റൊരാള്‍ മുഹമ്മദ് ഷമിയാണ്. 10 കോടി രൂപയ്ക്ക് ഓറഞ്ചണിഞ്ഞ ഷമിയുടെ ഏറ്റവും മോശം സീസണായിരുന്നു കടന്നുപോയത്. ഒൻപത് കളികളില്‍ നിന്ന് ആറ് വിക്കറ്റ് മാത്രം. ഷമിയെ റാഞ്ചാൻ ഡല്‍ഹിയടക്കമുള്ള ടീമുകള്‍ രംഗത്തുണ്ട്.