
ആ പ്രശ്നത്തിനങ്ങ് പരിഹാരം കാണുകയാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് സീസണുകള്‍ താണ്ടിയിരിക്കുന്നു ദൈവത്തിന്റെ പോരാളികളില്‍ നിന്ന് ആ കിരീടം അകന്നു നില്‍ക്കാൻ തുടങ്ങിയിട്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുംബൈയെ വലച്ചത് ബൗളിങ് നിരയിലെ ദുര്‍ബലതകള്‍ മാത്രമായിരുന്നില്ല, മറിച്ച് കീറോണ്‍ പൊള്ളാര്‍ഡിന് പകരമൊരു പേര് കണ്ടെത്താൻ കഴിയാതെ പോയതായിരുന്നു. ഒരു പ്രോപ്പര്‍ ഫിനിഷര്‍, നിമിഷമാത്രയില്‍ കളിതിരിക്കാൻ കെല്‍പ്പുള്ളൊരാള്‍. ഷെര്‍ഫെയ്‌ൻ റുതര്‍ഫോര്‍ഡിന്റെ വരവ് മുംബൈയ്ക്ക് എങ്ങനെ ഗുണകരമാകും.
ബൗളിങ് നിരയിലെ ദുര്‍ബലതകള്‍ ട്രെൻ ബോള്‍ട്ട്, ദീപക് ചഹര്‍, മിച്ചല്‍ സാന്റ്നര്‍ തുടങ്ങിയ ലോകോത്തര താരങ്ങളെ എത്തിച്ച് പരിഹചരിച്ച മുംബൈക്ക് കഴിഞ്ഞ മെഗതാരലേലത്തില്‍ ഒരു ഫിനിഷറെ കണ്ടെത്താൻ ടീമിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവിടെയാണ്, 2.6 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസില്‍ നിന്നും റുതര്‍ഫോര്‍ഡിനെ റാഞ്ചുന്നത്.
റുതര്‍ഫോര്‍ഡിന്റെ മുംബൈയിലേക്കുള്ള ആദ്യത്തെ വരവല്ലിത്. 2020ല്‍ രോഹിത് ശര്‍മ നയിച്ച സംഘം കിരീടം ചൂടിയപ്പോള്‍ മുംബൈയുടെ ഭാഗമായിരുന്നു റുതര്‍ഫോര്‍ഡ്. അന്ന് ബ്ലു ആൻഡ് ഗോള്‍ഡില്‍ കളത്തിലിറങ്ങാൻ അവസരം ലഭിക്കാതെ പോയി വിൻഡീസ് താരത്തിന്. 2019ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍, 20ല്‍ മുംബൈ, പിന്നീട് 2022ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക്, 2025ല്‍ ഗുജറാത്ത് ടൈറ്റൻസിലുമെത്തി റുതര്‍ഫോര്‍ഡ്. ഗുജറാത്തിനൊപ്പമായിരുന്നു റുതര്‍ഫോര്‍ഡിന്റെ ബ്രേക്ക് ഔട്ട് സീസണ്‍. ശുഭ്മാൻ ഗില്ലിന്റെ കീഴില്‍ ഫിനിഷറുടെ റോള്‍ കൃത്യമായി നിര്‍വഹിച്ച താരം.
കഴിഞ്ഞ സീസണില്‍ 11 ഇന്നിങ്സുകളിലായി 291 റണ്‍സാണ് ഇടം കയ്യൻ ബാറ്റര്‍ അടിച്ചുകൂട്ടിയത്. 22 ഫോറും 18 സിക്സും അവസാന ഓവറുകളിലെത്തി ഗ്യാലറിയിലേക്ക് നിക്ഷേപിച്ചു. 160നടുത്താണ് റുതര്‍ഫോര്‍ഡിന്റെ സ്ട്രൈക്ക് റേറ്റ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഫിനിഷറായി മാത്രമല്ല, മധ്യനിരയിലും തിളങ്ങാൻ കെല്‍പ്പുണ്ട് റുതര്‍ഫോര്‍ഡിന്. ഈ ലക്ഷ്വറിയാണ് വരും സീസണില്‍ മുംബൈ ഉപയോഗിക്കാൻ പോകുന്നതും. മുംബൈയുടെ 2025 സീസണ്‍ എടുത്തു തന്നെ പരിശോധിക്കാം. മധ്യനിരയ്ക്ക് ശേഷം അവശേഷിച്ചത് നമൻ ധീര്‍ മാത്രമായിരുന്നു, ഒപ്പം മിച്ചല്‍ സാന്റ്നറും.
നമൻ ലഭിച്ച അവസരങ്ങളില്ലാം മുംബൈയുടെ സ്കോറുകളിലേക്ക് ഇന്ധനം പകര്‍ന്നപ്പോള്‍ ഒപ്പം നില്‍ക്കാൻ മറ്റൊരാളുണ്ടായിരുന്നില്ല. കോര്‍ബിൻ ബോഷിനും സാന്റനറിനുമൊക്കെ ഒരു പരിധിക്കപ്പുറം നമന് പിന്തുണനല്‍കാനായിട്ടില്ല. ഇവിടേക്കാണ് റുതര്‍ഫോര്‍ഡെത്തുന്നത്. നമൻ കഴിഞ്ഞ സീസണില്‍ 12 ഇന്നിങ്സുകളില്‍ നിന്ന് 182 സ്ട്രൈക്ക് റേറ്റില്‍ 252 റണ്‍സായിരുന്നു നേടിയത്. 24 ഫോറും 13 സിക്സറുകളും ആ ബാറ്റില്‍ നിന്ന് ബൗണ്ടറി റോപ്പുകള്‍ താണ്ടി. നമനും റുതര്‍ഫോര്‍ഡും ചേരുന്നതോടെ മുംബൈയുടെ ബാറ്റിങ് നിര കൂടുതല്‍ മൂര്‍ച്ചയേറിയതാകും.
രോഹിത്, റിക്കല്‍ട്ടണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക്ക് പാണ്ഡ്യ, വില്‍ ജാക്ക്സ്, നമൻ എന്നിങ്ങനെ പടക്കോപ്പുകള്‍ പലതമാണ് ഡഗൗട്ടിലുള്ളത്. റുതര്‍ഫോര്‍ഡിനൊപ്പം ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് മുംബൈ സ്വന്തമാക്കിയ ശാര്‍ദൂല്‍ താക്കൂര്‍. ഐപിഎല്ലില്‍ 105 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ശാര്‍ദൂലിന്റെ ഏഴാമത്തെ ടീമായിരിക്കും മുംബൈ. ഹാൻഡി ഓള്‍ റൗണ്ടറെന്ന തലക്കെട്ടുള്ള ശാര്‍ദൂല്‍ മുംബൈയുടെ സ്ക്വാഡ് ഡെപ്ത് ഉയര്‍ത്തും.
ശാര്‍ദൂലിന്റെ സാന്നിധ്യമുള്ളതിനാല്‍ ദീപക് ചഹറിനെ മുംബൈ നിലനിര്‍ത്തുമോയെന്നതാണ് ചോദ്യം, ചഹറിന്റെ നിരന്തരമുള്ള പരുക്കും, പവര്‍പ്ലേക്ക് അപ്പുറം പന്തെറിയാൻ സാധിക്കാത്തതും മുംബൈക്ക് മുന്നില്‍ ആശയക്കുഴപ്പമുണ്ടാക്കും. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച ചഹറിന് 11 വിക്കറ്റ് മാത്രമായിരുന്നു നേടാനായത്. താരത്തിന്റെ എക്കണോമി ഒൻപതിന് മുകളിലുമായിരുന്നു. മറുവശത്ത് ലഖ്നൗവിനായി 13 വിക്കറ്റുകള്‍ ശാര്‍ദൂല്‍ നേടിയിരുന്നു. എന്നാല്‍, താരത്തിന്റെ എക്കണോമി അന്തിമ ഇലവനില്‍ സ്ഥാനമുറപ്പിക്കാൻ പോന്നതല്ല. 11 മുകളിലായിരുന്നു ഒരു ഓവറില്‍ കഴിഞ്ഞ സീസണില്‍ വഴങ്ങിയത്.
അതുകൊണ്ട്, ടീമിലുണ്ടെങ്കിലും അന്തിമ ഇലവനിലേക്കുള്ള ശാര്‍ദൂലിന്റെ സാധ്യതകളും വിരളമായിരിക്കും. റുതര്‍ഫോര്‍ഡിലൂടെ ഫിനിഷറിന്റെ തസ്തിക നികത്തിയതോടെ കാര്യമായ മാറ്റങ്ങള്‍ മുംബൈക്ക് ഇനിയുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണണം. ഇഷാൻ കിഷനെ തിരികെയെത്തിക്കാനും റാഷിദ് ഖാനെ സ്വന്തമാക്കാനും മുംബൈ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒന്നും ഔദ്യോഗികമായിട്ടില്ല.