
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ബാറ്റിങ് നിര സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ഉപനായകൻ റിഷഭ് പന്തും ഇക്കാര്യം സ്ഥിരീകരിച്ചുകഴിഞ്ഞു. മൂന്നാം നമ്പറില്‍ ഏത് ബാറ്ററെ പരീക്ഷിക്കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഓപ്പണറായി യുവതാരം യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലുമെത്തുമെന്ന് ഉറപ്പിക്കാം. ഇതിഹാസങ്ങള്‍ മൈതാനത്തേക്ക് ചുവടുവെച്ച നാലാം നമ്പറില്‍ നായകൻ ശുഭ്മാൻ ഗില്ലും പിന്നാലെ പന്തും. ഇനി മൂന്നാം നമ്പറിന്റെ സാധ്യതകള്‍ പരിശോധിക്കാം.
എട്ട് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മലയാളി താരം കരുണ്‍ നായരിനും ആദ്യമായി വെള്ളക്കുപ്പായം തേടിയെത്തിയ സായ് സുദര്‍ശനുമാണ് സാധ്യതകള്‍. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മുൻതൂക്കം കരുണിനാണെന്ന് പറയേണ്ടി വരും. പ്രധാന കാരണങ്ങളിലൊന്ന് ന്യൂബോളില്‍ കരുണിനുള്ള പാഠവം തന്നെയാണ്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ മൂന്നാം നമ്പറിലെത്തി ഇരട്ട സെഞ്ച്വറി നേടിയിരുന്നു കരുണ്‍.
ഓപ്പണറായി ഇറങ്ങിയ അഭിമന്യു ഈശ്വരൻ ആറാം ഓവറില്‍ പുറത്തായതിന് പിന്നാലെയായിരുന്നു കരുണ്‍ ക്രീസിലെത്തിയത്. ഓവര്‍കാസ്റ്റ് കണ്ടീഷനില്‍ പന്തിന് അപ്രതീക്ഷിത ബൗണ്‍സും സ്വിങ്ങുമുണ്ടായിരുന്ന ആദ്യ സെഷനില്‍ കരുണിന്റെ ബാറ്റിങ് താരം എത്രത്തോളം കംപോസ്‌ഡാണെന്ന് തെളിയിക്കുന്നതായിരുന്നു. പിന്നാലെ, കാലവസ്ഥ ബാറ്റിങ്ങിന് അനുകൂലമായപ്പോള്‍ ലയണ്‍സിനെതിരെ അനായാസം ആധിപത്യം ഉറപ്പിക്കാനും കരുണിന് കഴിഞ്ഞിരുന്നു.
രണ്ടാം ടെസ്റ്റില്‍ കെ എല്‍ രാഹുലിന്റെ വരവോടെ നാലാം നമ്പറിലേക്ക് മാറേണ്ടി വന്നെങ്കിലും കരുണിന് മികവ് പുലര്‍ത്താൻ സാധിച്ചിരുന്നു. ഇതിനുപുറമെ ഇന്ത്യയും ഇന്ത്യ എയും തമ്മില്‍ നടന്ന പരിശീലന മത്സരങ്ങളില്‍ കരുണ്‍ മൂന്നാം നമ്പറിലായിരുന്നു ബാറ്റ് ചെയ്യാനെത്തിയതും. ഫീല്‍ഡിങ്ങില്‍ ഫസ്റ്റ് സ്ലിപ്പിലും കരുണിന്റെ കൈകളെയായിരുന്നു ഇന്ത്യ ഉത്തരവാദിത്തം എല്‍പ്പിച്ചതും. അതുകൊണ്ട് കരുണ്‍ ലീഡ്‌സില്‍ മൂന്നാം നമ്പറിലെത്തുമെന്ന് പ്രതീക്ഷിക്കാം.
കരുണിനും സായിക്കും അന്തിമ ഇലവനില്‍ ഇടം പിടിക്കാനാകുമൊയെന്നാണ് മറ്റൊരു സംശയം. അതിനും സാധ്യതകളുണ്ട്. റിഷഭ് പന്തിന് ശേഷം ആറാം നമ്പറില്‍ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. ഇവിടെ സായിക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും സാധ്യതകളുണ്ട്. ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയില്‍ മെല്‍ബണില്‍ നേടിയ സെഞ്ച്വറി ആറാം നമ്പറില്‍ നിതീഷിനെ ഉറപ്പിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചേക്കാം.
സെഞ്ച്വറി പ്രകടനത്തിന് ശേഷം പരമ്പരയില്‍ നിറം മങ്ങിയ നിതീഷിന് ഐപിഎല്ലിലും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതിനുപുറമെ ലയണ്‍സിനെതിരായ രണ്ട് മത്സരങ്ങളിലും നിതീഷിന്റെ സാങ്കേതികത്തികവ് ബൗളര്‍മാര്‍ ചോദ്യം ചെയ്തിരുന്നു. പക്ഷേ, ആറാം നമ്പര്‍ നിതീഷിന് മികവ് പുലര്‍ത്താൻ പോന്നതാണ്, പ്രത്യേകിച്ചും പന്ത് പഴകുന്ന പശ്ചാത്തലങ്ങളില്‍. കൂടാതെ സായിയൊരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍കൂടിയാണെന്നതുകൂടി പരിഗണിക്കുമ്പോള്‍.
മറ്റൊരു സാധ്യതയുള്ളത് സായിയെ മൂന്നാം നമ്പറിലിറക്കി കരുണിനെ ആറിലേക്ക് പരിഗണിക്കുക എന്നതാണ്. ടെസ്റ്റ് കരിയറില്‍ ഇന്ത്യയ്ക്കായി ഇതുവരെ ടോപ് ഓര്‍ഡറില്‍ കരുണ്‍ കളിച്ചിട്ടില്ല. അഞ്ചാം നമ്പരിലിറങ്ങിയായിരുന്നു ട്രിപ്പിള്‍ സെഞ്ച്വറിയുള്‍പ്പടെ നേടിയതും. എന്നിരുന്നാലും രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും അഭാവത്തില്‍ കരുണിന്റെ പരിചയസമ്പത്ത് ടോപ് ഓര്‍ഡറില്‍ അനിവാര്യമായ ഒന്നുതന്നെയാണ്. വലം കയ്യൻ ബാറ്ററുടെ പരിചയസമ്പത്തില്‍ തന്നെയാണ് ഇന്ത്യ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതെന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും വ്യക്തമാക്കിയിരുന്നു.
സായിയോ നിതീഷോ ആറാം നമ്പറിലെത്തിയാല്‍ പിന്നാലെ രവീന്ദ്ര ജഡേജയെ പ്രതീക്ഷിക്കാം. എട്ടാം സ്ഥാനത്ത് ശാര്‍ദൂര്‍ താക്കൂര്‍ വരുന്നത് ഇന്ത്യയുടെ ബാറ്റിങ്ങിനെ കരുത്തുറ്റതാക്കും. പരിശീലന മത്സരത്തിലുള്‍പ്പടെ സെഞ്ച്വറി നേടിയിരുന്നു എന്നതും ശാര്‍ദൂലിനെ അന്തിമ ഇലവനിലേക്ക് നയിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കും. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ ത്രയമായിരിക്കും പേസ് നിരയില്‍. പ്രസിദ്ധിന്റെ ഹൈ റിലീസ് പോയിന്റും അപ്രതീക്ഷിതമായുള്ള ബൗണ്‍സ് സൃഷ്ടിക്കാനുള്ള മികവും ഇന്ത്യയെ തുണയ്ക്കും.