
ഇക്കുറി ബലോണ്‍ ഡി ഓര്‍ ആര്‍ക്കെന്ന് ചോദിച്ചാല്‍, ഇംഗ്ലണ്ടുകാര്‍ക്ക് പറയാൻ ഒരൊറ്റ വാചകമേ ഉണ്ടാകു, ഹാരി കെയിൻ അല്ലാതെ മറ്റാര് എന്ന്. കിലിയൻ എംബാപെയും ലമീൻ യമാലും ഖരാസ്കേലിയും എര്‍ളിങ് ഹാളണ്ടുമൊക്കെയടങ്ങുന്ന ഒരു നീണ്ട നിര അപ്പോഴും ബാക്കിയുണ്ട്, അര്‍ഹരല്ലെന്ന് തോന്നിക്കാത്ത പേരുകള്‍ വേറയും. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആവോളം അനുഭവിച്ച സുവര്‍ണം ചാലിച്ച ആ ഗോളം ആരുടെ കൈകളിലേക്ക് എത്തും.
സാധ്യതകളുടെ തുലാസില്‍ ആദ്യം കെയിൻ തന്നെയാകും. 2025-26 സീസണില്‍ ഇംഗ്ലണ്ടിനും ജര്‍മൻ ക്ലബ്ബായ ബയേണ്‍ മ്യൂണിച്ചിനും വേണ്ടി കെയിനിന്റെ ബൂട്ടുകള്‍ അടിച്ചുകൂട്ടിയത് 65 മത്സരങ്ങളില്‍ നിന്ന് 73 ഗോളുകള്‍. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്ന്. ചാമ്പ്യൻസ് ലീഗില്‍ അഞ്ച് നോക്കൗട്ട് മത്സരങ്ങളില്‍ ആറ് ഗോളുകള്‍. ഫിഫ ലോകകപ്പില്‍ റൗണ്ട് ഓഫ് 32വില്‍ ഡിആര്‍ കോംഗോയ്ക്കെതിരെ ബ്രേസ്, ശേഷം പ്രീ ക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരെ ഗോളും അസിസ്റ്റും. സെമി ഫൈനലില്‍ അര്‍ജന്റീനയ്ക്ക് മുന്നില്‍ കാര്യമായൊന്നും ചെയ്യാൻ കഴിയാതെ പോയതും ഒരു വലിയ കിരീടത്തിലേക്ക് ടീമിനെ എത്തിക്കാൻ സാധിക്കാത്തതുമാണ് ബലോണ്‍ ഡി ഓറില്‍ നിന്ന് കെയിനെ അകറ്റാൻ സാധ്യതയുള്ള ഘടകങ്ങള്‍.
2026 ഫിഫ ലോകകപ്പിലേയും ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെയും ടോപ് സ്കോററായി മാറിയ ഫ്രഞ്ച് താരം കിലിയൻ എംബാപെ. 10 ഗോളുകളോടെയാണ് തുടര്‍ച്ചയായ രണ്ടാം തവണയും ഗോള്‍ഡൻ ബൂട്ട് എംബാപെ സ്വന്തമാക്കുന്നത്. റയല്‍ മാഡ്രിഡിനായി 42 മത്സരങ്ങളില്‍ നിന്ന് 40 ഗോളുകളും എംബാപെ നേടിയിട്ടുണ്ട്. പക്ഷേ, ഒരു മേജര്‍ ട്രോഫിയുടെ അഭാവം ക്ലബ്ബ് തലത്തിലും രാജ്യത്തിനൊപ്പവും എംബാപെയ്ക്കുണ്ട്. ലോകകപ്പ് ഫ്രാൻസ് അവസാനിപ്പിച്ചത് നാലാം സ്ഥാനത്താണ്.
പാരീസ് സെന്റ് ജര്‍മന്റെ ജോര്‍ജിയൻ താരം ക്വരാസ്ഖേലിയ. പാരീസ് സെന്റ് ജര്‍മന്റെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തില്‍ നിര്‍ണായക ഘടകം. ക്വാര്‍ട്ടറിലും പ്രീ ക്വാര്‍ട്ടറിലുമായി നാല് ഗോളും രണ്ട് അസിസ്റ്റും. സെമി ഫൈനലില്‍ ബയേണിനെതിരെ രണ്ട് ഗോളും ഒരു അസിസ്റ്റും. ഫൈനലില്‍ ആഴ്സണലിനെതിരായ പിഎസ്‌ജിയുടെ സമനില ഗോളിലേക്ക് നയിച്ച പെനാലിറ്റി നേടിയെടുത്തതും ക്വാരാസ്ഖേലിയയായിരുന്നു. ഫ്രഞ്ച് ലീഗില്‍ 18 ഗോളും 10 അസിസ്റ്റും. ബലോണ്‍ ഡി ഓർ പട്ടികയിലെ മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം പിന്നിലെന്ന് തോന്നിക്കുമെങ്കിലും ബിഗ് ഗെയിം പ്ലെയറാണ് ക്വരാസ്ഖേലിയ.
2025-26 സീസണെടുത്താല്‍ പെനാലിറ്റികള്‍ ഒഴിവാക്കി ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യൂഷനുള്ള താരമായ മൈക്കല്‍ ഒലീസെ. ഫ്രാൻസിനും ബയേണ്‍ മ്യൂണിക്കിനുമായി 53 മത്സരങ്ങളില്‍ നിന്ന് 20 ഗോളും 32 അസിസ്റ്റുമാണ് ഒലീസെയുടെ നേട്ടം. ഇത് ഏഴ് അസിസ്റ്റുകള്‍ ലോകകപ്പില്‍ മാത്രം, റെക്കോര്‍ഡ്. കെയിനും എംബാപെയ്ക്കും സമാനമായി കിരീടങ്ങളുടെ അഭാവം ഒലീസെക്കുമുണ്ട്.
എര്‍ലിങ് ഹാളണ്ട്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 27 ഗോളുകള്‍. ചാമ്പ്യൻസ് ലീഗില്‍ എട്ടും എഫ്എ കപ്പില്‍ മൂന്നും. ക്ലബ്ബ് തലത്തില്‍ സീസണില്‍ 38 ഗോളുകളും ഒൻപത് അസിസ്റ്റുമുണ്ട് ഹാളണ്ടിന്റെ പേരില്‍. ലോകകപ്പില്‍ നോര്‍വെയ്ക്കായി ഏഴ് ഗോളുകള്‍, നായകൻ ഒഡേഗാര്‍ഡിനൊപ്പം നോര്‍വെയെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചു, പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ നേടിയ ഇരട്ടഗോളായിരുന്നു ഏറ്റവും നിര്‍ണായകമായത്. ക്ലബ്ബിനും രാജ്യത്തിനുമായി 69 ഗോള്‍ കോണ്‍ട്രിബ്യൂഷനുണ്ട് ഹാളണ്ടിന്.
സ്പെയിനിനെ ലോകകിരീടത്തിലേക്ക് എത്തിച്ച റോഡ്രി. ലോകകപ്പില്‍ ഏറ്റവും ഇംപാക്റ്റുണ്ടാക്കിയ താരം. ഗോള്‍ ഷീറ്റിലോ അസിസ്റ്റ് ലിസ്റ്റിലൊ സ്ഥാനമില്ലാതെ തന്നെ ടൂര്‍ണമെന്റിന്റെ താരമാകാൻ റോഡ്രിക്ക് സാധിച്ചിരുന്നു. മധ്യനിരയില്‍ കളി നിയന്ത്രിച്ച് സ്പെയിനെ ഒരിക്കല്‍ക്കൂടി ലോകഫുട്ബോളിന്റെ നെറുകയിലേക്ക് റോഡ്രി നയിക്കുകയായിരുന്നു.
റോഡ്രിയുടെ സഹതാരമായി ലമീൻ യമാല്‍. ബാഴ്സലോണയ്ക്കായി 22 ഗോളുകളും 15 അസിസ്റ്റും. 38 മത്സരങ്ങളില്‍ നിന്നാണ് നേട്ടം. ക്ലബ്ബിനുവേണ്ടി തിളങ്ങിയ യമാലിന് പ്രതീക്ഷയ്ക്കൊത്ത് ലോകകപ്പില്‍ ഉയരാൻ കഴിഞ്ഞിരുന്നില്ല. ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു നേട്ടം.
അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചെങ്കിലും ബലോണ്‍ ഡി ഓര്‍ പട്ടികയില്‍ ലയണല്‍ മെസിയുമുണ്ട്. ഒൻപതാം ബലോണ്‍ ഡി ഓര്‍ ലക്ഷ്യമിടുന്ന മെസിയുടെ 17-ാം നൊമിനേഷനാണിത്. ലോകകപ്പില്‍ അര്‍ജന്റീനയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ മെസി എട്ട് ഗോളുകളാണ് നേടിയത്, 25 ചാൻസും സൃഷ്ടിച്ചു. 44 ഗോളുകളും 34 അസിസ്റ്റുമാണ് മെസി പോയ സീസണില്‍ ഇന്റര്‍ മയാമിക്കും രാജ്യത്തിനുമായി നേടിയത്.
ബയേണിന്റെ കൊളംബിയൻ താരം ലൂയിസ് ഡയാസും റയലിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമും സാധ്യത കല്‍പ്പിക്കുന്നവരാണ്. എന്നിരുന്നാലും ടോപ് ത്രീയിലേക്ക് എത്തുമോയെന്നതില്‍ സംശയങ്ങളുണ്ട്.