ഓരോ പന്തും പോരാട്ടമായിരുന്നു ഷമിക്ക്; പരിക്കുകളോട് പൊരുതി ഉയർന്ന കരിയര്‍

Published : Nov 07, 2026, 02:59 PM IST
Mohammed Shami

Synopsis

മൂന്നരവര്‍ഷത്തോളമായി ഇന്ത്യയുടെ ടെസ്റ്റ് ജഴ്സിയില്‍ ഷമി അവസാനമായി പ്രത്യക്ഷപ്പെട്ടത്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെയായിരുന്നു, അന്നും കീഴടങ്ങാൻ മനസില്ലാതെയാണ് അയാള്‍ മടങ്ങിയത് പോലും

13 വർഷത്തിനിപ്പുറം ലോകം കാണാതെ വിയര്‍പ്പൊഴുക്കിയ ആ ഗ്രൗണ്ടില്‍ അയാള്‍ നിന്നു. കൈകളില്‍ മറ്റൊരു നവംബര്‍ ആറിന് ഈഡൻ ഗാര്‍ഡൻസില്‍ വച്ച് ഇഷാന്ത് ശര്‍മ കൈമാറിയ ടെസ്റ്റ് ക്യാപും ഒരു റെഡ് ബോളുമുണ്ടായിരുന്നു. ക്രിക്കറ്റ് ദൈവം ഇന്ത്യൻ കുപ്പായത്തില്‍ അവസാനമായി ഇഡനില്‍ ഇറങ്ങിയ അതേ ദിവസമാണ് അയാളുടെ അരങ്ങേറ്റത്തിനും കളമൊരുങ്ങിയത്.

ഇടറിയ ശബ്ദത്തോടെ പറഞ്ഞുതുടങ്ങി, പറഞ്ഞുപറഞ്ഞൊടുവില്‍ ആ ക്യാപും ബോളും നെഞ്ചോട് ചേര്‍ത്തു. ഈ ക്യാപ്, ഈ ബോള്‍. ഇവയാണ് എന്നെ മുഹമ്മദ് ഷമിയാക്കിയത്. ജീവിതത്തിലെ ഉയര്‍ച്ചകള്‍ക്കും താഴ്ചകള്‍ക്കുമിടിയില്‍ ഞാൻ വീണുപോയിട്ടുണ്ട്, മുറിവേറ്റിട്ടുണ്ട്, ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്. പക്ഷേ, അവിടെ നിന്നെല്ലാം ഇന്ത്യക്ക് വേണ്ടി ഞാൻ ഉയര്‍ത്ത് എഴുന്നേറ്റിറ്റുണ്ട്.

ഇതേ ദിവസമാണ് എല്ലാം തുടങ്ങിയത്, ഈ ദിവസം തന്നെ അവസാനിപ്പിക്കുകയാണ്. ശുക്രിയ ടെസ്റ്റ് ക്രിക്കറ്റ്. അയാള്‍ അവസാനിപ്പിച്ചു...കാത്തിരുന്ന, ആഗ്രഹിച്ച തിരിച്ചുവരവില്ലാതെ ടെസ്റ്റ് കരിയറിന് അവസാനം...

മൂന്നരവര്‍ഷത്തോളമായി ഇന്ത്യയുടെ ടെസ്റ്റ് ജഴ്സിയില്‍ ഷമി അവസാനമായി പ്രത്യക്ഷപ്പെട്ടത്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെയായിരുന്നു, അന്നും കീഴടങ്ങാൻ മനസില്ലാതെയാണ് അയാള്‍ മടങ്ങിയത് പോലും.

യെസ്, ഷമിയുടെ കരിയറും എറിഞ്ഞ ഓരോ പന്തും പോരാട്ടമായിരുന്നു. മുഹമ്മദ് ഷമിയെന്ന പേരുകൊണ്ട് മാത്രം നേരിടേണ്ടി വന്ന അധിക്ഷപേങ്ങളോട്, പരിക്കുകളോട്, വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളോട്...അങ്ങനെ ഒരു താരത്തിന്റെ മനോവീര്യം ഇല്ലാതാക്കാൻ കഴിയുന്ന പലതിലൂടെയും കടന്നുപോകേണ്ടി വന്നിരുന്നു. പക്ഷേ അതൊന്നും മൈതാനത്തേക്ക് ചുവടുവെക്കുമ്പോള്‍ അയാളെ ബാധിച്ചിട്ടില്ല.

ഈഡനിലെ ഡെബ്യുവില്‍ 118 റണ്‍സ് മാത്രം വഴങ്ങി ഒൻപത് വിക്കറ്റായിരുന്നു ഷമി നേടിയത്, അന്ന് സച്ചിൻ സച്ചിൻ എന്നുള്ള ചാന്റുകള്‍ ഷമി ഷമി എന്ന് പരിവര്‍ത്തനപ്പെടുത്താൻ ആ പ്രകടനത്തിന് സാധിച്ചിരുന്നു. അത്രത്തോളെ സ്പെഷ്യലായിരുന്നു അയാള്‍.

റണ്ണപ്പ്, ആക്ഷൻ, സിം പൊസിഷൻ...എല്ലാം പെര്‍ഫെക്റ്റെന്നപോലെ. വിക്കറ്റില്‍ നിന്ന് ലഭിക്കുന്ന ചെറിയൊരു പിന്തുണയെപ്പോലും പരാമാവധി പ്രയോജനപ്പെടുത്താനുള്ള വൈഭവം, ന്യൂബോളില്‍ സ്വിങ്ങ് ചെയ്യിക്കും, ഓള്‍ഡ് ബോളില്‍ റിവേഴ്സ് സ്വിങ്ങിലൂടെ വെല്‍ സെറ്റില്‍ഡായുള്ള ബാറ്ററുടെ സ്റ്റമ്പുകള്‍പ്പോലും തെറിപ്പിക്കും, സീ പൊസിഷൻ കൃത്യമായി നിലനിര്‍ത്തിയും തുടര്‍ച്ചയായി ഓരേ ലെങ്തില്‍ ഹിറ്റ് ചെയ്തും ബാറ്റര്‍മാരെ പരീക്ഷിക്കും, പ്രൈം ഷമി.

പേസിന് അനുകൂലവും പ്രതികൂലവുമായുള്ള വിക്കറ്റുകളില്‍ ഷമിക്ക് ഇത് സാധിച്ചുവെന്നതിന്റെ തെളിവാണ് 64 മത്സരങ്ങളില്‍ നിന്ന് മാത്രം നേടിയ 229 വിക്കറ്റുകള്‍.

2018-19 വര്‍ഷത്തില്‍ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഓര്‍മയില്ലെ. ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയൻ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്, വിരാട് കോലിയുടെ വിഖ്യാത സംഘം. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രം പരിശോധിക്കുമ്പോള്‍ ഇതിഹാസങ്ങള്‍ പറയുന്ന ഒരു കാര്യമുണ്ട്, കോലിക്ക് കീഴിലായിരുന്നു ഇന്ത്യയുടെ പേസ് ബൗളിങ് ഏറ്റവും ലീഥലായി കാണപ്പെട്ടതെന്ന്. വിദേശ വിക്കറ്റുകളില്‍പ്പോലും എതിര്‍ ടീമിനെ ഡൊമിനേറ്റ് ചെയ്യുന്ന സംഘം. അതിലെ പ്രധാനിയായിരുന്നു ഷമി.

ഓസീസ് പര്യടനത്തില്‍ പേര്‍ത്തിലെ ആറ് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 16 വിക്കറ്റുകളായിരുന്നു ഷമിയുടെ നേട്ടം. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസല്‍വുഡ് എന്നിവരേക്കാള്‍ മുകളില്‍. ജസ്പ്രിത് ബുമ്ര കഴിഞ്ഞാല്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും ശരാശരിയുമുള്ള പേസറും അന്ന് ഷമിയായിരുന്നു. ഓസ്ട്രേലിയൻ മൈതാനങ്ങള്‍ മാത്രമായിരുന്നോ ഷമി കീഴടക്കിയത്, അല്ല. 2018ലെ ജോഹന്നാസ്ബര്‍ഗ് ടെസ്റ്റ്. രണ്ടാം ഇന്നിങ്സില്‍ 28 റണ്‍സ് വഴങ്ങി ഷമി നേടിയ അഞ്ച് വിക്കറ്റുകളായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം സെഞ്ചൂറിയനിലും ഇതേ പ്രകടനം ആവര്‍ത്തിച്ചു.

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ - സെന രാജ്യങ്ങളിലൊക്കെയും ഷമിയുടെ ഡൊമിനേഷൻ കണ്ടിട്ടുണ്ട്. പക്ഷേ, ഇതെല്ലാം ഓര്‍മിക്കപ്പെടുമ്പോഴും പറയാതെ പോകാൻ കഴിയായത്ത ഒന്നുണ്ട്. ബാറ്റുകൊണ്ട് അയാള്‍ ഇന്ത്യയുടെ വാലറ്റത്ത് നടത്തിയ ചെറുത്തുനില്‍പ്പുകള്‍.

കോലിപ്പട ലോര്‍ഡ്സ് ഇംഗ്ലണ്ടിനൊരു നരകമാക്കി മാറ്റിക്കൊടുത്ത മത്സരം, 2021 ലോര്‍ഡ്സ് ടെസ്റ്റ്. ഇന്ത്യക്കെതിരെ 27 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡായിരുന്നു ഇംഗ്ലണ്ട് അന്ന് നേടിയത്. രണ്ടാം ഇന്നിങ്സില്‍ 194-7 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ച നേരിടുമ്പോഴാണ് ഷമി ക്രീസിലെത്തുന്നത്, 86-ാം ഓവറില്‍, വൈകാതെ എട്ടാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. അപ്പോള്‍ ഇന്ത്യയുടെ ലീഡ് 182 മാത്രമാണ്. ശേഷം ലോര്‍ഡ്സ് കണ്ടത് ബുമ്രയെ കൂട്ടുപിടിച്ച് ഷമി നടത്തിയ പോരാട്ടമായിരുന്നു.

റോബിൻസണ്‍, മാര്‍ക്ക് വുഡ്, സാം കറണ്‍, മൊയിൻ അലി, ജെയിംസ് ആൻഡേഴ്സണ്‍. ജോ റൂട്ട് പന്ത് കൈമാറിയ ഒരു ബൗളര്‍ക്കും ഷമി നിശ്ചയദാര്‍ഢ്യത്തെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല. യെസ്, ബീറ്റണായിരുന്നു പല പന്തുകളില്‍, എങ്കിലും തുടര്‍ന്നു. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസ് ബൗളറായ ആൻഡേഴ്സണിനെതിരെ മിഡ് വിക്കറ്റിന് മുകളിലൂടെയൊരു ഫ്ലിക്കുണ്ടായിരുന്നു, ലോര്‍ഡ്സ് മുഴുവനും ഹര്‍ഷാരവത്തോടെയായിരുന്നു ആ ഷോട്ടിനെ ബഹുമാനിച്ചത് പോലും.

ക്രീസുവിട്ടിറങ്ങി മൊയിൻ അലിയുടെ പന്ത് 92 മിറ്റര്‍ നിക്ഷേപിച്ചാണ് അര്‍ദ്ധ സെഞ്ചുറി തികച്ചത്. സെഞ്ചുറിയോളം തന്നെ വലിപ്പമുള്ള ഒരു ഫിഫ്റ്റി. ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 70 പന്തില്‍ 56 റണ്‍സ്. ബുമ്രയുമായി ചേര്‍ന്ന് ക്രീസില്‍ നിലകൊണ്ടത് 20 ഓവറുകളാണ്, ഇംഗ്ലണ്ടുകാരുടെ ക്ഷമയെ പരീക്ഷിച്ച 120 പന്തുകള്‍. വേര്‍പിരായത്ത കൂട്ടുകെട്ട് സ്കോര്‍കാര്‍ഡിലേക്ക് ചേര്‍ത്തത് 89 റണ്‍സ്, കോലി ഡിക്ലറേഷൻ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയുടെ ലീഡ് 271 ആയിരുന്നു, പിന്നീട് സംഭവിച്ചതൊക്കെ ചരിത്രത്താളുകളിലുണ്ട്.

എന്നാല്‍, പിന്നീടുള്ള യാത്ര അത്ര മനോഹരമായിരുന്നില്ല ഷമിക്ക്. വൈറ്റ് ബോളില്‍ സക്സസ് നേടുമ്പോഴും റെഡ് ബോളില്‍ തിളങ്ങാന കഴിയാതെ പോയി, പിന്നാലെ പരിക്കുകളും റീഹാബുമൊക്കെയായി കടന്നുപോയ നാളുകള്‍, സെലക്ടര്‍മാരുമായുള്ള തീരാത്ത കലഹങ്ങള്‍...ഒടുവില്‍ ആഗ്രഹിച്ച തിരിച്ചുവരവില്ലാതെ പടിയിറക്കം...

വിക്കറ്റ് കോളത്തിലെ അക്കങ്ങള്‍ നോക്കിയാല്‍ ഷമിയുടെ കരിയര്‍ ഇതിഹാസതുല്യമാണോയെന്ന് സംശയം ഉയര്‍ന്നേക്കാം, പക്ഷേ അയാളുടെ ഓരോ പന്തുകളും നല്‍കിയ ഈ ജനതയ്ക്ക് നല്‍കിയ പ്രതീക്ഷയും സമ്മാനിച്ച വിജയങ്ങളും അതിനുമൊക്കെ എത്രയോ മുകളിലായിരുന്നു...

PREV
Read more Articles on
click me!

Recommended Stories

പോരാട്ടങ്ങള്‍ അയാള്‍ അവസാനിപ്പിച്ചിരിക്കുന്നു; ഒരു ഫുട്ബോള്‍ കാലവും
മാസ്റ്റർക്ലാസ് ഇന്നിങ്സ്; എല്ലാവരും വീണ ഈഡൻ പാ‍ര്‍ക്ക് കോലി കീഴടക്കിയത് എങ്ങനെ?