ഫുട്ബോള്‍ ഭൂപടത്തില്‍ പോര്‍ച്ചുഗലിനെ അടയാളപ്പെടുത്താൻ ഇടതുവിങ്ങില്‍ ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടു ആ രാത്രിയില്‍, ഫിഗോയ്ക്ക് ശേഷം ആര് എന്ന ആ ജനതയുടെ ചോദ്യത്തിന് ഉത്തരം. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഡൊസ് സാന്റോസ് അവിയേറൊ

സാന്റോ ആന്റോണിയോ, മദീര. ആ തെരുവില്‍ നിന്ന് ആരംഭിച്ച യാത്ര, വലിയൊരു മുറിയില്‍, ഒരു വെള്ളക്കടലാസില്‍ അവസാനിച്ചിരിക്കുന്നു...

ഇതിനിടയില്‍ 23 വര്‍ഷങ്ങള്‍, യൂറോപ്പിന്റെ തെക്കുപടിഞ്ഞാറുള്ളൊരു രാജ്യത്തിനായി ഒരുവൻ വിശ്രമമില്ലാതെ വിയര്‍പ്പൊഴുക്കിയ രണ്ട് പതിറ്റാണ്ടിന്റെ കഥ. ഒന്നുമില്ലായ്മയില്‍ നിന്നുള്ള ഉയിര്‍പ്പിന്റെ കഥയ്ക്ക് ഇന്ധനമായത് ഒരു അമ്മയുടെ കഷ്ടതകളായിരുന്നു, പട്ടിണിയായിരുന്നു, ദാരിദ്ര്യം മൂലം ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു, കാലം തന്നില്‍ നിന്ന് വേര്‍പെടുത്തിയ പിതാവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രയ്ത്നമായിരുന്നു, പരാജയപ്പെടാൻ ഒരുക്കമല്ലാത്തൊരു മനസായിരുന്നു, രണ്ടാമനാണെന്ന് പലകുറി ലോകം പറഞ്ഞപ്പോഴും തിരുത്താനുറച്ചിറങ്ങിയ കാലുകളായിരുന്നു...തന്റെ വിധിയും ഭാവിയും ഭാഗ്യവും നിര്‍ഭാഗ്യവുമൊക്കെ സ്വയം നിര്‍വചിക്കാനുള്ള മനോഭാവമായിരുന്നു...

ഓഗസ്റ്റ് 20, 2003. ചാവേസിലെ മുൻസിപ്പല്‍ സ്റ്റേഡിയത്തില്‍ പൊര്‍ച്ചുഗല്‍ - കസാക്ക്സ്ഥാൻ സൗഹൃദ മത്സരം രണ്ടാം പകുതിയിലേക്ക് കടക്കുകയാണ്. സൈഡ് ലൈനില്‍ സബ്സ്റ്റിറ്റ്യൂഷൻ ബോര്‍ഡ് ഉയര്‍ന്നു. ലൂയിസ് സ്കോളാരി ആ തീരുമാനമെടുത്തു, വൈകാതെ തന്റെ നിയോഗം പൂര്‍ത്തിയാക്കി ഫിഗോ വഴിമാറിക്കൊടുത്തു, പകരമിറങ്ങുന്നത് ഒരു 16-ാം നമ്പര്‍ ജഴ്സിക്കാരനാണ്...

45 മിനുറ്റ്, 12 ഡ്രിബിള്‍, റോ പേസ്, സ്റ്റെപ്പ് ഓവറുകള്‍, ഹി വാസ് സംതിങ് എല്‍സ്, ഫിയര്‍ലെസ് ആൻഡ് അണ്‍സ്റ്റോപ്പബിള്‍...ഫുട്ബോള്‍ ഭൂപടത്തില്‍ പോര്‍ച്ചുഗലിനെ അടയാളപ്പെടുത്താൻ ഇടതുവിങ്ങില്‍ ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടു ആ രാത്രിയില്‍, ഫിഗോയ്ക്ക് ശേഷം ആര് എന്ന ആ ജനതയുടെ ചോദ്യത്തിന് ഉത്തരം. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഡൊസ് സാന്റോസ് അവിയേറൊ.

അവിടെ നിന്ന് 204 ദിവസം നീണ്ട കാത്തിരിപ്പ്, എന്തിനായിരുന്നു, ആദ്യ അന്താരാഷ്ട്ര ഗോളിന്റെ മധുരമൊന്ന് അറിയാൻ. തന്റെ വരവ് പ്രഖ്യാപിക്കാൻ ക്രിസ്റ്റ്യാനൊ തിരഞ്ഞെടുത്ത ടൂര്‍ണമെന്റ്, 2004 യൂറോ. അന്നാ ഗോളിന് വഴിയൊരുക്കിയതും ഫിഗോയായിരുന്നു, കോര്‍ണറില്‍ നിന്ന് ബോക്സിലേക്ക് എത്തിയ പന്തിന്റെ വേഗവും ദിശയും മനസിലാക്കി വായുവിലേക്ക് ഉയര്‍ന്ന് ചാടി തലകൊണ്ട് വലയ്ക്കുള്ളിലേക്ക് പറഞ്ഞയച്ചു, 90+3, അതായിരുന്നു സമയം.

ആ യൂറോയ്ക്ക് ഒടുവില്‍ ലിസ്ബണിലെ മൈതാനത്ത് വിങ്ങിപ്പൊട്ടേണ്ടി വന്നിരിക്കാം ആ പത്തൊൻപത് കാരന്. എങ്കിലും ആ 90+3ല്‍ നിന്ന് ടൊറോന്റോ സ്റ്റേഡിയത്തില്‍ ക്രൊയേഷ്യക്കെതിരെ 68-ാം മിനുറ്റില്‍ പെനാലിറ്റി ലക്ഷ്യത്തിലെത്തിക്കുന്നതിനും ഇടയില്‍ അയാള്‍ വിങ്ങറായും പ്ലേ മേക്കറായും സ്ട്രൈക്കറായും പലവേഷങ്ങള്‍ കെട്ടിയാടി, പോർച്ചുഗലിനായി ജയിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ആ മനുഷ്യനെ മുന്നോട്ട് നയിച്ചത്, ശരാശരിയില്‍ ഒതുങ്ങിയ ഒരു സംഘത്തിനായി അയാള്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങളായിരുന്നു കൂടുതലും...

സ്നൈഡറും വാൻ പേഴ്സിയും റോബനുമൊക്കെ നിരന്ന് നിന്ന ഡച്ചുപടയ്ക്കെതിരെ 2012 യൂറോയില്‍. 11 -ാം മിനുറ്റില്‍ പിന്നിലായ പോർച്ചുഗലിനെ തിരിച്ചുകൊണ്ടുവന്ന രണ്ട് ഗോളുകള്‍. ഇരുപകുതിയിലും വ്യത്യസ്ത ഹെയർസ്റ്റൈലുകളിലെത്തി സമ്മർദമെന്തെന്ന് ചോദിച്ചുകൊണ്ട് ഖാർകീവിലെ മൈതാനത്ത് സ്ലൈഡ് ചെയ്തൊരു സെലിബ്രേഷനുണ്ടായിരുന്നു...

2013ലെ ലോകകപ്പ് ക്വാളിഫയറില്‍ സ്ലാട്ടാൻ ഇബ്രഹാമോവിച്ചിന്റെ വെല്ലുവിളികളെ അയാളുടെ മണ്ണില്‍വെച്ച് തന്നെ കുഴിച്ചുമൂടിയ സ്റ്റോക്ക്‌ഹോം ഹാട്രിക്ക്. ഓള്‍ഡ് ട്രാഫോഡിലും സാന്റിയാഗോ ബെർണബ്യൂവിലും ചുവപ്പിലും വെള്ളയിലും വ്യക്തിഗത നേട്ടങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍ മറുവശത്ത് നിന്ന് അതിലും ഉറക്കെ വിമര്‍ശകര്‍ ചോദിച്ചു, പോര്‍ച്ചുഗലിനായി നിങ്ങള്‍ എന്ത് നേടിയെന്ന്.

2016 യൂറോ. ഗ്രൂപ്പ് എഫില്‍ ഹംഗറിക്കെതിരായ ബാക്ക് ഹീല്‍, പിന്നാലെ ഹെഡർ, മത്സരത്തില്‍ ആകെ മൂന്ന് ഗോള്‍ കോണ്‍ട്രിബ്യൂഷനുകള്‍. സെമി ഫൈനലില്‍ വെയില്‍സിനെതിരെ ഏരിയല്‍ ഡൊമിൻസ്, വിജയമുറപ്പിച്ച നാനിയുടെ ഗോളിന് വഴിയൊരുക്കിയതും അതേ കാലുകള്‍. ഒടുവില്‍ പോർച്ചുഗല്‍ ജഴ്‌സിയിലയാള്‍ ഒരുകിരീടത്തിന് തൊട്ടരികല്‍ ഒരിക്കല്‍ക്കൂടി അയാളെത്തി. കാലത്തിന്റെ ക്രൂരതയോ കളിദൈവങ്ങള്‍ കണ്ണടച്ചതോയെന്ന് അറിയില്ല, 25-ാം മിനുറ്റില്‍ ദിമിത്രി പയേറ്റിന്റെ കാലുകള്‍ക്കിടയിലമര്‍ന്ന് മൈതാനം വിടേണ്ടി വന്നു...

പക്ഷേ, ക്രിസ്റ്റ്യാനോയെന്ന താരം മാത്രമായിരുന്നു മൈതാനത്തിന് പുറത്തേക്ക് പോയത്, അയാളിലെ നായകൻ കുമ്മായവരയ്ക്കപ്പുറത്ത് കാല്‍മുട്ടിനെ ബാൻഡേജില്‍ പൊതിഞ്ഞ് കളിമെനയുന്നുണ്ടായിരുന്നു. ഫെർണാണ്ടോ സാന്റോസ് നിശബ്ദനായി നിന്ന നിമിഷങ്ങളില്‍പ്പോലും ആ 11 പേരിലേക്ക് അയാള്‍ നല്‍കിയ ഊർജം. അത് 109-ാം മിനുറ്റില്‍ എഡറിന്റെ കാലുകളിലേക്ക് പ്രവാഹിക്കപ്പെട്ടു, ഫ്രഞ്ച് പടയോട്ടത്തിന് അവസാനം കാണുമ്പോള്‍ 25-ാം മിനുറ്റിലെ നിരാശയുടെ കണ്ണുനീരിന് 120-ാം മിനുറ്റില്‍ ആനന്ദത്തിന്റെ തിളക്കമുണ്ടായി...

എട്ട് പതിറ്റാണ്ടോളം പിന്നിട്ട പോർച്ചുഗലിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായൊരു കിരീടം, യുസേബിയോക്കും ഫിഗോയ്ക്കും സാധിക്കാതെ പോയത്...കാലവും ഇതിഹാസങ്ങളും സാക്ഷി അയാള്‍ക്ക് യൂറോപ്പിന്റെ നെറുകയിലേക്ക്...

എല്ലാം അവസാനിക്കാറാകുന്നുവെന്ന് ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞു തുടങ്ങിയ കാലം കൂടിയായിരുന്നുവത്. തെളിയിക്കാൻ ഒന്നും ബാക്കിയില്ലപ്പോഴും, പക്ഷേ തന്റെ ശരീരത്തിനോടും മനസിനോടും എതിരാളികളോടും പോരുതി അയാള്‍ മറ്റൊരു ഐതിഹാസികമായ പതിറ്റാണ്ടിന് കൂടെ അവിടെ തുടക്കമിടുകയായിരുന്നു, കാത്തുവെച്ചതൊക്കെയും പീക്ക് സംഭവങ്ങള്‍. 2018 ജൂണ്‍ 15, സോച്ചി.

ലോകകപ്പിലെ പോർച്ചുഗലിന്റെ ആദ്യ മത്സരം. എതിരാളികള്‍ സ്പെയിൻ. സെര്‍ജിയോ റാമോസ്, പിക്വെ, ഇനിയേസ്റ്റ, ഇസ്കോ, ഡിയേഗൊ കോസ്റ്റാ...അങ്ങനെ ഇതിഹാസങ്ങളും കളിമെനയുന്നവരും നിരന്നങ്ങനെ നിന്നു. ഫുട്ബോള്‍ മൈതാനം ഒറ്റയാൻ കീഴടക്കുന്നത് കണ്ടിട്ടുണ്ടോ...അതായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ അന്ന് സംഭവിച്ചത്.

കോസ്റ്റയും ക്രിസ്റ്റ്യാനോയും കൊമ്പുകോര്‍ത്തൊടുവില്‍ നാച്ചോ പോർച്ചുഗലിനെ തളച്ചെന്ന് കരുതി. 88-ാം മിനുറ്റ്. ബോക്സിന് പുറത്ത് കാലുകള്‍ അകത്തി ദീര്‍ഘനിശ്വാസമെടുത്ത് കൈകള്‍ തളര്‍ത്തി കണ്ണടച്ചയാള്‍ ഗോള്‍ പോസ്റ്റിലേക്ക് നോക്കി നിന്നു. വലം കാലില്‍ നിന്ന് തൊടുന്ന ഷോട്ട് ബുസ്ക്വറ്റ്‌സിന്റേയും പിക്വെയുടേയും ഉയർന്നുള്ള പ്രതിരോധത്തെ വകഞ്ഞുമാറ്റി ബോക്സിന്റെ വലതുമൂലയിലേക്ക് പറന്നിറങ്ങി, ഡി ഹെയ സത്ബ്ദനായി കാണപ്പെട്ടു.

സോച്ചി ഇരമ്പിയാർക്കുമ്പോള്‍ കൈകള്‍ വിടർത്തി ക്രിസ്റ്റ്യാനോ ആ മൈതാനത്തുകൂടി പറക്കുകയായിരുന്നു...ജീനിയസ് എന്ന് വിളിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല കമന്ററിബോക്സില്‍ കളിപറയാൻ ഇരുന്നവർക്ക്...

ലയണല്‍ മെസി അനശ്വരതപുല്‍കിയപ്പോള്‍ 2022 ലോകകപ്പ് ദുഖങ്ങള്‍ മാത്രം നിറഞ്ഞതായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക്. അപ്പോഴും പരാജയപ്പെട്ടവനായി മടങ്ങാൻ ഒരുക്കമായിരുന്നില്ല. അയാളുടെ വിധി കുറിക്കാൻ അവസാനം തുനിഞ്ഞത് ലമീൻ യമാലായിരുന്നു, അലയൻസ് അറീനയില്‍ യമാലിന് അയാള്‍ സമ്മാനിച്ചത് കരിയറിലുടനീളം വേട്ടയാടാൻ പോന്നൊരു ദിവസമായിരുന്നു..അങ്ങനെയെത്രയെത്ര മൊമന്റുകള്‍...ജയിച്ചുവെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കണമെങ്കില്‍ ക്രിസ്റ്റ്യാനോയുടെ കാലുകള്‍ നിശ്ചലമാകണം, അത് മറക്കാതിരിക്കുക...

പടിയിറക്കത്തിന് സമയമായെന്ന് ശരീരം പറഞ്ഞപ്പോഴും പോരാടി നിന്നു അമേരിക്കൻ ഐക്യനാടുകളില്‍. ആറാം തവണയും തലകുനിച്ച് കണ്ണീരണിഞ്ഞാണ് മൈതാനം വിട്ടത്...പിന്നീട് കണ്ടതൊക്കെയും ലോകഫുട്ബോളിലെ ഇതിഹാസം അര്‍ഹിക്കാത്ത ദിവസങ്ങളായിരുന്നു...കലഹം, പടിയിറക്കം...

സാന്റോ ആന്റോണിയോ, മദീര. ആ തെരുവില്‍ നിന്ന് ആരംഭിച്ച യാത്ര, വലിയൊരു മുറിയില്‍, ഒരു വെള്ളക്കടലാസില്‍ അവസാനിപ്പിക്കാൻ തീരുമാനിച്ചു, അയാള്‍ കരഞ്ഞില്ല, ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ചില്ല...

പകരമയാള്‍ പറഞ്ഞു, ഗോളുകള്‍ മായും, ട്രോഫികളുടെ യാത്ര മ്യൂസിയങ്ങളില്‍ അവസാനിക്കും, റെക്കോര്ഡുകള് തകര്‍ക്കപ്പെടും....പക്ഷേ കാലത്തിന് മായിക്കാനാകാത്ത ഒന്നുണ്ട്, മനുഷ്യരുടെ ഹൃദയത്തിലുള്ള സ്ഥാനം...

നിങ്ങളുടെ ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് തലമുറകള്‍ ഇനിയും മൈതാനങ്ങളിലേക്ക് എത്തും, നിങ്ങളുടെ ഐക്കോണിക്കായ ഫ്രീകിക്ക് സ്റ്റാൻഡ് അനുകരിക്കപ്പെടുത്തും, സൂ മൂഴക്കങ്ങള്‍ ആവര്‍ത്തിക്കപ്പെടും...അത് കാല്‍പ്പന്തുള്ളകാലത്തോളം തുടരും...ഒബ്രിഗാദോ ക്രിസ്റ്റ്യാനോ....