കിവീസ് താരങ്ങളുടെ മാന്യതയ്ക്ക് ക്രിക്കറ്റ് ലോകത്തിന്റെ കൈയടി

By Web TeamFirst Published Jan 30, 2020, 5:31 PM IST
Highlights

രണ്ടാം വരവില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായ മക്കന്‍സിക്ക് തിരിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് നടക്കാന്‍ പോലും കഴിയാതെ വന്നപ്പോഴാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ സഹായഹസ്തവുമായി എത്തിയത്.

ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റ് മാന്യന്‍രുടെ കളിയാണെങ്കില്‍ അതിലെ മാന്യതയുടെ പ്രതിരൂപങ്ങളാണ് ന്യൂസിലന്‍ഡ് താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനലിലെ വിവാദ സൂപ്പര്‍ ഓവറിന് ശേഷം പോലും മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കാന്‍ കിവീസ് താരങ്ങള്‍ ഒരിക്കലും തയാറായിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസിലന്‍ഡിലെത്തിയപ്പോള്‍ ലോകകപ്പ് തോല്‍വിക്ക് പ്രതികാരം തീര്‍ക്കുമോ എന്ന് വിരാട് കോലിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇത്രയും സുന്ദരന്‍മാരായ കിവീസ് കളിക്കാരോട് എങ്ങനെയാണ് പ്രതികാരം തീര്‍ക്കുക എന്നായിരുന്നു കോലി തിരിച്ചു ചോദിച്ചത്.

സീനയര്‍ താരങ്ങള്‍ മാത്രമല്ല ന്യൂസിലന്‍ഡിന്റെ യുവനിരയും മാന്യന്‍മാരില്‍ മാന്യരാണെന്ന് ഇന്നലെ വീണ്ടും തെളിയിച്ചു. അണ്ടര്‍ 19 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ പരിക്കിനെത്തുടര്‍ന്ന് നടക്കാന്‍ പോലുമാവാതിരുന്ന വിന്‍ഡീസ് താരം കിര്‍ക് മക്കന്‍സിയെ തോളിലേറ്റി ഡ്രസ്സിംഗ് റൂമിലെത്തിച്ചാണ് കിവീസ് താരങ്ങളായ ജെസി ടഷ്കോഫും ജോയ് ഫീല്‍ഡും ക്രിക്കറ്റ് ലോകത്തിന്റെ കൈയടി വാങ്ങിയത്.

So good to see this at its best. https://t.co/qzUZjEuRt5

— Rohit Sharma (@ImRo45)

പേശിവലിവിനെത്തുടര്‍ന്ന് 99 റണ്‍സില്‍ നില്‍ക്കെ റിട്ടയര്‍ഡ് ഹര്‍ട്ടായ മക്കന്‍സി വിന്‍ഡീസിന്റെ ഒമ്പതാം നമ്പര്‍ ബാറ്റ്സ്മാനും പുറത്തായപ്പോള്‍ വീണ്ടും ക്രീസിലെത്തുകയായിരുന്നു. രണ്ടാം വരവില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായ മക്കന്‍സിക്ക് തിരിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് നടക്കാന്‍ പോലും കഴിയാതെ വന്നപ്പോഴാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ സഹായഹസ്തവുമായി എത്തിയത്. മത്സരം കിവീസ് ജയിച്ചു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ കിവീസ് താരങ്ങള്‍ക്ക് കൈയടിച്ച് രംഗത്തെത്തുകയും ചെയ്തു.

click me!