അഭിഷേക് ശർമയുടെ ബാറ്റിങ് കണ്ടാല്‍ ഓള്‍ ഔട്ട് അറ്റാക്കിങ് മാത്രമാണെന്ന് തോന്നുമെങ്കിലും കാര്യങ്ങളങ്ങനെയല്ല. ഓരോ ഷോട്ടിന് പിന്നിലും കൃത്യമായ കണക്കുകൂട്ടലുണ്ട്

ഫേസ് ചെയ്യാൻ പോകുന്ന ആദ്യ പന്താണ്. നാഗ്‍പൂരിലെ വിക്കറ്റൊളിപ്പിച്ച് വെച്ചിരിക്കുന്നത് എന്താണെന്നറിയാനുള്ള സമയമായിട്ടില്ല. ആറടി മൂന്നിഞ്ച് പൊക്കക്കാരൻ ജേക്കബ് ഡഫി മണിക്കൂറില്‍ 131 കിലോ മീറ്റര്‍ വേഗതയിലാ പന്തെറിഞ്ഞിരിക്കുന്നു. ക്രീസുവിട്ടിറങ്ങി കവറിന് മുകളിലൂടെ ഒരു സിക്‌സ്, അതായിരുന്നു ലക്ഷ്യം. പക്ഷേ, കണക്ട് ചെയ്യാനായില്ല, ആ നീക്കം അത്ര രസിക്കാതെ ‍ഡഫിയൊന്ന് നോക്കി.

അധികം വൈകിയില്ല, ഡഫിയുടെ ഓവറിലെ അവസാന പന്ത്. ഒരു പിച്ച്ഡ് അപ്പ് ഡെലിവെറിയായിരുന്നു അത്. ഡഫി തന്റെ ആക്ഷൻ പൂര്‍ത്തിയാക്കി തല ഉയര്‍ത്തും മുൻപ്, ആ തലയ്ക്ക് മുകളിലൂടെ പന്ത് ഉയര്‍ന്ന് പൊങ്ങി. കമന്ററി ബോക്‌സില്‍ നിന്ന് ഹർഷ ബോഗ്ലെയുടെ ശബ്ദമുയർന്നു. Straight Up, Thats the way he plays, establishing his presence, he is marked his territory, thats Abhishek Sharma. 82 മീറ്റർ അകലെയായിരുന്നു ആ പന്ത് വിശ്രമം കൊണ്ടത്.

അഭിഷേക് ശർമയുടെ ബാറ്റിങ് കണ്ടാല്‍ ഓള്‍ ഔട്ട് അറ്റാക്കിങ് മാത്രമാണെന്ന് തോന്നുമെങ്കിലും കാര്യങ്ങളങ്ങനെയല്ല. റെഡ് ബോള്‍ ക്രിക്കറ്റിലൂടെയാണ് അഭിഷേക് ഉയർന്നുവന്നത്, ഓരോ ഷോട്ടിന് പിന്നിലും കൃത്യമായ കണക്കുകൂട്ടലുണ്ട്. അതിവേഗം വിക്കറ്റ് റീഡ് ചെയ്യാനുള്ള കെല്‍പ്പ് തന്നെയാണ് പ്രധാന കാരണം. നാഗ്‌പൂരിലെ ഇന്നിങ്സെടുക്കു, ന്യൂസിലൻഡ് ബൗളര്‍മാര്‍ പന്തിന്റെ വേഗതകുറച്ച് സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള ബാറ്റര്‍മാരുടെ സ്കോറിങ്ങിന് തടയിട്ടപ്പോള്‍, അഭിഷേകിന്റെ മുന്നില്‍ അതിന് കഴിഞ്ഞില്ല.

അഭിഷേക് അഗ്രസീവ് ക്രിക്കറ്റ് തുടര്‍ന്നതോടെ കിവി ബൗളര്‍മാര്‍ സമ്മര്‍ദത്തിലാകുകയും പരീക്ഷണങ്ങള്‍ നടത്താൻ നിര്‍ബന്ധിതരാകുകയും ചെയ്തു. ബൗണ്ടറി ഹിറ്റിങ് മാത്രമായിരുന്നില്ല, കൃത്യമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും അഭിഷേക് കണിശത തുടര്‍ന്നു. അഞ്ചാം ഓവറില്‍ കെയില്‍ ജാമിസണിന്റെ ലെഗ് കട്ടറിന്റേയും ഷോര്‍ട്ട് ബോളിന്റേയും വിധി ഒന്നായിരുന്നു, ഗ്യാലറിയില്‍. ക്രിസ്റ്റൻ ക്ലാര്‍ക്കിന്റെ റിഥം തകര്‍ത്തത് പന്തെറിയും മുൻപ് തന്നെ ക്രീസുവിട്ടിറങ്ങിയായിരുന്നു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഓരോ സിക്‌സിന് ശേഷവും സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറാൻ അഭിഷേക് നിരന്തരം ശ്രദ്ധിച്ചുവെന്നതാണ്. സമീപകാലത്ത് അത്ര അനായാസം അഭിഷേകില്‍ നിന്ന് സംഭവിക്കാത്ത ഒന്ന്. ഏഴാം ഓവറില്‍ ആദ്യ ബൗണ്ടറി നേടും മുൻപ് തന്നെ അഭിഷേക് നാല് സിക്‌സറുകള്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. സൂര്യകുമാറിന് സ്കോറിങ് എളുപ്പമാകാത്ത സാഹചര്യങ്ങളില്‍ റണ്‍റേറ്റിന്റെ കുതിപ്പ് നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പൂര്‍ണമായും അഭിഷേക് ഏറ്റെടുക്കുകയായിരുന്നു.

അഭിഷേകിന് തടയിടാൻ പേസിനോ സ്പിന്നിനോ സാധ്യമായില്ല. ലെങ്തിലും വേഗതയിലുമെല്ലാം മാറ്റം വരുത്തിയുള്ള ശ്രമങ്ങളൊക്കെയും പരാജയപ്പെട്ടു. ഗ്ലെൻ ഫിലിപ്‌സിനെതിരെ തുടരെ മൂന്ന് ഫോറുകള്‍, ഇഷ് സോദിക്കെതിരെ രണ്ട് വീതം സിക്സും ഫോറും, മിച്ചല്‍ സാന്റനറിനും വഴങ്ങേണ്ടി വന്നു രണ്ട് സിക്‌സറുകള്‍. ലോങ് ഓഫിലൂടെ മറ്റൊരു സിക്‌സ് നേടാനുള്ള ശ്രമം ജാമിസണിന്റെ കൈകളിലൊതുങ്ങി പരാജയപ്പെടുമ്പോള്‍ അഭിഷേകിന്റെ സ്കോര്‍ 35 പന്തില്‍ 84 റണ്‍സായിരുന്നു. അഞ്ച് ഫോറും എട്ട് സിക്‌സും.

ഗ്യാലറിയില്‍ കളികാണാനെത്തിയവരുടെ അതേ റോള്‍ ന്യൂസിലൻഡ് ഫീല്‍ഡര്‍മാരും സ്വീകരിച്ച മണിക്കൂറിനായിരുന്നു അവിടെ അവസാനമായത്. അഭിഷേക് മടങ്ങുമ്പോഴേക്കും ഇന്ത്യൻ സ്കോര്‍ 12 ഓവറില്‍ 149ലെത്തിയിരുന്നു. സ്ട്രൈക്ക് റേറ്റ് 240. എട്ട് ഓവര്‍ ബാക്കി നില്‍ക്കെ അനായാസം സെഞ്ചുറി നേടാനാകുമായിരുന്നു അഭിഷേകിന്. പക്ഷേ, ഇടം കയ്യൻ ബാറ്റര്‍ മുൻഗണന നല്‍കിയത് എന്നത്തേയും പോലെ ടീമിനായിരുന്നു.

അഭിഷേകിന്റെ പിതാവ് ഒരിക്കല്‍ നടത്തിയ വെളിപ്പെടുത്തല്‍ ചേര്‍ത്തുവെക്കാം. അഭിഷേകിന്റെ മനസില്‍ എപ്പോഴും ടീമിന്റെ താല്‍പ്പര്യങ്ങളാണ് വലുത്. ഞാൻ പലതവണ അഭിഷേകിന് അല്‍പ്പം സ്വാര്‍ത്ഥതയോടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്, അര്‍ദ്ധ സെഞ്ചുറിക്കും സെഞ്ചുറിക്കുമൊക്കെ അടുത്തെത്തുമ്പോള്‍ അല്‍പ്പം കരുതലെടുക്കണമെന്ന്. പക്ഷേ, അതിന് അഭിഷേക് ഒരിക്കലും തയാറായിട്ടില്ല.

അഭിഷേക് ട്വന്റി 20 ക്രിക്കറ്റിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും ഇത് തന്നെയാണ് തുടരുന്നത്. സമീപകാലത്തെ ഇന്ത്യയുടെ അസാധാരണ ആധിപത്യത്തിന് പിന്നിലെ കാരണവും മറ്റൊന്നല്ല.