തന്റെ മൂല്യം ഒന്നുകൂടി ഓര്‍മിപ്പിക്കാനായിരുന്നു നാഗ്‌പൂരിലേക്ക് റിങ്കു ചുവടുവെച്ചത്. ഏഴാമനായി ക്രീസിലെത്തി കേവലം 20 പന്തുകളില്‍ നിന്ന് 44 റണ്‍സായിരുന്നു നേട്ടം
Left handed MS Dhoni, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രവിചന്ദ്രൻ അശ്വിൻ ഒരിക്കല്‍ റിങ്കു സിങ്ങിനെ വിശേഷിപ്പിച്ചത് ഇപ്രകാരമായിരുന്നു. രണ്ട് വർഷം മുൻപ് അശ്വിൻ ഈ വാക്കുകള്‍ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ പലരും ചോദിച്ചു, ധോണിക്കൊപ്പം ചേർത്തുവെക്കാൻ മാത്രമെന്താണ് അയാളിലുള്ളതെന്ന്. ന്യൂസിലൻഡിനെതിരെ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുമ്പോള്‍, ഇന്നും ആ വാക്കുകളുടെ പ്രസക്തി തെല്ലും നഷ്ടമായിട്ടില്ലെന്ന് മനസിലാകും. ഏഴാം നമ്പറില്‍ ക്രീസിലെത്തി 20 പന്തില്‍ 44 റണ്‍സ്. Calm, Composed, yet so destructive!
മികവിന്റെ ധാരാളിത്തം ഏറെയുള്ള ഇന്ത്യൻ ക്രിക്കറ്റില്‍ ഓരോത്ത് നില്‍ക്കേണ്ടി വന്ന താരങ്ങളുടെ പട്ടികയെക്കുറിച്ച് എല്ലാവരും പ്രസംഗിക്കാറുണ്ട്. സഞ്ജു സാംസണ്‍ മുതല്‍ റുതുരാജ് ഗെയ്ക്വാഡ് വരെ നീണ്ട നിരയില്‍ ഒരിക്കല്‍പ്പോലും ഉറച്ച ശബ്ദത്തില്‍ റിങ്കുവിന്റെ പേര് ഉയര്‍ന്ന് കേട്ടിട്ടില്ല. ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ചരിത്രമെടുത്താല്‍, അഭിഷേക് ശര്‍മയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റുള്ള താരം റിങ്കുവാണ്, 165. 2024 അവസാനം വരെ ഇന്ത്യയുടെ ട്വന്റി 20 പദ്ധതികളിലെ നിര്‍ണായക ഘടകമായിരുന്നു റിങ്കു. പക്ഷേ, 2025ല്‍ സമവാക്യങ്ങളെല്ലാം മാറിമറിഞ്ഞു.
പോയ വര്‍ഷത്തില്‍ ഇന്ത്യ കളിച്ചത് 21 ട്വന്റി 20 മത്സരങ്ങളാണ്. റിങ്കു കളത്തിലെത്തിയത് അഞ്ച് തവണ മാത്രം, ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത് മൂന്ന് തവണ. ന്യൂസിലൻഡ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സീരീസില്‍ റിങ്കുവിന്റെ പേരുപോലും ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കണം. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ തുടക്കകാലത്ത് ബാറ്ററായിരുന്നിട്ടുകൂടി പരിശീലനത്തിന് പോലും അവസരം ലഭിക്കാതിരുന്നിട്ടുണ്ട് റിങ്കുവിന്, മൈതാനത്ത് പന്തുപെറുക്കി നടക്കേണ്ടി വന്നിട്ടുമുണ്ട്. പക്ഷേ, തന്റെ മൂല്യം ഒന്നുകൂടി ഓര്‍മിപ്പിക്കാനായിരുന്നു നാഗ്‌പൂരിലേക്ക് റിങ്കു ചുവടുവെച്ചത്.
അഭിഷേക് ശര്‍മയും ശിവം ദുബെയും ചെറിയ ഇടവേളയ്ക്കുള്ളില്‍ മടങ്ങിയതിന് ശേഷമായിരുന്നു റിങ്കു ക്രീസിലേക്ക് എത്തിയത്. നേരിട്ട ആദ്യ ഏഴ് പന്തുകളില്‍ ഏഴ് റണ്‍സ് മാത്രം. ജാമിസണെതിരെ ഒരു ഓഫ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തിയായിരുന്നു തുടക്കം. പ്രോപ്പര്‍ ടെസ്റ്റ് ക്രിക്കറ്റ് ഷോട്ടെന്ന് തന്നെ പറയാം. 18-ാം ഓവറിലെ രണ്ടാം പന്തില്‍ ക്രിസ്റ്റൻ ക്ലാര്‍ക്കിനെ പുള്‍ ചെയ്ത് ആദ്യ സിക്സ്, പിന്നാലെ ഒരു ബൗണ്ടറികൂടി. കൂട്ടിനുണ്ടായിരുന്ന ഹാര്‍ദിക്ക് പാണ്ഡ്യയും അക്സര്‍ പട്ടേലും വൈകാതെ ഡഗൗട്ടിലെത്തി, ഇനി വാലറ്റം മാത്രം. 19-ാം ഓവറില്‍ റിങ്കുവിന് ലഭിച്ചത് ഒരു പന്ത് മാത്രം.
അവസാന ഓവര്‍ എറിയാനെത്തിയത് ഡാരില്‍ മിച്ചലായിരുന്നു. ആദ്യ പന്തൊരു സ്ലോബോള്‍, വേഗത മണിക്കൂറില്‍ 118 കിലോ മീറ്റര്‍ മാത്രം. പന്ത് നിക്ഷേപിക്കപ്പെട്ടത് സൈറ്റ് സ്ക്രീനിനപ്പുറമായിരുന്നു. പിന്നീട് റിങ്കുവിന്റെ ബാറ്റിലേക്ക് എത്തിയതൊരു സ്ലോട്ട് ബോള്‍, മിഡ്‌വിക്കറ്റിന് മുകളിലൂടെ 92 മീറ്റര്‍ തൊട്ടു പന്ത്. നാല്, ആറ് പന്തുകളും ബൗണ്ടറിവര തൊട്ടുതാണ്ടിയപ്പോള്‍ ആകെ പിറന്നത് 20 റണ്‍സ്. നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 44 റണ്‍സ്. അവസാനം നേരിട്ട 13 പന്തില്‍ 37 റണ്‍സ്.
ഇന്ത്യക്ക് റിങ്കുവിനെപ്പോലൊരു ഫിനിഷര്‍ ഇന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്, അപ്പോഴാണ് താരത്തെ നിരന്തരം കാണിയാക്കുന്ന സമീപനം മാനേജ്മെന്റ് സ്വീകരിച്ചത്. അവസാന രണ്ട് ഓവറുകളില്‍ റിങ്കുവിന്റെ ട്വന്റി 20യിലെ സ്ട്രൈക്ക് റേറ്റ് 287 ആണ്. അവസാന ഒരുഓവര്‍ മാത്രമെടുത്താല്‍ പ്രഹരശേഷി മുന്നൂറ് താണ്ടും. കരിയറില്‍ സമാനസാഹചര്യത്തില്‍ 20 പന്തില്‍ക്കൂടുതല്‍ നേരിട്ടവരില്‍ റിങ്കുവിനേക്കാള്‍ സ്ട്രൈക്ക് റേറ്റുള്ളത് സൂര്യകുമാര്‍ യാദവിന് മാത്രമാണ്, പക്ഷേ ഇരുവരും ക്രീസിലെത്തുന്നത് എപ്പോഴാണെന്നത് കൂടി നോക്കേണ്ടതുണ്ട്.
അവസാന ഓവറുകളില്‍ കൂടുതലായും ക്രീസിലെത്തുന്ന റിങ്കുവിന് സ്കോറിങ്ങിന് വേഗം കൂട്ടാൻ നിമിഷനേരം മാത്രം മതിയെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒടുവില്‍ ശരിയായ തീരുമാനമാണ് തന്റെ തിരഞ്ഞെടുപ്പെന്ന് റിങ്കുവും തെളിയിച്ചിരിക്കുന്നു. ലോകകപ്പില്‍ ഇത് ആവര്‍ത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.


