
ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തുടരുക എന്നത് എളുപ്പമല്ല, ദുഷ്കരമെന്ന് തന്നെ പറയാം. എം എസ് ധോണിയുടെ കാലത്ത് ആഭ്യന്തര സര്‍ക്യൂട്ടുകളില്‍ ചുരുങ്ങി പോയവരുടെ നിര തന്നെയുണ്ട്. വിക്കറ്റിന് പിന്നില്‍ ധോണിയോളം വേഗതയുള്ളവര്‍ അന്ന് ഉണ്ടായിരുന്നില്ല എന്നത് മറുവശം. പക്ഷേ, ഇന്നങ്ങനെ അല്ല, ഇന്ത്യൻ ടീമിലും പടിവാതില്‍ക്കലും നില്‍ക്കുന്നവരുടെ എണ്ണം ചെറുതല്ല. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, ദ്രുവ് ജൂറല്‍, ജിതേഷ് ശര്‍മ, ഇഷാൻ കിഷൻ...വിവിധ ഫോര്‍മാറ്റുകളിലായി മുൻനിരയിലുള്ളവര്‍.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇനി രണ്ട് വാരത്തിന്റെ ദൂരം മാത്രമാണ് അവശേഷിക്കുന്നത്. ടീം പ്രഖ്യാപനം ജനുവരിയിലെ ആദ്യ ദിനങ്ങളിലും പ്രതീക്ഷിക്കാം. സഞ്ജു സാംസണും ഇഷാൻ കിഷനും ട്വന്റി 20 ടീമില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു. ഇരുവരും ഏകദിന ടീമിലും ഉള്‍പ്പെടാനുള്ള സാധ്യത വിരളമാണ്. രാഹുല്‍, പന്ത്, ജിതേഷ്, ജൂറല്‍ - നാല്‍വര്‍ സംഘത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് എൻട്രിയുണ്ടാകുമെന്ന് തീര്‍ച്ചയാണ്.
ഏകദിന ഫോര്‍മാറ്റില്‍ പന്തിന്റെ അഭാവം കൊണ്ട് ഗ്ലൗ അണിയേണ്ടി വന്ന താരമാണ്. പക്ഷേ, രാഹുല്‍ വിക്കറ്റ് കീപ്പര്‍ റോളിലെത്തിയപ്പോഴെല്ലാം തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ നായകനായും കീപ്പറായും മൈതാനത്ത് എത്തിയ രാഹുല്‍, രണ്ട് ഇന്നിങ്സുകളില്‍ നിന്ന് 126 റണ്‍സാണ് നേടിയത്. സ്കോറുകള്‍ അറുപതും അറുപത്തിയാറുമായിരുന്നു. വിക്കറ്റ് കീപ്പറായുള്ള രാഹുലിന്റെ കരിയര്‍ നോക്കിയാല്‍ 45 ഇന്നിങ്സുകളില്‍ നിന്ന് 1753 റണ്‍സ്, ശരാശരി 54 ആണ്. രണ്ട് സെഞ്ചുറിയും 12 അര്‍ദ്ധ സെഞ്ചുറിയും. രാഹുലിന്റെ പ്രകടനങ്ങളോട് കണ്ണടക്കാൻ മാനേജ്മെന്റിന് കഴിയില്ല. അതുതന്നെയാണ് സമീപകാലത്ത് സംഭവിക്കുന്നതും.
എന്നാല്‍, തന്റെ സ്ഥാനം തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണ് റിഷഭ് പന്ത്. പരുക്കുമാറി തിരിച്ചെത്തിയതിന് ശേഷം ഏകദിന ഫോര്‍മാറ്റില്‍ പന്ത് പ്രത്യക്ഷപ്പെട്ടത് വിജയ് ഹസാരെ ട്രോഫിയിലായിരുന്നു. ആന്ധ്രയ്ക്കെതിരെ കേവലം അഞ്ച് റണ്‍സില്‍ മടങ്ങേണ്ടി വന്നെങ്കിലും ഗുജറാത്തിനെതിരെ തിരിച്ചുവരവ് നടത്തി ഇടം കയ്യൻ ബാറ്റര്‍. വിരാട് കോഹ്ലിയുടെ വിക്കറ്റ് വീണതോടെ പരുങ്ങലിലായ ഡല്‍ഹിയെ കരകയറ്റിയത് പന്തായിരുന്നു. 79 പന്തില്‍ 70 റണ്‍സായിരുന്നു പന്ത് സ്കോര്‍ ചെയ്തത്. താരം മടങ്ങുമ്പോഴേക്കും ഡല്‍ഹിയുടെ സ്കോര്‍ 200 താണ്ടിയിരുന്നു.
ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ പല താരങ്ങളേയും ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് റിഷഭ് പന്തിന്റെ അന്തിമ ഇലവനിലേക്കുള്ള തിരിച്ചുവരവ് സാധ്യമാകുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ പന്തിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും രാഹുലിനായിരുന്നു പരിഗണന നല്‍കിയത്. പന്തിന് വെല്ലുവിളി ഉയര്‍ത്തി ദ്രുവ് ജൂറലുമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ പന്തിനൊപ്പം ജൂറലും ടീമിന്റെ ഭാഗമായിരുന്നു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തില്‍ സെഞ്ചുറി നേടി ടീമിന് പരമ്പര നേടിക്കൊടുത്ത സഞ്ജുവിനെ പിന്തള്ളിയായിരുന്നു ജൂറലിന് മാനേജ്മെന്റ് സ്ഥാനം നല്‍കിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിജയ് ഹസാരെ ട്രോഫിയില്‍ പന്തിനേക്കാള്‍ മികവ് പുലര്‍ത്താൻ ആദ്യ രണ്ട് മത്സരങ്ങളില്‍ ജൂറലിന് കഴിഞ്ഞിട്ടുണ്ട്. ഹൈദരാബാദിനെതിരെ എണ്‍പതും ചണ്ഡീഗഡിനെതിരെ 67 റണ്‍സും ജൂറല്‍ നേടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ട ജൂറല്‍ വിജയ് ഹസാരെയിലൂടെ ഫോം തിരിച്ചുപിടിക്കുകയാണ്.
ട്വന്റി 20 ടീമില്‍ ഉള്‍പ്പെട്ട ഇഷാനെ ഏകദിന ടീമിലും പ്രതീക്ഷിക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ദീര്‍ഘനാളായി മാറ്റി നിര്‍ത്തപ്പെട്ട ഇഷാന് മത്സരപരിചയം അനിവാര്യമാണ്. പ്രത്യേകിച്ചും അന്താരാഷ്ട്ര തലത്തില്‍. ഇത് കണക്കിലെടുത്താല്‍, ടീമിലേക്ക് ഇഷാൻ എത്തിയാലും അത്ഭുതപ്പെടാനില്ല. ആഭ്യന്തര സര്‍ക്യൂട്ടില്‍ ഏറ്റവും ഫോമിലുള്ള ഇന്ത്യൻ താരങ്ങളിലൊരാളാണ് ഇഷാൻ. സെയ്ദ് മുഷ്താഖ് അലിയില്‍ 517 റണ്‍സുമായി ടോപ് സ്കോററായ താരം വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്ക് എതിരെ 39 പന്തില്‍ 125 റണ്‍സും നേടിയിരുന്നു. അതുകൊണ്ട് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ മറ്റൊരു ആശയക്കുഴപ്പം കൂടി ജനിച്ചിരിക്കുകയാണ് ന്യൂസിലൻഡ് പരമ്പരയ്ക്ക് മുന്നോടിയായി.