വംശീയതയും ഇസ്ലാമോഫോബിയയും മുഴങ്ങുന്ന സ്പാനിഷ് ഗ്യാലറികള്‍, എന്ന് ഉയരും റെഡ് കാർഡ്?

Published : Apr 02, 2026, 03:24 PM IST
Football

Synopsis

ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയത്തെ ചേര്‍ത്ത് പിടിക്കുന്ന കാലത്തിലൂടെയാണ ലോകം കടന്നുപോകുന്നത്. എന്നാല്‍ അതിനൊപ്പം സഞ്ചരിക്കാൻ ഇന്നും തയാറായിട്ടില്ല യൂറോപ്പിലെ ഗ്യാലറികള്‍

ഫുട്ബോള്‍ മൈതാനങ്ങള്‍ കേവലമൊരു കായികവേദിയായി മാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒന്നല്ല. പല രാഷ്ട്രീയപോരാട്ടങ്ങളും കാല്‍പന്തുരുളുന്നതിനൊപ്പം നുരഞ്ഞുപൊങ്ങുന്ന ഇടമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സൗഹൃദമത്സരങ്ങലെപ്പോലും സ്വാധീനിക്കപ്പെടുന്ന സ്റ്റേഡിയങ്ങള്‍ പിന്നോട്ട് നോക്കിയാല്‍ കാണാം. ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയത്തെ ചേര്‍ത്ത് പിടിക്കുന്ന കാലത്തിലൂടെയാണ ലോകം കടന്നുപോകുന്നത്. എന്നാല്‍ അതിനൊപ്പം സഞ്ചരിക്കാൻ ഇന്നും തയാറായിട്ടില്ല യൂറോപ്പിലെ ഗ്യാലറികള്‍, പ്രത്യേകിച്ചും സ്പെയിനിലേത്.

ഫുട്ബോളിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കുന്ന മാനുഷിക മൂല്യങ്ങളെ റദ്ദ് ചെയ്യുന്ന തരത്തില്‍ വംശീയതയുടേയും ഇസ്ലാമോഫോബിയയുടേയും വിസിലുകള്‍ അവിടെ മുഴങ്ങുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയായിരുന്നു ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായുള്ള സ്പെയിനും ഈജിപ്തും തമ്മില്‍ ബുധനാഴ്ച നടന്ന സൗഹൃദ മത്സരം. വേദിയായത് ലാ ലിഗ ക്ലബ്ബായ എസ്പാന്യോളിന്റെ ഹോം ഗ്രൗണ്ടില്‍. ബാഴ്‌സലോണയിലെ ആ‍‍ര്‍സിഡിഇ സ്റ്റേഡിയം.

മത്സരം ആരംഭിക്കുന്നതിന് മുൻപ് ഈജിപ്തിന്റെ ദേശീയഗാനം മൈതാനത്ത് മുഴങ്ങുന്ന സമയം മുതല്‍ തന്ന സ്പെയിൻ ആരാധകരുടെ അസഹിഷ്ണുത പ്രകടമായി തുടങ്ങിയിരുന്നു. ഈജിപ്തിന്റെ ദേശീയഗാനത്തിന് യാതൊരുവിധ ബഹുമാനവും നല്‍കാൻ തയാറാകാതെ ശബ്ദമുയര്‍ത്തിക്കൊണ്ടെയിരുന്നു. ഇത് അടുത്ത തലത്തിലേക്ക് കടക്കാൻ അധികം വൈകിയില്ല. ചാന്റുകളുടെ രൂപത്തിലായിരുന്നു മുസ്ലിം വിരുദ്ധത ബാഴ്സലോണയിലെ ഗ്യാലറികളില്‍ നിന്ന് ഉയര്‍ന്നത്.

സ്പാനിഷ് ഭാഷയില്‍ Musulmán el que no bote എന്നായിരുന്നു സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ചാന്റുകള്‍. If you're not jumping, you're a Muslim എന്നാണ് ഇംഗ്ലീഷ് പരിഭാഷയായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യ പകുതിയില്‍ പലകുറി ഇത് ആവര്‍ത്തിക്കുകയും ചെയ്തു. സ്റ്റേഡിയത്തിനുള്ളില്‍ വലിയ സ്ക്രീനില്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷൻ മുന്നറിയിപ്പ് നല്‍കിയിട്ടും മൈക്കിലൂടെ അനൗണ്‍സ് ചെയ്തിട്ടും പിന്മാറാൻ ആരാധകര്‍ തയാറായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും ചാന്റുകള്‍ നിലയ്ക്കാതെ മുഴങ്ങി.

സ്വന്തം ആരാധകര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് എഴുതേണ്ടി വന്നു സ്പാനിഷ് സൂപ്പര്‍ താരം ലമീൻ യമാലിന്. ഞാൻ ഒരു മുസ്ലിമാണ്, ദൈവത്തിന് നന്ദി. സ്റ്റേഡിയത്തില്‍ മുഴങ്ങിയ ചാന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടു. എതിരാളികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നെന്നും എന്നെ വ്യക്തിപരമായി ഉന്നം വെച്ചല്ല എന്നും ഞാൻ മനസിലാക്കുന്നു. പക്ഷേ, ഒരു മുസ്ലിം എന്ന നിലയില്‍ അനാദരവ് കലര്‍ന്നതും ക്ഷമിക്കാൻ സാധിക്കാത്തതുമായിരുന്നു അവ, യമാല്‍ കുറിച്ചു.

എതിരാളികളെ പരിഹസിക്കുന്നതിനായി അവരുടെ മതവും നിറവും വംശവുമൊക്കെ സ്പാനിഷ് ആരാധകരിലെ ഒരു വിഭാഗം. അധിക്ഷേപങ്ങള്‍ക്ക് ഗ്യാലറികളിലും മൈതാനത്തും സ്ഥാനമില്ലെന്ന് കാലങ്ങളായി ഉറക്കെപ്പറയാൻ ഫിഫയുള്‍പ്പെടെയുള്ള ഫെഡറേഷനുകള്‍ തയാറായിട്ടുണ്ട്. എന്നാല്‍, അത്തരം നിര്‍ദേശങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ ഒരുതരത്തിലും നിയന്ത്രിക്കാൻ കഴിയാത്തത്ര അസഹിഷ്ണുതയാണ് ഇക്കൂട്ടര്‍ മൈതാനത്ത് പുലര്‍ത്തുന്നത്. ഇത് അപലപിച്ച് നിസഹായരായി മാറി നില്‍ക്കുക മാത്രമാണ് അധികാരകേന്ദ്രങ്ങള്‍ ചെയ്യുന്നതും.

ക്യാമ്പയിനുകളിലൂടേയും പുരോഗമന പ്രതികരണങ്ങളിലൂടെയുമൊക്കെ എത്രത്തോളം മറച്ച് വെക്കാൻ ശ്രമിച്ചാലും ജാതിയും മതവും നിറവുമെല്ലാം നിറഞ്ഞ അധിക്ഷേപങ്ങളും വിവേചനങ്ങളും യാഥാര്‍ത്ഥ്യമായി മായാതെ ഗ്യാലറികളില്‍ നിലനില്‍ക്കുന്നു. നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കപ്പെട്ട് വേദനിച്ച് കണ്ണീരണിഞ്ഞ് എത്രയെത്ര താരങ്ങള്‍ കളം വിട്ട് പോകേണ്ടി വന്നിട്ടുണ്ട് ചരിത്രത്തില്‍. ചെറിയ ടൂര്‍ണമെന്റുകളില്‍ മാത്രമല്ല ഇത്, അല്ലെങ്കില്‍ ചെറിയ താരങ്ങളെ മാത്രം ബാധിക്കുന്നവയല്ല ഇത്.

ബ്രസീലിന്റെയും റയല്‍ മാഡ്രിഡിന്റേയും സൂപ്പര്‍ താരമായ വിനീഷ്യസ് ജൂനിയര്‍, റയലിന്റ തന്നെ ഫ്രാൻസ് താരം കിലിയൻ എംബാപെ. ഇന്ന് ഫുട്ബോള്‍ ലോകത്ത് തന്നെ ഏറ്റവും മൂല്യമുള്ള താരങ്ങളാണ് ഇരുവരും. ഒരുപക്ഷേ, എല്ലാവിധ പ്രിവിലേജുകള്‍ അനുഭവിക്കുന്നവര്‍.

ഏറ്റവും ഒടുവില്‍ ഫ്രെബ്രുവരിയില്‍ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ബെൻഫിക്ക താരത്തില്‍ നിന്ന് അധിക്ഷേപം നേരിട്ടെന്ന് വിനീഷ്യസ് പരാതി ഉയര്‍ത്തിയിരുന്നു. ആൻറി റേസിസം പ്രോട്ടോക്കാള്‍ റഫറി ഉയര്‍ത്തുകയും ചെയ്തു. ബെൻഫിക്ക താരത്തിനെതിരെ നടപടിയെടുക്കാതെ കളത്തിലേക്കില്ലെന്ന നിലപാട് അന്ന് വിനീഷ്യസ് സ്വീകരിച്ചു. ഇങ്ങനെ എത്ര എത്ര സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്നുണ്ടാകണം അവര്‍.

ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞ് നിഷ്കളങ്കമായി ഇത്തരം സന്ദര്‍ഭങ്ങളെ തള്ളിക്കളയാൻ കഴിയുന്ന ഒരു സമൂഹം ഇന്നും ബാക്കിയായുണ്ട്. അത്ര നിഷ്കളങ്കമല്ല കാര്യങ്ങളെന്ന് അറിയണമെങ്കില്‍ ചില ഉദാഹരണങ്ങള്‍ക്കൂടി ചൂണ്ടിക്കാണിക്കാം. 2020 യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയോട് ഇംഗ്ലണ്ട് പരാജയപ്പെട്ടപ്പോള്‍ അധിക്ഷേപങ്ങള്‍ തേടിയെത്തിയത് ബുകായോ സകയേയും ജേഡൻ സാഞ്ചോയേയും മാര്‍ക്കസ് റാഷ്ഫോര്‍ഡിനേയുമായിരുന്നു. പേനാലിറ്റി പാഴാക്കിയതിനായിരുന്നു പഴി കേള്‍ക്കേണ്ടി വന്നത്.

ടീം ഗെയിമില്‍ അവര്‍ മാത്രം അധിക്ഷേപം നേരിടുകയും ഹാരി കെയിൻ അടക്കമുള്ളവരെ ഒരു വിമര്‍ശനം പോലും തേടിയെത്താതും നിഷ്കളങ്കമായി കാണാൻ കഴിയുന്ന ഒന്നല്ല. നിറത്തിന്റേയും മതത്തിന്റേയും പേരില്‍ വലിയൊരു വിഭാഗം അരക്ഷിതാവസ്ഥ നേരിടുന്ന കാലത്ത് അവരോട് ഐക്യപ്പെടാൻ കഴിയാത്ത ഒരുകൂട്ടര്‍ ഇന്നും ഗ്യാലറികളിലുണ്ട് എന്നത് ഗെയിമിന്റെ മനോഹാരിതയെ മാത്രമല്ല മനുഷ്യത്വത്തെയും റദ്ദ് ചെയ്യുന്ന ഒന്നാണ്.

PREV
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ത്രസിപ്പിച്ച് കോലിയും രോഹിതും, കിതച്ച് ഗുജറാത്തും ചെന്നൈയും, ആദ്യ റൗണ്ടില്‍ കേമനാര്?
ഐപിഎല്‍ 2026: ഇന്ത്യയുടെ ടി20 ടീമിന് പുറത്ത്, ഐപിഎല്ലില്‍ ഈ 'നായകസംഘം' രാജാക്കന്മാര്‍!