
ഒരു പത്ത് വർഷം മുൻപാണ്, 2015 ഐപിഎല്‍. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം. ക്രിസ് ഗെയിലും എബി ഡിവില്ലിയേഴ്‌സും വിരാട് കോഹ്‌ലിയും ദിനേശ് കാര്‍ത്തിക്കുമൊക്കെയടങ്ങുന്ന സംഘം രാജസ്ഥാൻ റോയല്‍സിനെ നേരിടുകയാണ്. അന്ന് ആ സ്കോര്‍ബോര്‍ഡ് ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നത് ഒരു പതിനേഴുവയസുകാരനാണ്, 21 പന്തില്‍ 45 റണ്‍സ്, ഡഗൗട്ടിലേക്ക് മടങ്ങുമ്പോള്‍ കോഹ്ലി ബോ ഡൗണ്‍ ചെയ്തായിരുന്നു അവനെ വരവേറ്റത്. വൈഭവ് സൂര്യവംശിക്കൊക്കെ മുൻപ് ഐപിഎല്‍ കണ്ട അത്ഭുതപ്രതിഭ. സര്‍ഫറാസ് ഖാൻ ആയിരുന്നു അത്.
ഇന്ത്യയുടെ എബിഡി എന്നായിരുന്നു അക്കാലത്ത് സര്‍ഫറാസിനെ ക്രിക്കറ്റ് ലോകം വാഴ്ത്തിയത്. 360 ഡിഗ്രിയില്‍ കളിക്കാനാകുന്ന താരം, ബൗളര്‍മാരുടെ കണക്കുകൂട്ടലുകളെയെല്ലാം തിരുത്തുന്നവൻ. അസാധാരണമായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ തണലുണ്ടായിട്ടും ഇന്ത്യൻ ക്രിക്കറ്റിന്റെ പടിക്ക് പുറത്തായിരുന്നു നീണ്ട കാലം. പിന്നീടൊരു ഒൻപത് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു അവന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു വിളി വരാനായി. 2024 ഫെബ്രുവരിയില്‍ ആരംഭിച്ച കരിയര്‍ 2024 നവംബറില്‍ തന്നെ അവസാനിച്ചു.
പിന്നീട് പല ടീം പ്രഖ്യാപനങ്ങള്‍ ബിസിസിഐ നടത്തി, ഒരിക്കല്‍പ്പോലും ഒരുപട്ടികയിലും ആ പേരുണ്ടായിരുന്നില്ല. പക്ഷേ, തോറ്റുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. ഗുഡ്‌ബുക്കുകളില്‍ നിന്ന് പലകാരണങ്ങളാല്‍ പേരുവെട്ടപ്പെട്ട സര്‍ഫറാസ് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയുടെ മത്സരങ്ങള്‍ നടക്കുന്ന മൈതാനങ്ങളിലേക്ക് നോക്കിയാല്‍ അന്നത്തെ 17 വയസുകാരന്റെ പ്രതിഭ ഒട്ടും ചോരാതെ തുടരുന്നത് കാണാം. ഇനിയും എത്രകാലം സര്‍ഫറാസിനെ മാറ്റി നിര്‍ത്താനാകുമെന്ന് ചോദിക്കാതെ വയ്യ.
വിജയ് ഹസാരെയില്‍ ജയ്പൂരില്‍ ഗോവയെ നേരിടുകയാണ് മുംബൈ. സമീപകാലത്തെ ഏറ്റവും മികച്ച റിഥത്തിലാണ് സര്‍ഫറാസ് ഖാൻ. സീസണില്‍ മുംബൈയുടെ ഏറ്റവും വേഗതയേറിയ സെഞ്ചുറി വൈകാതെ ആ ബാറ്റില്‍ നിന്ന് പിറന്നു, കേവലം 56 പന്തുകളില്‍ നിന്നായിരുന്നു അത്. സിക്കിമിനെതിരെ രോഹിത് ശര്‍മ ഒരാഴ്ച മുൻപ് കുറിച്ച ആ നേട്ടമാണ് മറികടന്നത്. 75 പന്തില്‍ 157 റണ്‍സ്, ഒൻപത് ഫോറും 14 സിക്സും. സ്ട്രൈക്ക് റേറ്റ് 209 ആയിരുന്നു. സീസണില്‍ മൂന്ന് ഇന്നിങ്സുകളിലാണ് ക്രീസിലെത്തിയത്, 220 റണ്‍സാണ് സമ്പാദ്യം. ശരാശരി 110.
സര്‍ഫറാസിന്റെ അവസാന അഞ്ച് ഇന്നിങ്സുകളെടുത്താല്‍ അതില്‍ മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍. സെയ്ദ് മുഷ്താഖ് അലി ട്രോഫിയും മോശമാക്കിയില്ല. ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 329 റണ്‍സ്. മൂന്ന് അര്‍ദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും. സ്ട്രൈക്ക് റേറ്റ് ഇരുനൂറിന് മുകളിലാണ്, ശരാശരി 65ലും. ആഭ്യന്തര ക്രിക്കറ്റില്‍ ഇത്രത്തോളം സ്ഥിരതയുണ്ടായിട്ടും ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം സര്‍ഫറാസിന് ടെസ്റ്റില്‍ സ്ഥാനമുണ്ടായിട്ടില്ല. ആ പരമ്പരയില്‍ ഒരു സെഞ്ചുറിയടക്കം ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോററായിരുന്നു വലം കയ്യൻ ബാറ്റര്‍. 171 റണ്‍സായിരുന്നു നേട്ടം.
സര്‍ഫറാസിന്റെ ഫസ്റ്റ് ക്ലാസ് കരിയര്‍ നോക്കു. 60 മത്സരം, 4863 റണ്‍സ്. 16 വീതം സെഞ്ചുറിയും അര്‍ദ്ധ സെഞ്ചുറിയും. ശരാശരി 63 ആണ്. സ്ഥിരതയുടെ പര്യായമാണ് താരമെന്ന് നിസംശയം പറയാനാകും. എങ്കിലും ഇന്ത്യൻ ടീമില്‍ സ്ഥാനമില്ല. ഓള്‍ റൗണ്ടര്‍മാര്‍ക്ക് ലഭിക്കുന്ന മുൻതൂക്കമാണ് സര്‍ഫറാസിനെപ്പോലുള്ള പ്രോപ്പര്‍ ബാറ്റര്‍മാരുടെ കരിയറിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തുന്നതെന്ന് പറയാം. നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിങ്ങനെ നാല് ഓള്‍ റൗണ്ടര്‍മാരാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലുള്ളത്. ഇതില്‍ മൂന്ന് പേര്‍ സ്ഥിരസാന്നിധ്യമാണ്. ദ്രുവ് ജൂറലൂടെ എത്തിയതോടെ സര്‍ഫറാസിന്റെ വഴി പൂര്‍ണമായും അടഞ്ഞു.
പക്ഷേ, തിരിച്ചുവരവിന്റെ പ്രതീക്ഷ ഇനിയുടെ അവസാനിച്ചിട്ടില്ല. ഐപിഎല്ലാണല്ലോ പുതുകാലത്ത് ഇന്ത്യൻ ടീമിലേക്കുള്ള വാതില്‍. ചെന്നൈ സൂപ്പര്‍ കിങ്സ് 75 ലക്ഷം രൂപയ്ക്ക് സര്‍ഫറാസിനെ ലേലത്തില്‍ സ്വന്തമാക്കിയപ്പോള്‍ അയാള്‍ വൈകാരികമായി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു. എനിക്ക് പുതിയ ജീവിതം നല്‍കിയതിന് നന്ദി സിഎസ്കെ. അതിലുണ്ടായിരുന്നു എത്രത്തോളം കൊതിച്ചു ഒരു തിരിച്ചുവരവിനായി എന്ന്. സര്‍ഫറാസിന്റെ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ചെന്നൈയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ലെന്ന് വേണം കരുതാനും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക്, ഒരൊറ്റ മികച്ച സീസണ്‍ മതിയാകും തിരിച്ചുവരവ് സാധ്യമാകാൻ.