ടോപ് ഗിയറില്‍ രോഹിത് - കോഹ്‌ലി സഖ്യം; ഗംഭീറിന് ഇനിയും എന്താണ് വേണ്ടത്?

Published : Dec 07, 2025, 12:15 PM IST
Rohit Sharma and Virat Kohli

Synopsis

മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച രോഹിത്-കോഹ്ലി ദ്വയത്തിന്റെ ലോകകപ്പ് സാധ്യതകളില്‍ ഇരുവര്‍ക്കും അനുകൂലമായി ഒരു പ്രതികരണം പോലും നടത്താൻ ഗംഭീര്‍ ഇനിയും തയാറായിട്ടില്ല

ലുംഗി എൻഗിഡിയുടെ ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവറി ക്രീസുവിട്ടിറങ്ങി ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ ഗ്യാലറിയിലെത്തിച്ച ക്ലാസിക്ക് രോഹിത് ശര്‍മ പുള്‍ ഷോട്ട്. കോ‍ര്‍ബിൻ ബോഷിന്റെ ഗുഡ് ലെങ്ത് ബോളില്‍ ഒരുപടി മുന്നോട്ട് വെച്ച് അതേ സ്ഥാനത്ത് നിക്ഷേപിച്ച വിരാട് കോഹ്ലിയുടെ I am the King മോഡിലൊരു നൊ ലുക്ക് സിക്‌സ്. പ്രായമേറുമ്പോള്‍ ബാറ്റര്‍മാരുടെ ഹാൻഡ്-ഐ കോര്‍ഡിനേഷന്റെ വേഗത കുറയുമെന്ന് പറയുന്ന പണ്ഡിതന്മാരെ തിരുത്തിയ ഇതിഹാസ നിമിഷങ്ങളായിരുന്നു ഇവ രണ്ടും. രോഹിതും കോഹ്ലിയും ഈ ഷോട്ടുകള്‍ പുറത്തെടുക്കാറുള്ളത് ഫോമിന്റേയും ആത്മവിശ്വാസത്തിന്റേയും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണെന്ന് ഭൂതകാലം ഓര്‍മിപ്പിക്കുന്നു.

ഏകദേശം ഒരു 85 മീറ്റർ അകലെ ഡ്രെസിങ് റൂമിലിരുന്ന് ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ 38 പിന്നിട്ട രോഹിതിന്റേയും 37 കടന്ന കോഹ്ലിയുടേയും പ്രകടനങ്ങള്‍ കണ്ണിമചിമ്മാതെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഏകദിന പരമ്പരയുടെ വിജയത്തിന് ശേഷം കായികലേഖകരുടെ മുന്നിലെത്തിയ ഗംഭീറിനെ തേടി ഒരിക്കല്‍ക്കൂടി ആ ചോദ്യമെത്തുകയാണ്. 2027 ഏകദിന ലോകകപ്പില്‍ പദ്ധതികളില്‍ രോഹിതും കോഹ്ലിയും എവിടെ നിലകൊള്ളുന്നുവെന്ന്. ഓസ്ട്രേലിയൻ പര്യടനത്തിനും ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കും ശേഷവും ഗംഭീറിന്റെ നിലപാടില്‍ അണുവിട ചലനമുണ്ടായിട്ടില്ല.

നിങ്ങൾ മനസ്സിലാക്കേണ്ടത് ഏകദിന ലോകകപ്പ് ഇനിയും രണ്ട് വർഷം അകലെയാണ് എന്നാണ്. തല്‍സ്ഥിതിയെന്താണോ അതില്‍ തുടരുക എന്നതും പ്രധാനമാണ്. കൂടാതെ ടീമിലേക്ക് വരുന്ന യുവതാരങ്ങൾ അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതും പരിഗണിക്കേണ്ടതുണ്ട്. ഇതായിരുന്നു ഗംഭീറിന്റെ മറുപടി.

ട്വന്റി 20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച രോഹിത്-കോഹ്ലി ദ്വയത്തിന്റെ ഏകദിന ഭാവിയിലും ലോകകപ്പ് സാധ്യതകളിലും ഇരുവര്‍ക്കും അനുകൂലമായി ഒരു പ്രതികരണം പോലും നടത്താൻ ഗംഭീര്‍ ഇനിയും തയാറായിട്ടില്ല. വിരമിക്കാൻ അധികം വൈകില്ലെന്ന അഭ്യൂഹം കാട്ടുതീപോലെ പടര്‍ന്നിട്ട് രണ്ട് പരമ്പരകള്‍ പൂര്‍ത്തിയായിരിക്കുന്നു.

ദക്ഷിണാഫ്രിക്കൻ പരമ്പരയില്‍ നിന്ന് തുടങ്ങാം. കോഹ്ലിയുടെ സ്കോറുകള്‍ 135, 102, 65 നോട്ട് ഔട്ട്. കേവലം ഇന്നിങ്സുകള്‍ മാത്രമായിരുന്നില്ല ഇത്, സ്റ്റേറ്റ്മെന്റായിരുന്നു. 2016ന് ശേഷം കോഹ്ലിയെ ഇത്രത്തോളം മികച്ച റിഥത്തില്‍ കണ്ടിട്ടില്ല, അത് കോഹ്ലി തന്നെ പറയുകയും ചെയ്തു. മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 302 റണ്‍സ്, രണ്ട് സെഞ്ചുറി, ശരാശരി 151 ആണ്, സ്ട്രൈക്ക് റേറ്റ് 120നടുത്തും. 12 സിക്സറുകള്‍ കോഹ്ലി പരമ്പരയില്‍ നേടി, അപൂര്‍വങ്ങളില്‍ അപൂര്‍വം. പരമ്പരയുടെ താരമായാണ് നീലക്കുപ്പായത്തിലെ ഈ വര്‍ഷം അവസാനിപ്പിച്ചത്.

ഇനി രോഹിതിലേക്ക്. കോഹ്ലിയേക്കാള്‍ കൂടുതല്‍ ആശങ്കകള്‍ ഉയര്‍ന്നത് ആ ബാറ്റിലായിരുന്നു. അതുകൊണ്ട് ഒരു വീഴ്ചയ്ക്ക് കൊതിച്ചിരുന്നവരും ഏറെയായിരുന്നു. 57, 14, 75 എന്നിങ്ങനെയായിരുന്നു പ്രോട്ടിയാസിനെതിരായ സ്കോറുകള്‍. മൂന്ന് കളികളില്‍ നിന്ന് 48 ശരാശരിയില്‍ 146 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 110. പരമ്പരയില്‍ തന്നെ അന്താരാഷ്ട്ര കരിയറില്‍ 20,000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കി.

ഓസ്ട്രേലിയൻ പര്യടനമെടുത്താല്‍ രണ്ട് പൂജ്യത്തിന് ശേഷം സിഡ്നിയില്‍ കോഹ്ലി അര്‍ദ്ധ സെഞ്ചുറിയുമായി തിരിച്ചുവരവിന്റെ ആദ്യ സൂചന നല്‍കിയിരുന്നു. മറുവശത്ത് സിഡ്നിയില്‍ സെഞ്ചുറിയും അഡ്‌ലയ്‌ഡില്‍ അര്‍ദ്ധ ശതകവും ഉള്‍പ്പെടെ മൂന്ന് കളികളില്‍ നിന്ന് 202 റണ്‍സായിരുന്നു രോഹിത് നേടിയത്. ഒരു ഓസ്ട്രേലിയൻ താരം പോലും പരമ്പരയില്‍ 120 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിരുന്നില്ലെന്നും പരിഗണിക്കേണ്ടതുണ്ടിവിടെ. 100 റണ്‍സ് കടന്ന ഏക ഇന്ത്യൻ താരവും രോഹിതായിരുന്നു. ഇന്ത്യക്ക് പരമ്പര നഷ്ടമായെങ്കിലും, പരമ്പരയിലെ താരമായത് രോഹിത് ആയിരുന്നു.

ഇന്ത്യ അവസാനം കളിച്ച രണ്ട് ഏകദിന പരമ്പരകളിലേയും താരമായത് രോഹിതും കോഹ്ലിയുമായിരുന്നു. കരിയറിന്റെ അവസാന കാലഘട്ടത്തിലും ഇന്നും ടീമിനെ വിജയത്തിലെത്തിക്കാൻ ഇരുവരുടേയും ബാറ്റ് ചലിക്കണമെന്ന് ചുരുക്കം. അവസാന അഞ്ച് ഏകദിനങ്ങളെടുത്താല്‍ കോഹ്ലിയുടെ പേരില്‍ രണ്ട് വീതം സെഞ്ചുറിയും അര്‍ദ്ധ ശതകവുമുണ്ട്. രോഹിതാകട്ടെ മൂന്ന് തവണ 50 കടന്നു, ഒരു പ്രാവശ്യം മൂന്നക്കവും പിന്നിട്ടു. ഇത്രയും സ്ഥിരതയുള്ള മറ്റൊരു ഇന്ത്യൻ ബാറ്റര്‍ ഇന്ന് ടീമില്‍ ഇല്ല എന്ന് പറയേണ്ടി വരും. അതിനി നായകൻ ശുഭ്മാൻ ഗില്‍ മുതല്‍ റിഷഭ് പന്ത് വരെയുള്ള പട്ടികയെടുത്താലും അങ്ങനെ തന്നെ.

ഇനി 2025 കലണ്ടര്‍ വര്‍ഷമെടുക്കാം. ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയത് വിരാട് കോഹ്ലിയാണ്, 651 റണ്‍സ്. തൊട്ടുപിന്നിലുണ്ട് രോഹിത് ശര്‍മ, 650 റണ്‍സ്. വൈകാതെ ഏകദിന റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇരുവരേയും പ്രതീക്ഷിക്കാം. ഇനി വിജയ് ഹസാരെ ട്രോഫിയും കഴിഞ്ഞ് ഇരുവരുടേയും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ജനുവരിയില്‍ ന്യൂസിലൻഡിനെതിരെയായിരിക്കും. അതിലും തിളങ്ങുകയാണെങ്കില്‍ 2027 ലോകകപ്പിലേക്കുള്ള റോഡ് അത്ര ബുദ്ധിമുട്ടേറിയതായിരിക്കില്ല. 2026 ആയിരിക്കും രോ-കോയ്ക്ക് ഏറെ നിര്‍ണായകം.

PREV
Read more Articles on
click me!

Recommended Stories

ഇതിഹാസങ്ങളുടെ തണലില്‍ ഉദിച്ചുയർന്ന് യശസ്വി ജയ്‌സ്വാള്‍; ഒരു ക്ലാസിക്ക് ഇന്നിങ്സ്
മുന്നിലുള്ളത് 10 മത്സരങ്ങള്‍, ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരൊക്കെയെത്തും?, സഞ്ജുവിന് ഏറെ നിര്‍ണായകം